പരമ്പരാഗത വേഷത്തില്‍ വൃദ്ധദമ്പതികളെത്തിയപ്പോൾ സഹായം ചോദിച്ച് വന്നതായിരിക്കുമെന്നാണ് ജ്വല്ലറി ഉടമ ആദ്യം കരുതിയത്. എന്നാല്‍, അന്വഷിച്ചപ്പോഴാണ് ആ പ്രായത്തിലും അവരുള്ളിൽ സൂക്ഷിച്ച പ്രണയത്തിന്‍റെ തീ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്.

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നൊരു ചൊല്ലുണ്ട്. അതോടൊപ്പം ഇനി പ്രായവുമില്ലെന്ന് പറയേണ്ടിവരുമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഗോപികാ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. മഹാരാഷ്ട്രയുടെ തനത് വേഷം ധരിച്ച് ഒരു വയോധികന്‍ ജ്വല്ലറിയില്‍ കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആ വയോധികന്‍ ജ്വല്ലറി ഉടമയുടെ മാത്രമല്ല, സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചിന്തകളെ പോലും ആഴത്തില്‍ സ്വാധീനിച്ചെന്നതിന് തെളിവാണ് വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കപ്പെട്ട കുറിപ്പുകൾ.

93 വയസുള്ള നിവൃത്തി ഷിന്‍ഡെയും അദ്ദേഹത്തിന്‍റെ ഭാര്യയും ഛത്രപതി സംഭാജി നഗറിലെ ജ്വല്ലറിയില്‍ എത്തിയത് സ്വര്‍ണ്ണം വാങ്ങാനായിരുന്നു. എന്നാല്‍, വേഷം കണ്ട് ഭിക്ഷയാചിച്ച് എത്തിയതാകുമെന്നാണ് ആദ്യം ജ്വല്ലറിയുടമ കരുതിയത്. ചോദിച്ചപ്പോളാണ് സ്വർണ്ണം അതും മംഗല്യ സൂത്രം വാങ്ങാനാണ് ഇരുവരും എത്തിയതെന്ന് മനസിലായത്. കൊച്ച് മക്കൾക്കാണെന്ന് കരുതിയാല്‍ തെറ്റി. തന്‍റെ ഭാര്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം വാങ്ങാനെത്തിയതായിരുന്നു അദ്ദേഹം. ഭാര്യയ്ക്കുള്ള സമ്മാനമാണ് അതെന്ന് കൂടി പറഞ്ഞതോടെ ജ്വല്ലറി ഉടമ ആ സ്നേഹത്തിന് മുന്നില്‍ നമിച്ചു. ജ്വല്ലറിയുടമയുമായുള്ള സംസാരത്തിനിടെ ഇരുവരും ആഷാഢി ഏകാദശി ആഘോഷിക്കാനായി പണ്ഡര്‍പൂരിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനത്തിന് ഇറങ്ങിയതാണ്. ഇരുവര്‍ക്കും ഒരു മകനുണ്ട്.

View post on Instagram

നിലവിലെ വിപണി വില അനുസരിച്ച് മംഗല്യസൂത്രത്തിന് വലിയ വില നല്‍കേണ്ടിവരും. എന്നാല്‍, വെറും 1120 രൂപയും കൊണ്ടായിരുന്നു നിവൃത്തി ഷിന്‍ഡെ മംഗല്യസൂത്രം വാങ്ങാനെത്തിയത്. അദ്ദേഹത്തിന്‍റെ കൈയിൽ ആകെയുള്ള സമ്പാദ്യമായിരുന്നു അത്. ഭാര്യ ശാന്തബായിയോടുള്ള നിവൃത്തി ഷിന്‍ഡേയുടെ സ്നേഹം കണ്ട കടയുടമ വെറും 20 രൂപ മാത്രമാണ് മംഗല്യസൂത്രത്തിനായി വാങ്ങിയത്. പണം വേണ്ടെന്ന് ജ്വല്ലറി ഉടമ പറഞ്ഞെങ്കിലും പണം വാങ്ങണമെന്ന് നിവൃത്തി ഷിന്‍ഡെ നിര്‍ബന്ധം പിടിച്ചപ്പോഴാണ് കടയുടമ 20 രൂപ എടുത്തത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി രണ്ടരക്കോടിയിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. ചിലര്‍ കണ്ണ് നിറയാതെ വീഡിയോ കാണാന്‍ കഴിയുന്നില്ലെന്ന് കുറിച്ചു.