Asianet News MalayalamAsianet News Malayalam

അച്ഛനേയും അമ്മയേയും സഹോദരിമാരെയും വെടിവച്ചുകൊന്ന 14 -കാരൻ, കൊലപാതകത്തിന് പിന്നിലെന്ത്?

ഒരിക്കലും കണ്ണീരൊഴുക്കുകയോ അസ്വസ്ഥനാകുകയോ ദുഃഖമോ പശ്ചാത്താപമോ പ്രകടിപ്പിക്കുകയോ ചെയ്യാത്ത ആൺകുട്ടി ചർച്ചകൾക്ക് പ്രധാന വിഷയമായി. ഒടുവിൽ, ഒരു കാരണവുമില്ലാതെയാണ് കൗമാരക്കാരൻ തന്റെ കുടുംബത്തെ മുഴുവൻ കൊന്നതെന്ന് സ്ഥിരീകരിച്ചു. 

What is Cohen Family Murder
Author
Israels Plads, First Published Nov 3, 2021, 2:52 PM IST
  • Facebook
  • Twitter
  • Whatsapp

ജറുസലേമിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു കോഹൻ കുടുംബ കൊലപാതകങ്ങൾ(Cohen Family Murder). ഒരു കുടുംബത്തിലെ നാല് അംഗങ്ങളും വെടിയേറ്റ് മരിച്ച സംഭവം ഇസ്രായേലികൾ ഒരു നടക്കത്തോടെയാണ് ഇന്നും ഓർക്കുന്നത്. 1986 -ലാണ് സംഭവം. ഫെബ്രുവരി(february) മാസത്തെ ഒരു ശൈത്യകാല രാത്രി. സമയം ഏകദേശം ഒരു മണി കഴിഞ്ഞ് കാണും. ജറുസലേമിലെ ഐൻ കെരെം പരിസരത്ത് വെടിയൊച്ചകൾ മുഴങ്ങി. ഒന്നല്ല രണ്ടല്ല, നാല് തവണ വെടിയൊച്ചകൾ രാത്രിയുടെ നിശബ്ദത ഭേദിച്ചു. ഇത് കേട്ട് ഭയന്ന പ്രദേശത്തെ ഒരു താമസക്കാരൻ പൊലീസിനെ ഉടൻ വിവരം അറിയിച്ചു. അവിടെ എത്തിയ അവി സാമുവൽ എന്ന ഉദ്യോഗസ്ഥൻ സംഭവം നടന്ന വീട്ടിലേയ്ക്ക് പ്രവേശിച്ചു. അവിടെ ഭയാനകമായ ദൃശ്യങ്ങളാണ് അദ്ദേഹം കണ്ടത്. ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ വെടിയേറ്റ് മരിച്ച് കിടക്കുന്നു. ചുവരിലും, കിടക്കയിലും എല്ലായിടത്തും രക്തം ചീന്തിയിരിക്കുന്നു.      

44 -കാരനായ നിസ്സിം കോഹനായിരുന്നു അതിലൊരാൾ. അദ്ദേഹം ഒരു മിലിട്ടറി റിസർവ് ഓഫീസറും, മുനിസിപ്പൽ സൂപ്പർവൈസറുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലിയയ്ക്ക് 40 വയസ്സായിരുന്നു. അവരുടെ രണ്ട് പെൺമക്കളായ അനത്തിനും ഷിറയ്ക്കും യഥാക്രമം 19 ഉം 18 ഉം വയസ്സായിരുന്നു. രണ്ടാമത്തെയാൾ ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു, മൂത്തവൾ സൈന്യത്തിലും. എല്ലാവരും അവരുടെ കിടക്കയിൽ ഉറങ്ങുമ്പോഴായിരുന്നു വെടിയേറ്റത്. അനത്തും ഷിറയും മുകളിലത്തെ നിലയിലുള്ള അവരുടെ കിടപ്പുമുറിയിലും, മാതാപിതാക്കൾ താഴത്തെ കിടപ്പ് മുറിയിലുമാണ് ഉറങ്ങിയിരുന്നത്. വെടിയേറ്റ് സഹോദരിമാരുടെ മുഖം വികൃതമായിരുന്നു, അതേസമയം നിസ്സിമിന്റെ അരക്കെട്ട് വെടിയേറ്റ് തകർന്നിരുന്നു. കവിളിൽ മുറിവേറ്റ ലിയ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ആകെ ചോരക്കളമായിരുന്നു വീട്. നടുക്കം വിട്ടുമാറാത്ത പൊലീസും മാധ്യമങ്ങളും സംഭവത്തിന്റെ പിന്നിലുള്ള ദുരൂഹത കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ തീർത്തും സന്തുഷ്ടമായ ഒരു മാതൃകാ കുടുംബമായിരുന്നു അതെന്ന് അയൽക്കാർ പറഞ്ഞു. എന്നിട്ടും, 1986 -ലെ ഇരുണ്ടതും മഴയുള്ളതുമായ ഒരു രാത്രിയിൽ എല്ലാം മാറിമറിഞ്ഞതെങ്ങനെ?    

അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയയുടൻ മേശപ്പുറത്ത് കൊലചെയ്യാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. നിസ്സിമിന്റെ എം -16 ആർമി റൈഫിൾ. ഇത് ഒരു തീവ്രവാദി ആക്രമണമാകാനുള്ള സാധ്യത ഉദ്യോഗസ്ഥർ ആദ്യമേ തള്ളി. കൂടാതെ വിലപിടിപ്പുള്ള വസ്തുക്കളൊന്നും കളവ് പോയിട്ടില്ലായിരുന്നു. അതുകൊണ്ട് മോഷണവുമല്ല. കുടുംബത്തിൽ ആകെ രക്ഷപ്പെട്ടത് ദമ്പതികളുടെ 14 വയസ്സുള്ള മകൻ മാത്രമാണ്. അവൻ അയൽവാസിയുടെ വീട്ടിൽ ഉണ്ടെന്നും അവന് കുഴപ്പമൊന്നുമില്ലെന്നും അവർ പിന്നീട് മനസ്സിലാക്കി. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൻ ആദ്യം പറഞ്ഞത് ഒരു കള്ളൻ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്നാണ്. എന്നാൽ കൂടുതൽ വിശദമായ ചോദ്യചെയ്യലിൽ അവനാണ് കൊലപാതകങ്ങൾ ചെയ്തതെന്ന് സമ്മതിച്ചു.

എന്നാൽ ഇത് പൊലീസിനെ അമ്പരപ്പിക്കുക മാത്രമല്ല, ആശയകുഴപ്പത്തിലാക്കുകയും ചെയ്തു. വെറും പതിനാല് വയസ്സുള്ള ഒരു കുട്ടി സ്വന്തം പിതാവിനെയും, മാതാവിനെയും, സഹോദരിമാരെയും യാതൊരു പ്രകോപനവുമില്ലാതെ തോക്കുപയോഗിച്ച് കൊല്ലുക എന്നത് തീർത്തും അസംഭവ്യമായി പൊലീസിന് തോന്നി. കുട്ടിയുടെ അധ്യാപകരും, അയൽക്കാരും അവനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ പൊലീസിനെ കൂടുതൽ തളർത്തി. അവൻ വളരെ നല്ല വിദ്യാർത്ഥിയാണെന്നും, വിനയമുള്ളവനും, സത്യസന്ധനും, പ്രസന്നനും, തമാശക്കാരനുമാണെന്നാണ് അവർ പറഞ്ഞത്. അല്പം പോലും ക്രൂരനാകാൻ അവന് സാധിക്കില്ലെന്നും അവർ ഉറപ്പിച്ച് പറഞ്ഞു. പിന്നീട് അവന്റെ അഭിഭാഷകനും തന്റെ കക്ഷിയെ കുറിച്ച് നല്ലത് മാത്രമാണ് പറയാനുണ്ടായിരുന്നത്. അവൻ സുന്ദരനും  ബുദ്ധിമാനും രസികനുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.      

ചോദ്യം ചെയ്യലിൽ സംഭവത്തെ കുറിച്ച് വിശദമാക്കാൻ പൊലീസ് അവനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ അച്ഛൻ, അവനെ റൈഫിൾ ഉപയോഗിക്കാൻ പഠിപ്പിച്ചുവെന്ന് കുട്ടി അവകാശപ്പെട്ടു. കുടുംബം ഒരുമിച്ചിരുന്ന് അത്താഴം കഴിച്ച്, ഒരു സിനിമയും കണ്ട് കിടക്കാറായപ്പോൾ ഓരോരുത്തരായി കിടപ്പ് മുറിയിലേക്ക് പോയി. അന്ന് അവർ കണ്ടത് 'പാപ്പിലോൺ' എന്ന ഇംഗ്ലീഷ് സിനിമയായിരുന്നു. ഉറക്കത്തിൽ അവൻ പെട്ടെന്ന് പള്ളി മണികൾ കേട്ടുണർന്നു. ഒരു പച്ച നിറത്തിലുള്ള ജീവി തന്റെ മുന്നിൽ വന്നുവെന്നും, തന്നോട് വീട്ടുകാരെ കൊല്ലാൻ ആജ്ഞാപിച്ചുവെന്നും അവൻ പറഞ്ഞു.  

അതുപ്രകാരം, മാതാപിതാക്കളെയും രണ്ട് സഹോദരിമാരെയും അവൻ വെടിവച്ച് കൊന്നു. തുടർന്ന് യാതൊരു ഭാവഭേദവുമില്ലാതെ അവൻ വസ്ത്രം മാറ്റി, "കള്ളൻ" എന്ന് വിളിച്ചുകൂവി പുറത്തേക്ക് ഓടി. അവന്റെ കുറ്റസമ്മതം അതേ രാത്രി തന്നെ അറസ്റ്റിലേക്ക് നയിച്ചു. താമസിയാതെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തപ്പെട്ടു. സാഹചര്യം പൂർണ്ണമായും വിലയിരുത്താൻ സാധിക്കാതെ പൊലീസ് അവനെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്തെങ്കിലും മാനസിക രോഗമുണ്ടോ എന്ന് അറിയാൻ അധികാരികൾ ആഗ്രഹിച്ചു, പക്ഷേ ഇല്ലായിരുന്നു. ഒരു കൊലപാതകം നടത്താനുള്ള യാതൊരു കാരണവും അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. വീട്ടുകാരിൽ നിന്ന് പീഡനമോ, അവഗണയോ ഒന്നും കുട്ടി അനുഭവിച്ചിട്ടില്ല. എല്ലാവർക്കും ജീവനായിരുന്നു അവനെ. ഇനി വല്ല മാനസിക അസ്വാസ്ഥ്യവുമുണ്ടോ എന്ന് പരിശോധിച്ചപ്പോൾ, അതുമല്ല. എന്തായിരുന്നു ഈ കൊലപാതങ്ങൾ ചെയ്യാൻ അവനെ പ്രേരിപ്പിച്ചതെന്നത് പൊലിസിനെയും, അഭിഭാഷകരെയും, കോടതിയെയും ഒരുപോലെ കുഴപ്പത്തിലാക്കി.

ഒരിക്കലും കണ്ണീരൊഴുക്കുകയോ അസ്വസ്ഥനാകുകയോ ദുഃഖമോ പശ്ചാത്താപമോ പ്രകടിപ്പിക്കുകയോ ചെയ്യാത്ത ആൺകുട്ടി ചർച്ചകൾക്ക് പ്രധാന വിഷയമായി. ഒടുവിൽ, ഒരു കാരണവുമില്ലാതെയാണ് കൗമാരക്കാരൻ തന്റെ കുടുംബത്തെ മുഴുവൻ കൊന്നതെന്ന് സ്ഥിരീകരിച്ചു. അവന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അവൻ ആരോഗ്യവാനാണെന്ന് വ്യക്തമാക്കി. ഉയർന്ന ഐക്യു ഉണ്ടായിരുന്ന അവനെ മറ്റേതൊരു പ്രതിയെയും പോലെ പരിഗണിക്കാൻ ജഡ്ജിക്ക് ബുദ്ധിമുട്ട് തോന്നി. അങ്ങനെ, അവന്റെ പ്രായവും അവസ്ഥയും കണക്കിലെടുത്ത്, കൊലപാതകമെന്നത് പിൻവലിച്ച് നരഹത്യയ്‌ക്ക് വിചാരണ ചെയ്തു. അവന് ഒമ്പത് വർഷം തടവ് ലഭിച്ചു. അന്നത്തെ 14 വയസ്സുള്ള കൊലയാളിയെ ഇസ്രായേലിലെ റാംലെയിലെ മാസിയഹു ജയിലിലേക്ക് മാറ്റി. അവൻ പിന്നീട് പരോളിന് അപേക്ഷിച്ചു. അവന്റെ ബുദ്ധിയും ജയിലിലെ നല്ലനടപ്പും കാരണം ശിക്ഷയുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചു, അതായത് വെറും ആറ് വർഷത്തെ തടവിന് ശേഷം അവൻ ജയിൽ മോചിതനായി.

അങ്ങനെ, കോഹൻ കുടുംബത്തിലെ അവശേഷിക്കുന്ന ഒരേയൊരു അംഗത്തിന് നല്ല പ്രായത്തിൽ തന്നെ ഒരു സാധാരണ ജീവിതം നയിക്കാൻ അവസരം ലഭിച്ചു. ഇപ്പോൾ ഭാര്യയും കുട്ടികളുമായി അയാൾ സുഖമായി ജീവിക്കുന്നു. വർഷങ്ങളോളം ധനകാര്യ മേഖലയിൽ ഒരു ഉന്നത പദവി വഹിച്ചിരുന്നു അയാൾ എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അടുത്തകാലത്തായി പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിൽ കോഹൻ കൊലപാതക പരമ്പര വീണ്ടും ചർച്ചയാവുകയും, അയാളുടെ ഭൂതകാലം വീണ്ടും വെളിച്ചത്തുവരികയും ചെയ്തു. ഇതോടെ അയാൾ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അയാളുടെ പേര് പരസ്യമാക്കിയിട്ടില്ല. തന്റെ ഉദ്ദേശ്യം എന്തായിരുന്നെന്ന് അയാളും വെളിപ്പെടുത്തിയിട്ടില്ല.  

Follow Us:
Download App:
  • android
  • ios