സ്നേഹം, അനുകമ്പ, നന്ദി എന്നിവയെ കുറിച്ച് പുതിയ തലമുറയോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു മിടുക്കന്റെ ചോദ്യം. 'സ്നേഹം ഉടലെടുക്കുന്നത് മാതാപിതാക്കളിൽ നിന്നുമാണ്. അത് നമുക്ക് എത്ര പണമുണ്ട് എങ്കിലും വാങ്ങിക്കാൻ കഴിയുന്നതല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം. ഇന്ന് അദ്ദേഹത്തിന്റെ ചരമദിനമാണ്. എപ്പോഴും വിദ്യാർത്ഥികളോട് സംസാരിക്കാനും സംവദിക്കാനും ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ് ന്യൂസിന്റെ എജ്യുഫെസ്റ്റിനോടനുബന്ധിച്ച് (Asianet News Edufest 2012) അദ്ദേഹം കുട്ടികളുമായി നടത്തിയ സംവാദം അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറി. കൃത്യതയോടും തെളിച്ചത്തോടും വിദ്യാർത്ഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് അതുപോലെ തന്നെ അദ്ദേഹം മറുപടിയും നൽകി. 

അതിലൊരു മിടുക്കൻ ചോദിച്ച ചോദ്യമായിരുന്നു എന്തായിരുന്നു ഇന്ത്യയുടെ ശക്തിയും ബലഹീനതയും എന്നത്. ജോബിൻ എന്ന ഏഴാം ക്ലാസുകാരൻ, താൻ പഠിക്കുന്നത് മലയാളം മീഡിയത്തിലാണ് എന്നും തന്റെ ഇം​ഗ്ലീഷ് അത്ര പോരാ എന്നും പറഞ്ഞുകൊണ്ടാണ് ചോദ്യത്തിലേക്ക് കടന്നത്. 'മലയാളത്തിൽ പറയൂ' എന്ന് പ്രസിഡണ്ട് പറഞ്ഞുവെങ്കിലും ഇ​ഗ്ലീഷിലായിരുന്നു ജോബിന്റെ ചോദ്യം. 'എന്താണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തും ഏറ്റവും വലിയ ബലഹീനതയും' എന്നാണ് മിടുക്കൻ ചോദിച്ചത്. 

അതിന്, പ്രിയപ്പെട്ട മുൻ പ്രസിഡണ്ട് നൽകിയിരുന്ന ഉത്തരം ഇങ്ങനെ: 'നിങ്ങളാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. യുവാക്കളുടെ ജ്വലിക്കുന്ന മനസ്സാണ് ഭൂമിയിലെ ഏറ്റവും ശക്തമായ വിഭവം' എന്നായിരുന്നു എ പി ജെ അബ്ദുൾ കലാം പറഞ്ഞത്. എന്താണ് ഇന്ത്യയുടെ ബലഹീനത എന്ന ചോദ്യത്തിന് 'കൃത്യമായ, വിശാലമായ ദർശനം ഇല്ലായ്മയാണ് ഏറ്റവും വലിയ ബ​ലഹീനതയായി മാറുക' എന്നും മുൻ രാഷ്ട്രപതി മറുപടി നൽകി. 

സ്നേഹം, അനുകമ്പ, നന്ദി എന്നിവയെ കുറിച്ച് പുതിയ തലമുറയോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു മിടുക്കന്റെ ചോദ്യം. 'സ്നേഹം ഉടലെടുക്കുന്നത് മാതാപിതാക്കളിൽ നിന്നുമാണ്. അത് നമുക്ക് എത്ര പണമുണ്ട് എങ്കിലും വാങ്ങിക്കാൻ കഴിയുന്നതല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളോട് എയർ ക്രാഫ്റ്റിലുണ്ടായിരുന്നവർ കാണിച്ച സ്നേഹത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് മുൻ രാഷ്ട്രപതി അനുകമ്പയെ കുറിച്ച് ഓർമ്മിപ്പിച്ചത്. നന്ദിയെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ, 'നമ്മിലോരോരുത്തരിലും ഉള്ള ഏറ്റവും വലിയ ​ഗുണമാണ് നന്ദി എന്ന് പറയുന്നത്. നിങ്ങൾ സൂര്യനെ നോക്കുക, ഭൂമിയെ നോക്കുക, ഭൂമിയിലുള്ള നമുക്ക് ആവശ്യമായ പലതും സൂര്യൻ തരുന്നു. എന്നാൽ, ഒരിക്കൽ പോലും ഭൂമിയോട് സൂര്യൻ നന്ദി പറയാൻ ആവശ്യപ്പെട്ടിട്ടില്ല' എന്നാണ് നന്ദിയെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്. 

എജ്യുഫെസ്റ്റിൽ മുൻ രാഷ്ട്രപതി വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിന്റെ വീഡിയോ കാണാം: 

YouTube video player