ചടങ്ങ് തുടങ്ങി. ഈ പുരുഷന്മാര്‍ വേദിയില്‍ കയറി. അവര്‍ ഈ സ്ത്രീകളെ പ്രതിനിധീകരിച്ച് തുല്യത ഉറപ്പ് വരുത്തുമെന്നും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും പ്രതിജ്ഞ ചെയ്തു.
സ്ത്രീ സമത്വത്തെ കുറിച്ചും, സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ഒക്കെ നമ്മള്‍ ഘോരഘോരം പ്രസംഗിക്കുമെങ്കിലും, പലപ്പോഴും പ്രവൃത്തിയില്‍ അതൊന്നും കാണാറില്ല. ഇപ്പോഴും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത രണ്ട് കോടി സ്ത്രീകളുണ്ട് നമ്മുടെ രാജ്യത്ത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതില്‍ യുപിയും, മധ്യ പ്രദേശും ഒക്കെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.
ഇതിനൊരു മാറ്റം വേണമെന്ന ചിന്തയിലാണ് സര്‍ക്കാര്‍ പഞ്ചായത്ത് തലത്തില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തത്. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും, പ്രവര്‍ത്തിക്കാനും തിരഞ്ഞെടുപ്പില്‍ വിജയിച്ച ഈ വനിത നേതാക്കള്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
എന്നാല്‍ സംഭവിച്ചത് അതൊന്നുമല്ല. സത്യപ്രതിജ്ഞയ്ക്ക് പോലും ഈ വനിതാ അംഗങ്ങള്‍ വന്നില്ല. പകരം അവരുടെ ഭര്‍ത്താക്കന്‍മാരും കുടുംബത്തിലെ ആണുങ്ങളുമാണ് അവര്‍ക്കു വേണ്ടി സത്യപ്രതിജ്ഞ ചൊല്ലിയത്!
മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. ഇവിടത്തെ ഗൈസാബാദ് പഞ്ചായത്തിലാണ് വനിതാ അംഗങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ അവര്‍ക്കു പകരം സത്യപ്രതിജ്ഞ നിര്‍വഹിച്ചത്. ഈ വനിതാ അംഗങ്ങളെ ചടങ്ങിനു വിളിക്കുക പോലും ചെയ്യാതെയായിരുന്നു ഈ നടപടിയെന്നാണ് പരാതി.
ജൂണ്‍ 25 നും ജൂലൈ 8 നും ഇടയിലായിരുന്നു ഹട്ട ബ്ലോക്കിലെ ഗൈസാബാദ് പഞ്ചായത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീയെയാണ് പ്രാമമുഖ്യയായി തിരഞ്ഞെടുത്തത്. ഇത് കൂടാതെ മറ്റ് പത്ത് വനിതകള്‍ കൂടി പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. അന്നാണ് തീര്‍ത്തും വിചിത്രമായ സംഭവം ഉണ്ടാകുന്നത്. വിജയിച്ച
പത്ത് വനിതാ മെമ്പര്‍മാരില്‍ ആകെ എത്തിയത് മൂന്ന് സ്ത്രീകളായിരുന്നു. ബാക്കി ഏഴു സ്ത്രീകളും ചടങ്ങില്‍ പങ്കെടുത്തില്ല. ഈ സ്ത്രീകള്‍ക്ക് പകരം സത്യവാചകം ചൊല്ലാന്‍ എത്തിയത് അവരുടെ ഭര്‍ത്താക്കന്മാരും സഹോദരങ്ങളുമായിരുന്നു.
അങ്ങനെ ചടങ്ങ് തുടങ്ങി. ഈ പുരുഷന്മാര്‍ വേദിയില്‍ കയറി. അവര്‍ ഈ സ്ത്രീകളെ പ്രതിനിധീകരിച്ച് തുല്യത ഉറപ്പ് വരുത്തുമെന്നും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും പ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവാണ് ഭര്‍ത്താക്കന്മാര്‍ക്കും, മറ്റ് പുരുഷന്‍മാര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞ ചെയ്യാന്‍ വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ എത്താത്തതില്‍ നിസ്സഹായത പ്രകടിപ്പിച്ചുവെങ്കിലും ഭര്‍ത്താക്കന്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.
'ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുണ്ട്. അതില്‍ 10 പേര്‍ വനിതാ പ്രതിനിധികളാണ്. മൂന്ന് സ്ത്രീകള്‍ മാത്രമാണ് ഇതുവരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. ബാക്കിയുള്ളവര്‍ക്ക് നിരവധി തവണ കത്തയച്ചെങ്കിലും, ആരും എത്തിയില്ല. വീട്ടില്‍ ചില അത്യാവശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു അവര്‍ വരാന്‍ വിസമ്മതിച്ചു. പകരം അവര്‍ ഭര്‍ത്താക്കന്മാരെയും മറ്റ് പുരുഷ ബന്ധുക്കളെയും സത്യപ്രതിജ്ഞ ചൊല്ലാന്‍ അയക്കുകയായിരുന്നു.''-സംഭവം വിവാദമായപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹു മാധ്യമങ്ങളോട് ഇങ്ങനെയാണ് വിശദീകരിച്ചത്.
കാര്യമെന്തായാലും ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വൈകാതെ അത് വൈറലായി. ഇതോടെ ജില്ലാ പഞ്ചായത്ത് സി ഇ ഒ അജയ് ശ്രീവാസ്തവ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളോട് നേരിട്ട് എത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചടങ്ങ് നടത്തണമെന്നും, തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ തന്നെ സത്യവാചകം ചൊല്ലണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റ് ചെയ്തവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
