അപ്രതീക്ഷിത മഴ റേസ് ട്രാക്കില്‍ പ്രളയമാണ് സൃഷ്ടിച്ചത്. ഇതോടെ കുതിരകൾ വെള്ളത്തിലായി. ഇവയെ രക്ഷിക്കുന്നതിനായുള്ള ശ്രമത്തിലായിരുന്നു യുവാവ്. 

യുഎസിലെ ടെക്സാസിലും സമീപ പ്രദേശങ്ങളിലും അതിശക്തമായി മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തൊഴിഞ്ഞത്. അതിതീവ്ര മഴയില്‍ ഏതാണ്ട് 100 ഓളം പേര്‍ മരിച്ചതായാണ് ഔദ്ധ്യോഗിക വിവരം. മഴയുടെ കെടുതികളും മഴയുടെ ചില വീഡിയോകളും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ന്യൂ മെക്സിക്കോയിലെ റുയിഡോസോ ഡൗൺസിലെ കുതിരയോട്ട മത്സരകേന്ദ്രത്തിലും മഴ ശക്തമായ നാശ നഷ്ടമാണുണ്ടാക്കിയത്. ഇവിടെ മഴക്കെടുതിയില്‍ പെട്ട് പോയ കുതിരകളെ രക്ഷപ്പെടുത്തുന്നതിനായി ഏതാണ്ട് അരയോളം വെള്ളത്തില്‍ കുതിരയെ ഓടിച്ച് പോകുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി.

ജൂലൈ 8 ന് വൈകുന്നേരമാണ് ന്യൂ മെക്സിക്കോയിലെ റുയിഡോസോയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം റേസ് ട്രാക്കുകളെ മൂടി. റേസ് ട്രാക്കുകളില്‍ ഏതാണ്ട് അരയോളം ഉയരത്തിലാണ് വെള്ളം കയറിയത്. ഇതോടെ കുതിരകള്‍ പലയിടങ്ങളിലായി പെട്ടുപോയി. ഇത്തരത്തില്‍ പ്രളയത്തില്‍പ്പെട്ട് പോയ കുതിരകളെ രക്ഷപ്പെടുത്തുന്നതിനായി ഒരാൾ വെള്ളം നിറഞ്ഞ റേസ് ട്രാക്കിലൂടെ കൂതിരയെ ഓടിച്ച് പോകുന്നതായിരുന്നു വീഡിയോയില്‍.

Scroll to load tweet…

പ്രളയത്തോടൊപ്പമെത്തിയ മാലിന്യങ്ങളും മറ്റും കുതിരയുടെ യാത്രയ്ക്ക് തടസമായി. പലപ്പോഴും മുന്നിലെ വഴിയില്‍ അപകടമുണ്ടോയെന്നറിയാതെ കുതിര തപ്പിത്തടയുന്നതും കാണാം. മലിന ജലത്തിലിറങ്ങിയ വെള്ളക്കുതിര വെള്ളത്തിൽ നിന്നും പുറത്ത് കടക്കുമ്പോഴേക്കും ചളിയുടെ നിറമായി മാറുന്നതും കാണാം. മറ്റ് കുതിരകളെ രക്ഷപ്പെടുത്താന്‍ അപകടകരമായ വെള്ളപ്പൊക്കത്തിൽ ഒരാൾ കുതിരപ്പുറത്ത് കയറുന്നതിന്‍റെ ഭ്രാന്തമായ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി. ഇത് ന്യൂ മെക്സിക്കോയിലെ ഒരു ക്വാർട്ടർ ഹോഴ്സ് റേസ് ട്രാക്കിലായിരുന്നു. റേസ് ഗ്രൗണ്ടിലൂടെ നദി ഒഴുകുകയായിരുന്നു. ട്രാക്കിൽ കുതിരയെ ഓടിച്ചിരുന്ന ഉടമകളുടെ കുതിരകളായിരുന്നു അവിയുണ്ടായിരുന്നത്.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പ്രദേശത്തുണ്ടായ പ്രളയത്തില്‍ മൂന്ന് പേര്‍ മരിച്ചു. റുയിഡോസോയിൽ 2025 ൽ നടക്കേണ്ടിയിരുന്ന ഹോഴ്സ് റേസ് മീറ്റ്, പ്രളയത്തിന് പിന്നാലെ റദ്ദാക്കിയിരുന്നു.