രാജ്യം ലോക്ക് ഡൗണിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. മരണം 111 കടന്നു. പലയിടത്തുനിന്നും, കേവലം അശ്രദ്ധയും അനാസ്ഥയും നിമിത്തം പുതിയ കൊവിഡ് ഹോട്ട്സ്പോട്ടുകൾ പൊന്തിവരുന്നു. അവിടങ്ങളിൽ നിന്ന് വളരെയധികം കേസുകൾ ഒന്നിച്ചു റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ഇന്നോളം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള കൊവിഡ്  കേസുകളുടെ 80 ശതമാനവും വന്നിട്ടുള്ളത് 62 ജില്ലകളിൽ നിന്നുമാത്രമായാണ്. ഇന്ത്യയിൽ ആകെ 720 ജില്ലകൾ ഉള്ളതിന്റെ പത്തിൽ താഴെ ശതമാനം മാത്രമാണ് ഈ പ്രദേശങ്ങൾ. ഈ ജില്ലകളെ മാത്രമായി, രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ ചെയ്തപോലെ അങ്ങ് കർശനമായി ലോക്ക് ഡൗൺ ചെയ്തുകൊണ്ട് ഭീൽവാഡക്കാർ പിന്തുടർന്ന അതേ തരത്തിലുള്ള മികവുറ്റ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. 

ഇന്ത്യയിലെ കൊറോണാ വൈറസ് വ്യാപനങ്ങളുടെ ആദ്യത്തെ ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് രാജസ്ഥാനിലെ ഭീൽവാഡ ജില്ല. എന്നാൽ, തങ്ങളെ ആക്രമിക്കാൻ കടന്നു വന്ന കൊറോണ വൈറസ് എന്ന രോഗാണുവിനോട് അവർ തികഞ്ഞ തയ്യാറെടുപ്പോടെ, ഏകോപിതമായ പ്രവർത്തനങ്ങളിലൂടെ നടത്തിയത് അതിശക്തമായ ഒരു പ്രതിരോധമായിരുന്നു. അത് കൊവിഡ് പ്രതിരോധത്തിന്റെ 'ഭീൽവാഡാ മോഡൽ' എന്ന് രാജ്യമെങ്ങും അറിയപ്പെട്ടു. മഹാമാരിക്കെതിരെ പോരാടുന്നെങ്കിൽ ഭീൽവാഡക്കാർ ചെയ്തത് പോലെ എന്ന് പലരും പറഞ്ഞു തുടങ്ങി. എന്താണ് ആ പ്രതിരോധമോഡലിൽ ഇത്ര അനുകരണീയമായിട്ടുള്ളത്? 

 

 

രോഗത്തെ അടക്കി നിർത്താൻ, അതിനെ മറ്റു ജില്ലകളിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ ഭീൽവാഡ ജില്ലാ ഭരണകൂടം സ്വീകരിച്ചത് വളരെ കർശനമായ നടപടികളായിരുന്നു. ഇന്നലെ വരെ രാജസ്ഥാനിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 274 കൊവിഡ് കേസുകളാണ്. ജില്ലാഭരണകൂടം കൊവിഡിനെതിരെ സ്വീകരിച്ച നടപടികളിൽ ആദ്യത്തേത് ജില്ലാ അതിർത്തിക്കുള്ളിൽ കര്‍‌ഫ്യൂ ഏർപ്പെടുത്തുക എന്നതാണ്. അവശ്യ സേവനങ്ങൾ ഒഴികെ യാതൊന്നും തന്നെ അനുവദിക്കപ്പെട്ടില്ല. അതുകൊണ്ടുണ്ടായ നേട്ടമെന്താണ്? ഇന്നലെ വരെ അവിടെ ആകെ സ്ഥിരീകരിക്കപ്പെട്ടത് ആകെ 26 കേസുകളാണ്. അതിൽ 17 പേർക്ക് രോഗം ഭേദപ്പെട്ടുകഴിഞ്ഞു. 9 പേർ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തുകഴിഞ്ഞു. 

ഭീൽവാഡയിലെ ആദ്യത്തെ പോസിറ്റീവ് കേസ് വരുന്നത് മാർച്ച് 19 -നാണ്. അത് ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു. ആ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം അടുത്ത ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. മാർച്ച് 21 ആയപ്പോഴേക്കും അതേ ആശുപത്രിയിൽ നിന്നുതന്നെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ കേസുകളുടെ എണ്ണം പതിമൂന്നായി. സ്ഥിരീകരിക്കപ്പെട്ടവരിൽ പലരും അതേ ആശുപത്രിയിലെ ഡോക്ടർമാർ ആയിരുന്നു. പിന്നെ അവിടത്തെ മറ്റുള്ള സ്റ്റാഫും, രോഗികളും മറ്റും. മാർച്ച് 25 ആയപ്പോഴേക്കും മരണം 17 കടന്നു.  എല്ലാം ആശുപത്രിയുമായി ബന്ധമുള്ള കേസുകൾ തന്നെ. അതോടെ ആശുപത്രിയുടെ ഒരു കിലൊമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്യപ്പെട്ടു. സഞ്ചാരം പൂർണമായും വിലക്കി ഇവിടെ.

 

 

ആദ്യ മരണം വരുന്നത് മാർച്ച് 26 -ന്. എഴുപതുകാരനായ ഒരു കോവിഡ് പോസിറ്റീവ് രോഗി മരിക്കുന്നു. മകനും മകൾക്കും കൂടി അസുഖം സ്ഥിരീകരിക്കപ്പെടുന്നു. വെറും മണിക്കൂറുകളുടെ ഗ്യാപ്പിൽ അടുത്ത മരണം. അറുപതുകാരനായ ഒരു കൊവിഡ് രോഗിയാണ് അന്ന് രാത്രിയോടെ മരണപ്പെട്ടത്. എന്നാൽ, ഈ രണ്ടുമരണങ്ങളും സാങ്കേതികമായി കൊവിഡ് ബാധിച്ചായിരുന്നു എങ്കിലും, ഇരുവർക്കും ആന്തരികാവയവങ്ങൾക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു എന്നത് രാജസ്ഥാൻ ഗവണ്മെന്റ് സ്ഥിരീകരിച്ചു. 

ഈ ഒരു അവസരത്തിൽ രാജസ്ഥാൻ സർക്കാരിന് മുന്നിലെ ഏറ്റവും വലിയ കൊവിഡ് ഹോട്ട്സ്പോട്ട് ആയി വളർന്നിട്ടുണ്ടായിരുന്നു ഭീൽവാഡ ജില്ല. തന്റെ കീഴിലുള്ള ആരോഗ്യ വകുപ്പ് ജില്ലയെ അക്ഷരാർത്ഥത്തിൽ "പിടിച്ചു കെട്ടുകയാണ്" ചെയ്തത് എന്ന് ആരോഗ്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറയുന്നു. ആദ്യത്തെ പോസിറ്റീവ് കേസ് വന്നതിന്റെ മൂന്നാം ദിവസത്തേക്ക്, അതായത് മാർച്ച് 22  ആയപ്പോഴേക്കും, ആരോഗ്യവകുപ്പിന്റെ 850 ലധികം ടീമുകൾ പ്രദേശത്തെ 56,025 വീടുകളിൽ സർവേ നടത്തി 2,80,937 പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു. അവരിൽ 2250 പേർക്ക് ഫ്ളുവിന്റെ ലക്ഷണങ്ങൾ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടു. 

 

 

പോസിറ്റീവ് ആയ കേസുകളിൽ നടത്തപ്പെട്ടത് വളരെ കർക്കശമായ കോൺടാക്റ്റ് ട്രേസിങ് ആയിരുന്നു. അങ്ങനെ ഉണ്ടാക്കിയത് അഞ്ചു സംസ്ഥാനങ്ങളിൽ നിന്നു വന്നെത്തിയ 498 പേരടങ്ങുന്ന ഒരു ലിസ്റ്റാണ്. മാർച്ച് 26 ആയപ്പോഴേക്കും ക്വാറന്റൈനിൽ സൂക്ഷിക്കപ്പെട്ടത് 6445 പേരാണ്. അടുത്ത അഞ്ചു ദിവസം കൊണ്ട് 4.35 ലക്ഷം വീടുകൾ കയറിയിറങ്ങി, ബിൽവാഡയിലെ 30 ലക്ഷം പേരിൽ 22 ലക്ഷം പേരെയും സർവേ നടത്തി. rogavivarangal ശേഖരിച്ചു. ക്വാറന്റൈനിൽ ഉള്ളവർ വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നറിയാൻ വേണ്ടി ആരോഗ്യവകുപ്പ് സാങ്കേതികവിദ്യകളുടെ സഹായവും തേടിയിരുന്നു. 

ജില്ലാതിർത്തിക്കുള്ളിൽ പരിപൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പിനൊപ്പം ചേർന്നു. ഈ ശ്രമങ്ങൾ താമസിയാതെ ഫലം കണ്ടു. മാർച്ച് 30 -നുശേഷം കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. മാർച്ച് 31 -ന് പുതുതായി ഒരു കേസുപോലും ഇല്ലാതായി. ഹൈഡ്രോ ക്ളോറോക്വിൻ, ടാമിഫ്ലൂ, എച്ച്ഐവിക്ക് നൽകിയിരുന്ന മരുന്നുകൾ തുടങ്ങിയവയാണ് രോഗികൾക്കുമേൽ പ്രയോഗിക്കപ്പെട്ടത്. 

ഏറ്റവും ഒടുവിലായി ഏപ്രിൽ 3 മുതൽ പ്രഖ്യാപിക്കപ്പെട്ട 'മഹാകര്‍‌ഫ്യൂ'വിലാണ് ഭീൽവാഡ ഇപ്പോൾ. ഈ പത്തുദിവസം അടിയന്തര സർവീസുകളായ പലചരക്കു കടകളും, മരുന്നുഷോപ്പുകളും പോലും തുറന്നു പ്രവർത്തിക്കുന്നില്ല. റോഡിൽ ഒരാൾക്കുപോലും ഇറങ്ങിനടക്കാൻ അനുവാദമില്ല. എന്തെങ്കിലും അടിയന്തരമായി വേണ്ടവർക്ക് അത് എത്തിച്ചു നൽകുന്നത് പൊലീസ് ആണ് ഈ ദിനങ്ങളിൽ. അതുകൊണ്ടെന്താ, മാർച്ച് 31 നുശേഷം ഇന്നുവരെ ആകെ ഒരൊറ്റ കൊവിഡ് പോസിറ്റീവ് കേസു മാത്രമാണ് ഭീൽവാഡ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അങ്ങനെയാണ് ഇന്നലെ വരെയുള്ള കേസുകളുടെ അകെ എണ്ണം 27 -ൽ പിടിച്ചു നിർത്താൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുള്ളത്.  

 

 

ദിവസങ്ങൾക്ക് മുമ്പ് തങ്ങൾ ഒരിക്കൽ സർവേ നടത്തിയ പ്രദേശങ്ങളിൽ രണ്ടാംഘട്ട സർവേകൾ നടത്തുകയാണ് പഴയ ടീമുകൾ ഇപ്പോൾ. പുതിയ കേസുകൾ അവിടങ്ങളിൽ പൊട്ടിപ്പുറപ്പെടുന്നുണ്ടോ എന്നത് വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയാണ് അവരുടെ ലക്‌ഷ്യം. തിരക്കേറിയ ഒരു ടെക്സ്റ്റൈൽ നഗരമായ ഭീൽവാഡയിൽ ഒരു സുപ്രഭാതത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അത് ഫലപ്രദമായി നടപ്പിൽ വരുത്തുക എന്നത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമായ ഒരു ദൗത്യമായിരുന്നു. അത് ഒരല്പം പണിപ്പെട്ടിട്ടായാലും സാധിച്ചു എന്നിടത്താണ് ഭീൽവാഡ രാജ്യത്തെ മറ്റുള്ള നഗരങ്ങൾക്കുമുന്നിൽ മാതൃകയായി നിലകൊള്ളുന്നത്.