യൂറോപ്പിലും യുഎസിലും ഇതിനകം വ്യാപകമായ ജെന്‍ സിയുടെ ഇഷ്ട പാര്‍ട്ടികളെന്ന് പേര് നേടിയ കോഫി റേവുകൾ ഇന്ത്യന്‍ പുതു തലമുറയ്ക്കിടെയിലും തരംഗമാകുന്നു. 

പാർട്ടികൾ എന്ന് കേൾക്കുമ്പോൾ എന്താണ് ആദ്യം മനസ്സിൽ തെളിയുന്നത്? ഇരുൾ മൂടിയ രാവും ഡിജെയും ഡാൻസും പാട്ടും മദ്യവും ഒക്കെയാണോ? എന്നാൽ, അങ്ങനെയല്ലാത്ത ഒരു പാർട്ടി വൈബിലാണ് ഇപ്പോൾ ബംഗളൂരുവും മുംബൈയും. 'കോഫി റേവ്' എന്നാണ് ഇപ്പോൾ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന പുതിയ പാർട്ടിയുടെ പേര്. എന്താണ് ഈ കോഫി റേവ്?

കോഫി റേവ് പാർട്ടികൾക്കായി സൂര്യാസ്തമയം വരെ കാത്തിരിക്കേണ്ട. ജനാലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ പാർട്ടി സംഘടിപ്പിക്കുന്നത്. പാർട്ടിയിൽ പങ്കെടുക്കുന്നവർ സന്തോഷത്തോടെ ആസ്വദിച്ച് കുടിക്കുന്നത് മദ്യമോ മറ്റ് ലഹരി പാനീയങ്ങളോ അല്ല മറിച്ച് കോഫി ആയിരിക്കും. കൂടിച്ചേരൽ ആഘോഷമാക്കാൻ ഡിജെയും പാട്ടും നൃത്തവും ഒക്കെ ഉണ്ടാകും. വിദേശ രാജ്യങ്ങളിൽ വളരെ മുൻപ് തന്നെ കോഫി റേവുകൾ ഇടംപിടിച്ചതാണെങ്കിലും ഇന്ത്യൻ നഗരങ്ങളിലെക്ക് ഇപ്പോഴാണ് ഇതിന്‍റെ ആവേശത്തിര എത്തുന്നത്.

Scroll to load tweet…

ലണ്ടനിലെ ബേക്കറികളിലും ആംസ്റ്റർഡാമിലെ ഓപ്പൺ കിച്ചണുകളിലും ഇന്ന് കോഫി റേവുകൾ സാധാരണമാണ്. ഇപ്പോൾ മുംബൈ, ദില്ലി, സൂററ്റ്, ഇൻഡോർ, ലഖ്‌നൗ, ഹൈദരാബാദ്, നാഗ്പൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ പുതുതലമുറയും ഇത് ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോഫി ഷോപ്പുകളെ അപ്രതീക്ഷിത പാർട്ടി ഹോട്ട്‌ സ്‌പോട്ടുകളാക്കി മാറ്റുന്നതാണ് ഈ പുതിയ പ്രവണത.

കഫീൻ നിറച്ച, മദ്യം ഇല്ലാത്ത അന്തരീക്ഷത്തിൽ ഒത്തുകൂടി സംഗീതവും നൃത്തവും ഒക്കെ ആസ്വദിച്ച് മടങ്ങുകയാണ് കോഫി റേവുകളുടെ രീതി. കോഫിറേവുകൾ പൂർണ്ണമായും സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒപ്പം മദ്യവും സാധാരണ നൈറ്റ്ക്ലബ് അന്തരീക്ഷങ്ങളും ഒഴിവാക്കുന്നു. അതിനാല്‍ തന്നെ കൗമാരക്കാർ, മദ്യപിക്കാത്തവർ, അന്തർമുഖർ, സ്ത്രീകൾ എന്നിങ്ങനെ പ്രായ ലിംഗ ഭേദമന്യേ എല്ലാവര്‍ത്തും ഇത്തരം പരിപാടികളിൽ പങ്കെടുക്കാം.