അമേരിക്കയിലെ ജീവിതത്തിൽ മനംമടുത്ത ഒരു യുഎസ് പൗരൻ ദില്ലിയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നതായി റെഡിറ്റിൽ കുറിച്ചു. ഇന്ത്യൻ ഭക്ഷണത്തോടും സംസ്കാരത്തോടുമുള്ള താല്പര്യമാണ് ഇതിന് കാരണമായി പറയുന്നത്, ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

മേരിക്കയിലെ തിരക്കുപിടിച്ച ജീവിതവും അവിടുത്തെ സാമൂഹിക പ്രശ്നങ്ങളും മടുത്തെന്ന് തുറന്നുപറഞ്ഞ് ഒരു യുഎസ് പൗരൻ രംഗത്ത്. തന്‍റെ ബാക്കി ജീവിതം ഇന്ത്യയിൽ, പ്രത്യേകിച്ച് ദില്ലിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പങ്കുവെച്ച റെഡിറ്റ് പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സമൂഹ മാധ്യമ കുറിപ്പ് അനുസരിച്ച് ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന മുപ്പതുകളിൽ പ്രായമുള്ള ഇദ്ദേഹം, തന്‍റെ കരിയറിൽ നിന്നും നേരത്തെ വിരമിച്ചയാളാണ്. അമേരിക്കയിൽ താൻ നേരിടുന്ന പല പ്രശ്നങ്ങളും തന്നെ മടുപ്പിച്ചിരിക്കുകയാണെന്നും, സമാധാനപരമായ ഒരു മാറ്റമാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഇന്ത്യൻ ഭക്ഷണവും സ്ത്രീകളും

ദില്ലിയെ തന്‍റെ പുതിയ താമസ സ്ഥലമായി തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ചില പ്രത്യേക കാരണങ്ങളുണ്ട്. പ്രധാനമായും അദ്ദേഹം ചൂണ്ടികാട്ടുന്നത് ഭക്ഷണമാണ്. ഇന്ത്യൻ വിഭവങ്ങളോടുള്ള തന്‍റെ വലിയ താല്പര്യം അദ്ദേഹം എടുത്തു പറയുന്നു. നിലവിൽ അദ്ദേഹം നടത്തുന്ന കമ്പനിയിൽ ധാരാളം ഇന്ത്യൻ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. അവരുമായുള്ള ഇടപെടലിലൂടെ ഇന്ത്യൻ സംസ്കാരം തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യൻ സ്ത്രീകളോടുള്ള തന്‍റെ പ്രത്യേക താല്പര്യവും അദ്ദേഹം കുറിപ്പിൽ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.

ദില്ലി, സുരക്ഷിതത്വം കുറവെന്ന് നെറ്റിസെൻസ്

അദ്ദേഹത്തിന്‍റെ ഈ കുറിപ്പിന് താഴെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് റെഡിറ്റ് ഉപയോക്താക്കൾ പങ്കുവെക്കുന്നത്. "ദില്ലിയിലെ വായുമലിനീകരണം കാരണം നിങ്ങളുടെ നിറം വരെ മാറിയേക്കാം" എന്ന് ചിലർ പരിഹസിച്ചപ്പോൾ, "അമേരിക്കയെ അപേക്ഷിച്ച് ദില്ലിയിൽ സുരക്ഷിതത്വവും സമാധാനവും കണ്ടെത്താൻ പ്രയാസമായിരിക്കും" എന്ന് മറ്റു ചിലർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഇന്ത്യൻ ഭക്ഷണവും വൈവിധ്യമാർന്ന സംസ്കാരവും ആസ്വദിക്കാൻ ദില്ലി നല്ലൊരു ഇടമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഏതായാലും പോസ്റ്റിന് താഴെ വിദേശിയെന്ന നിലയിൽ ദില്ലിയിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നത് എത്രത്തോളം പ്രായോഗികമാണ് എന്നതിനെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.