Asianet News MalayalamAsianet News Malayalam

'ഉത്സാഹം കൊണ്ട് തോൽപ്പിക്കാൻ പറ്റാത്തതായി ഒന്നുമില്ല', പ്രധാനമന്ത്രി മോദിയുടെ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം.

ഉത്സാഹം എന്ന ബലമുണ്ടെങ്കിൽ, നമുക്ക് കീഴടക്കാൻ സാധിക്കാത്തതായി ഈ ലോകത്ത് യാതൊന്നുമില്ല. വരൂ... ഒത്തുചേർന്ന്, നിറഞ്ഞ ഉത്സാഹത്തോടെ ഒന്നിച്ചുനിന്ന് കൊറോണയെ നമുക്ക് തോൽപ്പിക്കാം... ഭാരതത്തെ വിജയിപ്പിക്കാം...

We can beat anything with enthusiasm, full text of PM Modis video message on april 3rd
Author
Delhi, First Published Apr 3, 2020, 1:41 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്നുരാവിലെ 9 മണിക്ക് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം.

മേരെ പ്യാരേ ദേശ് വാസിയോം, നമസ്കാരം... 

ഇന്ന് കൊറോണാ മഹാവ്യാധിക്കെതിരായ നമ്മുടെ ദേശവ്യാപകമായ ലോക്ക് ഡൌൺ, ഒമ്പതാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ഈ ദിനങ്ങളിൽ നിങ്ങൾ പ്രകടിപ്പിച്ചിരിക്കുന്ന അച്ചടക്കവും സേവനമനോഭാവവും, രണ്ടും അഭൂതപൂർവ്വമാണ്. നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ട അധികാരികൾ, നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ, അത് അനുസരിക്കേണ്ട പൊതുജനം - ഇവർ മൂന്നും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ട് ഇത്രയും ദിവസം വളരെ വിജയകരമായി പിന്നിട്ടുകഴിഞ്ഞു.  

നിങ്ങൾ എല്ലാവരും ചേർന്ന്, പൊതുജനാരോഗ്യം സംരക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് നന്ദിപറഞ്ഞ ആ മഹദ് കർമ്മവും ഇന്ന് ലോകത്തിലെ മറ്റു പലരാജ്യങ്ങൾക്കും മാതൃകയാണ്. പല രാജ്യങ്ങളും ഇന്ന് ഇതൊക്കെ തന്നെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. പലയിടത്തും ജനതാ കര്‍‌ഫ്യൂ നടപ്പിലാക്കാൻ ശ്രമിക്കുന്നത്, മറ്റു പലരാജ്യങ്ങളിലും കയ്യടിച്ചും, പത്രം മുട്ടിയും ഒക്കെത്തന്നെ തങ്ങളുടെ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുന്നത് നാം കാണുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ  ഇത്തരം പ്രവൃത്തികളുടെ സാമൂഹികമായ ശക്തി മറ്റുള്ളവരെ നമ്മൾ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. നമ്മുടെ നാട് ഒറ്റക്കെട്ടായി നിന്ന് കൊറോണ എന്ന മഹാമാരിയോട് പൊരുതും എന്ന ഭാവം നമ്മൾ ശക്തമായിത്തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു. 

ഇപ്പോൾ, ലോക്ക് ഡൗൺ സമയത്ത് നമുക്ക് നമ്മുടെ ഈ സാമൂഹിക ബോധം ഗുണം ചെയ്യുന്നുണ്ട് എന്ന് മനസ്സിലാകുന്നു. പ്രിയപ്പെട്ടവരെ, ഇന്ന് രാജ്യത്തിലെ കോടിക്കണക്കിനു പേർ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാണ്. അപ്പോൾ, ചിലർക്കെങ്കിലും തോന്നാം " ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യാനാനാണ് ?" എന്ന്.  " ഇത്രയും വലിയ യുദ്ധം ഒറ്റയ്ക്ക് എങ്ങനെയാണ് പൂർത്തിയാക്കുക? " എന്ന ആശങ്കയും ചിലർക്കെങ്കിലും ഉണ്ടാകാം. " ഇങ്ങനെ വീട്ടിൽ തന്നെ അടച്ചിരുന്ന്, എത്രനാൾ ഇനിയും പിന്നിടേണ്ടി വരും?" എന്നൊരു ചോദ്യവും നിങ്ങളിൽ പലരുടെയും മനസ്സിലേക്ക് ഇപ്പോൾ വരുന്നുണ്ടാകും. 

പ്രിയപ്പെട്ടവരേ... ഇത് ലോക്ക് ഡൗൺ സമയമാണ്, ശരി തന്നെ. നമ്മൾ സ്വന്തം വീടുകളിൽ അടച്ചിരിപ്പാണ് എന്നതും ശരിതന്നെ. നമ്മളിൽ ഒരാളും ഒറ്റപ്പെട്ടുപോയി എന്ന് കരുതരുത്. 130 കോടി ജനങ്ങളുടെ സാമൂഹിക ഇച്ഛാശക്തി നിങ്ങളിൽ ഓരോരുത്തരുടെയും ഒപ്പമുണ്ട്. അത് മറന്നുപോകരുത്. അത് ഓരോ വ്യക്തിക്കും ആശ്രയമേകും. ഇടക്കിടക്ക് ഈ ഭാരതീയരുടെ ഈ സാമൂഹിക ശക്തിയുടെ മഹത്വം, അതിന്റെ ഭവ്യത, അതിന്റെ ദിവ്യത ഇതൊക്കെ അനുഭവവേദ്യമാകേണ്ടതുണ്ട്. 

പ്രിയപ്പെട്ടവരേ... നമ്മൾ പൊതുവെ പറയാറുണ്ടല്ലോ, മനുഷ്യർ ഓരോരുത്തരും ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് എന്ന്. അതുകൊണ്ട് രാജ്യം ഇത്രയും വലിയ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും മനുഷ്യരൂപിയായ ആ മഹാശക്തിയുടെ അതിന്റെ വിരാടസ്വരൂപത്തിന്റെ, സാക്ഷാത്കാരം നമ്മൾ നടത്തേണ്ടതുണ്ട്. ഈ സാക്ഷാത്കാരം നമുക്ക് മനോബലമേകും. ലക്ഷ്യമേകും. ആ ലക്‌ഷ്യം പ്രാപിക്കാൻ വേണ്ട ഊർജ്ജവും പകർന്നുതരും. നമ്മുടെ മാർഗം അത് കൂടുതൽ സ്പഷ്ടമാക്കും. 

പ്രിയമുള്ളവരേ... കൊറോണയെന്ന ഈ മഹാമാരി പരത്തിയ ഘോരാന്ധകാരത്തിൽ നമുക്ക് നിരന്തരം ചരിക്കേണ്ടത് പ്രകാശത്തിന്റെ നേർക്കാണ്. കൊറോണ ഏറ്റവുമധികം വലച്ചിട്ടുള്ളത് നമ്മുടെ നാട്ടിലെ പാവപ്പെട്ട സഹോദരീസഹോദരന്മാരെയാണ്. അവരെ കൊറോണാപ്രതിസന്ധിയിൽ നിന്നുണ്ടായ നിരാശ, അതിൽ നിന്ന് കരകയറ്റാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം. അവരെ പ്രത്യാശയ്ക്കുനേരെ കൊണ്ടുപോകണം നമ്മൾ. കൊറോണ കാരണം ഉണ്ടായിട്ടുള്ള അന്ധകാരത്തെയും അനിശ്ചിതത്വത്തെയും നീക്കി നമുക്ക് വെളിച്ചത്തിനും, സുനിശ്ചിതത്വത്തിനും നേർക്ക് പോകേണ്ടതുണ്ട്. അന്ധകാരമായമായ കൊറോണായുടെ പ്രതിസന്ധി നീക്കാൻ നമുക്ക് പ്രകാശത്തിന്റെ തേജസ്സ് നാലുപാടും പരത്തേണ്ടതുണ്ട്. 

അതുകൊണ്ട്, ഈ ഞായറാഴ്ച, അതായത് ഏപ്രിൽ അഞ്ചാം തീയതി, നമ്മൾ എല്ലാവരും ഒത്തുചേർന്ന് കൊറോണാ പ്രതിസന്ധിയുടെ അന്ധകാരത്തെ വെല്ലുവിളിക്കേണ്ടതുണ്ട്. അതിനെ പ്രകാശത്തിന്റെ ശക്തി പരിചയപ്പെടുത്തേണ്ടതുണ്ട്. ഈ ഞായറാഴ്ച നമ്മൾ, 130 കോടി ഭാരതീയരുടെ ഐക്യശക്തി സ്വയം തിരിച്ചറിയുന്ന ദിവസമാകട്ടെ. 130  കോടി ഭാരതീയരുടെ ഐക്യം എന്ന മഹാ സങ്കല്പത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണം നമുക്കന്ന്. ഏപ്രിൽ അഞ്ചിന്, ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് നിങ്ങളുടെ ഒമ്പതു മിനിറ്റ് നിങ്ങൾ എനിക്ക് തരണം. 

ശ്രദ്ധിച്ചു കേൾക്കണം നിങ്ങൾ. ഏപ്രിൽ അഞ്ചിന്, ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് നിങ്ങൾ ഓരോരുത്തരും, വീടുകളിലെ വെളിച്ചമെല്ലാം അണച്ചുകൊണ്ട്, നിങ്ങളുടെ വീടിന്റെ വാതിൽക്കൽ, അല്ലെങ്കിൽ ബാൽക്കണിയിൽ ഇറങ്ങി നിന്നുകൊണ്ട്, മെഴുകുതിരി, വിളക്ക്, ചെരാത്, ടോർച്ച് ലൈറ്റ്, അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ടോർച്ച് ഒമ്പതു മിനിട്ടുനേരത്തേക്ക് പ്രവർത്തിപ്പിക്കുക. ഞാൻ വീണ്ടും പറയാം, നിങ്ങൾ ഓരോരുത്തരും, വീടുകളിലെ വെളിച്ചമെല്ലാം അണച്ചുകൊണ്ട്, നിങ്ങളുടെ വീടിന്റെ വാതിൽക്കൽ, അല്ലെങ്കിൽ ബാൽക്കണിയിൽ ഇറങ്ങി നിന്നുകൊണ്ട്, മെഴുകുതിരി, വിളക്ക്, ചെരാത്, ടോർച്ച് ലൈറ്റ്, അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ടോർച്ച് ഒമ്പതു മിനിട്ടുനേരത്തേക്ക് പ്രവർത്തിപ്പിക്കുക. ആ സമയത്ത് നിങ്ങളുടെ വീട്ടിലെയും, ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലെയും ലൈറ്റുകൾ ഒന്നടങ്കം വച്ചാൽ, പിന്നെ കത്തിക്കുന്ന ഓരോ മെഴുകുതിരിയുടെയും, ചെരാതിന്റെയും, മൊബൈൽ ഫ്ലാഷിന്റെയും വെട്ടങ്ങൾ ഒന്നിച്ചു ചേർന്നുണ്ടാകുന്ന മഹാപ്രകാശം, അതിന്റെ ശക്തി നമുക്ക് ബോധ്യപ്പെടും. അത് നമ്മൾ എല്ലാവരും ചേർന്നുകൊണ്ട് പോരാടുന്നത്, ഒരേയൊരു ലക്ഷ്യത്തിനായാണ് എന്ന ബോധ്യം നമ്മൾ ഓരോരുത്തരിലും ഉണർത്തും. ആ വെളിച്ചത്തിൽ, ആ പ്രഭയിൽ, ആ പ്രകാശത്തിൽ നമ്മൾ ഓരോരുത്തരും, " തനിച്ചല്ല നമ്മൾ, നമ്മൾ തനിച്ചല്ല, ആരും തനിച്ചല്ല..." എന്ന് മനസ്സിൽ ഉരുവിട്ടുറപ്പിക്കണം. 130 കോടി പേർ, ഒരേ സമയത്ത്, ഒരേ കാര്യം സങ്കല്പിക്കുമ്പോൾ, അത് സംഭവ്യമാവുക തന്നെ ചെയ്യും. 

എന്റെ ഒരു അഭ്യർത്ഥന കൂടിയുണ്ട്. ഈ അവസരത്തിൽ ആരും റോഡിലേക്കോ, തെരുവിലേക്കോ, പൊതു ഇടങ്ങളിലേക്കോ ഇറങ്ങിചെല്ലരുത്. സ്വന്തം വീടിന്റെ വാതിൽക്കലോ, ബാൽക്കണിയിലോ തന്നെ നിന്നുവേണം ചെയ്യാൻ. സോഷ്യൽ ഡിസ്റ്റൻസിങ്  അഥവാ സാമൂഹിക അകലം, അതിന്റെ ലക്ഷ്മണരേഖയെ ഒരിക്കലും ലംഘിക്കരുത്. കൊറോണാ വൈറസിനോട് പൊരുതിജയിക്കാനുള്ള ഏക രാമബാണം ഈ സാമൂഹിക അകലം എന്നത് മാത്രമാണ്. അതുകൊണ്ട് ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് അൽപനേരം ഏകാഗ്രമായിരുന്നു കൊണ്ട് ഭാരതമാതാവിനെ സ്മരിക്കുക. 130  കോടി ജനങ്ങളുടെ മുഖങ്ങളെപ്പറ്റി സങ്കല്പിച്ചു നോക്കൂ. അവരുടെ ഐക്യത്തിന്റെ ശക്തി എത്രമാത്രമുണ്ടാകും എന്നൊന്ന് ഓർത്തുനോക്കുക. അത് നമ്മളെ ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനുള്ള ശക്തി തരും. അത് നിങ്ങൾക്ക് കൊറോണയോട് പൊരുതി ജയിക്കാനുള്ള ആത്മവിശ്വാസം പകരും.  

" ഉത്സാഹോ ബലവാനാര്യ, നസ്ത്യുത്സാഹാത്പരം ബലം; സോത്സാഹസ്യ ലോകേഷു ന കിഞ്ചിദപി ദുർല്ലഭം " എന്നാണ് സുഭാഷിതത്തിൽ പറഞ്ഞിട്ടുള്ളത്. അതായത്, "നമ്മുടെ ഉത്സാഹത്തേക്കാള്‍ വലിയ ഒരു ബലമില്ല ഈ ലോകത്തിൽ. ഉത്സാഹം എന്ന ബലമുണ്ടെങ്കിൽ, നമുക്ക് കീഴടക്കാൻ സാധിക്കാത്തതായി ഈ ലോകത്ത് യാതൊന്നുമില്ല..." എന്ന്. 

വരൂ... ഒത്തുചേർന്ന്, നിറഞ്ഞ ഉത്സാഹത്തോടെ ഒന്നിച്ചുനിന്ന് കൊറോണയെ നമുക്ക് തോൽപ്പിക്കാം... ഭാരതത്തെ വിജയിപ്പിക്കാം...

എല്ലാവർക്കും എന്റെ നന്ദി... നമസ്കാരം. 
 

Follow Us:
Download App:
  • android
  • ios