എന്തുകൊണ്ടാണ് വാളയാറിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടാതെ പോയത്? ആരെയാണ് അധികാരികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? പണമോ, അധികാരമോ, പ്രത്യേകം പ്രിവിലേജുകളോ ഇല്ലാത്തവരുടെ കാര്യത്തില്‍ മാത്രം, നീതിതേടുമ്പോള്‍ ഈ അലസതയെന്തുകൊണ്ടാണ്? കേരള സമൂഹത്തില്‍നിന്നുമുയരുന്ന ഈ ചോദ്യങ്ങള്‍ക്ക് അധികാരസമൂഹം മറുപടി പറഞ്ഞേ തീരൂ. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കേരളം പ്രതികരിക്കുകയാണ്. 

പുതിയ അന്വേഷണസംഘത്തെവെച്ച് പുനരന്വേഷണം നടക്കട്ടെ  -എസ്. മൃദുലദേവി 

വാളയാര്‍ വിഷയത്തില്‍ തുടക്കം മുതല്‍ കോടതിയില്‍ തെളിവെത്തിക്കുന്നത് വരെയുണ്ടായ നീതിപൂര്‍വകമല്ലാത്തൊരു തെളിവെടുപ്പായിരുന്നു ഈ പ്രതികളെ വെറുതെ വിടാന്‍ കാരണമായിത്തീര്‍ന്നത്. ശ്രീറാം വെങ്കിട്ടറാമിനെപ്പോലെയുള്ളൊരു വ്യക്തി കാരണം ഒരാള്‍ മരിക്കുന്നതുവരെയുള്ള സ്ഥിതിയിലെത്തി. ആ കേസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. അതില്‍ അധികാരസമൂഹം സ്വീകരിച്ച മനോഭാവം ശ്രദ്ധിക്കണം. ആ വിഷയത്തില്‍ അധികാരകേന്ദ്രങ്ങളായാലും പൊലീസായാലും എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതും ദളിത്, ആദിവാസി കേസ് വരുമ്പോള്‍ അവിടെ കാണിക്കുന്ന മെല്ലെപ്പോക്കും, അലസതയും നമ്മള്‍ കാണേണ്ടതുണ്ട്.
 
അതുകൊണ്ടൊക്കെയാണ് ഈ കേസ് വസ്‍തുനിഷ്‍ഠമായി അന്വേഷണം നടക്കാതെ കോടതിയിലെത്തിയിട്ടുള്ളത്. ഇപ്പോള്‍ മരിച്ച കുട്ടികളുടെ അമ്മയുടെ കാര്യമെടുത്താല്‍, അവര്‍ സാമൂഹികമായി വളരെയധികം ഒറ്റപ്പെട്ട ഒരു ഇടത്തില്‍നിന്നു തന്നെ വരുന്ന ഒരാളാണ്, അവരുടെ കുടുംബവും. ചില വ്യക്തികളോട് പൊലീസ് ഇടപെടുന്ന രീതി തന്നെയുണ്ട്. ചോദ്യം ചെയ്യപ്പെടുന്നയാള്‍ ഭയപ്പെട്ടുപോകുന്ന അവസ്ഥ വരും. അങ്ങനെയുള്ള ആളുകളുടെ മൊഴിയെടുക്കുമ്പോള്‍ വളരെ മനശാസ്ത്രപരമായിട്ടുതന്നെ മൊഴിയെടുക്കണം. പക്ഷേ, ഇപ്പോള്‍ പൊലീസ് പറയുന്നത്, കുട്ടികളുടെ അമ്മ മൊഴിയിലുറച്ച് നിന്നില്ല. മൊഴി മാറ്റി പറയുന്നു, വൈരുദ്ധ്യമുണ്ടായി എന്നൊക്കെയാണ്. എന്നാല്‍, ഈ കുട്ടികളുടെ അമ്മയെ അവര്‍ എങ്ങനെയാണ് സമീപിച്ചത് എന്നുകൂടി ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. 

ഈ കുഞ്ഞുങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമായിട്ടുള്ളതാണ്. പ്രതികള്‍ തന്നെയാണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കുന്ന തരത്തിലേക്കുള്ള അന്വേഷണം നടത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഈ പ്രതികള്‍ തന്നെയാണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് കോടതിക്ക് സംശയാതീതമായവണ്ണം തെളിയിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇവിടെ ഉണ്ടായത്. അത്തരം സാങ്കേതികമായ പിഴവ് അന്വേഷണസംഘം നടത്തിയത് ആരുടെ മുഖം രക്ഷിക്കുവാനായിട്ടായിരുന്നു? കേരളത്തില്‍ അതേ അന്വേഷണസംഘം തന്നെ വീണ്ടും ഇങ്ങനെയൊരു അന്വേഷണം നടത്തുകയാണെങ്കില്‍ ആ കുട്ടികള്‍ക്ക് നീതി കിട്ടില്ല എന്നത് ഉറപ്പല്ലേ? 

അതുകൊണ്ട് തന്നെ കേസില്‍ വേണ്ടത് പുനരന്വേഷണം തന്നെയാണ്. ഈ കുഞ്ഞുങ്ങളുടെ ശരീരത്തിനുമേല്‍ ആരാണ് ലൈംഗികാതിക്രമം നടത്തിയത് എന്നും ഒളിച്ചുവെച്ചിരിക്കുന്ന തെളിവുകള്‍ പുറത്തെടുത്ത് കൃത്യമായ അന്വേഷണം നടത്തി കോടതിയുടെ മുമ്പിലെത്തിക്കണം. കുട്ടികള്‍ക്ക് നീതി കിട്ടാന്‍ മറ്റൊരു അന്വേഷണസംഘം തന്നെ ഉണ്ടാവണം. ഈ അന്വേഷണസംഘത്തിന്‍റെ തെളിവുകള്‍ കൊണ്ട് അപ്പീലിന് പോയിട്ട് ഒരു കാര്യവും ഇല്ല. പുനരന്വേഷണസംഘത്തെ നിയമിച്ച് തന്നെ അന്വേഷണം നടക്കണം. ആ കുട്ടികള്‍ക്കും അമ്മയ്ക്കും നീതി കിട്ടിയേ തീരൂ.

പഴുതുകളിലൂടെ രക്ഷപ്പെടുന്ന കുറ്റവാളികള്‍ - അഡ്വ. ലിസി വി ടി 

ജഡ്‍ജ്‍മെന്റ് കാണാതെ ആധികാരികമായി ഈ കേസില്‍ എന്തെങ്കിലും പറയാനാവില്ല. എങ്കിലും പൊലീസ് അന്വേഷണത്തിലെ പാളിച്ചകളാണ് വിധി ഇങ്ങനെയാവാന്‍ കാരണം എന്നത് ഉറപ്പാണ്. തെളിവുകൾ കോടതിയ്ക്കു മുന്നിൽ വന്നില്ലെങ്കിൽ കോടതികൾ നിസ്സഹായരായിപ്പോകും. കുറ്റം സംശയാതീതമായി തെളിയണമെന്നത് നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിയ്ക്കാനുള്ള നിയമവ്യവസ്ഥയാണ്. ആ പഴുതിലൂടെയാണ് പല കുറ്റവാളികളും രക്ഷപ്പെടുന്നത്. അതുണ്ടാകാകാതെ നോക്കേണ്ടത് പൊലീലിസിന്റെയും പ്രോസിക്യൂഷന്‍റെയും ജോലിയാണ്. അപ്പീൽ പോകണം പുനർവിചാരണയോ അതിനിടെ പുനരന്വേഷണമോ നടക്കുകയാണെങ്കിൽ നീതി നടപ്പായേക്കും എന്നു പ്രതീക്ഷിക്കാം.

എന്തിനാണിവിടെയൊരു മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും?  -ആശ റാണി 

കുറേക്കാലം മുമ്പ് ബാല്യകാല ലൈംഗിക പീഡനം ആസ്വദിച്ചു എന്ന രീതിയിൽ കഥപറയുന്ന ഒരു സിനിമ ഇവിടെ ചർച്ചയായത് ഓർക്കുന്നുണ്ടോ? അന്ന് അത് ശുദ്ധ തെമ്മാടിത്തരവും വയലൻസും ആണന്ന് പറഞ്ഞപ്പോൾ പല അക്കാദമീഷ്യൻസും ഫെമിനിസ്റ്റുകളും, ബുദ്ധിജീവികളും ഉൾപ്പെടുന്ന ഗ്രൂപ്പുകൾ കുട്ടികളുടെ ലൈംഗിക അവകാശങ്ങളേയും, ശിശുകാമികളും, ശിശുപീഡകരും തമ്മിലുളള വ്യത്യാസങ്ങളെ പറ്റിയും എല്ലാത്തിലും മുകളിൽ അതിനെ വിമർശിച്ച ആളുകളുടെ പുരോഗമനം ഇല്ലായ്മയെ പറ്റിയും ചർച്ച ചെയ്യുന്നത് കണ്ടു. പലയിടത്തും ഞാൻ ഈ വിഷയത്തിൽ തർക്കിച്ചിട്ടുണ്ട്. വിവിധ സോഷ്യൽ പ്രിവിലേജുകൾ കയ്യാളുന്നവരും, അതില്ലാത്തതുമായ പലരോടും സംസാരിച്ചിട്ടുണ്ട്.

അന്ന് മനസ്സിലാക്കാൻ പറ്റിയ ഒരു കാര്യം അത്യാവശ്യം സോഷ്യൽ പ്രിവിലേജുകൾ ഉളള വ്യക്തികൾക്ക് അവരുടെ ജീവിതത്തിൽ നടക്കുന്ന എന്ത് പ്രശ്നങ്ങളേയും പ്രതിസന്ധികളേയും താരതമ്യേന എളുപ്പത്തിൽ തരണം ചെയ്യാൻ സാധിക്കും. പക്ഷേ, അതില്ലാത്ത മനുഷ്യരെ സംബന്ധിച്ച് survival (അതിജീവനം) കഠിനമാണ് ചിലപ്പോൾ അസാധ്യവും. അതുകൊണ്ട് തന്നെ ബാല്യകാലത്ത് നടന്ന ലൈംഗിക അതിക്രമങ്ങൾ ആസ്വദിച്ചു എന്ന് പറയുന്ന, സദാചാരപ്രശ്നം കൊണ്ടാണ് അത് ആസ്വദിക്കാൻ പറ്റാതെ പോയത് എന്ന് പറഞ്ഞ ഒരു പ്രിവിലേജ്‍ഡ് ക്ലാസിനെ, അവരെ സപ്പോർട്ട് ചെയ്ത എല്ലാ മനുഷ്യരേയും തള്ളിക്കളയുന്നതിൽ കാര്യമില്ല അവരെ കണ്‍സിഡര്‍ ചെയ്തു കൊണ്ട് തന്നെ പറയട്ടെ ശിശുകാമിയുടേതായാലും ശിശുപീഡകന്‍റെ ആയാലും ആദ്യത്തെ തിരഞ്ഞെടുപ്പ് നിങ്ങൾ കരുതുന്നത് പോലെ ഈ പ്രിവിലേജ്‍ഡ് അപ്പർ ക്ലാസ് അല്ല, മറിച്ച് സാമൂഹ്യമായും, സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗങ്ങളിലെ കുട്ടികൾ ആണ്. അവർ ആ ആക്രമണത്തോടെ പെട്ടുപോകുന്ന ശാരീരികവും മാനസികവുമായ ട്രോമകൾ ഒരു പ്രിവിലേജ്‍ഡ് അപ്പർ ക്ലാസിനെ പോലെ മറികടക്കാനാവുന്നതല്ല, പലപ്പോഴും ജീവൻ തന്നെയാണ് അവർക്ക് നഷ്ടപ്പെടുക. ജീവിച്ചിരുന്നാൽ തന്നെ സമൂഹവും നിയമവും അവർക്ക് നീതിയും സുരക്ഷിത ഭാവിയും ഉറപ്പാക്കുമെന്ന് ഒരു ഉറപ്പുമില്ല.

പുറത്തുവരുന്ന ഒരു കേസിനേക്കാളും എത്ര മടങ്ങ് അധികമാകും മറച്ച് വയ്ക്കപ്പെടുന്ന കേസുകൾ. പൊലീസും നിയമസംവിധാനങ്ങളും ശിശുപീഡകരെ സമൂഹത്തിലേക്ക് തുറന്നുവിടുന്ന ഇത്തരം കാഴ്ചകൾ ലോകത്ത് വേറെ ഒരിടത്തും കാണുകയില്ല.

NB.ഭരണപക്ഷത്തും പ്രതിപക്ഷത്തും ആയി നമ്മൾ ജയിപ്പിച്ചു വിട്ട കുറെ സ്ത്രീ ജനപ്രതിനിധികൾ ഉണ്ടായിരുന്നില്ലോ... കുറഞ്ഞത് അവരെങ്കിലും ഈ നീതി നിഷേധത്തോട് എന്തെങ്കിലും പ്രതികരിച്ചോ? ഇതിനെതിരെ അവരുടെ അധികാരം ഉപയോഗിച്ച് ഒരു പ്രതിഷേധമെങ്കിലും ഉയർത്താൻ തയ്യാറാകുമോ?

മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ തുടങ്ങിയ സംഗതികളൊക്കെ പിരിച്ച് വിടുന്നതാണ് നല്ലത്. പൊതുഖജനവിലെ പണം കൊണ്ട് തടിച്ച് കൊഴുക്കുന്ന കുറെ കെട്ടുകാഴ്ചകൾ.

ഇവിടെമാത്രം നിശബ്‍ദതയെന്തുകൊണ്ടാണ് കേരളമേ? -രമ്യ ഓണാട്ട്  

ആ പെണ്‍കുട്ടികളുടെ അമ്മ ചോദിച്ച ഒരു ചോദ്യം, അപ്പോൾ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവസാനം തേഞ്ഞുമാഞ്ഞ് ഇതുപോലെ കേസില്ലാതെ പോകില്ലേ എന്നതായിരുന്നു. കാശുള്ളവർക്കും പദവി ഉള്ളവർക്കും പിടിപാട് ഉള്ളവർക്കും കേന്ദ്രത്തിൽ ആണെങ്കിലും കേരളത്തിൽ ആണെങ്കിലും ഒരു പ്രത്യേകനിയമം നിലനിൽക്കുന്നു എന്നു ചിന്തിക്കാൻ/അഥവാ ചോദിക്കാൻ  തരത്തിലുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നു എന്ന സത്യം നമ്മളെ ഇനി  വേട്ടയാടിക്കോണ്ടേയിരിക്കും.

വാളയാറിൽ മരിച്ച പെണ്‍കുട്ടികള്‍ വെറുതെ മരിച്ചതല്ല. പീഡിപ്പിച്ചു കൊന്നു എന്നുതന്നെ ഞാൻ പറയും. മാന്യതയുടെ/ മനസാക്ഷിയുടെ/ കൃത്യനിർവഹണത്തിന്‍റെ/ നിയമപാലനത്തിന്‍റെ അംശം അല്‍പമെങ്കിലും ഉണ്ടെങ്കിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഈ പീഡനക്കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

കത്വ കേസിൽ നടന്ന പ്രതിഷേധങ്ങൾ വാളയാർ സംഭവത്തിൽ ഉയരുന്നത് കാണുന്നില്ല എന്നത് ചിന്തനീയം ആണ്. പ്രതിഷേധിക്കാൻ ആവുന്നില്ല, വാക്കുകള്‍ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞു ഡിപ്ലോമാറ്റിക് നയം എടുക്കുന്ന ചില കാര്യങ്ങളും ശ്രദ്ധയിൽ പെടുകയുണ്ടായി. നടന്നത് കേരളത്തിൽ ആയതുകൊണ്ടാണോ ഈ മൗനം. അറിയില്ല... മേൽപ്പറഞ്ഞ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തിനോട് പറഞ്ഞതില്‍ ഉഭയസമ്മതം നടന്നു, അതിനാൽ ഇങ്ങനെ സംഭവിച്ചു എന്ന് victim blame ചെയ്യുകയുണ്ടായി.  ഇയാളെ ഒക്കെ ഇപ്പോഴും സർവീസിൽ വെച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരത്തിന്റെ  അനാസ്ഥ  ഇതിൽ നിന്നും വെളിവായതാണ്. അതേ പോലെ  പ്രതികൾക്ക് വേണ്ടി വാദിച്ച ആളുടെ ഇപ്പോൾ ഉള്ള ജോലിസ്ഥാനവും സംശയം ഉളവാക്കുന്നതാണ്. അദ്ദേഹത്തിന് എങ്ങനെ ചൈൽഡ് വെൽഫയർ എന്ന ഉത്തരവാദിത്വം കൃത്യമായി ചെയ്യാൻ കഴിയുന്നു?

കൃത്യമായ അന്വേഷണം നടക്കുകയും ആ പൊലിഞ്ഞുപോയ കുരുന്നുജീവനുകൾക്ക് നീതി നേടികൊടുക്കുകയും വേണം എന്ന് തന്നെയാണ് പറയാനുള്ളത്. 

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം, മുഖ്യമന്ത്രി, ഞങ്ങള്‍ക്ക് ജീവിക്കണം; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ