അയൽക്കാരന്‍റെ ഫ്ലാറ്റിലെ സംഭാഷണം കേൾക്കാനായി അടച്ചിട്ട വാതിലിന് മുന്നില്‍ നിന്ന് ചെവി കൂര്‍പ്പിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ.
മനുഷ്യന്റെ ജിജ്ഞാസയ്ക്കും സംശയത്തിനും അളവ് വയ്ക്കാന്‍ കഴിയില്ല. സ്വന്തം വീട്ടിലെ കാര്യങ്ങളെക്കാൾ അയല്‍ക്കാരന്‍റെ വീട്ടിലെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ള ചിലരുണ്ട്. അവരെപ്പോഴും അയൽവീട്ടിലെന്താണ് സംഭവിക്കുന്നത്. അവിടെ ആരൊക്കെ വരുന്നു പോകുന്നുവെന്നറിയാന്‍ പ്രത്യേക ജിജ്ഞാസ വച്ച് പുലര്‍ത്തുന്നു. അത്തരമൊരു സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ നിരവധി പേര്‍ അഭിപ്രായപ്പെട്ടത് ഇതാണ് യഥാര്‍ത്ഥ ഇന്ത്യനമ്മായി എന്നായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട സിസിടിവി ദൃശ്യങ്ങളിൽ, ഒരു സ്ത്രീ തന്‍റെ ഫ്ലാറ്റിന് സമീപത്തെ ഇടനാഴിയിലൂടെ അസ്വസ്ഥമായി നടക്കുന്നത് കാണാം. അവരുടെ അസ്വസ്ഥതയ്ക്ക് കാരണം തൊട്ടടുത്ത ഫ്ലാറ്റിലെന്താണ് സംസാരിക്കുന്നത് എന്ന് അറിയാനുള്ള ആകാഷയായിരുന്നെന്ന് പിന്നാലെ വ്യക്തമാകും. നിരവധി ചെരുപ്പുകൾ ഊരി വച്ച ഒരു ഫ്ലാറ്റിന്‍റെ അടച്ചിട്ട വാതിലോളം ചെന്ന് സ്ത്രീ കാത് കൂര്‍പ്പിക്കുന്നു. പിന്നലെ ഇവര്‍ തിരിച്ച് നടക്കുന്നുണ്ടെങ്കിലും എന്തോ ചിലത് വ്യക്തമാകാത്തത് പോലെ അസ്വസ്ഥയാകുന്നു. മൂന്നാല് അടി മുന്നോട്ട് വച്ച അവര്‍ തിരിച്ച് വന്ന് വീണ്ടും ആ ഫ്ലാറ്റിന്‍റെ വാതില്‍ക്കല്‍ വന്ന് രഹസ്യമായി ചെവി കൂര്‍പ്പിക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം.
വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. മിക്കവരും തങ്ങളുടെ അയല്‍പക്കങ്ങളിലുള്ള സമാന ഹൃദയരായ ആളുകളുമായി അവരെ താരതമ്യം ചെയ്തു. 'ഞങ്ങളുടെ അയൽപക്കത്ത് ഒരു ആന്‍റി ഉണ്ടായിരുന്നു, അവർ എപ്പോഴും മറ്റുള്ളവരുടെ വീടുകളിലേക്ക് ടെറസിലും മറ്റും നിന്ന് ശ്രദ്ധിക്കുമായിരുന്നു. ഞങ്ങൾ അവൾക്ക് 'ചിപ്കലി' എന്ന് പേരിട്ടു.' ഒരു കാഴ്ചക്കാരനെഴുതി. അമ്മായി ഇപ്പോൾ ഇന്ത്യയില്‍ ഏറെ പ്രശസ്തയായിയെന്ന് മറ്റൊരാൾ കുറിച്ചു. ചേച്ചിയുടെ ഭര്‍ത്താവ് ആ ഫ്ലാറ്റിനുള്ളിലുണ്ടെന്നായിരുന്നു മറ്റൊരാൾ തമാശയായി കുറിച്ചത്. ഇത്തരം ആളുകളാണ് ഐബിയിലും റോയിലും ആവശ്യമെന്ന് മറ്റ് ചിലരെഴുതി. ഇത്തരക്കാരെ പിടികൂടിയാല്‍ അവര്‍ സിസിടിവി ക്യാമറകൾ സ്വകാര്യതയ്ക്കെതിരാണെന്ന് വാദിക്കുമെന്ന് മറ്റൊരാളെഴുതി. സ്വന്തം ജീവിതം വരണ്ട് തുടങ്ങുമ്പോൾ വിനോദത്തിനായി മറ്റുള്ളവരുടെ വീടുകളിലേക്ക് കാത് കൂര്‍പ്പിക്കുന്നത് മനുഷ്യസഹജമാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. മറ്റ് ചിലര്‍ യുവതിയെ പിന്തുണച്ചും രംഗത്തെത്തി. എന്തോ അടിയന്തര സാഹചര്യം നേരിടുകയാണെന്നും സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുകയുമാണെന്നായിരുന്നു ചിലരുടെ കുറിപ്പ്. അതേസമയം മറ്റൊരാളുടെ വീട്ടിലേക്ക് ഒളിഞ്ഞ് നോക്കുന്നത് നിയമപരമായ നടപടി നേരിടേണ്ടിവരുന്ന കുറ്റമാണെന്നും അതിൽ ലൈംഗിക അതിക്രമം മുതൽ ക്രിമിനൽ കുറ്റങ്ങളും , പിഴയും, ജയിൽ ശിക്ഷയും ഉൾപ്പെടുമെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.


