ഇന്ത്യയിൽ കാര്യമായി യാത്ര ചെയ്തിട്ടില്ലാത്തതിനാൽ സുഹൃത്തിന് യുഎസ് ടൂറിസ്റ്റ് വിസ നിഷേധിച്ചതായി ഒരു ഇൻസ്റ്റാഗ്രാം വ്ലോഗർ വെളിപ്പെടുത്തി. അമേരിക്ക സന്ദർശിക്കുന്നതിന് മുമ്പ് 'ആദ്യം സ്വന്തം രാജ്യം കാണണം' എന്ന് വിസ ഓഫീസർ പറഞ്ഞതായി ആരോപണമുണ്ട്.
സാമ്പത്തികവും രേഖാമൂലവും ഉള്ള എല്ലാ നിർദ്ദേശങ്ങളും ആവശ്യകതകളും പാലിച്ചിട്ടും യുഎസ് ടൂറിസ്റ്റ് വിസ നിരസിക്കപ്പെടുന്നതോടെ സമൂഹ മാധ്യമങ്ങളില്‍ നിരാശ പ്രകടിപ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. അത്തരം ഒരു സംഭവം കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായി. ഇൻസ്റ്റാഗ്രാം വ്ലോഗർ ജയ് പങ്കുവെച്ച ഈ വീഡിയോയിൽ അദ്ദേഹത്തിന്‍റ സുഹൃത്തുമായി ബന്ധപ്പെട്ട ഒരു സംഭവമാണുള്ളത്.
ആദ്യം സ്വന്തം രാജ്യം കാണണം
ദില്ലിക്ക് പുറത്ത് ഒരിക്കലും യാത്ര ചെയ്തിട്ടില്ലെന്ന് സമ്മതിച്ചത് കൊണ്ടാണ് തന്‍റെ സുഹൃത്തിന്‍റെ യുഎസ് ടൂറിസ്റ്റ് വിസ നിഷേധിച്ചതെന്നാണ് ജയ് പറയുന്നത്. അമേരിക്ക സന്ദർശിക്കാൻ അപേക്ഷിക്കുന്നതിന് മുമ്പ് 'ആദ്യം സ്വന്തം രാജ്യം കാണണം' എന്ന് വിസ ഓഫീസർ അദ്ദേഹത്തോട് പറഞ്ഞതായി ജയ് ആരോപിച്ചു. ജയ്, താൻ 29 ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് പറഞ്ഞു, വിസ അഭിമുഖങ്ങളിൽ ഇന്ത്യയ്ക്കുള്ളിലെ യാത്രാ ചരിത്രം അനൗപചാരികമായി എങ്ങനെ പരിഗണിക്കാമെന്ന് സൂചന നൽകുന്നതാണ് ഈ സംഭവം.
പ്രതികരണങ്ങൾ
വീഡിയോ, സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇന്ത്യൻ അപേക്ഷകർക്കുള്ള വിസ സുതാര്യതയെയും അംഗീകാര പ്രക്രിയയിലെ പക്ഷപാതങ്ങളെയും കുറിച്ച് ഓൺലൈനിൽ വിശാലമായ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. 'ഉദ്യോഗസ്ഥൻ പറഞ്ഞത് ശരിയാണെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ സ്വന്തം രാജ്യത്ത്, നിങ്ങളുടെ സ്വന്തം രാജ്യത്തെ പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാതെ നിങ്ങൾക്ക് എങ്ങനെ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ കഴിയും?' എന്നായിരുന്നു ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 'അത് ശരിയാണ്... നമ്മൾ എല്ലാ ഇന്ത്യക്കാരും ആദ്യം ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം... ആ കാഴ്ച സമ്മാനിക്കുന്ന അനുഭവം വളരെയധികം വ്യത്യാസമുണ്ടാക്കും. നമുക്ക് അത് ചെയ്യാം,' എന്നായിരുന്നു മറ്റൊരു ഉപയോക്താവ് കുറിച്ചത്. 'ഞാൻ 25-26 സംസ്ഥാനങ്ങൾ സഞ്ചരിച്ചിട്ടുണ്ട്, 3 വ്യത്യസ്ത ഭൂഖണ്ഡങ്ങൾ സന്ദർശിച്ചിട്ടുണ്ട്! ഇന്ത്യയിലെ സമാധാനവും സൗന്ദര്യവും മറ്റൊരിടത്തുമില്ല,' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.


