ടോക്‌സിക്കായ ഒരു അന്തരീക്ഷത്തിലാണ് ജോലി ചെയ്യുന്നത്. ഒരു മാസത്തെ ലീവ് കഴിയാന്‍ ഇനി പത്ത് ദിവസം മാത്രം. തിരിച്ച് പോകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പറ്റുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.
പലരും കരുതുന്നത് പോലെ പ്രവാസ ജീവിതം അത്ര ഗ്ലാമറസ് ഒന്നുമല്ലെന്ന ഇന്ത്യൻ പ്രവാസിയുടെ സമൂഹ മാധ്യമ കുറിപ്പ് ചർച്ചയാകുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മലയാളിയായ കൊച്ചിക്കാരനായ യുവാവാണ് റെഡ്ഡിറ്റിൽ ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചത്. വിദേശത്ത് ജോലി ചെയ്യുന്നവർ നേരിടേണ്ടി വരുന്ന വൈകാരിക ആഘാതത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. അവധിക്ക് നാട്ടിലെത്തിയ താൻ ഇപ്പോൾ തിരിച്ച് ജോലി സ്ഥലത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണെന്നും അത് തന്നിൽ ഉണ്ടാക്കുന്ന മാനസിക വിഷമം വളരെ വലുതാണെന്നുമാണ് യുവാവ് സമൂഹ മാധ്യമത്തിൽ എഴുതിയത്.
വളരെ ടോക്‌സിക്കായ ഒരു അന്തരീക്ഷത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും അത് തന്നിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണെന്നും ഇദ്ദേഹം പറയുന്നു. ജോലി സ്ഥലത്ത് തനിക്ക് ചുറ്റുമുള്ളത് മുഴുവൻ വ്യാജ പുഞ്ചിരികൾ ആണെന്നും അത് മാനസികമായി തന്നെ ഏറെ ക്ഷീണിപ്പിക്കുകയും ശ്വാസം മുട്ടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വീട്ടിൽ ദിവസങ്ങളും മിനിറ്റുകളും എണ്ണിക്കൊണ്ടിരിക്കുകയാണെന്നും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കാൻ ശ്രമിക്കുകയാണെന്നും തന്‍റെ ദയനീയാവസ്ഥ വിവരിച്ച് കൊണ്ട് പ്രവാസി യുവാവ് പങ്കുവെച്ചു. ഇപ്പോൾ ചുറ്റുമുള്ളതെല്ലാം തനിക്ക് വളരെയധികം വിലപ്പെട്ടതായി തോന്നുന്നുവെന്നും ജീവിക്കാൻ ആവശ്യത്തിന് പണം ഉണ്ടായിരുന്നെങ്കിൽ ഒരു പ്രവാസിയായി താൻ മാറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം ഉള്ള ശാന്തമായ ഒരു ജീവിതം താൻ ഏറെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിൽ നിന്നും മടങ്ങിപ്പോകാൻ ഇനി 10 ദിവസം മാത്രമാണ് അവശേഷിക്കുന്നതെന്നും അത് വലിയ ഉത്കണ്ഠയാണ് തന്നിൽ സൃഷ്ടിച്ചിരിക്കുന്നതെന്നും യുവാവ് പറയുന്നു. താൻ കടന്നുപോകുന്നതിന് സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോയ പ്രവാസികൾ ഉണ്ടോയെന്ന ചോദ്യത്തോടെയാണ് ഇദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സമ്മാനമായ മാനസികാവസ്ഥകളിലൂടെ തങ്ങളും കടന്ന് പോയിട്ടുണ്ട് നിരവധി പ്രവാസികൾ അഭിപ്രായപ്പെട്ടു. അതേസമയം തന്നെ സമ്മർദ്ദം നിറഞ്ഞ ജോലി സ്ഥലം ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഉപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്താൻ ശ്രമിക്കണമെന്നും നിരവധി പേർ ഉപദേശരൂപേണ പറഞ്ഞു.


