കടയുടമ ആനക്കുട്ടിക്ക് തണ്ണിമത്തന്‍ നല്‍കുന്നതിനിടെയാണ് അമ്മയാനയും തുമ്പിക്കൈ നീട്ടി എത്തിയത്.
കുട്ടികളുടെ കുസൃതികൾ കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്നു. കുട്ടികളെന്ന് പറയുമ്പോൾ അത് മനുഷ്യരുടെയും മൃഗങ്ങളുടെതുമായ എല്ലാ കുട്ടികളും ഉൾപ്പെടുന്നു. അതില്‍ തന്നെ ആനക്കുട്ടികളാണെങ്കില്‍ അവ കാഴ്ചക്കാരുടെ സവിശേഷ ശ്രദ്ധ തന്നെ പിടിച്ചെടുക്കുന്നു. രൂപവും രൂപത്തിന് ചേരാത്ത കുസൃതികളുമാണ് ആനക്കുട്ടികളെ പ്രത്യേക ആകര്‍ഷണ കേന്ദ്രമാക്കുന്നത്. കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ ഏറെ സന്തോഷിപ്പിച്ചു. റോഡിലൂടെ അമ്മയ്ക്കൊപ്പം നടന്ന് പോകുന്നതിനിടെ ഒരു കടയിലേക്ക് കയറി തണ്ണിമത്തന്‍ വാങ്ങുന്ന ആനക്കുട്ടിയുടെ വീഡിയോയായിരുന്നു അത്.
നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കവുയ്ക്കപ്പെട്ടത്. പാപ്പാന്‍റെ നിര്‍ദ്ദേശങ്ങൾക്കനുസരിച്ച് ഒരു ആന റോഡിലൂടെ നടന്ന് വരുന്നു അതിന്‍റെ പിന്നാലെ ഒരു ആനക്കുട്ടിയും. സംഘം ഒരു കടയുടെ മുന്നിലെത്തിയതും ചിരകാല സുഹൃത്തിനെ കണ്ടത് പോലെ ആനക്കുട്ടി ഓടി കടയ്ക്കുള്ളില്‍ കയറുന്നു. ഈ സമയം കടയുടമ ഒരു പാത്രത്തില്‍ തണ്ണിമത്തന്‍ പലതായി മുറിച്ച് വച്ചതില്‍ ഒന്നെടുത്ത് ആനക്കുട്ടിക്ക് കൊടുക്കുന്നത് കാണാം. അവനത് ആസ്വദിച്ച് കഴിച്ച് അടുത്തതിനായി തന്‍റെ കുഞ്ഞ് തുമ്പിക്കൈ നീട്ടുന്നതിനിടെയാണ് അമ്മയാനയുടെ തുമ്പിക്കൈ കടയിലേക്ക് നീണ്ട് ചെന്നത്. ഇതോടെ കടയുടമ അമ്മയാനയ്ക്കും കുട്ടിയാനയ്ക്കും മാറി മാറി തണ്ണിമത്തന്‍ കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ഇതിനകം 30 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനായി വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതിയത്. ഈ കാഴ്ച എന്‍റെ ദിവസം ധന്യമാക്കിയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഇതിൽ വളരെ ശുദ്ധവും സമാധാനപരവുമായ എന്തോ ഒന്നുണ്ട്. ഈ നിമിഷത്തിൽ എങ്ങനെ ജീവിക്കണമെന്ന് മൃഗങ്ങൾ നമ്മെ പഠിപ്പിക്കുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഓഫീസുകളിൽ ഇത്തരം ദൃശ്യങ്ങൾ ലൂപ്പ് ചെയ്യണമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ നിര്‍ദ്ദേശം.


