ബോട്സ്വാനയിൽ നിന്നുള്ള ഒരു വൈറൽ വീഡിയോയിൽ, സിഗ്ര എന്ന സിംഹിണിയും അതിൻ്റെ കെയർ ടേക്കറും ഒരുമിച്ച്, വേട്ടയാടിയ ഭക്ഷണം കഴിക്കുന്നു. വർഷങ്ങളായി ഒരുമിച്ച് ജീവിച്ചതിലൂടെ ഇരുവരും തമ്മിൽ രൂപപ്പെട്ട അസാധാരണമായ വിശ്വാസബന്ധമാണ് ഈ കാഴ്ചയ്ക്ക് പിന്നിൽ.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര സ്നേഹത്തിന്‍റെ പല കഥകളും കാഴ്ചകളും നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ഇതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമാണ്. കാണുമ്പോൾ ഏറെ കൗതുകകരവും അത്ഭുതകരവുമായി തോന്നാമെങ്കിലും ആദ്യം തന്നെ പറയട്ടെ ആരും ഇത് അനുകരിക്കരുത്. വീഡിയോയിൽ ഒരു സിംഹിണിയും അതിന്‍റെ കെയർ ടേക്കറായ വ്യക്തിയും തമ്മിലുള്ള പരസ്പര ധാരണയും ബന്ധവുമൊക്കെയാണ് കാണാൻ കഴിയുക.
സിംഹവും കെയർ ടേക്കറും
ബോട്സ്വാനയിലെ കലഹാരി മേഖലയിലെ വന്യജീവി സങ്കേതത്തിൽ നിന്നും ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈ വീഡിയോയിൽ സിഗ്ര എന്ന സിംഹിണിയും അതിന്‍റെ കെയർ ടേക്കറായ ഗ്രൂണറുമാണ് ഉള്ളത്. ഇരുവരും ഒരുമിച്ച് വേട്ടയാടിയ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.
സിഗ്രയും ഗ്രൂണറും
2012-ൽ ജനിച്ച സിഗ്രയെ ഏകദേശം 10 ദിവസം പ്രായമുള്ളപ്പോൾ മുതൽ വളർത്തിയത് ഗ്രൂണറാണ്. ഇപ്പോൾ 2,000 ഹെക്ടർ വിസ്തൃതിയുള്ള ഒരു വലിയ സംരക്ഷിത പ്രദേശത്താണ് സിഗ്ര സ്വതന്ത്രമായി വേട്ടയാടുന്നത്. ഇവിടെ നിന്നും സിഗ്ര വേട്ടയാടിയ ഒരു മാനിനെയാണ് ഇരുവരും ചേർന്ന് ഭക്ഷിക്കുന്നത്. സിഗ്ര മാനിനെ ഭക്ഷിക്കാൻ തുടങ്ങുമ്പോൾ ഗ്രൂണർ മുന്നോട്ട് വന്ന് അതിൽ നിന്ന് ഒരു കഷ്ണം മാംസം മുറിച്ചെടുത്ത് ഒരു കുറ്റിച്ചെടിയിൽ തൂക്കിയിട്ട് അത് ബാർബിക്യൂ ചെയ്യാനായി തീ ഇടുന്നു. സിംഹിണി അതിനെല്ലാം ശാന്തമായി നോക്കി ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
മുന്നറിയിപ്പ്
മാംസം ഗ്രിൽ ചെയ്ത ശേഷം ഗ്രൂണർ അത് സിഗ്രക്ക് നൽകിയെങ്കിലും അവൾ അത് നിരസിക്കുന്നു. അവളുടെ ഇരയെ താൻ തൊടുന്നതിൽ സിഗ്രക്ക് പ്രശ്നമില്ലയെന്ന് ഗ്രൂണർ പറയുന്നതും വീഡിയോയിൽ കാണാം. അതോടൊപ്പം തന്നെ തങ്ങൾ തമ്മിലുള്ള വിശ്വാസം വർഷങ്ങൾ ഒരുമിച്ച് ജീവിച്ചതിന്‍റെ ഫലമാണെന്നും ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഒരിക്കലും വന്യമൃഗങ്ങളോട് ഇത്തരത്തിൽ അടുത്ത ഇടപഴകരുതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
