ലൈവ് സ്ട്രീമിനിടെ അമിതമായി ചൂടായ ലാപ്പ് ടോപ്പിന് മേലേക്ക് ഇയാൾ കൊക്കക്കോള ഒഴിക്കുകയായിരുന്നു.
ലൈവ് സ്ട്രീമിനിടെ സ്വന്തം മുറിക്ക് തീയിട്ട സ്ട്രീമറിന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്ക്. മുമ്പും ഇത്തരം പ്രവർത്തികൾ കൊണ്ട് വിവാദങ്ങളിൽ നിറഞ്ഞ ലൈവ് സ്ട്രീമർ നോറം ആണ് കഴിഞ്ഞ ദിവസം ലൈവ് നടത്തുന്നതിനിടയിൽ സ്വന്തം മുറിക്ക് തീയിട്ടത്. സ്ട്രീമിങ്ങിനിടെ ഒരു പ്രേക്ഷകൻ നോറമിനോട് അമിതമായി ചൂടായ ലാപ്ടോപ്പിന് മുകളിലേക്ക് കൊക്കക്കോള ഒഴിക്കാൻ ആവശ്യപ്പെട്ടുകയായിരുന്നു. കേട്ട് അപ്പാടെ നോറം ആവര്‍ത്തിച്ചു. പിന്നാലെ ലാപ്ടോപ്പിൽ നിന്നും പടർന്ന തീ മുറി മുഴുവൻ കത്തിപ്പിടിക്കുകയായിരുന്നു.
ജൂൺ 22-ന്, നോറം തന്‍റെ സ്ട്രീമിംഗിനിടെ ഗെയിം കളിക്കുകയായിരുന്നു. തന്‍റെ ഗെയിമിംഗ് ലാപ്‌ടോപ്പ് അമിതമായി ചൂടാകുന്നതിനെ കുറിച്ച് അദ്ദേഹം ഇതിനിടയിൽ പ്രേക്ഷകരോട് പങ്കുവെച്ചു. അപ്പോഴാണ് ഒരു കാഴ്ചക്കാരൻ ലാപ്ടോപ്പ് തണുപ്പിക്കാൻ അതിന് മുകളിലേക്ക് കോള ഒഴിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അപകടകരമായ സ്റ്റണ്ടുകൾക്ക് പേരുകേട്ട നോറം പ്രേക്ഷകർ പറഞ്ഞത് ഒരു മടിയും കൂടാതെ ചെയ്തു. അതോടെ അമിതമായി ചൂടായിരുന്ന ലാപ്ടോപ്പിന് തീപിടിച്ചു. പെട്ടെന്ന് തന്നെ തീ മുറിയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും വസ്ത്രങ്ങളിലേക്കും പടന്നു പിടിച്ചു. ഇതോടെ തീ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തില്‍ മുറിയാകെ പടർന്ന് പിടിച്ചു.
ഇതോടെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ കിക്ക് നോറമിനെ തങ്ങളുടെ ഫ്ലാറ്റ്ഫോനില്‍ നിന്നും നിരോധിച്ചു. @normenorme എന്ന ഇദ്ദേഹത്തിന്‍റെ അക്കൗണ്ട് ഇപ്പോൾ പ്ലാറ്റ്ഫോമിൽ കാണാൻ കഴിയില്ല. തനിക്ക് കിക്ക് വിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ച് നോറം തന്നെയാണ് എക്സില്‍ പങ്കുവെച്ചത്. 2024 -ൽ, ഏറ്റവും കൂടുതൽ സമയം ഉറങ്ങാതിരിക്കുക എന്ന റെക്കോർഡ് സ്ഥാപിച്ചതിന് നോറം ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടർച്ചയായി 11 ദിവസം ഉറക്കമില്ലാതെ ഓൺലൈനിൽ സ്ട്രീം ചെയ്താണ് ഈ ലോക റെക്കോർഡ് ഇയാൾ സ്വന്തം ആക്കിയത്. തുടർന്ന് ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന്‍റെ ലൈവ് സ്ട്രീം ആദ്യം യൂട്യൂബിലും പിന്നീട് റംബിളിലും നിരോധിച്ചിരുന്നു. കൂടാതെ 38 മണിക്കൂർ നിശ്ചലനായ നിന്നും ലൈവ് സ്ട്രീമിംഗ് നടത്തി ഇയാൾ ശ്രദ്ധ നേടിയിരുന്നു.


