വെയിറ്റർ ഒരു തരത്തിലും അയാളെ വിടാൻ തയ്യാറായില്ല. ആയിരം യൂറോ അതായത് 90,000 രൂപ എങ്കിലും തന്നെ മതിയാകൂ എന്നായിരുന്നു അയാളുടെ കടുംപിടിത്തം. 

റെസ്റ്റോറന്റുകളിൽ പോയാൽ നമ്മൾ വെയിറ്റർമാർക്ക് ടിപ്പ് കൊടുക്കാറുണ്ട്. കൊടുക്കാത്തവരും ഉണ്ട്. വിദേശങ്ങളിൽ റെസ്റ്റോറന്റുകളിൽ പോയാൽ മിക്കവാറും ആകെ ബില്ലിന്റെ 7 മുതൽ 10 ശതമാനം വരെ ആളുകൾ ടിപ്പായി കൊടുക്കാറുണ്ട്. എന്നാൽ, ഫ്രാൻസിലെ ഒരു തീരദേശ പട്ടണമായ സെന്റ്-ട്രോപ്പസിലെ ഒരു റെസ്റ്റോറന്റിൽ ടിപ്പിനെ ചൊല്ലി ഒരു വലിയ പ്രശ്നം തന്നെ ഉണ്ടായി. 

ഭക്ഷണം കഴിച്ച ശേഷം കുറഞ്ഞ ടിപ്പ് നൽകി എന്നതിനെ തുടർന്ന് റെസ്റ്റോറന്റിലെ വെയിറ്റർ കസ്റ്റമറോട് ആകെ പ്രകോപിതനാവുകയായിരുന്നു. ഇറ്റലിയിൽ നിന്നുമുള്ള ഒരാളായിരുന്നു കസ്റ്റമർ. ഭക്ഷണം കഴിച്ച ശേഷം അയാൾ 500 യൂറോ (ഏകദേശം 45,000 രൂപ) യാണ് ടിപ്പായി നൽകിയത്. എന്നാൽ, അത് കുറഞ്ഞുപോയതായി തോന്നിയ വെയിറ്റർ പ്രകോപിതനാവുകയും റെസ്റ്റോറന്റിൽ നിന്നും ഇറങ്ങിയ കസ്റ്റമറെ പിന്തുടരുകയും ചെയ്തു. 

ഫ്രഞ്ച് ലോക്കൽ പത്രമായ Nice Matin വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിൽ തുകയുടെ വെറും 10 ശതമാനം മാത്രമാണ് കസ്റ്റമർ ടിപ്പ് നൽകിയത് എന്നായിരുന്നു വെയിറ്ററുടെ പരാതി. പിന്നീട്, ടിപ്പ് തുക എന്നാൽ കുറഞ്ഞത് ബില്ലിന്റെ 20 ശതമാനമെങ്കിലും ആയിരിക്കണം എന്ന് ഇയാൾ കസ്റ്റമറോട് വിശദീകരിക്കാൻ തുടങ്ങി. 

ടിപ്പായി ആ തുക മതിയാവും എന്നാണ് തന്റെ സുഹൃത്ത് കരുതിയത് എന്ന് കസ്റ്റമറുടെ ഒരു സുഹൃത്ത് പിന്നീട് പ്രതികരിച്ചു. എന്നാൽ, വെയിറ്റർ ഒരു തരത്തിലും അയാളെ വിടാൻ തയ്യാറായില്ല. ആയിരം യൂറോ അതായത് 90,000 രൂപ എങ്കിലും തന്നെ മതിയാകൂ എന്നായിരുന്നു അയാളുടെ കടുംപിടിത്തം. 

ഏതായാലും സംഭവത്തിന് ശേഷം രോഷാകുലനായ ഇറ്റാലിയൻ വിനോദസഞ്ചാരി താനിനി തന്റെ ജീവിതത്തിൽ സെന്റ്-ട്രോപ്പസ് സന്ദർശിക്കില്ല എന്നാണ് പറഞ്ഞത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്. ആഡംബര ഹോട്ടലുകൾക്കും പേരുകേട്ട ന​ഗരം കൂടിയാണ് സെന്റ്-ട്രോപ്പസ്.