Asianet News MalayalamAsianet News Malayalam

എന്താണ് ടേബിൾ ടോപ്പ് റൺവേ? കരിപ്പൂർ വിമാനാപകടം 2010 -ലെ മംഗലാപുരം അപകടത്തെ ഓർമിപ്പിക്കുന്നത് എന്തുകൊണ്ട് ?

പൈലറ്റിന്റെ കണക്കുകൂട്ടലുകൾ, അല്പമൊന്നു തെറ്റിയാൽ തീന്മേശയിൽ നിന്ന് പാത്രം താഴെ വീഴുമ്പോലെ വിമാനവും താഴേക്ക് മൂക്കും കുത്തി നിലംപതിക്കും.

what is table top runway? why karipur air crash reminds of mangalore  crash in 2010?
Author
Karipur, First Published Aug 8, 2020, 10:03 AM IST

ഇന്നലെ രാത്രി നടന്ന കരിപ്പൂർ വിമാനാപകടം, അപകടം നടന്ന രീതിയിലെ സാമ്യം കൊണ്ട് ഏറ്റവും ആദ്യം ഓർമിപ്പിക്കുന്നത് മംഗലാപുരം വിമാനാപകടത്തെയാണ്. 2010 മെയ് 22 രാവിലെ 6.07 -ന് ലാന്‍‍‍ഡിംഗ് ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഇതുപോലെ റൺവേയിൽ നിന്ന് താഴെക്ക് നിലം പതിച്ച വിമാനം കത്തിയമർന്ന് വിമാനത്തിലെ യാത്രക്കാരിൽ ആറുപേരൊഴികെ മറ്റെല്ലാവരും വെന്തുമരിച്ചു. അന്ന് വിമാനത്തിന് തീപിടിച്ചു എങ്കിൽ, ഇന്ന് അതൊഴിവായി എന്നതാണ് കാര്യമായ ഒരു വ്യത്യാസം. 

ആറു വിമാനജീവനക്കാരും 32 സ്ത്രീകളും 23 കുട്ടികളും വെന്തുമരിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട കാസര്‍കോട് സ്വദേശി കൃഷ്ണന് ഇന്നും അത് നടുക്കുന്ന ഓര്‍മ തന്നെയാണ്.കൃഷ്ണനെ പോലെ ആറു പേര്‍ ജീവിതത്തിലേക്ക് തിരിച്ചുകയറി. വിമാനത്തിൽ കയറും മുമ്പ് ദുബായ് എയര്‍പോര്‍ട്ടില്‍ ഓടിക്കളിച്ച് നടന്ന കുട്ടികളുടെ, പിന്നീടുള്ള നിലവിളികള്‍ കൃഷ്ണന്‍റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. നിയന്ത്രണം വിട്ടപ്പോള്‍ തന്നെ വിമാനത്തിന്‍റെ ഉള്‍ഭാഗം പൊട്ടിത്തെറിക്കുന്നത് പോലെ കുലുങ്ങുകയായിരുന്നു എന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നു.

 

what is table top runway? why karipur air crash reminds of mangalore  crash in 2010?

 

ശരീരം മുറിഞ്ഞ് ചോര പൊടിയുന്നതറിഞ്ഞിട്ടും വിമാനത്തിനുള്ളില്‍ നിന്ന് ചെറിയ വെളിച്ചം കണ്ട വിടവിലൂടെ കൃഷ്ണന്‍ ജീവിതത്തിലേക്ക് വലിഞ്ഞു കയറി. അപ്പോഴും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഞരക്കം കേള്‍ക്കാമായിരുന്നു. കൂരിരുട്ടായതിനാല്‍ ആരെയും കാണാൻ കഴിയുന്നില്ലായിരുന്നു അദ്ദേഹത്തിന്. വിമാനത്തിന് മുകളില്‍ നിന്ന് താഴേക്ക് എടുത്തുചാടി ഉരുണ്ട് വീണത് കാട്ടിലേക്കായിരുന്നു.. എണീറ്റ് തിരിഞ്ഞുനോക്കുമ്പോഴേക്ക് വിമാനം കത്തിയമര്‍ന്ന് തുടങ്ങിയിരുന്നു. മുന്നില്‍ക്കണ്ട വഴിലൂടെ ഓടി റെയില്‍വേ ട്രാക്കിലെത്തി. ആശുപത്രിയിലെത്തുന്നതുവരെ ദുരന്തത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് കൃഷ്ണനറിഞ്ഞിരുന്നില്ല.  

ഇന്നലെ IX 1344 കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ടപ്പോൾ അതിലെ പൈലറ്റും കോപൈലറ്റും അടക്കം 18 പേർ മരണപ്പെട്ടു കഴിഞ്ഞു. ഏകദേശം എല്ലായാത്രക്കാരും തന്നെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരികയാണ്. പലരുടെയും പരിക്കുകൾ ഗുരുതരമാണ് എന്നതിനാൽ മരണസംഖ്യ ഇനിയും ഏറാനിടയുണ്ട്. അതേസമയം, കരിപ്പൂർ വിമാനത്താവളവും മംഗലാപുരം വിമാനത്താവളവും ഒരുപോലെ കോണുകളിൽ നിന്നും ഉയർന്ന സുരക്ഷാ സംബന്ധിയായ മുൻകരുതലുകൾ നിരന്തരം അവഗണിച്ചതിന്റെ പരിണിത ഫലമാണ് ഇന്നലെ രാത്രിയിലെ വിമാനാപകടം എന്നും, ഏത് നിമിഷവും നടക്കാവുന്ന ഒരു അപകടത്തിന്റെ മുകളിലാണ് ആ ടേബിൾ ടോപ്പ് എയർപോർട്ട് ഇരുന്നിരുന്നത് എന്നുമുള്ള വിമർശനങ്ങളും ഉയർന്നുവരികയാണ്.  

എന്താണ് 'ടേബിൾ ടോപ്പ്' റൺവേ ? 

ടേബിൾ ടോപ് എന്നുവെച്ചാൽ 'മേശപ്പുറം'.  ചില വിമാനത്താവളങ്ങളിലെ ഒരു മേശയുടെ മുകളിലെ പ്രതലം പോലെ, ചുറ്റുപാടിൽ നിന്ന് ഉയർന്നു നിൽക്കുന്ന റൺ‌വേ ആണുണ്ടാവുക. ഇവയെ വിളിക്കുന്ന സാങ്കേതിക പദമാണ് ടേബിൾടോപ്പ് റൺ‌വേ എന്നത്. കുന്നിൻമുകളിലെ ഭൂമി നിരത്തിയെടുത്തുണ്ടാക്കുന്ന ഇത്തരം റൺവേകൾക്ക് നാല് ചുറ്റുമുള്ള പ്രദേശം താഴ്ചയുള്ള സ്ഥലമായിരിക്കും. പൈലറ്റിന്റെ കണക്കുകൂട്ടലുകൾ, അല്പമൊന്നു തെറ്റിയാൽ തീന്മേശയിൽ നിന്ന് പാത്രം താഴെ വീഴുമ്പോലെ വിമാനവും താഴേക്ക് മൂക്കും കുത്തി നിലംപതിക്കും.

 

 

ഇന്ത്യയിൽ മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ്‌ ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്. മംഗലാപുരം വിമാനപകടത്തിനു കാരണമായതിൽ ഒരു ഘടകം ടേബിൾടോപ്പ് റൺ‌വേയാണ്‌ എന്നൊരു ആക്ഷേപം അന്നുയർന്നു വന്നിരുന്നു എങ്കിലും പിന്നീട്, അത് പൈലറ്റിൽ നിന്നുണ്ടായ പിഴവാണ് എന്ന രീതിയിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

പൈലറ്റിന്റെ ഭാഗത്തു നിന്ന് വലിയ ശ്രദ്ധയും സാങ്കേതിക തികവും ആവശ്യമുണ്ട് ടേബിൾ ടോപ് ലാൻഡിങ്ങുകൾക്ക്. ഉയർന്നപേയ് ലോഡും വേണ്ടത്ര  'സ്ലോ ഡൌൺ ഡിസ്റ്റൻസും' ഇല്ലാതെ ടേബിൾ ടോപ്പ് റൺവേകളിൽ വിമാനത്തെ ഹാൾട്ടിലേക്ക് കൊണ്ടുവരിക പ്രയാസമാണ്. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയുടെ നീളമെന്നത് 2,860m ആണ്. മംഗലാപുരം വിമാനത്താവളത്തിലേതിനേക്കാൾ വെറും 400m മാത്രം അധികം. ഇവിടെ വീതി കൂടിയ ബോഡിയുള്ള വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത് അപകട സാധ്യത കൂടിയ ഒരു പ്രവൃത്തിയാണ്. മോശം കാലാവസ്ഥക്ക് കാരണമുണ്ടാകുന്ന പ്രയാസങ്ങൾക്ക് പുറമേ, ഇങ്ങനെയുള്ള ലാൻഡിങ്ങുകളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷനുണ്ടാകാനും സാധ്യതയുണ്ടാവുമെന്നതിനാൽ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്. റൺവേയ്ക്ക് ശരിക്കും ഉള്ളതിൽ കൂടുതൽ നീളം തോന്നിക്കുന്ന പ്രതിഭാസമാണ് ഈ 'ഒപ്റ്റിക്കൽ ഇല്ല്യൂഷൻ' എന്ന് പറയുന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ മുമ്പു നടന്നിട്ടുള്ള ചെറിയ അപകടങ്ങൾ 

7 നവംബർ 2008: എയർ ഇന്ത്യയുടെ എയർബസ് 310 വിമാനം AI 962 ജിദ്ദയിൽ നിന്ന് ലാൻഡ് ചെയ്തപ്പോൾ അതിന്റെ വലത്തേ ചിറകിന്റെ അറ്റം റൺവേയിൽ ഉരഞ്ഞു. ചിറകിനു തകരാറുണ്ടായി. റൺവേയിൽപോറിയതിന്റെ പാടും ഉണ്ടായി.  

9 ജൂലൈ 2012: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ബോയിങ് 737-800 ശക്തമായ മഴയത്ത് ലാൻഡ് ചെയ്യുന്നതിനിടെ വഴുതി നീങ്ങി. ലാൻഡിംഗ് ഗിയർ റൺവേയുടെ ബീക്കണുമായി കൂട്ടിയിടിച്ച്, ബീക്കണുകൾ തകരാറിലായി.  
 
25 ഏപ്രിൽ 2017: എയർ ഇന്ത്യ എയർബസ് A321-200 -ന് ടേക്ക് ഓഫ് സമയത്ത് എഞ്ചിൻ തകരാറുണ്ടായി. ഇടത്തേ ലാൻഡിംഗ് ഗിയറിന്റെ ചക്രം പൊട്ടി. അന്ന് ടേക്ക് ഓഫ് അബോർട്ട് ചെയ്യപ്പെട്ടു. ഫ്ലൈറ്റ് ക്യാൻസൽ ചെയ്യപ്പെട്ടു.

4 ഓഗസ്റ്റ് 2017: സ്പൈസ്ജെറ്റ് ബൊംബാർഡിയർ ഡാഷ് 8 വിമാനം സ്കിഡ് ചെയ്ത ബീക്കണുകൾ ഇടിച്ച് തകർത്തു. 

ഈ അപകടങ്ങളിലൊന്നും പക്ഷെ ആളപായമൊന്നും ഉണ്ടാവാതെ രക്ഷപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios