പതിറ്റാണ്ടുകളായി സന്ദർശകര്‍ക്ക് പ്രവേശമില്ലാത്ത താജ്മഹലിന്‍റെ ഉള്ളകളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഷാജഹാന്‍റെയും മുംതാസിന്‍റെയും ഖബറുകളുടെ വീഡിയോ വൈറല്‍.
ഒരു കാലത്ത് ഉത്തരേന്ത്യ ഭരിച്ച മുഗൾ ചക്രവര്‍ത്തിയായിരുന്ന ഷാജഹാനെയും അദ്ദേഹത്തിന്‍റെ പ്രിയ പത്നി മുംതാസിനെയും അറിയാത്തതായി ആരുമുണ്ടാകില്ല, അവരുടെ പ്രണയത്തെ കുറിച്ചു. ആ പ്രണയത്തിന്‍റെ നിത്യസ്മാരകമാണ് താജ്മഹൽ. ഉത്തരേന്ത്യ സന്ദര്‍ശിക്കുന്ന സഞ്ചാരികൾ ആഗ്രയിലൂടെ ഒഴുകുന്ന യമുനാ തീരത്തെ താജ്മഹല്‍ കാണാതെ മടങ്ങാറില്ല. എന്നാല്‍, താജ്മഹലിലെത്തിയാലും നിങ്ങൾക്ക് ആ പ്രണയിനികളുടെ ഖബര്‍ കാണാന്‍ കഴിയില്ല. അങ്ങോട്ടുള്ള വഴിയില്‍ സന്ദർശകർക്ക് പ്രവേശനമില്ലെന്നത് തന്നെ.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ദിന്‍ബർ ഭാരത് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഈ പ്രണയിനികളുടെ ഖബറുകൾ ലോകത്തിന് കാട്ടിക്കൊടുത്തു. ലോകമഹാത്ഭുതത്തിനുള്ളില്‍ സന്ദർശകര്‍ക്ക് പ്രവേശമില്ലാത്ത വഴിയിലേക്ക് സഞ്ചാരി ആരും കാണാതെ കയറുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. താഴേക്ക് പടികളിറങ്ങുന്ന ഇടനാഴിയിലൂടെ അല്പ ദൂരം മുന്നോട്ട് പോകുന്ന വീഡിയോ ഒരു ചെറിയ മുറിയില്‍ എത്തി നില്‍ക്കുന്നു അവിടെ ഒരു വലിയ ഖബറും സമീപത്തായി ഒരു ചെറിയ ഖബറും കാണാം. അതാണ് ഷാജഹാൻ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്‍റെ പ്രിയ പത്നി മുംതാസിന്‍റെയും ഖബര്‍. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ചരിത്ര ഖബറുകൾ.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. 1994-95 കാലഘട്ടത്തിൽ ഞാൻ താജ്മഹൽ സന്ദർശിച്ചിരുന്നെന്നും അക്കാലത്ത് ഈ ഖബറുകൾ പൊതുജനങ്ങൾക്കായി തുറന്നിരുന്നുവെന്നും ഒരു കാഴ്ചക്കാരനെഴുതി. ചിലര്‍ മതപരമായ പരാമര്‍ശങ്ങളുമായി എത്തിയപ്പോൾ മറ്റ് ചിലര്‍ ചരിത്രത്തെ വികലമാക്കരുതെന്നും അതൊരു സൗന്ദര്യപ്രതീകമാണെന്നും ഓർമ്മപ്പെടുത്തി. പ്രതിവർഷം 3.29 ദശലക്ഷത്തിലധികം ഇന്ത്യൻ സന്ദർശകരാണ് താജ്മഹല്‍ കാണാനെത്തുന്നത്. 7-8 ദശലക്ഷം വിദേശ സഞ്ചാരികളും പ്രതിവര്‍ഷം ഇവിടെയെത്തുന്നു.


