കുട്ടികളെ നോക്കാനേല്‍പ്പിക്കാനയി സിംഹിണിയെത്തുമ്പോൾ ഓടി രക്ഷപ്പെടുന്ന സിംഹത്തിന്‍റെ വീഡിയോ വൈറൽ.
'ബേബി സിറ്റിംഗ്' എന്ന വാക്ക് 1940 -കളിലാണ് ഇംഗ്ലണ്ടില്‍ പോലും ഉപയോഗിച്ച് തുടങ്ങുന്നത്. ഒരു കോഴി തന്‍റെ മുട്ടകൾക്ക് അടയിരിക്കുന്നത് പോലെ കുട്ടികളെ നോക്കാന്‍ ഒരാളെ ഏല്‍പ്പിക്കുന്നതിനെയാണ് ബേബി സിറ്റിംഗ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. '40 -കളില്‍ ജോലിയുടെ സൗകര്യാര്‍ത്ഥം കുട്ടികളെ നോക്കാന്‍ ഒരാളെ ഏല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് ബേബി സിറ്റിംഗ് എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങുന്നത്. വാക്കിന് വലിയ പഴക്കമില്ലെങ്കിലും മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ഉണ്ട് ബേബി സിറ്റിംഗ്. അത്തരമൊരു രസകരമായ ബേബി സിറ്റിംഗിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വൈൽഡ് ഫോട്ടോഗ്രാഫറായ ജാക്വിസ് ബ്രിയാം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി.
ഉണങ്ങിത്തുടങ്ങിയ പുല്ലുകൾക്കിടയില്‍ ഒരു സിംഹം അലക്ഷ്യമായി ഇരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷങ്ങൾക്കിടെ ഒരു സിംഹിണി പുല്ലുകൾക്കിടയില്‍ നിന്നും കുട്ടികളുമായി വരുന്നു. സിംഹിണിയെ കണ്ട് സിംഹം ഒന്ന് നോക്കി. പെട്ടെന്ന് തന്നെ എന്തോ കണ്ട് ഭയന്നെന്ന പോലെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് ഒരൊറ്റയോട്ടം. സിംഹത്തിന്‍റെ പ്രവര്‍ത്തി കണ്ട് അമ്പരന്ന സിംഹിണി അലക്ഷ്യമായി ചുറ്റും ഒന്ന് കണ്ണോടിക്കുന്നു. ഇതിനിടെ സിംഹിണിയുടെ അരികിലൂടെ ഒന്നിന് പുറകെ ഒന്നായി ആറ് സിംഹ കുട്ടികൾ പുറത്തേക്ക് വരുന്നത് കാണാം. അതെ മുകളില്‍ പറഞ്ഞ ബേബി സിറ്റിംഗ് ഒഴിവാക്കാനായായിരുന്നു സിംഹം അവിടെ നിന്നും ഓടി രക്ഷപ്പെട്ടത്.
ഈ നിമിഷത്തിന് നിങ്ങളുടെ അടിക്കുറിപ്പെന്ത് എന്ന ചോദ്യത്തോടെയാണ് ജാക്വിസ് വീഡിയോ പങ്കുവച്ചത്. 'ഇനി നിങ്ങളുടെ ബേബി സിറ്റിംഗ് സമയമാണ് എന്ന് കേൾക്കുമ്പോൾ എന്തോ വളരെ അടിയന്തരമായി ചെയ്യാനുള്ളതായി പെട്ടെന്ന് നിങ്ങൾ ഒർക്കുന്നു' വെന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുമായി എത്തിയത്. അതൊരു ഇതിഹാസ നീക്കമായിരുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. അവനറിയാം തലവേദനയുടെ പ്രധാന കാരണമെന്താണെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്വത്തിന്‍റെ എണ്ണം കൂടുന്നത് സഹോദരന് നന്നായി അറിയാമെന്നായിരുന്നു മറ്റൊരു കുറിപ്പ്. എന്നാല്‍ എവിടെ എപ്പോഴാണ് സംഭവമെന്ന് ജാക്വിസ് ബ്രിയാം വീഡിയോയില്‍ കുറിച്ചിട്ടില്ല.


