ബെംഗളൂരു ഔട്ടർ റിംഗ് റോഡിൽ ഗതാഗതക്കുരുക്കിൽപ്പെട്ട കാറിന് മുകളിലേക്ക് അർദ്ധ നഗ്നനായ ഒരാൾ ചാടിക്കയറി. ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തപ്പോൾ ഇയാൾ റോഡിലേക്ക് വീഴുകയും ചെയ്തു. ഈ സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരു നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട കാറിന് മുകളിലേക്ക് അർദ്ധ നഗ്നനായ ഒരാൾ ചാടിക്കയറി പ്രശ്നങ്ങളുണ്ടാക്കുന്നതിന്‍റെ വീഡിയോ ഓൺലൈനുകളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. വീഡിയോ ദൃശ്യങ്ങളിൽ ഒരാൾ ഗതാഗത കുരുക്കിൽ കുടുങ്ങിയ ഒരു കാറിന്‍റെ ബോണറ്റിലേക്ക് ചാടിക്കയറുന്ന ദൃശ്യങ്ങളാണുള്ളത്. ഷർട്ട് ധരിക്കാത്ത ഇയാൾ ഒരു നിക്കർ മാത്രമാണ് ധരിച്ചിരിക്കുന്നത്. കയ്യിൽ ഒരു പൊതി പിടിച്ചിരിക്കുന്നതും കാണാം. നോവോടെൽ ഏരിയക്ക് സമീപമുള്ള ഔട്ടർ റിംഗ് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വീഡിയോ

വീഡിയോയുടെ തുടക്കത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് സാവധാനത്തിൽ പോകുന്ന ഒരു വാഹനത്തിന്‍റെ ബോണറ്റിലേക്ക് പെട്ടെന്ന് ഒരാൾ ചാടി കയറുന്നത് കാണാം. തുടർന്ന് അയാൾ അവിടെ ഇരിക്കുന്നു. ഈ സമയം ഡ്രൈവർ വാഹനം പൂർണ്ണമായും നിർത്തുന്നു. ഇയാൾ വാഹനത്തിന് മുകളിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കുന്നില്ലെന്ന് മനസ്സിലായതോടെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുന്നു. അപ്പോൾ അയാൾ ഡ്രൈവറോട് ദേഷ്യപ്പെടുന്നതും പൊതിയില്‍ നിന്നും എന്തോ എടുത്ത് കഴിച്ചു കൊണ്ട് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

വാഹനം മുന്നോട്ട് നീങ്ങുമ്പോൾ ഇയാൾ വിൻഡ്‌ഷീൽഡിൽ ഇടിക്കുന്നതും ഡ്രൈവറോട് ഒച്ച വയ്ക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. തുടർന്ന് ഡ്രൈവർ കാറിന്‍റെ വേഗത കൂട്ടുന്നതോടെ ഈയാൾ കാറിന്‍റെ ബോണറ്റിൽ നിന്ന് തെന്നി റോഡിലേക്ക് വീഴുന്നു. വീണടിത്ത് നിന്നും എഴുന്നേറ്റ് ഇയാൾ വാഹനത്തെ പിന്തുടർന്ന് വീണ്ടും അതിൻറെ മുകളിൽ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നതും മറ്റ് വാഹനങ്ങൾക്ക് അരികിലേക്ക് ഇയാൾ നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

സമൂഹ മാധ്യമ പ്രതികരണം

വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ റോഡിന് നടുവില്‍ ഇത്തരമൊരു അഭ്യാസ പ്രകടനം നടത്താനായി അയാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. അതല്ലെങ്കില്‍ അയാൾ മാനസിക ബുദ്ധിമുട്ട് നേരിടുന്നയാൾ ആയിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ ഇത്തരം വിചിത്രമായ പെരുമാറ്റങ്ങൾ വർദ്ധിക്കുന്നതിൽ മറ്റ് ചിലർ ആശങ്ക രേഖപ്പെടുത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതായി ബെംഗളൂരു പോലീസ് സ്ഥിരീകരിച്ചു. ഔദ്യോഗിക 'എക്സ്' (മുമ്പ് ട്വിറ്റർ) അക്കൗണ്ടിലൂടെ പോലീസ് വ്യക്തമാക്കുന്നത് അനുസരിച്ച്, ബന്ധപ്പെട്ട വകുപ്പുകളും അധികാരികളും ഈ വിഷയം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.