ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചിലിരുന്ന് സിഗരറ്റ് വലിച്ച യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെ ചോദ്യം ചെയ്ത യാത്രക്കാരോട് യുവതി തട്ടിക്കയറുകയും വെല്ലുവിളിക്കുകയും ചെയ്തു.
പൊതുഇടങ്ങളിൽ ഓരോ പൗരനും പാലിക്കേണ്ട ചില കടമകളുണ്ട്. എന്നാല്‍ ഇത്തരം കടമകൾ ചിലര്‍ മറക്കുന്നു. അതിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയോ മറ്റും നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. അത്തരമൊരു സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ വലിയ വിമശനമാണ് ഉയർന്നത്. ഇന്ത്യന്‍ റെയിൽവെയിലെ യാത്രക്കാരിയായ ഒരു യുവതി, തന്‍റെ യാത്രയ്ക്കിടെ ട്രെയിനിലെ എസി കോച്ചിന്‍റെ കമ്പാർട്ട്മെന്‍റിലിരുന്ന് സിഗരറ്റ് വലിക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഇതിനെ ചോദ്യം ചെയ്തവര്‍ക്ക് നേരെ യുവതി തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം.
എസി കോച്ചിലെ സിഗരറ്റ് വലി
യുവതി ട്രെയിനില്‍ വച്ച് സിഗരറ്റ് വലിക്കുന്നത് ഒരു യുവാവ് ചിത്രീകരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തന്‍റെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് മനസിലായ യുവതി യുവാവിനോട് അത് പറ്റില്ലെന്നും വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെടുന്നു. ഈ സമയം അങ്ങനെയെങ്കില്‍ ട്രെയിനിനുള്ളിൽ സിഗരറ്റ് വലി അനുവദനീയമാണോയെന്ന് യുവാവ് ചോദ്യം ചെയ്യുന്നു. ഈ സമയം നിങ്ങളുടെ പൈസയ്ക്കല്ല ഞാൻ പുകവലിക്കുന്നതെന്നായിരുന്നു യുവതിയുടെ മറുപടി. പിന്നാലെ ആരോ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുമ്പോൾ. എന്നാല്‍ പോലീസിനെ വിളി എന്ന് പറഞ്ഞ് യുവതി, യാത്രക്കാരെ വെല്ലുവിളിക്കുന്നു.
വീഡിയോ പാടില്ല
ദാർഷ്ഢ്യം നിറഞ്ഞ യുവതിയുടെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കളെയും ദേഷ്യം പിടിപ്പിച്ചു. യുവതിക്കെതിരെ കേസെടുക്കണമെന്നും യുവതിയെ പൊതുഗതാഗത സംവിധാനത്തില്‍ നിന്നും വിലക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു. നിരവധി പേര്‍ റെയിൽവേയ്ക്കും റെയില്‍ മന്ത്രാലയത്തിനും വീഡിയോ ടാഗ് ചെയ്തു. എസി കോച്ചിലിരുന്ന് സിഗരറ്റ് വലിക്കുന്നത് അനുവദനീയമാണെന്നും അത് വ്യക്തി സ്വാതന്ത്ര്യമാണെന്നും കരുതുന്ന തലമുറയ്ക്ക് പൊതു ഇടത്തിലെ വീഡിയോ ചിത്രീകരണം അസ്വീകാര്യമാകുന്നതെങ്ങനെ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. കുറ്റം പിടിക്കപ്പെടുമ്പോൾ യുവതി 'സ്ത്രീ പക്ഷ കാര്‍ഡ്' ഇറക്കുകയാണെന്ന് നിരവധി പേരാണ് എഴുതിയത്. മറ്റ് ചിലര്‍ റെയില്‍വേ ആക്ട് സെക്ഷൻ 167 പ്രകാരം ട്രെയിനിനുള്ളിൽ പുകവലി നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി. വീഡിയോ വൈറലായതിന് പിന്നാലെ റെയിൽവേയും മറുപടിയുമായി രംഗത്തെത്തി. ബന്ധപ്പെട്ട അധികാരികളെ സംഭവത്തെ കുറിച്ച് അറിയിച്ചെന്ന് റെയിൽവേ സേവയുടെ ഔദ്ധ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നും അറിയിച്ചു.


