28 -കാരനായ മാലി സ്വദേശിയാണ് അക്രമിയെന്ന് റിപ്പോര്‍ട്ടുകൾ. ഇയാൾ യാത്രക്കാരനല്ലായിരുന്നെന്നും ബോഡിംഗ് പാസുകൾ ഇല്ലായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകൾ
മിലാനിലെ മാൽപെൻസ വിമാനത്താവളത്തിൽ ടെർമിനൽ അതിക്രമിച്ചു കയറിയ ആൾ ചെക്ക് ഇൻ ഡെസ്കിന് തീയിടുകയും സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. ബുധനാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ടെർമിനലിനുള്ളിൽ നിന്നും തീ ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിന്‍റെയും അക്രമിയെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ വീഡിയോയില്‍ കാണാം.
28 -കാരനായ മാലി സ്വദേശിയാണ് അക്രമിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇയാൾ യാത്രക്കാരനല്ലായിരുന്നെന്നും ബോഡിംഗ് പാസുകൾ ഇല്ലായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകൾ. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് സംഭവങ്ങൾ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ചെക്ക്-ഇൻ കൗണ്ടറുകൾക്ക് സമീപം ഒരു ദ്രാവകം ഒഴിച്ച അക്രമി, തീ കൊളുത്തുകയായിരുന്നു. തീ പെട്ടെന്ന് ഉയരുകയും ടെർമിനലിനുള്ളിൽ പുക നിറയുകയും ചെയ്തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും തീ ആളിപ്പടർന്ന പ്രദേശത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടയിൽ അക്രമി എയർപോർട്ടിന്‍റെ ഗ്ലാസ് ഡോറുകൾ അടിച്ചു തകർക്കുകയും വേസ്റ്റ് ബാസ്ക്കറ്റുകൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ആക്രമണം തുടരുന്നതിനിടയിൽ എയർപോർട്ട് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി. ടെർമിനലിനുള്ളിൽ ശക്തമായ രീതിയിൽ പുക വ്യാപിച്ചതോടെ യാത്രക്കാരെ അവിടെ നിന്നും ഒഴിപ്പിച്ചു.
എയർപോർട്ടിനുള്ളിലെ വേസ്റ്റ് ബാസ്ക്കറ്റുകൾ, കൗണ്ടറുകൾക്ക് സമീപമുള്ള മേശകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ അക്രമി അടിച്ച് തകർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ പരിഭ്രാന്തരായ യാത്രക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം. വിമാനത്താവളം കൈകാര്യം ചെയ്യുന്ന എസ്‌ഇഎ കമ്പനിയിലെ ഒരു ജീവനക്കാരനാണ് ആദ്യം അക്രമം ആദ്യം കണ്ടത്. പുക ഉയരുന്നത് കണ്ട അദ്ദേഹം ഉടൻ തന്നെ ഇടപെട്ടു. അക്രമിയുമായി നടത്തിയ ഏറ്റുമുട്ടലിനിടെ, ജീവനക്കാരന് പരിക്കേറ്റെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇദ്ദേഹത്തിന് അടിയന്തരമായി സഹായം ലഭ്യമാക്കി. സംഭവത്തിൽ മറ്റ് ജീവനക്കാർക്കോ യാത്രക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.


