Asianet News MalayalamAsianet News Malayalam

നമ്മുടെ സൃഷ്ടികൾ ഇനി ഡിജിറ്റൽ ബന്ധനത്തിലാവുമോ? എന്താണീ എൻഎഫ്‍ടി?

അതെന്തായാലും ലോകം എൻ.എഫ്.റ്റിയിലേക്ക് ചേക്കേറി കഴിഞ്ഞു. നോൺ ഫഞ്ചിബൾ ടോക്കൺ എന്ന പ്രയോഗം ഭാഷാ യുക്തിക്ക് നിരക്കുന്നതാണ്. അടിസ്ഥാനപരമായി ഒരു സുഷ്ടിയോ പ്രവൃത്തിയോ ഡിജിറ്റൽ രൂപത്തിലേക്ക് ആലേഖനം ചെയ്യുന്നതോടെയാണ് എൻ.എഫ്റ്റിയുടെ തുടക്കം. 

എസ്. ബിജു എഴുതുന്നു. 

what is NFT
Author
Thiruvananthapuram, First Published Jul 28, 2022, 1:12 PM IST

നമ്മുടെ സാധാരണ തലച്ചോറുകൾക്ക് മനസ്സിലാകാത്ത വളരെ വലിയ തുകയ്ക്കാണ് ട്വിറ്ററിനെ വിലയ്ക്ക് വാങ്ങാൻ ടെസ്ല ഉടമ ഇലോൺ മസ്ക്  തീരുമാനിച്ചത്. 44 ബില്യൻ അമേരിക്കൻ ഡോളർ. ഏതാണ്ട് 3,52,000 കോടി രൂപ വരുമിത്. പിന്നീട് ആ ഇടപാട് ശരിയാകില്ലെന്ന് അദ്ദേഹത്തിനൊരു തോന്നൽ. അത് അദ്ദേഹം ഉപേക്ഷിക്കുമെന്ന സൂചന പുറത്ത് വരുമ്പോൾ ആത് വാങ്ങിയേ പറ്റൂവെന്ന നിയമ നടപടിയുമായി ട്വിറ്റർ ഉടമകൾ.  

നമ്മളും അതിശയിച്ചിട്ടുണ്ട്, നമ്മുടെ എം.പി ശശി തരൂർ absolutely, in cattle class out of solidarity with all holy cows ! എന്നൊക്കെ വിമാനത്തിലെ ഇക്കോണമിക്ക് ക്ലാസ്സിൽ യാത്ര ചെയ്യുവാനുള്ള നിർദ്ദേശത്തിലെ പ്രതിഷേധം തമാശ ട്വീറ്റ് പ്രകാശിപ്പിക്കുന്ന ഒരു മാധ്യമത്തിന് ഇത്ര വലിയ വിലയോ എന്ന്. പറഞ്ഞിട്ട് കാര്യമില്ല, ക്രിപ്റ്റോയുടെയും എൻ.എഫ്.ടിയുടെയും കാലത്തിലെ പല ഇടപാടുകളും നമ്മുടെ പരിമിത ബുദ്ധിക്ക് നിരക്കുന്നതല്ല. നാളെ ശശി തരൂർ തന്റെ ഈ കാറ്റിൽ ക്ലാസ്സ് ട്വീറ്റ് എൻ.എഫ്.റ്റി കച്ചവടത്തിന് വച്ചാൽ അതിന് കോടിയുടെ വില മതിച്ചേക്കും. ട്വിറ്റർ സഹ സ്ഥാപകൻ ജാക്ക് ഡോർസിയുടെ ആദ്യ ട്വീറ്റ് എൻ.എഫ്.റ്റി -യിൽ 2021 മാർച്ചിൽ വിറ്റുപോയത് 29 ലക്ഷം അമേരിക്കൻ ഡോളറിനാണ്. ഏതാണ്ട് 23 കോടിയിൽപ്പരം രൂപ വരുമിത്. ഈ വർഷമത് 4 കോടി 80 ലക്ഷം ഡോളറിന് മതിപ്പു ലേലത്തിന് വച്ചു. പക്ഷേ കൂടിയ വിളി വന്നത് 280 ഡോളർ മാത്രമാണ്. 

what is NFT

ക്രിപ്റ്റോയോക്കുറിച്ച് നമുക്ക് അവ്യക്തമായ ധാരണയുണ്ട്. എന്താണ് പക്ഷേ ഈ എൻ.എഫ്.റ്റി.? നോൺ ഫൻജിബൾ ടോക്കൺ ഒരുതരം ഡിജിറ്റൽ കോഡിങ്ങാണ്. സ്ഥിരമായി ഒരു ഉത്പന്നത്തിൽ പതിപ്പിക്കാവുന്ന ഡിജിറ്റൽ മുദ്രണം. അത് എങ്ങോട്ടൊക്കെ സഞ്ചരിച്ചാലും കൈമാറിയാലും അതിനെ നമുക്ക് പിന്തുടരാനാകും. ക്രിപ്റ്റോ കറൻസിയിൽ ബിറ്റ്കോയിൻ കഴിഞ്ഞാൽ ഏറ്റവും പ്രചാരത്തിയിലുള്ളത് ഈതറാണ്. അതിന്റെ ആധാരമായ എതേറിയം, ബ്ലോക്ക് ചെയിനിൽ അധിഷ്ഠിതമാണ് എൻ.എഫ്.റ്റി. 5500 കോടി ഡോളറിനാണ് കഴിഞ്ഞ ഒരു വർഷം ഇതിലൂടെ ഇടപാടുകൾ നടന്നത്. 

മറ്റുള്ളവരുടെ സൃഷ്ടികളിൽ നിന്ന് വിവരം ഉൾക്കൊള്ളാത്തവർ ആരുമുണ്ടാകില്ല. ഒരു സാഹിത്യകൃതിയോ പാട്ടോ വാർത്തയോ ഒക്കെ നമ്മെ പലപ്പോഴും സ്വാധീനിക്കുന്നുണ്ടാകും.  നമ്മുടെ സൃഷ്ടികളിൽ നാം അതാെക്കെ ഉൾകൊണ്ടിട്ടുണ്ടാകാം. അതിനെ പ്രചോദനമെന്നോ മോഷണമെന്നോ തരം പോലെ  പറയാം. കാര്യമെന്തായാലും മറ്റുള്ളവരുടെ സൃഷ്ടികൾ പകർന്നെടുക്കുക നിയമത്തിന്റെ കണ്ണിൽ പകർപ്പാവകാശ ലംഘനമാണ്. എന്നാൽ, നിയമം എന്ന് പറയുന്നത് ഓരോ പ്രദേശത്തിന്റെയും രാജ്യത്തിന്റെയും അതിരുകളിൽ വ്യത്യസ്തമാണ്. അതിരുകളില്ലാതാകുന്ന ഇന്നത്തെ ആഗോളകാലത്ത് ഇത്തരം നിയമ പരിപാലനം നടപ്പാക്കുക എളുപ്പവുമല്ല. ലോകമാകെ ഭുമിശാസ്ത്ര അതിരുകളിൽ പോലും പരമ്പരാഗത സർക്കാറുകളുടെ നിയന്ത്രണം നഷ്ടമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടത്തും രാഷ്ടീയ സർക്കാറുകളെക്കാൾ സ്വാധീനവും നിയന്ത്രണവും വലിയ ബഹുരാഷ്ട്ര കമ്പനികൾ അഥവാ കോർപ്പറേറ്റുകൾ പുലർത്തുന്ന കാലഘട്ടമാണിത്. സ്വാഭാവികമായും സാമ്പ്രദായിക സർക്കാറുകളുടെ നിയന്ത്രണത്തിന് പുറത്താവുകയാണ് നിയമവ്യവസ്ഥയും അവകാശങ്ങളും.

അതെന്തായാലും ലോകം എൻ.എഫ്.റ്റിയിലേക്ക് ചേക്കേറി കഴിഞ്ഞു. നോൺ ഫഞ്ചിബൾ ടോക്കൺ എന്ന പ്രയോഗം ഭാഷാ യുക്തിക്ക് നിരക്കുന്നതാണ്. അടിസ്ഥാനപരമായി ഒരു സുഷ്ടിയോ പ്രവൃത്തിയോ ഡിജിറ്റൽ രൂപത്തിലേക്ക് ആലേഖനം ചെയ്യുന്നതോടെയാണ് എൻ.എഫ്റ്റിയുടെ തുടക്കം. ബ്ളോക്ക് ചെയിൻ എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. ഡിജിറ്റൽ മേഖലയിൽ നടക്കുന്ന പ്രവൃത്തിയും അതിന്റെ തുടർ പ്രവർത്തനങ്ങളും ഒരു കണ്ണി പോലെ പിന്തുടരുന്നതിനെ ബ്ളോക്ക് ചെയിനെന്നു വിശേഷിപ്പിക്കാം. ഡിജിറ്റൽ ലോകത്ത് ഒരു പ്രവൃത്തിയുടെ മുൻപിൻ പ്രവർത്തനങ്ങളെ വേർതിരിക്കുന്നതും രേഖപ്പെടുത്തുന്നതും ഒരു കൂട്ടം ഡാറ്റാ ശകലങ്ങൾ വഴിയാണ്. ക്രിപ്റ്റോഗ്രാഫിക്ക് ഹാഷെന്ന് പറയുന്ന ഈ സമ്പ്രദായം വഴി നമ്മുടെ ഡിജിറ്റൽ ഇപാടുകളെല്ലാം രേഖപ്പെടുത്തുന്നു. ഇങ്ങനെ എൻ.എഫ്.റ്റി ഒരു തരം ഡിജിറ്റൽ ഉടമസ്ഥാവകാശവും പകർപ്പവകാശവും സൃഷ്ടിക്കുന്നു. പക്ഷേ, അത് സാമാന്യ നിയമങ്ങളുടെ വ്യസ്ഥകളിൽപ്പെടാത്തതിനാൽ അതിന് രാജ്യ നിയമങ്ങളുടെ സാധുത കിട്ടണമെന്നില്ല. പക്ഷേ, അതൊക്കെ ആര് ഗൗനിക്കാൻ? 

കൗതുക വിൽപ്പനകൾക്ക് അപ്പുറം എൻ.എഫ്.റ്റി ഇടപാടുകളിൽ ചാകര കൊയ്യുന്ന ചില മേഖലകളുണ്ട്. അതിൽ ഏറ്റവും പ്രധാനം ചിത്രകലയാണ്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ ചിത്ര സാങ്കേതിക വിദ്യ എന്ന പറയാം. സാമ്പ്രദായിക പെയിന്റിങ്ങുകൾക്ക് പലപ്പോഴും കിട്ടുന്ന ലേല വില നമ്മുടെ സാമാന്യ യുക്തിക്ക് അപ്പുറമാണ്. ഇന്നിപ്പോൾ എൻ.എഫ്.റ്റി മേഖലയിൽ  ഏറ്റവും വിലയേറിയ വ്യക്തി ബീപ്പിൽ എന്നറിയപ്പെടുന്ന മൈക്ക് വിൻകിൽമാനാണ്. 2007 മേയ് ഒന്നിന് തുടങ്ങി എല്ലാ ദിവസവും പുറത്തിറക്കുന്ന എവരിഡേസ് എന്ന ഡിജിറ്റൽ കലാ സൃഷ്ടി ഇതിനകം 5000 ദിവസം പിന്നിട്ടു കഴിഞ്ഞു. ഇവ  വിളക്കി ചേർത്തുണ്ടാക്കിയ കൊളാഷാണ് 6 കോടി 90 ലക്ഷം അമേരിക്കൻ ഡോളറിന് ക്രിപ്റ്റോകറൻസി ഇടപാടിലൂടെ ഒരു എൻ.എഫ്.റ്റി നിക്ഷേപകൻ കരസ്ഥമാക്കിയത്.

ക്രിസ്റ്റീസ് എന്ന പ്രമുഖ കലാ ലേല കമ്പനിയുടെ ആദ്യ സമ്പൂർണ്ണ നോൺ ഫൻജിബൽ ടോക്കൺ ഇടപാടാണിത്. അതായത് ഇവിടെ കലാരൂപം സമ്പൂർണ്ണമായി ഡിജിറ്റൽ പ്രതലത്തിലാണ്. അത് എൻ.എഫ്.റ്റി ആയതിനാൽ കലാകാരന്റെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കപ്പെടുമെന്നാണ് അനുമാനിക്കേണ്ടത്. സാധാരണ ഡിജിറ്റൽ സൃഷ്ടികളെ പക‍ർത്താൻ വലിയ പ്രയാസമൊന്നുമില്ല. എന്നാൽ എൻ.എഫ്.റ്റി ബ്ളോക്ക് ചെയിൻ സാങ്കേതിക സമ്പ്രദായത്തിൽ ആയതിനാൽ ആര് പകർത്തിയാലും അത് അറിയാൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.      

what is NFT

സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ അടക്കം സമാകാലിക വിഷയങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നതാണ് ബീപ്പിളിന്റെ കലാസൃഷ്ടികൾ. കാർട്ടൂണും, എഡിറ്റോറിയലുമൊക്കെ എങ്ങനെ കലാ സൃഷ്ടികളിൽ സമർത്ഥമായി വിളക്കി ചേർക്കാമെന്നതിന്റെ സമർത്ഥമായ ഉദാഹരണമാണിത്. പലതരം സമ്മർദ്ദങ്ങളും ഭീഷണികളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന ഇക്കാലത്ത് എങ്ങനെ മാധ്യമ പ്രവർത്തനവും പ്രകാശനവും സാധ്യമാകാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികൾ. ഗ്രാഫിക്സ് ആർട്ടും, അനിമേഷനും, ഡിജിറ്റൽ കലയും സമന്വയിപ്പിച്ചു കൊണ്ട് മൈക്ക് വിങ്കിൽമാന് മുന്നേറാൻ കഴിയുന്നത് അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ പരിജ്ഞാനം കൊണ്ടാണ്. കമ്പൂട്ടർ സയൻസിൽ 2003ൽ ബിരുദം നേടിയയാളാണിദ്ദേഹം. 

മാറുന്ന കാലത്ത് മാധ്യമ പ്രവർത്തനത്തിൽ സംഭവിക്കുന്ന രീതി മാറ്റവും മാധ്യമ പ്രവർത്തകന്റെ യോഗ്യതാ മാറ്റവും സൂചിപ്പിക്കുന്നത് കൂടിയാണിത്. കമ്പ്യൂട്ടർ ഡിജിറ്റൽ മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കലാരൂപങ്ങളും ആവിർഭവിക്കുന്നുണ്ട്. 2020 -ലെ അമരിക്കൻ തെരഞ്ഞടുപ്പ് ഫലം അനുസരിച്ച് അനിമേഷൻ മാറുന്ന രീതിയിലുള്ള കലാ രൂപമാണിത്. എൻ.എഫ്.റ്റി കച്ചവടത്തിൽ ആദ്യം 66,666 ഡോളറിനാണ് വിറ്റു പോയത്. പുനർവിൽപ്പനയിൽ അത് 67 ലക്ഷമായി ഉയരുകയും ചെയ്തു.    

കലാകാരൻമാർ മാത്രമല്ല കമ്പ്യൂട്ട‍ർ അൽഗോരിതങ്ങളും എൻ.എഫ്.റ്റി കല സൃഷ്ടിക്കുന്നുണ്ട്. സാധാരണ വരയും കുറിയുമൊക്കെ കമ്പ്യൂട്ടർ യുക്തിക്ക് അനുസരിച്ച് വ്യത്യസ്ത രൂപങ്ങളാക്കും. ബോർഡ് ആപ്സ്, ഈതർറോക്സ്, ക്രിപ്റ്റേ പങ്കസ് തുടങ്ങിയ ജനപ്രിയ ഇനങ്ങളൊക്കെ ആ ഗണത്തിൽപ്പെട്ടതാണ്. ഇവിടം കൊണ്ടും തീരുന്നില്ല. വില കൂടിയ ചിത്രങ്ങൾ വാങ്ങി അത് കത്തിച്ച് അതിന്റെ വീഡീയോ എൻ.എഫ്.റ്റി രൂപത്തിൽ വിനിമയം ചെയ്യുന്നതിൽ വരെയെത്തി നിൽക്കുന്നു. ഇം​ഗ്ലീഷ് ഗ്രാഫിറ്റി കലാകാരൻ ബംങ്കസിയുടെ ഒറിജനൽ സ്ക്രീൻ പ്രിന്റ്റ് 95,000 ഡോളർ കൊടുത്ത് വാങ്ങി  കത്തിച്ചാണ് ഇൻജ്കറ്റീവ് പ്രോട്ടോകോൾ എന്ന കമ്പനി ഇത്തരം എരിയുന്ന എൻ.എഫ്.റ്റിയുണ്ടാക്കിയത്. 

തങ്ങൾ ആ ചിത്രത്തെ  ഡിജിറ്റൽ ലോകത്തേക്ക് ആവാഹിക്കുകയായിരുന്നു കത്തിക്കലിലൂടെ ചെയ്തതെന്നായിരുന്നു അവരുടെ അവകാശ വാദം. നമുക്ക് അരോചകമെന്ന തോന്നുന്ന കാര്യങ്ങൾ പലതും പാശ്ചാത്യ ലോകത്ത്  ക്രിയാത്മകതായാണ്.  സമ്പത്തും സുഖലോലുപതയും സമാധാനവുമുള്ള യൂറോപ്യൻ പട്ടണങ്ങളിൽ സഞ്ചരിക്കുമ്പോൾ പ്രത്യ‍േകിച്ച് കാരണമില്ലാതെ അരാചക സമരങ്ങൾ അരങ്ങേറുന്നത് കാണാം. ഇപ്പോൾ അത് ഡിജിറ്റൽ ലോകത്തേക്കും വ്യാപരിക്കുന്നു എന്നേയുള്ളു. 

കായിക മത്സരങ്ങളിലെ അവിസ്മരണീയവും സാധാരണമെങ്കിലും കൗതുകകരമായ സന്ദർഭങ്ങളുമൊക്കെ ഈ വിധം നോൺ ഫഞ്ചിബൾ ടോക്കണായവയാണ്. അമേരിക്കൻ ദേശീയ ബാസ്കറ്റ്ബാൾ മത്സര മുഹൂർത്തങ്ങൾ ഇതിൽ മുൻപന്തിയിൽ നിൽക്കുന്നു. മെറ്റാവെ‍ർസിന് അനുരൂപമായി തയ്യാറാക്കിയ കാൽപ്പനിക പ്രദേശങ്ങളും സമുച്ചയങ്ങളും  ഈ നവീന പ്ളാറ്റ്ഫോമിൽ ധാരാളം വിറ്റു പോയതിൽപ്പെടുന്നു. പല ഇന്റർനെറ്റ് മീമുകളും ജാപ്പനീസ് പട്ടിയുടെയും, ദുരന്തമുഖത്ത് നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രവുമൊക്കെ എൻ.എഫ്.റ്റി തരംഗങ്ങളാണ്. ഇടയ്ക്ക് ചില അശ്ലീല വീഡീയോകളും വിൽപ്പനക്ക് വന്നെങ്കിലും ചില പ്രതിഷേധങ്ങൾ മൂലം അത് ആവർത്തിച്ചില്ല. ക്രിപ്റ്റോകികസ് എന്ന പേരിൽ പ്രമുഖ സ്പോർട്സ് ഉത്പന്ന നിർമ്മാതാക്കളായ നൈക്കിയും ഈ രംഗത്തേക്ക് കടന്നിട്ടുണ്ട്. ഇനി സിനിമക്കും പരിപാടികൾക്കുമുള്ള ടിക്കറ്റെടുത്ത് മറിച്ചു വിറ്റാലും പിടി വീഴും. ചില കമ്പനികൾ ടിക്കറ്റിനെയും എൻ.എഫ്.റ്റി മാർഗ്ഗത്തിലാക്കി അത് മറിച്ചു വിൽക്കുമ്പോഴുണ്ടാകുന്ന ലാഭവിഹിതം കരസ്ഥമാക്കാൻ സ്വരൂക്കൂട്ടുകയാണ്. 

സംഗീതം, ചലചിത്രം, ഡോക്യുമെന്ററി തുടങ്ങിയവയൊക്കെ ഇപ്പോൾ എൻ.എഫ്.റ്റി റിലീസ് തുടങ്ങിയിട്ടുണ്ട്. ശക്തമായ പകർപ്പവകാശ നിയമങ്ങളും, നിബന്ധനയുള്ള മേഖലകളാണ് ഇവ. അതിനാൽ ഈ വഴിയിൽ മുഴുവനായി ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാതെ മറ്റ് പല രീതിയിലും ചുവടുവയ്ക്കുകയാണ്. ഡെഡ്പൂൾ 2 -ന്റെ ഡിജിറ്റൽ പോസ്റ്ററുകൾ ഈ വഴി റിലീസ് ചെയ്ത് സിനിമക്ക് പ്രചാരണം നൽകുകയായിരുന്നു ട്വൻടീത്ത് സെഞ്ചറി ഫോക്സ് ചെയ്തത്. ഗോഡ്സിലാ വെർസസ് കോങ്ങ് നിർമ്മാതാക്കളാകട്ടെ സിനിമയുമായി ബന്ധപ്പെട്ട പ്രത്യേക ആർട്ട് വർക്കുകൾ എൻ.എഫ്.റ്റി -യായി പുറത്തിറക്കി. കേവലം പ്രചാരണത്തിന് അപ്പുറം ഒരു ചലച്ചിത്ര സൃഷ്ടിയെ അനുബന്ധമായി എങ്ങനെയൊക്കെ വിറ്റു കാശാക്കാമെന്നതിന് ഈ മാർഗ്ഗവും പ്രയോജനപ്പെടുത്തുകയാണ്. എന്നാൽ ഇത് പുതിയ തർക്കങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കും  വഴി വയ്ക്കുന്നുണ്ട്. 

പൾപ്പ് ഫിക്ഷന്റെ അൺകട്ട് സീനുകൾ എൻ.എഫ്.റ്റിയിൽ   പ്രകാശിപ്പിച്ചതിനെതിരെ അതിന്റെ വിതരണക്കാരായ മിറാമാക്സ് നിയമനടപടികൾ സ്വീകരിച്ചു. 1993 -ൽ ഉണ്ടാക്കിയ കരാർ പ്രകാരം എൻ.എഫ്.റ്റി അവകാശങ്ങളും തങ്ങൾക്കാണെന്നാണ് അവരുടെ വാദം. കരാറുണ്ടാക്കിയ 30 വർഷം മുമ്പ് ഈ സാങ്കേതികവിദ്യയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടു പോലുമുണ്ടാകുമോ എന്നറിയില്ല. എന്നാൽ ഈ വിഷയം എൻ.എഫ്.റ്റിയുടെ മുന്നോട്ടുള്ള പ്രയാണം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളുടെ വിരൽ ചൂണ്ടലാണ്. നിലവിലുള്ള പല നിയമങ്ങളുമായി ഇത് ഏറ്റുമുട്ടും. 

ക്രിപ്റ്റോകറൻസിയുടെ കാര്യം പറഞ്ഞപോലെ ഇത് സാമ്പ്രദായിക നിയമങ്ങളും, നിയന്ത്രണ വ്യവസ്ഥകളുമായി കലഹിക്കുകയാണ്. പല സർക്കാറുകളും രാജ്യങ്ങളും ഇതൊന്നും അംഗീകരിക്കുന്നില്ല. എന്നാൽ, സൈബ‍ർ ഇടപാടുകളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ അത് ചെയ്യുന്നവർക്ക് കിട്ടുന്ന സൗകര്യവും ഇതിനുണ്ട്. രാജ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം വ്യാപരിക്കുന്ന ഇടപാടുകളായതിനാൽ രാജ്യങ്ങളുടെയോ, അന്തർദേശീയ സംഘടനകളുടെയോ നിയമങ്ങളെ മറികടക്കാനും വെല്ലുവിളിക്കാനുമൊക്കെ എളുപ്പവുമാണ്. 

സ്വാഭാവികമായി ഊഹക്കച്ചവടത്തിനും പണം വെളുപ്പിക്കാനുമൊക്കെ പറ്റിയ ഇടമാണിത്. ഇന്റർനെറ്റ് ആവിർഭവിക്കുമ്പോഴുണ്ടായ ഡോട്ട്കോം ബബിൾ പോലെ ഇതൊരു സാമ്പത്തിക ചൂഷണ കുമിളയാണെന്ന് മുന്നറിയിപ്പുമുണ്ട്. പണം വെളുപ്പിക്കാനുള്ള കുറുക്കു വഴിയായും സാമ്പത്തിക വിദഗ്ദ്ധർ ഇതിനെ കാണുന്നു. മുൻപു തന്നെ കലാ വിൽപ്പന പണം വെളുപ്പിക്കലിനുള്ള സൂത്രപ്പണിയാണ്. എന്നാൽ, ഇപ്പോഴിത് ഡിജിറ്റൽ പ്രതലത്തിലായതിനാൽ കലാരൂപങ്ങൾ സുരക്ഷിതമായി കടത്തുമ്പോഴുള്ള   തലവേദനയും, ചെലവും, ഇൻഷ്വുറൻസ് പരിരക്ഷയും ഒക്കെ ഒഴിവാക്കാമെന്ന സൗകര്യവുമുണ്ട്. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ ട്രഷറി അധികൃതർ തന്നെ ഇക്കാര്യത്തിൽ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുലക്ഷം ഡോളറിന്റെ പണം വെളുപ്പിക്കലുമായി 2 പേർ പിടിയിലായതിനെ തുടർന്നായിരുന്നു ആ നടപടി. പല തരം കളിപ്പിക്കലും തട്ടിപ്പുകളും   ഊഹകച്ചവടവുമൊക്കെ എൻ.എഫ്.റ്റിയുടെ പേരിൽ നടന്നു കഴിഞ്ഞു. ഒരുപാട് പേർക്ക് പണം നഷ്ടപ്പെട്ടു കഴിഞ്ഞു. ഒരു തരത്തിൽ  ചൂതാട്ടത്തിന്റെ സ്വാഭാവവും ഇതിനുണ്ട്.   ചെറിയ വിലയ്ക്ക് വാങ്ങി വലിയ തുകയ്ക്ക് മറിച്ചു വിറ്റ് പണമടിക്കുന്ന ഇടനിലക്കാരുമുണ്ട്. അതുപോലെ വൻ തുകയ്ക്ക് വാങ്ങി തുടർ വിൽപ്പനയിൽ അതിന്റെ പത്തിലൊന്നു പോലും കിട്ടാതെ കബളിപ്പിക്കപ്പെടുന്നവരുമുണ്ട്. ചിലർക്ക് തങ്ങളുടെ കലാസൃഷ്ടികൾക്ക് ലക്ഷങ്ങൾ കിട്ടുമ്പോൾ ഭൂരിഭാഗത്തിനും നൂറോ ഇരൂന്നുറോ ഡോളർ പോലും ലഭിക്കാറില്ല. ഇവർക്ക് എൻ.എഫ്.റ്റി പ്ളാറ്റ്ഫോം ഫീസ് പോലും തിരിതെ ലഭിക്കാറില്ല.     

ക്രിപ്റ്റോ കറൻസിയും ബിറ്റ് കോയിൻ വഴിയുമൊക്കെ നടക്കുന്ന ഇടപാടുകളിലെ മറ്റൊരു സവിശേഷത അതിലെ നിഗൂഢതയാണ്. അത് പല എൻ.എഫ്.റ്റി ഇടപാടുകളിലും കാണാം. എൻ.എഫ്.റ്റി കലാ ഇടപാടുകളിൽ ഏറ്റവും വിലപിടിപ്പുള്ള കലാകാരൻ പാക് എന്നറിയപ്പെടുന്നു. ആരാണ് ഈ പാകെന്ന് വ്യക്തമല്ല. 66,000 -ൽപ്പരം വിൽപ്പനകൾ നടന്നിട്ടുള്ളതിനാൽ ഇത് ഒരു  കലാകാരൻമാരുടെ കൂട്ടമെന്നോ അജ്ഞാതമായ നിക്ഷേപക സംഘമെന്നോ കരുതേണ്ടിയിരിക്കുന്നു. അതിലുപരി ഇതൊരു ഇന്റർനെറ്റ് ബോട്ടിന്റെ നിയന്ത്രണത്തിലാകാനും സാധ്യതയുണ്ട്. എൻ.എഫ്.റ്റി സൃഷ്ടികളെ ബേണിങ്ങ് എന്ന പറയുന്ന പ്രക്രിയിയിലൂടെ  സ്ഥിരമായി നശിപ്പിച്ച് ക്രിപ്റ്റോ ചാരമായി മാറ്റലൊക്കെ ഇവരുടെ വിക്രിയകളാണ്.

ഒരുതരം ഗൂഢമായ സന്ദേശവാഹകരാണ് പലപ്പോഴും പാക് എൻ.എഫ്.റ്റികൾ. അതിന് രാഷ്ട്രീയ ലക്ഷ്യങ്ങളും കൽപ്പിക്കപ്പെടുന്നു. മെർജെന്ന പേരിൽ അവതരിപ്പിക്കപ്പെട്ട എൻ.എഫ്.റ്റി എഡിഷന്റെ ഒന്നിലധികം യൂണിറ്റാണ് പലരും വാങ്ങിയത്. സംഘടിതമായി ഒരു ലക്ഷ്യത്തിന് പിൻബലമേകാനായിരിക്കാം ഇതെന്ന് കരുതുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സെൻസേഡ് എന്ന പേരിൽ ഇറക്കിയ സൃഷ്ടി ജൂലിയൻ അസാജിന്റെ നിയമ പോരാട്ടത്തിന് വേണ്ടിയാണ്. പതിനായിരത്തോളം പേരിൽ നിന്ന് 5 കോടിയിൽപ്പരം  ഡോളർ ഈ വിധം സാമാഹരിക്കപ്പെട്ടു. റഷ്യൻ അധിനിവേശം നേരിടുന്ന ഉക്രൈനും വേണ്ടിയും ഈ വിധം പണം സമാഹരിച്ചു നൽകിയിട്ടുണ്ട്.  

സാമൂഹ്യ പ്രതിബദ്ധതയോടെ എൻ.എഫ്.റ്റിയെ സമീപിക്കുന്നവരുമുണ്ട്. വിക്കിപീഡീയയിലെ ആദ്യ എഡിറ്റ് അതിന്റെ സഹസ്ഥാപകൻ ജിമ്മി വെയിൽസ്  വിൽപ്പനക്ക് വച്ചത് ഉദാഹരണം. ഇതിന്റെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം വാഗ്ദ്ധാനം ചെയ്യുകയായിരുന്നു. വേറെയെവിടെയെങ്കിലും ഇത് ലേലത്തിന് വയ്ക്കാതെ എൻ.എഫ്.റ്റിയിൽ വയ്ക്കാൻ കാരണമായി ജിമ്മി വെയിൽസ് പറഞ്ഞത്  അതിന്റെ ബ്ളോക്ക് ചെയിൻ രേഖപ്പെടുത്തൽ  സവിശേത ചൂണ്ടിക്കാട്ടിയാണ്. 

പുതിയ വിനിമയ നാണ്യങ്ങളും ഉരുത്തിരിയുന്നുണ്ട്. ബിറ്റ്കോയിൻ കഴിഞ്ഞാൽ പിന്നീട് മൂല്യമുള്ള ഇതർ ആണ് ഇപ്പോൾ എൻ.എ.റ്റിക്കാർക്ക് പ്രിയങ്കരം. ലോകത്തെ  വമ്പൻ കമ്പനികളും സർവ്വകാലാശാലകളും ബാങ്കുകളുമൊക്കെ ഇത്തരം ക്രിപ്റ്റോ കറൻസികൾക്ക് പിന്നിലുണ്ട്. എന്നാൽ ഇതിന്റെ ഉടമസ്ഥാവകാശം കണ്ടു പിടിക്കുക സാമാന്യ ബുദ്ധിയിൽ പ്രയാസകരമാണ്. ഒന്നാമതായി അതിൽ ലക്ഷക്കണക്കിന് നിക്ഷേപകരുണ്ടാകാം. അതിൽ തന്നെ പലതും വ്യക്തതയില്ല. നിക്ഷേപക സ്ഥാപനങ്ങളും കൺസോർഷ്യങ്ങളുമാകാം ഓഹരിയുടമകൾ. അതിലെ നിക്ഷേപകരെ തെരഞ്ഞാൽ എത്തുക മറ്റൊരു കമ്പനിയിലാകാം. 

what is NFT

വിവിധ രാജ്യങ്ങളിലെ സർക്കാറുകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാർക്കും  ഉദ്യോഗസ്ഥർക്കും തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനായി അവരെല്ലാം നിയമ വിരുദ്ധമായ ഈ അവ്യവസ്ഥയെ അളവറ്റ് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. കൊവിഡ് കാലത്ത് നാമെല്ലാം മാളത്തിലിരിക്കാൻ നിർബന്ധിതമായ കാലത്താണ് എൻ.എഫ്.റ്റിയും വളർന്ന് പന്തലിച്ചത്. 2020 -ലും 2021 -ലും ഉണ്ടായ നോൺ ഫഞ്ചിബൾ ടോക്കണുകളുടെ വളർച്ച ഈ വർഷം ശോഭനമല്ല. "irrational exuberance bubble" അഥവാ അതിഗംഭീരമെങ്കിലും  യുക്തിരഹിതമായ കുമിളയാണ് ഇതെന്നാണ് എൻ.എഫ്.റ്റിയിലെ വിലയേറിയ താരമായ ബീപ്പിൾ തന്നെ പിന്നീടിതിനെ  വിശഷിപ്പിച്ചത്. 

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും മാധ്യമ മേഖല NFT യിലേക്ക് കാര്യമായി കടക്കാൻ ഒരുങ്ങുകയാണ്. ഏറ്റവും കൂടൂതൽ പകർപ്പവകാശ ലംഘനം നടക്കുന്നത് മാധ്യമ രംഗത്താണ്. സാമ്പ്രദായിക വാട്ട‍ർമാർക്കിങ്ങ്  രീതി മോഷണം തടയാൻ പര്യാപ്തമല്ല. അടിസ്ഥാന ഉത്പാദകന് കിട്ടുന്നതിന്റെ പതിൻമടങ്ങാണ് ഇടനിലക്കാർ കൊണ്ടു പോകുന്നത്. ഒരിക്കൽ കൈവിട്ടുപോയാൽ അത് എവിടെയൊക്ക, ആരുടെ കൈയിലൊക്കെയാണോ പോകുന്നതെന്ന് കണ്ടു പിടിക്കുക ഏതാണ്ട് അസാധ്യമാണ്.  

ബ്ലോക്ക് ചെയിനിൽ അധിഷ്ഠിതമായ എൻ.എഫ്.റ്റി പോകുന്ന വഴിയെല്ലാം തെളിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമ മേഖല സാകൂതം ഉറ്റു നോക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 5500 കോടി ഡോളറിന്റെ ഇടപാടുകൾ നടന്ന എൻ.എഫ്.റ്റി -യെ മാധ്യമ മേഖല മുറുകേ പിടിക്കുമെന്ന് പ്രൈസ് വാട്ടർ കൂപ്പറിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇനിയുള്ള കാലം കായിക സംഗീത മേഖലയിലെ മാധ്യമ പ്രവർത്തനം എൻ.എഫ്.റ്റിയിലേക്ക്  വലിയ തോതിൽ മാറുമെന്നാണ് കണക്കുകൂട്ടൽ. ഓപ്പൺ സീ, ഓട്ടോഗ്രാഫ് തുടങ്ങിയ പ്ളാറ്റുഫോമുകളിൽ നൂറു കണക്കിന് കായിക മൂഹൂർത്തങ്ങളാണ് എൻ.എഫ്.റ്റി കോഡിങ്ങിലൂടെ വിൽപ്പനക്ക് വന്നിട്ടുള്ളത്. 

ഒരു പരിപാടിക്കോ സംഗീത ആൽബത്തിനോ, സിനിമക്കോ, പുസ്തകത്തിനോ ഒക്കെ  ക്രൗഡ് ഫണ്ടിംഗ് സാധാരണമാണ്. ഇനിയിത് എൻ.എഫ്.റ്റി രൂപത്തിലേക്ക് മാറിയാൽ ആ പരിപാടിക്ക് കിട്ടുന്ന ലാഭം അതിനായി ഫണ്ട് ചെയ്ത പൊതുജനങ്ങൾക്ക് കൂടി തിരികെ പങ്കിടാൻ സഹായിക്കും. കാത്തിരിക്കുക മെറ്റാവേഴ്സ് കാലത്തിലേക്ക് നാം കടക്കുമ്പോൾ ഇത്തരം പുത്തൻ അവതാരങ്ങൾക്കായി.     

Follow Us:
Download App:
  • android
  • ios