കയറ് കട്ടിലില്‍ കിടക്കുകയായിരുന്ന പട്ടിക്ക് നേരെയാണ് യുവാവ് തന്‍റെ ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചത്.

മൂഹ മാധ്യമങ്ങളില്‍ ഇന്നലെ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഒരു യുവാവ് വീടിന് പുറത്ത് ഇട്ടിരുന്ന ഒരു കയറ്റുകട്ടിലില്‍ കിടന്നിരുന്ന ഒരു നായയെ വെടിവയ്ക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. യുവാവിന്‍റ പ്രവര്‍ത്തിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചത്. ഒരു ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ച് ഇയാൾ രണ്ട് തവണ നായയെ വെടിയ്ക്കുന്നത് വീഡിയോയില്‍ കാണാം.

കയറ്റുപായയില്‍ കിടക്കുന്ന നായയ്ക്ക് നേരെ ഇരട്ടക്കുഴൽ തോക്ക് ചൂണ്ടുന്ന ഒരു യുവാവില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യത്തെ വെടി കൊണ്ടതിന് പിന്നാലെ നായ വേദന കൊണ്ട് പുളയുന്നു. ഇതിനിടെ ഒരു സ്ത്രീയുടെ ശബ്ദവും കേൾക്കാം. തുടര്‍ന്ന് ഇയാൾ വീണ്ടും നായയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നതോടെ നായ പതുക്കെ നിശബ്ദമാകുന്നതും വീഡിയോയില്‍ കാണാം. 'പഞ്ചാബിലെ ഹോഷിയാർപൂരിൽ നിസ്സഹായനായ നായയെ ഒരാൾ വെടിവച്ചു കൊന്നു. ഇതൊരു സാധാരണ പ്രശ്നമല്ല, നമ്മുടെ സമൂഹത്തിന്‍റെ ജീർണ്ണതയുടെ പ്രതിഫലനമാണ്! ദയവായി ഇക്കാര്യം പരിശോധിച്ച് വേഗത്തിൽ നടപടിയെടുക്കുക' വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു.

Scroll to load tweet…

@jaspreetsays എന്ന എക്സ് അക്കൗണ്ടിൽ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. ഒപ്പം പഞ്ചാബ് പോലീസിനും പെറ്റ് ഇന്ത്യയ്ക്കും മേനകാ ഗാന്ധിയ്ക്കും വീഡിയോ ടാഗ് ചെയ്തു. ആര്‍ക്കും ഉപദ്രവം ചെയ്യാതെ കിടന്ന നായയെ വെടിവച്ച് കൊന്നയാൾക്കെതിരെ കര്‍ശന നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. ഇത്രയും ക്രൂരമായ പ്രവര്‍ത്തി ചെയ്യാന്‍ മനുഷ്യന് മാത്രമേ കഴിയൂവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. കഴിഞ്ഞ ദിവസമാണ് തിരക്കേറിയ തെരുവില്‍ തന്നെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഉടമയുടെ കാറിന് പിന്നാലെ ഒരു നായ ഓടുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കാറിന്‍റെ നമ്പര്‍ അടക്കം കൊടുത്തുക്കൊണ്ട് സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടെങ്കിലും നായയുടെ ഉടമയ്ക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.