മീന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ തുടങ്ങിയ അസ്വസ്ഥത കാരണം രണ്ട് തവണ ആശുപത്രിയില്‍ പോയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

തായ്‌ലൻഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അസാധാരണമായ ഒരു വാര്‍ത്ത ലോകമെമ്പാടുമുള്ള സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. മീന്‍ സൂപ്പ് കഴിക്കുന്നതിനിടെ ഒരു യുവതിയുടെ കഴുത്തിൽ കുരുങ്ങിയ മുള്ള് ദിവസങ്ങൾക്ക് ശേഷം കഴുത്ത് തുളച്ച് പുറത്തെത്തിയെന്നതായിരുന്നു ആ അമ്പരപ്പിക്കുന്ന വാര്‍ത്ത. സംഭവം യുവതിയുടെ ഭര്‍ത്താവ് സൂര്യൻ ബുർഫ-ആര്‍ട്ട് തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ഭാര്യ സാങ് (45), മീന്‍ സൂപ്പ് കുടിക്കുന്നതിനിടെ ഒരു മുള്ള് വിഴുങ്ങി. ശക്തമായ വേദന അനുഭവപ്പെട്ടതിനാല്‍ നാട്ടുപ്രയോഗങ്ങൾ ചെയ്തു. ധാരാളം വെള്ളം കുടിച്ചു. അരിയും റൊട്ടിയും ഒരുട്ടിക്കഴിച്ചു. പക്ഷേ, വേദന മാത്രം മാറിയില്ല. അങ്ങനെ ഭാര്യയും താനും ആശുപത്രയിലെത്തി പരിശോധന നടത്തി. എക്സ്-റേ എടുത്തു. പ്രശ്നകരമായ ഒരു വസ്തുവും കഴുത്തില്‍ കണ്ടെത്തിയില്ല. തിരികെ വീട്ടിലെത്തിയെങ്കിലും വേദന കുറഞ്ഞില്ല. ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം വേദന കൂടിയപ്പോൾ വീണ്ടും ആശുപത്രിയിലെത്തി. തൈറോയ്ഡിന്‍റെ പ്രശ്നമാകുമെന്ന് കരുതി. വീണ്ടും എക്സ്-റേയും മറ്റ് പരിശോധനകളും നടത്തി. അപ്പോഴും കാര്യമായ ഒരു വസ്തുവും കഴുത്തില്‍ കണ്ടെത്തിയില്ല.

വീട്ടില്‍ തിരികെ എത്തിയെങ്കിലും വേദനയ്ക്ക് കുറവൊന്നും ഉണ്ടായില്ല. തൊണ്ടയിൽ അസ്വസ്ഥതയും വീക്കവും വേദനയും കുറയ്ക്കുന്നതിനായി പരമ്പാരഗത നാടന്‍ തൈലം കഴുത്തില്‍ പുരട്ടുന്നതിനിടെ സാങിന്‍റെ കൈയില്‍ എന്തോ തടഞ്ഞു. നോക്കിയപ്പോൾ കഴുത്തില്‍ നിന്നും മീന്‍ മുള്ള് പുറത്തേക്ക് തള്ളി നില്‍ക്കുന്നു. അങ്ങനെ ജൂണ്‍ 17 -ാം തിയതി സാങിനെയും കൊണ്ട് മൂന്നാമതും പേക്ഷബുൻ പ്രവിശ്യയിലെ ബുവിങ്ങ് സമ് ഫാൻ ,ആശുപത്രിയിലെത്തിയെന്ന് സൂര്യന്‍ എഴുതി. അന്ന് തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. ഏതാണ്ട് രണ്ട് സെന്‍റീമീറ്റർ നീളമുള്ള മീന്‍ മുള്ള് ഭാര്യയുടെ കഴുത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെന്നും സൂര്യന്‍ എഴുതി. ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഒപ്പം താനീ കുറിപ്പ് എഴുതുന്നത് ആരെയും ഭയപ്പെടുത്താനല്ലെന്നും മറിച്ച് മുന്നറിയിപ്പ് നല്‍കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.