അസമിലെ ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബോർദലോയി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്നലെ ബ്ലൂഡാർട്ടിന്റെ ഒരു പ്രത്യേക വിമാനം വന്നിറങ്ങി. 50,000 പിപിഇ കിറ്റുകളുമായിട്ടായിരുന്നു ചൈനയിൽ നിന്നുള്ള ആ പ്രത്യേക വിമാനത്തിന്റെ വരവ്. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും ആവശ്യമായത്ര പിപിഇ കിറ്റുകൾ കിട്ടാതെ ആരോഗ്യപ്രവർത്തകർ വലയുമ്പോഴും അവർക്ക് ഇതുവരെ ചൈനയിലെ കമ്പനികൾക്കുതന്നെ നേരത്തെ നൽകിയ ബൾക്ക് ഓർഡറിന്റെ ഡെലിവറി കിട്ടിയിട്ടില്ല. എന്നാൽ, അതേ സമയം ഇന്നത്തെ സാഹചര്യത്തിൽ ഒട്ടു ദുഷ്കരം എന്നുതന്നെ പറയാവുന്ന ആ കാര്യം അസം സംസ്ഥാനം സാധിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. എന്താണ് അതിനു പിന്നിലെ രഹസ്യമെന്നോർത്ത് അതിശയിക്കുകയാണ് ഇതുവരെ പിപിഇ കിറ്റുകൾ കിട്ടാത്ത മറ്റു സംസ്ഥാനങ്ങളിലെ അധികാരികൾ. 

രാത്രി എട്ടരയ്ക്കാണ് അസമിലെ ആരോഗ്യവകുപ്പ് മന്ത്രി ഹിമന്ത് ബിശ്വ സർമ ബ്ലൂഡാർട്ട് വിമാനത്തോടൊപ്പം നിന്നെടുത്ത സെൽഫി ട്വീറ്റ് ചെയ്തത്. ട്വീറ്റിലെ വരികൾ ഇങ്ങനെ,
"സന്തോഷിക്കാൻ മറ്റൊരു കാരണം കൂടി. ജീവൻ രക്ഷിക്കുക എന്നതിന് പ്രഥമപരിഗണന നൽകിക്കൊണ്ട് ഞങ്ങൾ ഗ്വാങ്ജോയിൽ നിന്ന് നേരിട്ട് 50,000 പിപിഇ കിറ്റ് ഇറക്കുമതി ചെയ്തിരിക്കുന്നു. ഞാൻ ഇന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പിജുഷ് ഹസാരികയ്ക്കൊപ്പം ഇപ്പോൾ ഗുവാഹത്തി വിമാനത്താവളത്തിൽ നേരിട്ടെത്തി ഈ ഷിപ്മെന്റ് ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇത് ഞങ്ങളുടെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും വലിയ ഒരു ആശ്വാസ വാർത്തയാണ്..." 

 

 

ചൈനയിൽ നിന്ന് നേരിട്ട് പിപിഇ കിറ്റ് ഇറക്കുമതി ചെയ്ത ആദ്യ സംസ്ഥാനം എന്ന നേട്ടം ഇതോടെ അസമിന്‌  സ്വന്തമാണ്. പല സംസ്ഥാനങ്ങളുടെയും ആശുപത്രികളിൽ വേണ്ടത്ര പിപിഇ കിറ്റുകൾ ഇല്ലാത്തതിന്റെ പേരിൽ അവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആത്മബലത്തിന് ഇടിവ് വന്നിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് തങ്ങൾ നേരിട്ട് മുൻകൈയെടുത്തത് എന്നാണ് അസം സർക്കാർ പറയുന്നത്. അസമിൽ ആകെയുള്ളത് 34 കൊവിഡ് രോഗികളാണ്. അഞ്ചുപേർ ചികിത്സയിൽ രോഗം ഭേദമായി തിരിച്ചു പോയി. ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട് അസമിൽ. നിസാമുദ്ദീൻ മർകസിൽ പോയി വന്ന നിരവധി തബ്‌ലീഗ് ജമാഅത്തുകാരും അസമിൽ ഉണ്ട്. ഉത്തരപൂർവ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത്  അസമിലാണ്.  

കൊവിഡ് തുടങ്ങുന്നതിനു മുമ്പ് അസം ആരോഗ്യവകുപ്പിന്റെ കയ്യിൽ വെറും പത്തു പിപിഇ കിറ്റ് മാത്രം സ്റ്റോക്കുണ്ടായിരുന്ന ഒരു സമയമുണ്ടായിരുന്നു. ഇന്ന് അതേസ്ഥാനത്ത് അവരുടെ സ്റ്റോറുകളിൽ ഒന്നരലക്ഷം പിപിഇ കിറ്റുകൾ കരുതലുണ്ട്. ലോകരാഷ്ട്രങ്ങൾ മുഴുവൻ പിപിഇ കിറ്റുകളുടെയും ടെസ്റ്റിങ് കിറ്റുകളുടെയും ഒക്കെ പേരിൽ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അസം സർക്കാർ ഇത് പുഷ്പം പോലെ സാധിച്ചത് കണ്ടപ്പോൾ പലരും ചോദിക്കുന്ന ചോദ്യമിതാണ് : "ഗുവാഹത്തിയും ഗ്വാങ്ജോയും തമ്മിലുള്ള ബന്ധമെന്താണ്?" 

 

 

എന്നാൽ പലരും കരുതുന്നതുപോലെ ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇതത്ര പ്രയാസമുള്ള പണിയല്ല എന്നാണ് പരിചയസമ്പന്നരായ കയറ്റിറക്കുമതി വ്യാപാരികൾ പലരും പറയുന്നത്. ഇതിനു കുറച്ച് മുന്നൊരുക്കങ്ങൾ മാത്രമാണ് ആവശ്യമുള്ളത്. സാധാരണ ഗതിയിൽ അടിയന്തര സാഹചര്യങ്ങളിൽ ചൈനയുമായി ഇപ്പോൾ വ്യാപാരബന്ധങ്ങൾ ഉള്ള ഏതെങ്കിലും ട്രേഡറുടെ സഹായം തേടാറുണ്ട് സർക്കാരുകൾ എന്നും, ഇത് അങ്ങനെ വല്ല ട്രേഡറും അസം സർക്കാരിനെ സഹായിച്ചതാകും എന്നുമാണ് പറയപ്പെടുന്നത്. അങ്ങനെ വിപണിയിൽ സ്വാധീനമുള്ള ഏതോ ട്രേഡർമാർ വഴിയാകും അസം സാധാരണ നിലയ്ക്ക് സാധിച്ചെടുക്കാൻ പ്രയാസമുള്ള ഈ വാങ്ങൽ നടത്തിയെടുത്തത്. ഈ വിമാനത്തിന് വേണ്ട കസ്റ്റംസ്, ട്രാൻസ്‌പോർട്ടേഷൻ ക്ലിയറൻസുകൾക്ക് കേന്ദ്രവും സഹായങ്ങൾ നൽകിയിട്ടുമുണ്ടാവും. എന്തായാലും ഇത് സംബന്ധിച്ച ചുവപ്പുനാടകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ കടന്നുകിട്ടാൻ അസമിന്‌ സാധിച്ചു എന്നതുകൊണ്ടാണ് അവർക്ക് ആദ്യത്തെ ഡെലിവറി കിട്ടിയത്. 

അസുഖം ലോകമെമ്പാടും പടർന്നു പിടിച്ചിച്ച ഈ സാഹചര്യത്തിൽ ഏറ്റവും നല്ല രീതിയിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾക്ക് രോഗവ്യാപന നിരക്കിനും തടയിടാൻ സാധിക്കും. ആരോഗ്യമന്ത്രി ഹിമന്ത് ബിശ്വ സർമ ഇക്കാര്യത്തിൽ കൃത്യമായ കത്തിടപാട് നടത്തിയിരുന്നു എന്നും അദ്ദേഹത്തിന്റെ കൂടി ഉത്സാഹത്തിലാണ് കാര്യങ്ങൾ ഇത്ര പെട്ടെന്ന് സാധിച്ചത് എന്നും പറയപ്പെടുന്നു.