മരണാന്തരം തന്‍റെ കമ്മ്യൂണിറ്റിയെ സഹായിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവസാനത്തെ ആഗ്രഹം. ആ ആഗ്രഹം മക്കൾ നടത്തിക്കൊടുത്തു. അതിന്‍റെ ഭാഗമായി ആകാശത്ത് നിന്നും നോട്ട് മഴ.
സ്വന്തം മരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാന്‍ മനുഷ്യന് കഴിയില്ല. എന്നാല്‍, മരണാനന്തര ചടങ്ങ് എങ്ങനെ വേണമെന്ന് തീരുമാനിക്കാം. അതനുസരിച്ച് പലരും പലതരത്തിലുള്ള ആഗ്രഹങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അത്തരത്തില്‍ തന്‍റെ മരണശേഷം ശവമടക്കിനായി വന്യമായൊരു ആഗ്രഹമായിരുന്നു മിഷിഗണില്ലേ ഡിറ്റ്രോയിറ്റ് സ്വദേശിയായ ഡാരെൽ തോമസിന്‍റേത്. അദ്ദേഹത്തിന്‍റെ ആഗ്രഹം മരണാന്തരം കുടുംബം സാധിച്ച് കൊടുക്കുകയും ചെയ്തു. ആഗ്രഹ പൂര്‍ത്തികരണം നേരിട്ട് കണ്ടവരും അതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടവരും അന്തിച്ചു.
ഡിറ്റ്രോയിറ്റുകാരെ സംബന്ധിച്ച് ഡാരെൽ തോമസ് മനസലിവുള്ള ഒരാളാണ്. ആരെന്ത് ആവശ്യം ഉന്നയിച്ച് അദ്ദേഹത്തിന്‍റെ അടുത്തെത്തിയാലും അദ്ദേഹം തന്‍റെ കഴിവിന് അനുസരിച്ച് സഹായിക്കും. മരണശേഷവും തന്‍റെ ചുറ്റുമുണ്ടായിരുന്ന മനുഷ്യരെ അവസാനമായി ഒന്ന് സഹായിക്കണം എന്നതായിരുന്നു ഡാരെലിന്‍റെ ആഗ്രഹം. കഴിഞ്ഞ വെള്ളിയാഴ്ച അതായത് ജൂണ്‍ 27 -ാം തിയതി ഡാരെലിന്‍റെ ശവമടക്കായിരുന്നു. അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹം പോലെ നാട്ടുകാരെ അവസാനമായി സഹായിക്കാന്‍ ഡാരെലിന്‍റെ കുടുംബം തീരുമാനിച്ചു.
അങ്ങനെ പള്ളിയില്‍ ഡാരെലിന്‍റെ ശവമടക്ക് നടക്കുമ്പോൾ ആകാശത്ത് നിന്നും ഹെലികോപ്റ്റർ 'ധനവൃഷ്ടി' നടത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ശവസംസ്കാരം നടക്കുമ്പോൾ റോസാപ്പൂ ഇതളുകൾക്കൊപ്പമായിരുന്നു ഹെലികോപ്റ്ററില്‍ നിന്നും നോട്ടുകെട്ടുകൾ വിതറിയത്. ഒന്നും രണ്ടുമല്ല ഏതാണ്ട് നാലര ലക്ഷം രൂപയോളം (5000 ഡോളര്‍) ഇങ്ങനെ ആകാശത്ത് നിന്നും വിതറുകയായിരുന്നു. കോൺമർ സ്ട്രീറ്റിന് സമീപത്ത് ഗ്രാറ്റിയോട്ട് അവന്യുവില്‍ വിതറുകയായിരുന്നു.
ജൂണ്‍ 15 ന് തന്‍റെ 58 -ാമത്തെ വയസിലാണ് ഡാരെൽ തോമസ് മരിച്ചത്. അദ്ദേഹത്തിന്‍റെ മക്കളായ ഡാരെലും ജോനറ്റുമാണ് അച്ഛന്‍റെ അവസാനത്തെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ഹെലികോപ്റ്ററും മറ്റും സജ്ജീകരിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഹെലികോപ്റ്ററില്‍ നിന്നും റോസാപ്പൂകൾ വർഷിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പണ വര്‍ഷിച്ചതിനെ കുറിച്ച് അറിവില്ലെന്ന് പോലീസ് പറഞ്ഞു. ഡാരെലിന്‍റെ അവസാന ആഗ്രഹമായിരുന്നു തന്‍റെ കമ്മ്യൂണിറ്റിക്ക് വേണ്ട അവസാനമായി എന്തെങ്കിലും ചെയ്യുകയെന്നത്. കാരണം അദ്ദേഹമൊരു ദാനശീലനാണെന്ന് ഡാരെലിന്‍റെ മരുമകൾ ക്രിസ്റ്റല്‍ പ്രേ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളില്‍ ആകാശത്ത് നിന്നും മഴ പെയ്യുന്നത് പോലെയോ പുഷ്പ വൃഷ്ടിപോലെയുള്ള ദൃശ്യങ്ങൾക്ക് സമാനമായി ഹെലികോപ്റ്ററില്‍ നിന്നും ഡോളറുകൾ ഭൂമിയിലേക്ക് പെയ്തിറങ്ങുന്നത് കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. നാഷണല്‍ ഹോട്ട് റോഡ് അസോസിയേഷനിലെ ഒരു പ്രൊഫഷണല്‍ റെയ്സ് കാര്‍ ഡ്രൈവര്‍ കൂടിയാണ് ഡാരെല്‍ തോമസ്.

