Asianet News MalayalamAsianet News Malayalam

Video: അത്ഭുതകരമായ രക്ഷപ്പെടല്‍; ട്രെയിനില്‍നിന്ന് ചാടിയ യുവതിയെ തല്‍ക്ഷണം രക്ഷപ്പെടുത്തി ഗാര്‍ഡ്!

 ഒരു നിമിഷം വൈകിയിരുന്നുവെങ്കില്‍ യുവതി പാളത്തിലേക്ക് വീണ് ചതഞ്ഞരഞ്ഞുപോവുമായിരുന്നു. 

viral video of railway guard who saves woman fell down from moving train
Author
Mumbai, First Published Apr 25, 2022, 7:06 PM IST

ഓടുന്ന ട്രെയിനില്‍നിന്നും പ്ലാറ്റ്‌ഫോമിലേക്ക് വഴുതിവീണ യാത്രക്കാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഹോം ഗാര്‍ഡ്. യുവതി വീണതിനു പിന്നാലെ താഴെയിറങ്ങിയ ഹോംഗാര്‍ഡ്, യുവതി താഴേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് അവരെ ഞൊടിയിടയില്‍ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി.   

മുംബൈയിലെ ജോഗേശ്വരി റെയില്‍വേ സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം. ഇവിടെ നിന്നും പുറപ്പെടാനിരുന്ന സബര്‍ബന്‍ ട്രെയിനിലായിരുന്നു യുവതി ഉണ്ടായിരുന്നത്. വണ്ടി നീങ്ങിത്തുടങ്ങിയ അതേ നിമിഷം യുവതി അതില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. പ്ലാറ്റ് ഫോമിലേക്കാണ് യുവതി ചാടിയതെങ്കിലും അവര്‍ക്ക് വീഴ്ചയില്‍ ബാലന്‍സ് തെറ്റി. അതോടെ യുവതി പ്ലാറ്റ്ഫാമിനും ട്രെയിനിനും ഇടയിലുള്ള വിടവിലൂടെ ്പാളത്തിലേക്ക് വീഴാന്‍ തുടങ്ങി. 

ട്രെയിനിലുണ്ടായിരുന്ന ഹോംഗാര്‍ഡ് ആ നിമിഷം തന്നെ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങി. യുവതി വിടവിലൂടെ താഴേക്ക് പതിക്കുന്ന അതേ നിമിഷം ഇദ്ദേഹം അവരെ പിടിച്ചു വലിച്ചു. ഒരു നിമിഷം വൈകിയിരുന്നുവെങ്കില്‍ യുവതി പാളത്തിലേക്ക് വീണ് ചതഞ്ഞരഞ്ഞുപോവുമായിരുന്നു. കൃത്യസമയത്ത് ചാടിയിറങ്ങിയ ഗാര്‍ഡ് അത്ഭുതകരമായ വിധത്തില്‍ യുവതിയെ അപകടത്തില്‍നിന്നും വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ഇടുകയായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികം വൈകാതെ പുറത്തുവന്നു. തുടര്‍ന്ന്, മുംബൈ റെയില്‍വേ പൊലീസ് കമീഷണര്‍ ഖയിസ് ഖാലിദ് ഈ സംഭവം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കി. അല്‍താഫ് ശൈഖ് എന്ന ഹോംഗാര്‍ഡിന്റെ കൃത്യസമയത്തുള്ള ഇടപെടലും ജാഗ്രതയുമാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അത്ഭുതകരമായ വേഗത്തിലുള്ള ഈ പ്രവൃത്തിയുടെ പേരില്‍ ഹോംഗാര്‍ഡായ അല്‍താഫിന് പ്രത്യേക പാരിതോഷികം നല്‍കിയതായും അദ്ദേഹം അറിയിച്ചു. 

പ്ലാറ്റ്‌ഫോമില്‍ ഇതേ സമയത്തുനടന്ന മറ്റൊരു സംഭവവും പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനിടെ മറ്റ് രണ്ട് യുവതികള്‍ കൂടി അതില്‍നിന്നും പുറത്തേക്ക് ചാടിയതാണ് ചര്‍ച്ചയായത്. ഈ വീഡിയോയയില്‍ തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. അതേ സമയത്ത് തന്നെ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ രണ്ട് യുവതികള്‍ പ്ലാറ്റ്‌ഫോമില്‍ വീഴുന്നതാണ് വീഡിയോയിലുള്ളത്. 

ഓടുന്ന വണ്ടിയില്‍നിന്ന് തിരിച്ചിറങ്ങാനോ പുറത്തേക്ക് ചാടാനോ ശ്രമിക്കരുതെന്ന് മുംബൈ റെയില്‍വേ പൊലീസ് അറിയിച്ചു. ഇങ്ങനെ ചാടുന്നത് അപകടകരമാണെന്നും ജീവന്‍ പോലും നഷ്ടപ്പെടാനിടയുണ്ടെന്നും പൊലീസ് വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios