തടിവാതിലുകളിൽ കാണുന്ന ഉയർന്നുനിൽക്കുന്ന പാനലുകളും ഡിസൈനുകളും വെറും അലങ്കാരമല്ല. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് മരം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോൾ വാതിലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സഹായിക്കുന്ന 'ഫ്ലോട്ടിംഗ് പാനൽ' എന്ന തന്ത്രമാണിത്. 

മ്മുടെ വീടുകളിലെ തടിവാതിലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയിൽ മനോഹരമായി കൊത്തിവെച്ചത് പോലെ ഉയർന്നുനിൽക്കുന്ന ചതുരങ്ങളും അവയുടെ അരികുകളിൽ ചരിഞ്ഞ ഡിസൈനുകളും കാണാം. ഇത് വെറും ഭംഗിക്ക് വേണ്ടിയാണെന്നാണ് നമ്മളിൽ ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ, ഇതിന് പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രസകരമായ ഒരു ശാസ്ത്രീയ സത്യമുണ്ട്.

'ഫ്ലോട്ടിംഗ് പാനൽ'

പഴയ തടിവാതിലുകളിലും അലമാരകളിലും കാണുന്ന കട്ടി കൂടിയ പാനലുകളും അവയുടെ അരികുകളിലെ ചരിഞ്ഞ ഡിസൈനുകളും യഥാർത്ഥത്തിൽ ഒരു സുരക്ഷാ സംവിധാനമായാണ് മരപ്പണിക്കാർ വികസിപ്പിച്ചെടുത്തത്. മരം ഒരു പ്രകൃതിദത്ത വസ്തുവായതുകൊണ്ട് അന്തരീക്ഷത്തിലെ ഈർപ്പത്തിനും താപനിലയ്ക്കും അനുസരിച്ച് അത് വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ഒരു വലിയ മരപ്പലക നേരിട്ട് വാതിലായി ഉപയോഗിച്ചാൽ, അത് വികസിക്കുമ്പോൾ വാതിലിന്‍റെ ചട്ടക്കൂട് പൊട്ടുകയോ അല്ലെങ്കിൽ വാതിൽ അടയ്ക്കാൻ പറ്റാത്ത വിധം വളഞ്ഞുപോവുകയോ ചെയ്യുമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് പണ്ടത്തെ കരകൗശല വിദഗ്ധർ 'ഫ്ലോട്ടിംഗ് പാനൽ' എന്ന വിദ്യ കണ്ടുപിടിച്ചത്.

ചൂടും തണുപ്പും പിന്നെ വാതിൽ പാളിയും

വാതിലിന്‍റെ പുറം ചട്ടക്കൂടിനുള്ളിൽ നടുവിലെ പാനൽ ഉറപ്പിക്കാതെ, ചെറിയ വിടവുകൾ ഇട്ടാണ് ഇത് നിർമ്മിക്കുന്നത്. അന്തരീക്ഷത്തിലെ ചൂട്, തണുപ്പ് തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് തടി വികസിക്കുമ്പോൾ വാതിലിന്‍റെ ചട്ടക്കൂട് തകരാതിരിക്കാൻ ഈ വിടവുകൾ സഹായിക്കുന്നു. പാനലുകൾക്ക് ബലം നൽകാൻ കട്ടിയുള്ള തടി വേണം. എന്നാൽ, അത്രയും കട്ടിയുള്ള തടി ഫ്രെയിമിലെ ചെറിയ വിടവുകളിലേക്ക് കയറ്റി വെക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് പാനലുകളുടെ അരികുകൾ മാത്രം ചെത്തി മിനുക്കി കനം കുറയ്ക്കുന്നത്. ഇതോടെ നടുഭാഗം ഉയർന്നുനിൽക്കുന്ന മനോഹരമായ ഒരു ഡിസൈനായി വാതിലുകൾ മാറുന്നു.

ലോകം മുഴുവനും ഏറ്റെടുത്ത ഡിസൈൻ

ശാസ്ത്രീയമായ ആവശ്യത്തിന് തുടങ്ങിയതാണെങ്കിലും, ഈ ചരിഞ്ഞ ഭാഗങ്ങൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് മൂലം വാതിലുകൾക്ക് പ്രത്യേക ഭംഗി നൽകുന്നുവെന്ന് പിന്നീട് മനസ്സിലാക്കി. അങ്ങനെ ഇത് ലോകമെമ്പാടുമുള്ള ഫർണിച്ചർ നിർമ്മാണത്തിലെ പ്രധാന ശൈലിയായി മാറി. ചുരുക്കത്തിൽ, ഇന്ന് കാണുന്ന മനോഹരമായ ആ ഡിസൈനുകൾ വാതിലുകൾ വളഞ്ഞുപോകാതെയും കേടുപാടുകൾ കൂടാതെയും വർഷങ്ങളോളം നിലനിൽക്കാൻ വേണ്ടിയുള്ള ബുദ്ധിപരമായ ഒരു നിർമ്മാണ രീതിയാണ്.