ദേവ് തിരികെ മധ്യപ്രദേശില്‍ അമ്മയുടെ അരികിലെത്തി. ആഗ്രയില്‍ നല്ലൊരു വീട് വയ്ക്കണം, അമ്മയ്ക്ക് നല്ലൊരു ജീവിതം നല്‍കണം എന്നെല്ലാം അവനാഗ്രഹിച്ചിരുന്നു. പക്ഷെ, അത് സാധിക്കും മുമ്പ് ഒരു കാര്‍ അപകടത്തില്‍ അവന്‍റെ അമ്മ മരിച്ചുപോയി.
'വോയ്സ് ഓഫ് സ്ലം' എന്നൊരു സ്കൂളുണ്ട് നോയിഡയില്‍... ദേവ് പ്രതാപ്, ചാന്ദിനി ഖാന്‍ എന്നീ രണ്ടുപേര്‍ ചേര്‍ന്ന് തുടങ്ങിയ സ്കൂള്‍. അത് തെരുവിന്‍റെ മക്കള്‍ക്കായുള്ളതാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴ് ലക്ഷം വരുന്ന, തെരുവിന്‍റെ മക്കളില്‍ ഒരാളായിരുന്നു ഇവരും. മധ്യപ്രദേശിലെ തെരുവുകളില്‍ ദേവും മയക്കുമരുന്നിന്‍റെ പിടിയിലായിരുന്നു. ചാന്ദിനി ഒരു തെരുവ് കലാകാരിയും.. ഡാന്‍സ്, ആക്രോബാറ്റിക് സ്റ്റണ്ട്, മാജിക്ക് ഇവയൊക്കെയായിരുന്ന ചാന്ദിനിയുടെ തൊഴില്‍.. അതിന് കിട്ടിയിരുന്നതാകട്ടെ, ആരെങ്കിലും വെച്ചുനീട്ടുന്ന ഒന്നോ, രണ്ടോ രൂപകളും.
ഇന്ന് ദേവ പ്രതാപും ചാന്ദിനിയും ചേര്‍ന്ന് നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തില്‍ വെളിച്ചം പകരുന്നു. വൊക്കേഷണല്‍ എജുക്കേഷനും, പരിശീലനവും നല്‍കുന്നു.
മയക്കുമരുന്ന് അടിമയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകനിലേക്ക്
എന്നും ഉപദ്രവിക്കുന്ന അച്ഛനേയും വീടിനേയും ഉപേക്ഷിച്ച് ഗ്വാളിയോറിലേക്ക് ഓടിപ്പോകുമ്പോള്‍ ദേവ്പ്രതാപിന് 11 വയസ്സായിരുന്നു പ്രായം.. അന്നത്തെ ദിവസങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ദേവ് പ്രതാപ് പറയുന്നത്, 'അവിടെയുള്ള കുട്ടികള്‍ക്ക് മൂന്നേമൂന്ന് ഓപ്ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍, ഫാക്ടറിയില്‍ ജോലിക്ക് പോവുക. അല്ലെങ്കില്‍, ട്രാഫിക് സിഗ്നലുകളില്‍ വല്ലതും വില്‍ക്കുക, അല്ലെങ്കില്‍ മോഷ്ടിക്കുകയോ ചെയ്യുക. ഞാന്‍ മൂന്നാമത്തേതാണ് തെരഞ്ഞെടുത്തത്. ആദ്യമായി പോക്കറ്റടിച്ചപ്പോള്‍ എനിക്ക് കിട്ടിയത് 130 രൂപയാണ്. എന്‍റെ വീടിനടുത്ത് നിന്ന് ഗ്വാളിയോറിലേക്കുള്ള ട്രെയിന്‍ ടിക്കറ്റിന് അത് മതിയായിരുന്നു. അതായിരുന്നു എന്‍റെ ജീവിതത്തിലെ ആദ്യത്തെ വലിയൊരു നഗരാനുഭവം. അത് ഞാനാഘോഷിച്ചു.' എന്നാണ്.
തന്നെപ്പോലുള്ള കുട്ടികള്‍ ട്രെയിനിനകത്തും മറ്റും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കുന്നത് ദേവ് കണ്ടിരുന്നു. താനും ഗ്വാളിയോറിലെത്തിയാല്‍ അതുപോലെ വല്ലതും ചെയ്യുമെന്നും അവന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, എന്തെങ്കിലും സമ്പാദിക്കാന്‍ അതൊന്നും പോരായെന്നും അവന് മനസ്സിലായി. അവരുടെ കൂടെ ചേര്‍ന്ന് അവന്‍ റെയില്‍വേസ്റ്റഷനില്‍ നിന്ന് അയണ്‍, മെറ്റല്‍ എന്നിവയെല്ലാം മോഷ്ടിച്ച് വില്‍ക്കാന്‍ തുടങ്ങി. ആ സമയത്ത് തന്നെ എളുപ്പത്തില്‍ കിട്ടാവുന്ന മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തു ദേവ്. വര്‍ഷങ്ങള്‍ കടന്നുപോയി. ഒരുദിവസം മോഷണക്കുറ്റത്തിന് അവന്‍ അറസ്റ്റിലാവുകയും അവനെ റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് അയക്കുകയും ചെയ്തു.
ഒരു നല്ല സുഹൃത്തിനെ കിട്ടുന്നതുവരെ അവനവിടെ ബുദ്ധിമുട്ടുകളനുഭവിച്ചു. രാജ എന്ന ആ സുഹൃത്താണ് അവനെ അവിടെ സഹായിച്ചത്. അത് അവന്‍റെ ജീവിതത്തില്‍ പുതിയൊരു മാറ്റത്തിന് കാരണമായിത്തീര്‍ന്നു. ഒരു ചെറിയ ഹോട്ടലില്‍ വെയിറ്ററായി അവന്‍ ജോലിക്ക് ചേര്‍ന്നു. എളുപ്പത്തില്‍ എല്ലാം പഠിച്ചെടുക്കും എന്നതിനാല്‍ തന്നെ അവന്‍ ഗോവയില്‍ ഒരു റെസ്റ്റോറന്‍റിലെ മാനേജര്‍ വരെ ആയിത്തീര്‍ന്നു.
ദേവ് തിരികെ മധ്യപ്രദേശില്‍ അമ്മയുടെ അരികിലെത്തി. ആഗ്രയില്‍ നല്ലൊരു വീട് വയ്ക്കണം, അമ്മയ്ക്ക് നല്ലൊരു ജീവിതം നല്‍കണം എന്നെല്ലാം അവനാഗ്രഹിച്ചിരുന്നു. പക്ഷെ, അത് സാധിക്കും മുമ്പ് ഒരു കാര്‍ അപകടത്തില്‍ അവന്‍റെ അമ്മ മരിച്ചുപോയി.
ആ ഷോക്കില്‍ നിന്ന് മുക്തനാകുന്നതോടൊപ്പം മറ്റൊരു കാര്യം കൂടി അവന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. താന്‍ മാത്രം രക്ഷപ്പെട്ടാല്‍ പോരാ. തനിക്കൊപ്പം മറ്റുള്ളവര്‍ക്ക് കൂടി താന്‍ സഹായമാകണം എന്നതായിരുന്നു അത്.
തെരുവ് കലാകാരിയില്‍ നിന്നും അധ്യാപികയിലേക്ക്
ചാന്ദിനിയും ദേവും നയിച്ചത് ഏകദേശം ഒരുപോലെയുള്ള ജീവിതങ്ങളായിരുന്നു. തെരുവില്‍ നൃത്തപ്രകടനങ്ങളും മറ്റും നടത്താന്‍ തുടങ്ങുമ്പോള്‍ ചാന്ദിനിക്ക് പ്രായം വെറും ആറ് വയസ്സായിരുന്നു. അതിന് പകരമായി പണത്തിന് വേണ്ടി കൈനീട്ടി യാചിക്കേണ്ടി വന്നു. അവളുടെ അച്ഛന്‍ മരിച്ചപ്പോള്‍ അവളുടെ അമ്മ അവളെ മാലിന്യം പെറുക്കാന്‍ കൂടെക്കൂട്ടി. ഒരുദിവസം ഇല്ലാത്ത കുറേ കുറ്റങ്ങളും കെട്ടിവെച്ച് അവളെയും പൊലീസ് അറസ്റ്റ് ചെയ്തു.
തെരുവിലെ ഭൂരിഭാഗം കുട്ടികളും അവരുടെ മാതാപിതാക്കളെ മാതൃകയാക്കുകയാണ് ചെയ്യുന്നത്. അതിനിടയിലാണ് ഒരു എന്‍.ജി.ഒ യില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ അവരുടെ തെരുവിലെത്തിയത്. അവര്‍ കുട്ടികളുടെ അവകാശത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. ചാന്ദിനിക്ക് അന്ന് 10 വയസ്സായിരുന്നു പ്രായം. അവള്‍ സ്കൂളില്‍ പോയിത്തുടങ്ങി. അതേ സമയം അമ്മയ്ക്കൊപ്പം തെരുവില്‍ പോകും, ഒപ്പം തന്നെ 'ബാലക് നാമ' എന്ന കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന പ്രസിദ്ധീകരണത്തില്‍ എഴുതാനും തുടങ്ങി.
എന്‍.ജി.ഒ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചാണ് ചാന്ദിനിയും ദേവും കണ്ടുമുട്ടുന്നത്. അങ്ങനെയാണ് കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അവരിരുവരും തീരുമാനിക്കുന്നത്. 2015 -ല്‍ നോയിഡയില്‍ 'വോയ്സ് ഓഫ് സ്ലം' പ്രവര്‍ത്തനം തുടങ്ങി. അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാളെങ്ങനെ മറ്റ് കുട്ടികളെ പഠിപ്പിക്കും?, പത്താം വയസ്സില്‍ വെച്ചുമാത്രം പഠനം തുടങ്ങിയ ഒരാളെങ്ങനെ കുട്ടികളെ പഠിപ്പിക്കും... ഈ ചിന്ത രണ്ടാളെയും അലട്ടിയിരുന്നു.
തെരുവിലെ കുട്ടികള്‍ക്ക് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു അവരുടെ ആഗ്രഹം. 'ഞാന്‍ മയക്കുമരുന്നിന് അടിമപ്പെട്ട ഒരു കുട്ടിയായിരുന്നു. അവിടെ നിന്ന് 45,000 രൂപ ശമ്പളം വാങ്ങുന്ന റെസ്റ്റോറന്‍റ് മാനേജര്‍ എന്ന പദവിയിലെത്തി. ഈ കുട്ടികള്‍ക്കും ഇതും ഇതിനേക്കാളും സാധിക്കും എന്ന് മാത്രം പഠിപ്പിച്ചാല്‍ മതിയായിരുന്നു എനിക്ക്'. എന്നാണ് ദേവ് ഇതിനേക്കുറിച്ച് പറയുന്നത്.
ഇന്ന്, സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി ചാന്ദിനിയുടെയും ദേവിന്‍റെയും സുഹൃത്തുക്കള്‍ സഹായിക്കുന്നു തെരുവിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍. 'സ്ലം പോസ്റ്റ്' എന്നൊരു മാഗസിനും ഇവര്‍ നടത്തുന്നുണ്ട്. കുട്ടികള്‍ക്ക് അവരനുഭവിക്കുന്ന പ്രശ്നങ്ങളെന്തും എഴുതാനുള്ള അവസരം ഇവിടെയുണ്ടായിരുന്നു.
പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ 40 വയസ്സുള്ളൊരാള്‍ വിവാഹം കഴിക്കുകയും അവള്‍ക്ക് പതിമൂന്നാമത്തെ വയസ്സില്‍ ആദ്യത്തെ കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. അയാളുടെ വീട്ടില്‍വെച്ച് പെണ്‍കുട്ടി പീഡനത്തിനും ഇരയായി. ഇവയെല്ലാം പുറത്ത് വന്നത് സ്ലം പോസ്റ്റ് എന്ന പത്രത്തിലൂടെയായിരുന്നു. ഇത്തരം നടുക്കുന്ന സത്യങ്ങള്‍ മാത്രമായിരുന്നു അവരുടെ പത്രത്തിലുണ്ടായിരുന്നത്.
ചൈല്‍ഡ് ലൈനിന്‍റെ സഹായത്തോടെ വോയ്സ് ഓഫ് സ്ലം ആ പെണ്‍കുട്ടിയെ രക്ഷിച്ചു. അവളെ നേപ്പാളില്‍ നിന്നും കടത്തിക്കൊണ്ടുവന്നതായിരുന്നു. അവളെ തിരികെ നാട്ടിലെത്തിക്കുകയും പീഡിപ്പിച്ചവരെ ജയിലിലാക്കുകയും ചെയ്തു വോയ്സ് ഓഫ് സ്ലം.
പ്രവര്‍ത്തനം ഇങ്ങനെ
ആദ്യത്തെ ഒരു വര്‍ഷം കുട്ടികള്‍ക്ക് സൗജന്യമായി ക്ലാസ് കൊടുക്കും വോയ്സ് ഓഫ് സ്ലം. പിന്നീട്, അവരെ സ്കൂളിലയക്കും. സ്കൂള്‍ സമയത്തിനനുസരിച്ച് രാവിലെയോ വൈകുന്നേരമോ അവര്‍ക്ക് ട്യൂഷനും നല്‍കും. ഒപ്പം ജീവിതത്തിന് ലക്ഷ്യമുണ്ടാക്കിക്കൊടുക്കുകയും മയക്കുമരുന്നില്‍ നിന്നും മോഷണത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഇന്ന് ഇവര്‍ക്ക് 300 വിദ്യാര്‍ത്ഥികളുണ്ട്.
