വടക്കേ ഇന്ത്യയിലെ ഹിമാലയൻ പര്‍വതനിരകളിൽ കാണപ്പെടുന്ന പരുന്ത് വര്‍ഗത്തിൽപെടുന്ന ഹിമാലയൻ ബസാര്‍ഡിനെ വയനാട്ടിൽ കണ്ടെത്തി. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഇത്തരം പക്ഷിയെ കണ്ടെത്തുന്നത്. ഹിമാലയൻ മേഖലയിൽ മാത്രമായി കാണുന്ന ഇത്തരം പക്ഷികള്‍ വയനാട്ടിലെ ആകാശദ്വീപുകളിൽ കണ്ടെത്തുന്നത് അപൂര്‍വമാണെന്നാണ് പക്ഷി നിരീക്ഷകര്‍ വ്യക്തമാക്കുന്നത്

വടക്കേ ഇന്ത്യയിലെ ഹിമാലയൻ പര്‍വതനിരകളിൽ കാണപ്പെടുന്ന പരുന്ത് വര്‍ഗത്തിൽപെടുന്ന ഹിമാലയൻ ബസാര്‍ഡിനെ വയനാട്ടിൽ കണ്ടെത്തി. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഇത്തരം പക്ഷിയെ കണ്ടെത്തുന്നത്. ഹിമാലയൻ മേഖലയിൽ മാത്രമായി കാണുന്ന ഇത്തരം പക്ഷികള്‍ വയനാട്ടിലെ ആകാശദ്വീപുകളിൽ കണ്ടെത്തുന്നത് അപൂര്‍വമാണെന്നാണ് പക്ഷി നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. വയനാട്ടിൽ അടുത്തിടെ പൂര്‍ത്തിയായ വയനാട് ആകാശ ദ്വീപ് പക്ഷി സര്‍വേയിലാണ് ഹിമാലയൻ ബസാര്‍ഡ് അടക്കമുള്ള 156 ഇനം പക്ഷികളെ കണ്ടെത്തിയത്. വയനാടിന്‍റെ ജില്ലാ പക്ഷിയും ലോകത്ത് വയനാട്ടിലെ ആകാശ ദ്വീപുകളിൽ (Sky Island)മാത്രം കാണുന്ന ബാണാസുര ചിലപ്പന്‍റെ സന്തുലിതമായ സാന്നിധ്യവും പക്ഷി സര്‍വേയിലൂടെ കണ്ടെത്താനായി. 55ഓളം പക്ഷി നിരീക്ഷകരുടെ പങ്കാളിത്തത്തോടെ മാര്‍ച്ച് 13 മുതൽ 15വരെയാണ് ഈ വര്‍ഷത്തെ സര്‍വേ നടന്നത്. വംശനാശ ഭീഷണി നേരിടുന്ന എട്ടിനം പക്ഷികളെയും പശ്ചിമഘട്ടത്തിന്‍റെ തദ്ദേശ ജാതികളായ 20 ഇനം പക്ഷികളും മുൻ വര്‍ഷങ്ങളിലെ സര്‍വേകളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത 12 ഇനം പക്ഷികളെയും സര്‍വേയിലൂടെ കണ്ടെത്താനായി.

വയനാട്ടിലെ ആകാശ ദ്വീപുകള്‍

കേരള ബേര്‍ഡ് അറ്റ്ലസ് ഉണ്ടാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് 2018 മുതൽ വയനാട് സ്കൈ ഐലന്‍ഡ് പക്ഷി സര്‍വേ ആരംഭിച്ചതെന്ന് ഹ്യൂംസ് സെന്റർ ഡയറക്ടർ സികെ വിഷ്ണുദാസ് പറയുന്നു.വയനാട് നോർത്ത് ഫോറസ്റ്റ് ഡിവിഷൻ, സൗത്ത് ഫോറസ്റ്റ് ഡിവിഷൻ, ഹ്യൂംസ് സെന്‍റര്‍ ഫോർ ഇക്കോളജി എന്നിവര്‍ സംയുക്തമായിട്ടാണ് സര്‍വേകള്‍ നടത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ മീറ്ററിന് മുകളിൽ കാണപ്പെടുന്ന ആകാശദ്വീപുകളിലെ വനങ്ങൾ, പുൽമേടുകൾ, ചോലക്കാടുകൾ തുടങ്ങിയ വ്യത്യസ്ത ആവാസവ്യവസ്ഥകളിലായി 11 ബേസ്ക്യാമ്പുകളിലായാണ് പക്ഷിനിരീക്ഷകരെ വിന്യസിച്ചത്. ക്യാമൽ ഹമ്പ് മലനിരകൾ, ബാണാസുര മലനിരകൾ, കുറിച്യർ മലനിരകൾ, ബ്രഹ്മഗിരി മലനിരകൾ എന്നീ മലനിരകളിലാണ് വയനാട്ടിൽ ആകാശദ്വീപുകൾ കാണപ്പെടുന്നത്. ഒരു പ്രദേശത്തെ തനത് കാലാവസ്ഥയിൽനിന്ന് വ്യത്യസ്തവും ഭൂമിശാസ്ത്ര പരമായി വേറിട്ട് നിൽക്കുന്നതുമായ ഉയർന്ന പ്രദേശങ്ങളാണ് ആകാശദ്വീപുകൾ എന്നറിയപ്പെടുന്നതെന്നും സികെ വിഷ്ണുദാസ് പറയുന്നു.

വയനാടൻ ചിലപ്പനും ഹിമാലയൻ ബസാര്‍ഡും

ഹിമാലയൻ ബസാർഡ്, കാട്ടുകൊക്ക്, മാക്കാച്ചിക്കാട, പുൽക്കുരുവി, കിന്നരി പ്രാപ്പരുന്ത്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവയാണ് സര്‍വേയിലൂടെ കണ്ടെത്തിയ ശ്രദ്ധേയമായ പക്ഷികള്‍. വടക്കേ ഇന്ത്യയിലെ ഹിമാലയ പർവതനിരകളിൽ കാണപ്പെടുന്ന പരുന്ത് വർഗ്ഗത്തിൽ പെടുന്ന ഹിമാലയൻ ബസാർഡിന്‍റെ കണ്ടെത്തലാണ് ഇത്തവണത്തെ പക്ഷി നിരീക്ഷണത്തിലെ കൗതകമുള്ള കാര്യമായി മാറിയത്. കേരളത്തിൽ ഇത് രണ്ടാം തവണയാണ് രേഖപ്പെടുത്തുന്നതെന്നും വളരെ അപൂര്‍വമായാണ് ഇവയെ കാണാറുള്ളതെന്നും പക്ഷി നിരീക്ഷകര്‍ അടിവരയിടുന്നു. ഇതോടൊപ്പമാണ് വയനാടിന്‍റെ സ്വന്തം ബാണസുര ചിലപ്പനെയും കണ്ടെത്തിയത്. ഐയുസിഎന്നിന്‍റെ റെഡ് ഡാറ്റ ബുക്കിൽ അതീവ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ ഗണത്തിൽ ഉള്‍പ്പെടുന്നതാണ് വയനാടൻ ചിലപ്പൻ.

പശ്ചിമ ഘട്ടത്തിലെ തദ്ദേശിയ പക്ഷികള്‍

പശ്ചിമമഘട്ടത്തിലെ തദ്ദേശീയ പക്ഷികളായ ചെമ്പുവയറൻ ചോലക്കിളി, കരിഞ്ചെമ്പൻ പാറ്റപിടിയൻ, നീലക്കിളി പാറ്റപിടിയൻ, പതുങ്ങൻ ചിലപ്പൻ , മരപ്രാവ് എന്നിവയും സർവേയിൽ കണ്ടെത്താനായി. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ, ഹ്യൂംസ് സെന്റർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുരേഷ് ബാബു, നോർത്ത് വയനാട് ഡിഎഫ്ഒ ആർ. സന്തോഷ് കുമാർ, ഹ്യൂംസ് സെന്റർ ഡയറക്ടർ സികെ വിഷ്ണുദാസ്, സൗത്ത് വയനാട് ഡിവിഷൻ ബയോളജിസ്റ്റ് സായൂജ് രവി, പക്ഷിനിരീക്ഷകരായ ഡോ. രതീഷ് ആർ.എൽ, അഹ്മദ് സഈദ്, അഹ്മദ് ഒമർ എന്നിവരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകിയത്.

നീര്‍ പക്ഷി സര്‍വേ

ഇക്കഴിഞ്ഞ ജനുവരിയിൽ ഹ്യൂം സെന്‍റര്‍ ഫോര്‍ എക്കോളജിയും വനം വന്യജീവി വകുപ്പും ചേര്‍ന്ന് വയനാട്ടിൽ നടത്തിയ നടത്തിയ നീര്‍പക്ഷി സര്‍വേയിൽ കുറിത്തലയൻ വാത്ത്‌ ഉൾപ്പെടെ 159 ഇനം പക്ഷികളെയും കണ്ടെത്തിയിരുന്നു. സോഷ്യൽ ഫോറസ്ട്രി വയനാട്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വയനാട് ബേഡേഴ്സ് എന്നിവയുമായി ചേര്‍ന്നായിരുന്നു നീര്‍പക്ഷി സര്‍വേ നടന്നത്. ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന പക്ഷിയാണ് കുറിത്തലയൻ വാത്ത്‌. വയനാട് ജില്ലയിലെ തണ്ണീർത്തടങ്ങളുടെ ആരോഗ്യവും പക്ഷിസമ്പത്തും വിലയിരുത്തുന്നതിനായാണ് ഏഷ്യൻ നീര്‍പക്ഷി സെന്‍സസിന്‍റെ ഭാഗമായി സര്‍വേ നടത്തിയത്.ടിബറ്റൻ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്. തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന ഇവ, ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നുണ്ട്. ഓക്സിജൻ കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ഈ പക്ഷി ജീവ ലോകത്തെ ഒരു അത്ഭുതമാണ്.

വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒൻപതോളം പ്രധാന തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ ദേശാടനപ്പക്ഷികളും തദ്ദേശീയ പക്ഷികളും ഉൾപ്പെടെ ആകെ 159 ഇനം പക്ഷികളിലായി 1467 പക്ഷികളെയാണ് കണ്ടെത്തിയത്. പനമരം, വള്ളിയൂർക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാൽ, ചേകാടി, കൊളവള്ളി, ബാണാസുര ഡാം എന്നിവിടങ്ങളിലും വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂർ, അമ്മവയൽ എന്നീ ഭാഗങ്ങളിലുമാണ് നീർപ്പക്ഷി സർവേ നടന്നത്. കുറിത്തലയൻ വാത്ത്‌ കൂടാതെ അപൂർവയിനം പക്ഷികളായ തീപ്പൊരിക്കണ്ണൻ , മഴക്കൊച്ച എന്നിവയും ദേശാടകനായി എത്തിയ വലിയ പുള്ളി പരുന്തും സർവേയിൽ കണ്ടെത്താനായിരുന്നു. വയനാട്ടിൽ വളരെ അപൂർവമായി കാണപ്പെടുന്നതും എന്നാൽ കേരളത്തിൽ മറ്റിടങ്ങളിൽ കാണപ്പെടുന്നതുമായ പവിഴക്കാലിയെ കണ്ടെത്തിയതും സർവേയുടെ പ്രത്യേകതയായിരുന്നു.

YouTube video player