കർണ്ണാടകയിലെ വിജയപുര-കലബുറഗി ടോൾ പ്ലാസയിൽ ടോൾ ചോദിച്ചതിന് ജീവനക്കാരനെ മർദ്ദിച്ച ബിജെപി നേതാവ് വിജയഗൗഡ പാട്ടീലിന്‍റെ മകന്‍റെ ദൃശ്യങ്ങൾ വൈറലായി. സമർഥഗൗഡ പാട്ടീലും സുഹൃത്തും ചേർന്ന് ജീവനക്കാരനെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ർണ്ണാടകയിലെ വിജയപുര-കലബുറഗി ടോൾ പ്ലാസയിൽ നടന്ന സംഘർഷം സിസിടിവിയിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തില്‍ വൈറൽ. ടോൾ കടക്കാന്‍ പണം ആവശ്യപ്പെട്ട ടോൾ ബൂത്ത് ജീവനക്കാരനെ മർദ്ദിക്കുന്ന ബിജെപി നേതാവിന്‍റെ മകന്‍റെയും സുഹൃത്തിന്‍റെയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കർണ്ണടകയിലെ ബിജെപി നേതാവ് വിജയഗൗഡ പാട്ടീലിന്‍റെ മകൻ സമർഥഗൗഡ പാട്ടീലാണ് കന്നോലിന് സമീപത്തെ വിജയപുര-കലബുറഗി ടോൾ ബൂത്ത് ജീവനക്കാരനെ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ടോൾ ജീവനക്കാരന് മർദ്ദനം

ദീപക് ബൊപ്പണ്ണ എന്ന എക്സ് ഉപഭോക്താവാണ് ഏഴ് ലക്ഷത്തോളം പേര്‍ കണ്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ടോൾ ബൂത്തിലേക്ക് കയറിവരുന്ന ഒരു തടിച്ച മനുഷ്യനില്‍ നിന്നാണ് സിസിടിവി വീഡിയോ തുടങ്ങുന്നത്. ഇയാൾ ടോൾ ജീവനക്കാരനോട് രൂക്ഷമായി സംസാരിക്കുന്നതിനിടെ മറ്റ് രണ്ട് പേര്‍ കയറിവരികയും ഇയാളെ പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെ ടോൾ ബൂത്തിലേക്ക് കയറിയ ഒരാൾ ജീവനക്കാരന്‍റെ നാല‌ഞ്ച് തവണ തലയ്ക്ക് അടിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുവരെയും ടോൾ ബൂത്തില്‍ നിന്നും പുറത്തിറക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ അക്രമികൾ ടോൾ ബൂത്തിന് പുറത്തിറങ്ങാന്‍ തയ്യാറാകുന്നതോടെ വീഡിയോ അവസാനിക്കുന്നു.

Scroll to load tweet…

വിജയഗൗഡ പാട്ടീൽ

വിജയപുരയിൽ നിന്ന് സിന്ധഗിയിലേക്ക് ഒരു കറുത്ത താർ എസ്‌യുവിയിൽ യാത്ര ചെയ്യുകയായിരുന്ന സമർത്ഗൗഡ പാട്ടീൽ, ടോൾ ജീവനക്കാരൻ ടോൾ തുക നൽകാൻ ആവശ്യപ്പെട്ടപ്പോൾ കോപാകുലനായിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു . "വിജയഗൗഡ പാട്ടീലിന്‍റെ മകൻ" എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ, ജീവനക്കാരൻ ഏത് വിജയഗൗഡ എന്ന് തിരിച്ച് ചോദിച്ചു. ഇതിൽ പ്രകോപിതനായ സമർത്ഗൗഡ, എന്‍റെ അച്ഛൻ ആരാണെന്ന് നിനക്കറിയാമോയെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ടോൾ ജീവനക്കാരന്‍ പിന്നീട് ആശുപത്രിയി‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബിജെപിയോ വിജയഗൗഡ പാട്ടീലോ തയ്യാറായിട്ടില്ല. 2008 മുതൽ ബലേശ്വർ നിയോജകമണ്ഡലത്തിൽ നിന്ന് നിരവധി തവണ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിജയം നേടാൻ വിജയഗൗഡയ്ക്ക് കഴിഞ്ഞിട്ടില്ല.