മസായി മാരാ ദേശീയ റിസർവിലെ ൻസൂരി എന്ന സിംഹം അതിൻ്റെ അസാധാരണമായ ചുരുണ്ട രോമങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി. വന്യജീവി ഫോട്ടോഗ്രാഫറായ കംബിസ് പൗർഘനാദ് പകർത്തിയ ചിത്രങ്ങൾ വൈറലായതോടെ ഈ സിംഹത്തിൻ്റെ സൗന്ദര്യവും ജനിതക പ്രത്യേകതകളും ചർച്ചയാവുകയാണ്.

സാധാരണമായി ചുരുണ്ട രോമങ്ങളുള്ള ഒരു സിംഹത്തിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ കീഴടക്കുകയാണ്. കെനിയയിലെ മസായി മാരാ ദേശീയ റിസർവിൽ നിന്നുള്ള സിംഹത്തിന്‍റെ മനോഹരമായ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇന്‍റർനെറ്റിലെ ഏറ്റവും പുതിയ സെൻസേഷനായി അവന്‍ മാറി. സ്വാഭാവികമായി അലകളുള്ളതും നിറയെ രോമങ്ങളുള്ളതുമായി തോന്നുന്ന ഈ സിംഹത്തിന്‍റെ അപൂർവ്വ കാഴ്ച ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികളെ വല്ലാതെ ആകർഷിച്ചു.

ൻസൂരി

ൻസൂരി (Nzuri) (M6 എന്നും അറിയപ്പെടുന്നു) എന്ന് പേരുള്ള ഈ സിംഹത്തെ ഇറാനിയൻ പൈലറ്റും പിന്നീട് വന്യജീവി ഫോട്ടോഗ്രാഫറുമായി മാറിയ കംബിസ് പൗർഘനാദാണ് തന്‍റെ ലെൻസിലൂടെ ഒപ്പിയെടുത്തത്. വന്യജീവി പേജുകളിലും ഫോട്ടോഗ്രാഫി ഫോറങ്ങളിലും പങ്കുവെച്ചതോടെ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ അതിവേഗം വൈറലായി. സിംഹത്തിന്‍റെ അതുല്യമായ തലയെടുപ്പിനെയും ഭം​ഗിയേയും അഭിനന്ദിച്ച് കൊണ്ട് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ഈ ചിത്രങ്ങൾ ആകർഷിച്ചു.

View post on Instagram

അകമഴിഞ്ഞ പ്രശംസ

നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ൻസൂരിയെ "കാട്ടിലെ സുന്ദരനായ പയ്യൻ" എന്ന് സ്നേഹത്തോടെ വിശേഷിപ്പിച്ചു, ചിലർ അവൻ "ഇപ്പോൾ ഒരു സലൂണിൽ നിന്ന് ഇറങ്ങി വന്നത് പോലെ" ഉണ്ടെന്ന് തമാശയായി പറഞ്ഞു. മറ്റുള്ളവർ അവന്‍റെ ചുരുളുകൾ ഒരു പ്രൊഫഷണൽ ബ്ലോ-ഡ്രൈ ആയി താരതമ്യം ചെയ്തു. ആഫ്രിക്കൻ സാവന്നയിൽ കറങ്ങുന്ന ഒരു വന്യമൃഗത്തിന് ലഭിക്കുന്ന അപൂർവ പ്രശംസകളാണിവ. ഫോട്ടോഗ്രാഫർ പൗർഘനാദ് ആ നിമിഷത്തെ 'മറക്കാനാവാത്തത്' എന്ന് വിശേഷിപ്പിച്ചു. സൂര്യപ്രഭയിൽ തന്‍റെ രോമങ്ങൾ തിളങ്ങുമ്പോൾ ൻസൂരി പോസ് ചെയ്യുന്നത് ആസ്വദിക്കുന്നതായി തോന്നിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ൻസൂരിയുടെ ചിത്രം മൃഗരാജ്യത്തിന്‍റെ വൈവിധ്യത്തെയും അത്ഭുതത്തെയും ഓർമ്മിപ്പിക്കുന്നു.

View post on Instagram

ജനിതക പ്രത്യേകത

ഇത്തരം ചുരുണ്ട രോമങ്ങൾ വളരെ അസാധാരണമാണെന്നും ഇത് ജനിതക പ്രത്യേകതകൾ, അന്തരീക്ഷത്തിലെ ഈർപ്പം, മഴയ്ക്ക് ശേഷമുള്ള രോമങ്ങളുടെ ഘടന എന്നിവയുടെ സംയോജനത്തിന്‍റെ ഫലമായിരിക്കാമെന്നും വിദഗ്ദ്ധർ പറയുന്നു. സിംഹങ്ങൾക്ക് സാധാരണയായി പരുപരുത്തതും നേർത്തതുമായ രോമങ്ങളാണ് ഉണ്ടാവാറുള്ളത്. ഇത് ആക്രമണങ്ങൾക്കിടയിൽ സംരക്ഷണമായും ആധിപത്യത്തിന്‍റെയും ചിഹ്നമായും വർത്തിക്കുന്നു. എന്നിരുന്നാലും, ൻസൂരിയുടെ രോമം ഏതാണ്ട് മിനുസമാർന്നതും ചുരുണ്ടതുമായി കാണപ്പെടുന്നു.

ൻസൂരിയെ നിരീക്ഷിച്ചിട്ടുള്ള വന്യജീവി ഗവേഷകർ പറയുന്നത്, ഇത് മുമ്പ് മസായി മാറായിലെ പ്രശസ്തമായ ടോപ്പി പ്രൈഡിന്‍റെ (Topi Pride) ഭാഗമായിരുന്നു എന്നാണ്. ൻസൂരിയും മറ്റ് ആറ് ആൺസിംഹങ്ങളും ഇപ്പോൾ സ്വന്തമായി ഒരു സഖ്യം (Coalition) രൂപീകരിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത് യുവ സിംഹങ്ങൾ അവരുടെ കൂട്ടത്തെ വിട്ടുപോകുമ്പോൾ സാധാരണയായി ചെയ്യുന്ന ഒരു കാര്യമാണ്. ഈ സംഘം സാവന്നയിലുടനീളമുള്ള വിശാലമായ പ്രദേശങ്ങളിൽ ചുറ്റികറങ്ങുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.