വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താൾ രണ്ട് തട്ടിലായി.
വാശിപിടിച്ച് കരയുന്ന കുട്ടികളെ ആശ്വസിപ്പിച്ച് കരച്ചില്‍ നിര്‍ത്തുകയെന്നാല്‍ ഏറെ ശ്രമകരമായൊരു കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അങ്ങനെ കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാന്‍ മാതാപിതാക്കൾ പല വഴികൾ നോക്കുന്നു. ചിലപ്പോൾ കുട്ടിയുടെ ആവശ്യം നിറവേറ്റുന്നു. മറ്റ് ചിലപ്പോൾ കരച്ചില്‍ കണ്ടെല്ലെന്ന് നടിക്കുന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തിരിച്ചറിയുന്നതോടെ കുട്ടി കരച്ചില്‍ നിര്‍ത്തുന്നു. എന്നാല്‍ സിംഗപ്പൂരുകാരനായ ഒരു അച്ഛന്‍, ഇളയ കുട്ടി നോക്കി നില്‍ക്കെ കരഞ്ഞ് നിലവിളിച്ച് മൂത്ത മകനെ നീല നിറത്തിലുള്ള ചവറ്റ് കൊട്ടയിലിട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നെറ്റിസണ്‍സ് രണ്ട് പക്ഷമായി.
റെഡ്ഡിറ്റിലാണ് സംഭവത്തിന്‍റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ നിരവധി പേര്‍ പങ്കുവയ്ക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച ഒരു കുട്ടി നീല ചവറ്റ് കൊട്ടിയ്ക്കുള്ളില്‍ നിന്നാണ് കരയുന്നത് വീഡിയോയില്‍ കാണാം. അവനെ നോക്കിക്കൊണ്ട് തൊട്ട് അടുത്ത് അച്ഛനും നില്‍പ്പുണ്ട്. അദ്ദേഹത്തിന്‍റെ തോളില്‍ ഒരു സഞ്ചിയും മറുകൈയില്‍ രണ്ട് ബലൂണുകളും പിടിച്ചിരിക്കുന്നത് കാണാം. ഒപ്പം ഇരുവരെയും ശ്രദ്ധിച്ച് കൊണ്ട് ഇളയ കുട്ടി നടപ്പാതയിലും നില്‍ക്കുന്നത്. കാണാം. അച്ഛന്‍ മൂത്ത കുട്ടിയോട് സംസാരിച്ച് കൊണ്ടാണ് നില്‍ക്കുന്നതെങ്കിലും റോഡിന് മറുവശത്ത് നിന്നും ചിത്രീകരിച്ച വീഡിയോയില്‍ അവരുടെ സംഭാഷണങ്ങൾ കേൾക്കാന്‍ കഴിയില്ല.
'അനിയന്‍ നോക്കി നില്‍ക്കെ അച്ഛന്‍, കരയുന്ന കുട്ടിയെ നീല ചവറ്റ് കൊട്ടിയില്‍ ഇട്ടു.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കുറിപ്പും വീഡിയോയും കാഴ്ചക്കാരെ ഏറെ അസ്വസ്ഥമാക്കിയെന്ന് കുറിപ്പുകളില്‍ നിന്നും വ്യക്തം. 'അച്ഛനൊരു മോശം ഉദാഹരണമാണ്. തെറ്റായ ബിനില്‍ വച്ചു. അതുകൊണ്ടാണ് നമ്മുടെ റീസൈക്ലിംഗ് നിരക്ക് വളരെ കുറവായിരിക്കുന്നത്.' ഒരു കാഴ്ചക്കാരന്‍ പാതി തമാശയായും പാതി കാര്യമായും എഴുതി. 'മോശം പാരന്‍റിംഗ് ' എന്നായിരുന്നു നിരവധി പേര്‍ എഴുതിയത്. 'ഇതല്ല ശരിയായ രീതി' എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം മകനെ ഒന്ന് പേടിപ്പിക്കാന്‍ നോക്കിയതാകുമെന്നും അതിനെ ഇത്രയും പര്‍വ്വതീകരിച്ച് കാണേണ്ടതുണ്ടോയെന്നും മറ്റ് ചിലര്‍ ചോദിച്ചു.


