യുഎസിലെ ഫ്ലോറിഡയിൽ, വിശക്കുന്നുവെന്ന് പറഞ്ഞ് 911-ലേക്ക് വിളിച്ച അഞ്ച് വയസുകാരന് പോലീസ് പിസ എത്തിച്ച് നൽകി. കുട്ടിയുടെ ക്ഷേമം ഉറപ്പാക്കിയ ശേഷം, അടിയന്തര നമ്പറുകൾ എപ്പോൾ ഉപയോഗിക്കണമെന്ന് പോലീസ് അവനെ ബോധവൽക്കരിക്കുകയും ചെയ്തു.  

ലോകത്തിലെ ഏത് രാജ്യത്തെ പോലീസ് ആണെങ്കിലും, പോലീസുകാരെ കുറിച്ചുള്ള ധാരണ അത്ര നല്ലതൊന്നുമല്ല. അതിന് പ്രധാന കാരണം, ഒരോ പ്രദേശത്തുമുണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കാന്‍ ആദ്യമെത്താന്‍ നിയോഗിക്കപ്പെട്ടവര്‍ അവരാണെന്നത് തന്നെ. പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ ആദ്യമെത്തണം എന്നത് കൊണ്ട് പലപ്പോഴും പ്രശ്നമുണ്ടാകുമെന്ന് തോന്നുന്ന ഒരു കാര്യവും ചെയ്യാന്‍ പലപ്പോഴും പോലീസ് അനുവദിക്കില്ല. എന്ന് മാത്രമല്ല, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ അവിടെ എത്തി അതിക്രൂരമായ രീതിയിൽ കായികമായി അതിനെ നേരിടാനും പോലീസ് മടിക്കില്ല. ഇതെല്ലാം കൊണ്ട് പോലീസുകാരെ കുറിച്ച് സാധാരണക്കാര്‍ക്ക് അത്ര നല്ലൊരു മതിപ്പല്ല ഉള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു അഞ്ച് വയസുകാരന്‍ തനിക്ക് വിശക്കുന്നെന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞപ്പോൾ അവന്‍റെ മനസും വയറും നിറയ്ക്കാന്‍ ഒരു മടിയും കൂടാതെ പോലീസ് പാഞ്ഞെത്തി.

911 -ലേക്കെത്തിയ വിശപ്പിന്‍റെ വിളി

അങ്ങ് യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. അഞ്ച് വയസ്സുള്ള മാനുവൽ ബെഷാര വീട്ടിലുണ്ടായിരുന്ന ഫോൺ എടുത്ത് ഡിസ്പാച്ചറോട് തനിക്ക് വിശക്കുന്നുണ്ടെന്നും ഉടൻ തന്നെ ഒരു പിസ്സ വേണമെന്നും പറഞ്ഞു. കുട്ടി വിളിച്ചത് പോലീസിനെ അടിയന്തരമായി വിളിക്കാനുള്ള 911 എന്ന നമ്പറിലേക്ക് ആയിരുന്നു. ആരാടെ പോലീസിനെ വിളിച്ച് കളിയാക്കുന്നതെന്ന് ആ പോലീസുകാര്‍ ചോദിച്ചില്ല. പകരം അവന്‍റെ ആവശ്യം അറിഞ്ഞ് അവര്‍ പ്രവര്‍ത്തിച്ചു. പത്ത് മിനിറ്റിനുള്ളില്‍ മാനുവൽ ബെഷാരയുടെ വീട് മുന്നില്‍ പോലീസ് വാഹനം വന്ന് നിന്നു. അതില്‍ നിന്നും മൂന്ന് പോലീസുകാര്‍ ഒരു പിസയുമായി ഇറങ്ങി. അവര്‍ മാനുവലിന് നേരിട്ട് പിസ സമ്മാനിച്ച് അവനൊപ്പം ഒരു ഫോട്ടോയും പകര്‍ത്തി. ഈ ചിത്രം പിന്നീട് ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് മറ്റുള്ളവര്‍ സംഭവം അറിയുന്നത്.

View post on Instagram

വൈറൽ കുറിപ്പ്

വിശക്കുന്നുവെന്ന് വിളിച്ച് പറഞ്ഞ കുട്ടിയുടെ ക്ഷേമം അന്വേഷിക്കാനാണ് മൂന്ന് പോലീസുകാരെ അയച്ചതെന്ന് സാൻഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഫേസ്ബുക്കിൽ അറിയിച്ചു. മാനുവൽ ഒറ്റയ്ക്കാണെന്നും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെന്നും തങ്ങൾ സംശയിച്ചു. എന്നാല്‍സ പോലീസ് എത്തിയപ്പോൾ, കുട്ടി 15 വയസ്സുള്ള സഹോദരിയോടൊപ്പം വീട്ടിൽ സുഖമായിരിക്കുന്നതായി കണ്ടെത്തി. തന്‍റെ കൈയില്‍ നിന്നും ഫോണ്‍ തട്ടിയെടുത്താണ് മാനുവൽ ഫോണ്‍ ചെയ്തതെന്ന് സഹോദരി പോലീസിനെ അറിയിച്ചു. തുടർന്ന് 911 ലേക്ക് എപ്പോഴൊക്കെ വിളിക്കാമെന്ന് പോലീസ് ഇരുവർക്കും വ്യക്തമായി പറഞ്ഞ് കൊടുത്തു. അതിന് ശേഷമാണ് പോലീസ് കുട്ടിക്ക് പിസ എത്തിച്ച് നല്‍കിയതെന്നും കുറിപ്പില്‍ പറയുന്നു. പോലീസിന്‍റെ കുറിപ്പ് ഫേസ് ബുക്കില്‍ വലിയ തോതില്‍ ശ്രദ്ധ നേടി. നിരവധി പേര്‍ പോലീസിന്‍റെ പ്രവര്‍ത്തിയ അഭിനന്ദിച്ചു.