Asianet News MalayalamAsianet News Malayalam

കൂട്ടക്കൊല നടത്തിയതിന് പ്രതിഫലം, ചൈന സൈനികന് നൽകിയ വാച്ച് ലേലത്തിൽ, സാമൂഹികമാധ്യമങ്ങളിൽ വൻവിമർശനം

1989 ജൂണ്‍ നാലിനാണ് ടിയാനന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊല നടന്നത്. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തില്‍ ഏറിയ പങ്കും വിദ്യാര്‍ത്ഥികളായിരുന്നു. 

watch related to Tiananmen Square  incident withdrawn from sale
Author
UK, First Published Apr 2, 2021, 10:17 AM IST

ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയിൽ പങ്കെടുത്തതിന്‍റെ പ്രതിഫലമായി ചൈനീസ് സൈനികർക്ക് നൽകിയതിൽ പെടുന്ന ഒരു അപൂർവ വാച്ച് യുകെ -യിലെ ഫെല്ലോസ് ആഡംബരലേലശാല വിൽപനയ്ക്ക് വയ്ക്കുകയുണ്ടായി. എന്നാൽ, വിമർശനത്തെ തുടർന്ന് അതിപ്പോൾ ലേലത്തില്‍ നിന്നും പിൻവലിച്ചിരിക്കുകയാണ്. '89.6 -കലാപം ശമിപ്പിച്ചതിന്റെ സ്‍മരണയ്ക്കായി' എന്ന വാചകം വാച്ചിൽ എഴുതിവച്ചിട്ടുണ്ട്. വാച്ചിന്റെ വിൽപ്പനയെ ചോദ്യം ചെയ്‍തുകൊണ്ട് നിരവധിപ്പേര്‍ രംഗത്തെത്തി. ഒരു ക്രൂരതയെ ഓര്‍മ്മിപ്പിക്കുന്ന വാച്ച് ലാഭം നേടാനായി വില്‍ക്കുന്നതിലെ നൈതികതയെ കുറിച്ചുള്ള ചോദ്യമാണ് പലരും ഉയര്‍ത്തിയത്. 

ഏപ്രില്‍ 10 -നാണ് വിവിധ ആഡംബര വാച്ചുകളുടെ കൂട്ടത്തില്‍ ഈ വാച്ചും വില്‍പനയ്ക്ക് വച്ചിരുന്നത്. അതിന്‍റെ ഭാഗമായി വലിയ ചര്‍ച്ചയും ഇതുയര്‍ത്തി. ഇതിനെ തുടര്‍ന്ന് 'വാച്ച് വില്‍പനയില്‍ നിന്നും പിന്മാറുകയാണ്' എന്ന് ഫെല്ലോസ് അറിയിക്കുകയായിരുന്നു. “ഈ വാച്ചിന്റെ ഉടമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ ഭീഷണികൾ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയരാന്‍ കാരണമായി. ഈ വാച്ച് ലേലത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ട്” എന്ന് ലേലം ചെയ്യാനിരുന്ന കമ്പനി പറയുന്നു. ഓണ്‍ലൈനിലാണ് വലിയ തരത്തിലുള്ള ഭീഷണികള്‍ വാച്ച് വില്‍ക്കുന്നതിനെതിരെ ഉയര്‍ന്നത്. ഒരു ട്വീറ്റിന് ഒരാള്‍ മറുപടി നല്‍കിയത് ഇങ്ങനെ, “ചൈന മറച്ചുവെക്കാൻ ശ്രമിക്കുന്ന കൂട്ടക്കൊലയ്ക്ക് സ്വീകാര്യമായ തെളിവുകളും ഉടമയെയും കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ടോ?”

watch related to Tiananmen Square  incident withdrawn from sale

1989 ജൂണ്‍ നാലിനാണ് ടിയാനന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊല നടന്നത്. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തില്‍ ഏറിയ പങ്കും വിദ്യാര്‍ത്ഥികളായിരുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. മരണസംഖ്യ 241 ആണ് എന്നാണ് ചൈനയുടെ വാദം. എന്നാല്‍, ആയിരക്കണക്കിന് പേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് കരുതുന്നത്. എന്നാല്‍, 1989 -ല്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും മറ്റ് യഥാര്‍ത്ഥ കണക്കുകള്‍ക്കുമെല്ലാം കടുത്ത നിയന്ത്രണമാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വാച്ച് ഒരു സ്വകാര്യ ശേഖരത്തിൽ നിന്നാണ് വന്നതെന്നും വര്‍ഷങ്ങളായി ഒരു അലമാരയില്‍ വെറുതെ കിടപ്പായിരുന്നു എന്നും ലേലത്തിന് പിന്നിലുണ്ടായിരുന്നവര്‍ പറഞ്ഞു. യഥാർത്ഥത്തിൽ അത് ലഭിച്ച സൈനികന്റെ പേര് പോലും അജ്ഞാതമാണ്. എന്നാല്‍, നിലവില്‍ ആ വാച്ച് ഏതെങ്കിലും തരത്തില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മ്മിയുമായോ ചൈനീസ് സര്‍ക്കാരുമായോ ബന്ധപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിഷേധം അടിച്ചമർത്തുന്നതിൽ പി‌എൽ‌എ സൈനികർക്ക് നൽകിയ നിരവധി മൊമന്‍റോകളില്‍ ഒന്നാണ് വാച്ച് എന്ന് ദി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് അമ്നേഷ്യ: ടിയാനൻമെൻ റീവിസിറ്റഡ് എന്ന പുസ്തകത്തിൽ ലൂയിസ ലിം പറഞ്ഞു. 

watch related to Tiananmen Square  incident withdrawn from sale

യേൽ യൂണിവേഴ്സിറ്റിയിലെ ഒരു പഠനകേന്ദ്രത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നവ ഉൾപ്പെടെ കുറച്ച് വാച്ചുകൾ മാത്രമാണ് ഈ വിഭാഗത്തില്‍ ഇനി നിലവിലുള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നേരത്തെ ലേലത്തെ കുറിച്ച് പറഞ്ഞപ്പോള്‍, 2,500 മുതൽ 3,500 ഡോളർ വരെ (ഏകദേശം രണ്ടരലക്ഷത്തിനും മൂന്നരലക്ഷത്തിനും ഇടയില്‍) വിലയുള്ള വാച്ച് യുകെയിൽ ലേലത്തിന് പോകുന്ന ഇത്തരത്തിലുള്ള ഒരേയൊരു വാച്ചുകളിൽ ഒന്നായിരിക്കാം എന്ന് പറയുകയുണ്ടായി. എന്നാല്‍, പിന്നീട് വന്ന പ്രസ്‍താവനയില്‍ വാച്ചിന്‍റെ ആഗോള പ്രാധാന്യം മനസിലാക്കുന്നു എന്ന് ലേലത്തിന് പിന്നിലുള്ളവര്‍ വ്യക്തമാക്കി. 

മുൻകാലങ്ങളിൽ ആഗോള സംഘർഷങ്ങളുടെ ഭാഗമായിട്ടുള്ള പലതും വിറ്റഴിച്ചിട്ടുണ്ട്. എന്നാല്‍, മുമ്പ് നടന്ന ഏതെങ്കിലും സംഭവത്തില്‍ അഭിപ്രായം പറയാന്‍ ഞങ്ങള്‍ ആളല്ല. പക്ഷേ, ചരിത്രത്തിലെ ഏതെങ്കിലും സംഭവത്തില്‍ വെളിച്ചം വീശുന്നതുപോലെ ഇടപെടണമെന്നും അവയെ ആദരവോടും നിഷ്‍പക്ഷമായും സമീപിക്കണം എന്നും ഞങ്ങള്‍ക്കുണ്ട് എന്നും ഇവര്‍ പറഞ്ഞു. 

watch related to Tiananmen Square  incident withdrawn from sale

എന്നാൽ, പല കലാകാരന്മാരും ഈ ലേലശാലയുടെ നടപടിയെ നിശിതമായി വിമർശിക്കുകയുണ്ടായി. ചൈനീസ്-ഓസ്ട്രേലിയന്‍ കലാകാരനായ ബാഡിയുകാവോ ​ഗാർഡിയനോട് പറഞ്ഞത്, വാച്ചിന്‍റെ വില്‍പനയെ കുറിച്ചുള്ള വാര്‍ത്ത വ്യാഴാഴ്ച രാവിലെ തന്നെ തന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ലേലത്തിന് പിന്നിലുള്ളവര്‍ ടിയാനന്‍മെന്‍ സ്‍ക്വയര്‍ കൂട്ടക്കൊലയുടെ തെളിവുകളെയാണ് വിറ്റഴിക്കാന്‍ നോക്കുന്നത്. ലേലശാല പരസ്യത്തിനായി നല്‍കിയത് ഒരാളുടെ കൈത്തണ്ടയില്‍ വാച്ച് കെട്ടിയതായിട്ടാണ്. ലേലശാല ഏതെങ്കിലും തരത്തില്‍ വാച്ചിന്‍റെ ചരിത്രപ്രാധാന്യത്തെ കുറിച്ച് മനസിലാക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഏതൊരു ആഡംബര വസ്‍തുവിനെപ്പോലെയും കണ്ടാണ് അത് ലേലത്തിന് വച്ചത് എന്നും ബാഡിയുകാവോ പറയുന്നു. 

ഏതായാലും ടിയാനൻമെൻ സ്ക്വയറിൽ നടന്ന കൂട്ടക്കൊലയെ കുറിച്ച് വീണ്ടും ചർച്ച ചെയ്യപ്പെടാൻ വാച്ച് കാരണമായിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമേതുമില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios