"ഞാൻ ഒരു വ്യക്തിയെ 500 രൂപയ്ക്ക് ദിവസക്കൂലിയ്ക്ക് നിയമിച്ചു. മൃഗങ്ങളെ അകറ്റി നിർത്താൻ വയലിനു ചുറ്റും അയാൾ കരടിവേഷത്തിൽ നടക്കും" അദ്ദേഹം വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കാലങ്ങളായി കർഷകർ(Farmers) നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വനങ്ങളോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ(animals) കടന്നു കയറുന്നത്. കൊടുംവേനലിൽ ഉണ്ടാകുന്ന വരൾച്ചയും ഭക്ഷണം ഇല്ലായ്മയും മൃഗങ്ങളെ വനം വിട്ട് നാട് പിടിക്കാൻ പ്രേരിപ്പിക്കുന്നു. വനാതിർത്തിയിലെ കൃഷിത്തോട്ടങ്ങളിൽ കടന്ന് കയറി വിളകൾ നശിപ്പിക്കുന്ന അവ കർഷകർക്ക് ഒരു വലിയ തലവേദനയാണ്. പണം നിക്ഷേപിച്ച് മാസങ്ങളോളം നോക്കി സംരക്ഷിച്ച് വളർത്തിയ വിളകൾ ഒറ്റദിവസം കൊണ്ട് ഇല്ലാതാവുമ്പോൾ കർഷകരുടെ ജീവിതമാണ് ഇരുട്ടിലാകുന്നത്. അതുകൊണ്ട് തന്നെ അവയെ കൃഷിയിടത്തിൽ നിന്ന് ഓടിക്കാൻ കർഷകർ തങ്ങളെ കൊണ്ടാകും വിധമെല്ലാം പരിശ്രമിക്കുന്നു. ഇതുപോലെ തെലങ്കാനയിൽ ഒരു കർഷകൻ കുരങ്ങുകളിൽ നിന്നും, കാട്ടുപന്നികളിൽ നിന്നും വിളകളെ സംരക്ഷിക്കാൻ നൂതനമായ ഒരു മാർഗം കണ്ടെത്തി.
തെലങ്കാനയുടെ സിദ്ദിപേട്ടിലെ(Siddipet district) കോഹെദ മേഖലയിൽ നിന്നുള്ള ഭാസ്കർ റെഡ്ഡി(Bhaskar Reddy)യാണ് കൃഷിയിടത്തിൽ വിളകൾ കാക്കാൻ ഒരു കരടിയുടെ വേഷം ധരിച്ച് കൃഷിയിടത്തിൽ ഇറങ്ങിയത്. തന്റെ വിളകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന വന്യമൃഗങ്ങളെയും കുരങ്ങുകളെയും ഓടിക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ സവിശേഷ രീതി സ്വീകരിച്ചത്. അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ മകനും കരടിയുടെ വേഷം ധരിച്ച് വിളകൾക്ക് കാവൽ നില്കും. കുറച്ച് നാൾ അവർ മാറി മാറി ജോലി ചെയ്തു. പിന്നീട് അവർക്ക് പകരം ഈ ജോലി ചെയ്യാൻ റെഡ്ഡി ഒരാളെ നിയമിച്ചു. മൃഗങ്ങളെ അകറ്റിനിർത്താൻ കരടി വേഷം ധരിക്കുന്നതിന് ഒരു ദിവസം 500 രൂപയാണ് റെഡ്ഡി ആ വ്യക്തിയ്ക്ക് നൽകുന്നത്. അദ്ദേഹത്തിന് സ്വന്തമായി പത്തേക്കർ കൃഷി ഭൂമിയുണ്ട്. അതിൽ അഞ്ചേക്കറിൽ ചോളവും ബാക്കി സ്ഥലത്ത് പച്ചക്കറികളും കൃഷി ചെയ്യുന്നു.
"ഞാൻ ഒരു വ്യക്തിയെ 500 രൂപയ്ക്ക് ദിവസക്കൂലിയ്ക്ക് നിയമിച്ചു. മൃഗങ്ങളെ അകറ്റി നിർത്താൻ വയലിനു ചുറ്റും അയാൾ കരടിവേഷത്തിൽ നടക്കും" അദ്ദേഹം വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. റെഡ്ഡിയുടെ പദ്ധതി വൈകാതെ ഫലം കണ്ടു. വയലിൽ കരടിയുടെ രൂപം കണ്ട് ഭയന്ന് കുരങ്ങുകൾ റെഡ്ഡിയുടെ നിലങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു. ഈകാലത്തിനിടയിൽ കുരങ്ങുകൾ ഒരു തവണ മാത്രമേ റെഡ്ഡിയുടെ കൃഷിയിടത്തിൽ പ്രവേശിക്കാൻ ശ്രമിച്ചിട്ടുള്ളൂ. കരടിയുടെ രൂപം കണ്ട് ഭയന്നോടിയ അവ പിന്നീട് ശല്യം ചെയ്തിട്ടില്ല. എന്നാൽ, ഈ വസ്ത്രത്തിന്റെ അകം റെക്സിൻ കൊണ്ട് നിർമ്മിച്ചതാണ്. അതിനാൽ പെട്ടെന്ന് ചൂടെടുക്കും. പ്രത്യേകിച്ച് വേനൽക്കാലത്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ വിയർത്ത് കുളിക്കും.
നാടക കമ്പനികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന ഹൈദരാബാദിലെ ഒരാളിൽ നിന്നാണ് റെഡ്ഡി ഈ വസ്ത്രം സ്വന്തമാക്കിയതെന്ന് പറയുന്നു. ഇതിന്റെ വില 10,000 രൂപയാണ്. വേനൽക്കാലത്തെ ചൂടിൽ വസ്ത്രം ധരിക്കുന്നത് ശരിയും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെങ്കിലും, മൃഗങ്ങളെ അകറ്റി നിർത്താൻ ഇത് ഫലപ്രദമാണെന്ന് അദ്ദേഹം പറയുന്നു.
