Asianet News MalayalamAsianet News Malayalam

യുദ്ധങ്ങളിൽ ലാഭം കൊയ്യുന്നതാര്? നഷ്ടമാർക്ക്? സായുധപോരാട്ടങ്ങൾക്ക് കച്ചകെട്ടിയിറങ്ങുന്നതാരൊക്കെ?

സാമ്പ്രദായികമല്ലാത്ത യുദ്ധം വന്നതോടെ രാജ്യങ്ങൾക്ക് അവരുടെ സ്ഥിരം സേനയെ വിടുന്നത് വെല്ലുവിളിയായി.  ആദ്യമൊക്കെ അവിടത്തെ പ്രാദേശിക സംഘങ്ങളെ തന്നെ മറ്റ് രാജ്യങ്ങൾ ഉപയോഗിക്കുകയായിരുന്നു പതിവ്. തീവ്രവാദ ഗ്രൂപ്പുകളും സായുധ കലാപകാരികളും പ്രവർത്തിക്കുന്നത് ഈ വിധത്തിലാണ്. 

who benefits from war s biju writes
Author
Thiruvananthapuram, First Published Mar 13, 2022, 1:09 PM IST

സാങ്കേതിക വിഷയത്തിൽ സമർത്ഥരായ രണ്ട് ദക്ഷിണേന്ത്യൻ ചെറുപ്പക്കാർ വിദേശത്ത് സായുധ പോരാട്ടത്തിലേർപ്പെടുക എന്ന വാർത്ത നാം കേട്ടിരിക്കുന്നു. അതിൽ മലയാളിയായ ഒരു യുവാവ് ചാവേറായി കൊല്ലപ്പെട്ടിരിക്കുന്നതായും അറിയുന്നു. മലപ്പുറം സ്വദേശിയും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം ടെക് വിദ്യാർത്ഥിയുമായിരുന്ന നജീബ് അൽ ഹിന്ദി 2017 -ലാണ് നാട്ടിൽ നിന്ന് അപ്രത്യക്ഷനാകുന്നത്. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് പോയതായാണ് എമിഗ്രേഷൻ വിവരം. പിന്നീട് നജീബ് അഫ്ഗാനിലെത്തുന്നു. അതിനിടയിൽ സിറിയയിലും, ഇറാഖിലുമൊക്കെ പോയി ഭീകര സംഘടനയായ ഐസിസിൽ പോരാളിയായി ചേർന്നതായാണ് നാം മനസ്സിലാക്കുന്നത്. ഒടുവിൽ ഐസിസ്- കെ അഥവാ ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഖൊറാസനിൽ എത്തപ്പെടുന്നു. താലിബാനോടും അമേരിക്കയോടും ഒരേ സമയം പോരാടുന്നവരാണ് ഐസിസ് കെ. പാകിസ്ഥാൻ പെൺകുട്ടിയെ വിവാഹം കഴിച്ച അതേ ദിവസം തന്നെ ഐസിസിനു വേണ്ടി ചാവേറായി ഈ 23 -കാരൻ മരിച്ചു എന്നാണ് നാം അറിയുന്നത്. നജീബിന്റെ മരണം വോയിസ് ഓഫ് ഖൊറാസനിൽ എന്ന ഭീകര സംഘടനയുടെ മാധ്യമത്തിലും റിപ്പോട്ട് ചെയ്തിരിക്കുന്നു. രാജ്യം ഇതേച്ചൊല്ലിയുള്ള ഔദ്യോ​ഗികമായ വിവരങ്ങളൊന്നും നൽകിയിട്ടില്ല.

who benefits from war s biju writes

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സുബ്രമണ്യം പാളയത്തിൽ നിന്ന് 2018 -ൽ ഉക്രൈനിൽ ഏറോസ്പേസ് എൻജിനീയറിങ്ങ് പഠിക്കാൻ പോയതാണ് സായിനികേഷ് രവിചന്ദ്രൻ. 21 -കാരനായ സായിനികേഷ് ഇപ്പോൾ ഉക്രൈനു വേണ്ടി യുദ്ധത്തിൽ പങ്കാളിയായിരിക്കുന്നു എന്നാണ് നാമിപ്പോൾ അറിയുന്നത്. നമ്മുടെ രഹസ്യന്വേഷണ ഏജൻസികൾ ഇത് സ്ഥിരീകരിച്ചതായി അറിയുന്നു. തങ്ങൾ പറഞ്ഞിട്ടും സായിനികേഷ് പിൻമാറുന്നില്ലെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ, നായിനികേഷ് ഉക്രൈൻ സേനാംഗമായി എന്ന വാർത്ത ശരിയാകാൻ ഇടയില്ല. മറിച്ച് യുദ്ധോത്സാഹകരായ ഒരുഅർദ്ധസൈന്യ സംഘത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്. റഷ്യയോട് ശത്രുതയുള്ള ജോർജിയൻ നാഷണൽ ലീജീയൺ പാരാമിലറ്ററി യൂണിറ്റിലെ ഒരു തരം കൂലിപ്പടയാളി അഥവാ മെർസിനറിയാണ് സായിനികേഷ്. ഇപ്പോൾ, തന്നെ തിരിച്ചു കൊണ്ടുവരണം യുദ്ധം മടുത്തു എന്ന് അവൻ വീട്ടുകാരോട് ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. 

നജീബിനെയും ഇതേ ഗണത്തിൽപെടുത്താം. ആരുടെയോ മസ്തിഷ്ക പ്രക്ഷാളനത്തിനടിപ്പെട്ട് ഒരാവേശത്തിന്  ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാൻ ചാടിപ്പുറപ്പെട്ട് ഒരുപക്ഷേ  ഇഛാഭംഗം വന്ന് ഒടുവിൽ ചാവേറായി തന്റെയും മറ്റുള്ളവരുടെയും ജീവിതം ഹോമിച്ചിരിക്കാം നജീബ്. സായിനികേഷും വ്യത്യസ്തനല്ല. നേരത്തെ നാട്ടിൽ വച്ച് രണ്ടു പ്രാവശ്യം ഇന്ത്യൻ കരസേനയിൽ ചേരാൻ ശ്രമിച്ച് പരാജയപ്പെട്ടയാളാണ് സായി നികേഷ്. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് റഷ്യൻ അധിനിവേശത്തിനെതിരെയുള്ള സൈദ്ധാന്തിക ആവേശത്താലല്ല മറിച്ച് ഒരു പോരാട്ട വാസനമൂലമായിരിക്കും സായിനികേഷ് തോക്കെടുത്തത്. റഷ്യയിലായിരുന്നെങ്കിൽ ഒരുപക്ഷേ അവർക്ക് വേണ്ടിയാകും അവസരം കിട്ടിയാൽ  പോരാടുക. അപ്പോഴും ഇതിലൊന്നും നമുക്ക് ഒരുറപ്പുമില്ല. 

കൂലിപ്പട ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ക്രിസ്തുവിന് മുൻപുള്ള പഴംപുരാണങ്ങളിൽ വരെ ഗ്രീക്ക് പേർഷ്യൻ യുദ്ധങ്ങളിൽ കൂലിപ്പോരാളികളെപ്പെറ്റി പറയുന്നുണ്ട്. ബി.സി മൂന്നും നാലും നൂറ്റാണ്ടുകളിൽ ഗ്രീക്കുകാർക്കെതിരെയുള്ള യുദ്ധത്തിൽ പേർഷ്യൻ രാജാക്കൻമാർ യവനപോരാളികളെ തന്നെ കൂലിപ്പടയാക്കിയതായി ചരിത്രം പറയുന്നു. അതുപോലെ പുരാണ തമിഴ് കവിതകളിൽ പോരാട്ടവീര്യമുള്ള കണ്ണുകളും ഉറച്ച ശരീരവുമുള്ള യവന പോരാളികളെപ്പെറ്റി പ്രതിപാദിക്കുന്നുണ്ട്. അതായത് പൗരാണിക ഇന്ത്യൻ രാജാക്കൻമാർ തന്നെ ഗ്രീക്ക് പടയാളികളെ വിലയ്ക്കെടുത്തിരുന്നതായി കണക്കാക്കാം. ഇവരിൽ പലരും ഇന്ത്യയിൽ തന്നെ താമസമാക്കുകയും ചെയ്തതായും ചരിത്രം രേഖപ്പെടുത്തുന്നു. സാമൂതിരിക്ക് വേണ്ടി നമ്മുടെ അങ്കത്തറകളിൽ ചേകവൻമാർ ചാവേറുകളായത് കൊണ്ടാണല്ലോ മാമാങ്കം പലകുറി കൊണ്ടാടിയത്. ഒരുത്തൻ ചാകുന്നത് വരെ പോരാട്ടം തുടരാൻ പറഞ്ഞ  ക്രൗര്യമാനസങ്ങളെ പിന്നീട് നാം വടക്കൻ വീരഗാഥകളായി വാഴ്ത്തിപ്പാടി. അതിന്റെ തുടർ ചലനങ്ങളാവും കണ്ണൂരിൽ ഏതെങ്കിലുമൊക്കെ പാർട്ടിയുടെ കുടില നേത‍ൃത്വങ്ങളുടെ പക തീർക്കാൻ വേണ്ടി ഇപ്പോഴും ചാവേറുകൾ അവതരിക്കുന്നത്.  

ഇന്നിതാ ഒടുവിലെ റഷ്യാ- ഉക്രൈൻ യുദ്ധത്തിലും ചരിത്രം ആവർത്തിക്കുന്നു. പൗരത്വം വാഗ്ദ്ധാനം ചെയ്ത് അധിനിവേശം ചെറുക്കാൻ ലോകമെങ്ങും നിന്ന് കൂലിപ്പോരാളികളെ ഉക്രൈൻ ക്ഷണിക്കുമ്പോൾ തങ്ങൾ നിലനിർത്താൻ സഹായിച്ച സിറിയയിലെ സർക്കാറിന്റെ സഹായത്തോടെ അവിടെ നിന്ന് കൂലിക്ക് പോരാളികളെ എത്തിക്കുകയാണ് റഷ്യ. അമേരിക്ക ബഷർ അൽ അസ‍ർ സർക്കാറിനെ 2015 -ൽ പുറത്താക്കുമെന്ന ഘട്ടം വന്നപ്പോൾ റഷ്യൻ സർക്കാറിന്റെ പിന്തുണതയോടെ സജ്ജമാക്കിയ വാഗ്ന ഗ്രൂപ്പ് എന്ന അർദ്ധ സൈനിക കൂലിപ്പടയാണ് അന്ന് ബഷറിന് തുണയായത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഈയടുത്ത നാളുകളിൽ ഹൂതികൾക്കെതിരെയുള്ള പോരാട്ടത്തിൽ സൗദിക്കും യു.എ.ഇക്കും തുണയായതും കൂലിപ്പട തന്നെ. ലാറ്റിനമേരിക്കയടക്കമുള്ളയിടങ്ങളിൽ നിന്നുള്ള കൂലിപ്പോരാളികളെ ഉൾക്കൊള്ളിച്ച് അക്കാദമി പോലുള്ള അമേരിക്കൻ സ്വകാര്യ യുദ്ധക്കമ്പനികളാണ് പിന്നണിയിലും ഒരളവു വരെ മുന്നണിയിലുമൊക്കെ പോരാട്ടം നയിക്കുന്നത്. അതിനായി ഗൾഫ് രാജ്യങ്ങളിൽ പലതിലും അമേരിക്കയ്ക്ക് സ്ഥിരം താവളങ്ങളുമുണ്ട്. സമ്പത്ത് കുന്നുകൂടിയിടങ്ങളിൽ എന്തു ദേശസ്നേഹം. 

ദരിദ്ര പ്രദേശങ്ങളിൽ നിന്ന് അഥവാ ദരിദ്ര ജനവിഭാഗങ്ങളിൽ നിന്നാണ് കൂലിപ്പടയാളികളായ മെർസിനറികളെ പ്രൈവറ്റ് വാർ കമ്പനികൾ റിക്രൂട്ട് ചെയ്യുന്നത്. ഇറാൻ, ഇറാഖ്, ലെബനൻ തുടങ്ങിയയിടങ്ങളിലെ ദരിദ്ര പ്രാക്തന ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവരെ ചേർത്താണ് ഫ്രീ സിറിയൻ ആർമിക്കെതിരെ പോരാടാനായി സിറിയൻ പ്രസിഡന്റ് ബഷർ അൽ അസർ കൂലി പടയുണ്ടാക്കിയത്. യെമനിലെ ആഭ്യന്തര യുദ്ധത്തിലും ഈവിധം ദരിദ്രഗോത്ര വിഭാഗത്തിലുള്ളവരാണ് കൂലിപ്പടയാളികളായത്. അമേരിക്കയിൽ  പോലും ആഫ്രിക്കൻ, സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലാറ്റിൻ അമേരിക്കൻ വംശജരൊക്കെ പലപ്പോഴും ദാരിദ്ര്യത്തോടു കൂടി പോരാടാനാണ് സൈനികരാകുന്നത്. കൊക്കേഷൻസ് അഥവാ നീലക്കണ്ണും സ്വർണമുടിയുമുള്ള യൂറോപ്യൻ വംശജരായ വെള്ളക്കാ‌ർ മറൈൻസായും, പ്രൈവസായും സൈനികരാകുന്നത് തന്നെ തുടർ ജീവിതത്തിനായി മുതലൊരുക്കാനാണ്. 

അവിടെ അഫ്ഗാനിസ്ഥാനിൽ നിന്നും, ഇറാഖിൽ നിന്നുമൊക്കെ ജീവനോടെ തിരിച്ചെത്താനായാൽ സൈന്യത്തിൽ നിന്ന്  വിടുതൽ വാങ്ങി, സമ്പാദിച്ച പണമുപയോഗിച്ച്  സൈനികർക്കായി കോളേജിലും സ‍ർവ്വകലാശാലകളിലും  റിസർവ് ചെയ്ത സീറ്റുകളിലൂടെ ഉന്നത വിദ്യാഭ്യസം നേടാമെന്നതാണ് അവരെ ആകർഷിക്കുന്ന ഘടകം.  

ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ ഇടങ്ങളിൽ പലേടത്തും സംഘർഷവും, ആഭ്യന്തയുദ്ധവും ഒരു തുടർ കഥയാണ്. പലകാരണങ്ങളുണ്ടാകാം. കൊളംബിയയിലത് ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടമാണെങ്കിൽ  
സിയോറോ ലിയോണും സിറിയയും പോലുള്ള ഇടങ്ങളിൽ അത് ഏകാധിപത്യം ഭരണം നിലനിർത്താനായുള്ള പോരാട്ടമായിരിക്കാം. ഇറാഖിലെ എണ്ണ, പഴയ സോവിയറ്റ് റിപ്ളബ്ലിക്കുകളിലെ പ്രകൃതി വിഭവങ്ങൾ അങ്ങനെ ലക്ഷ്യങ്ങൾ പലതാണ്. അഴിമതി കൊണ്ട് ജനങ്ങൾ നട്ടം തിരിയുന്ന രാജ്യങ്ങളിൽ പോരാട്ടം ദാരിദ്ര്യത്തോടായിരിക്കും. സോമാലിയ കടൽകൊള്ളക്കാർ ദാരിദ്യത്തിന്റെ ഉപോൽപ്പന്നമാണ്. നിരന്തരം സംഘർഷം  തുടർന്നിരുന്ന പ്രദേശങ്ങളിൽ സമാധാനം വന്നാലും പ്രശ്നങ്ങൾ മറ്റൊരു തരത്തിൽ തുടരുന്നു. നിരന്തരം സായുധ പോരാട്ടം നടത്തിയവർക്ക് ജീവിക്കാൻ ഇതല്ലാതെ മറ്റൊരു പണിയില്ല. അവർക്കാകട്ടെ മറ്റൊരു പണി അറിയുകയുമില്ല. പോരാളികളായ ഇവർക്കാകട്ടെ നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അറിയാത്തതിനാൽ വീട്ടുകാർക്കും  ഉൾക്കൊള്ളാനാവാതായി. അങ്ങനെ ദേശങ്ങളുടെ അതിരുകൾക്കപ്പുറം സ്വകാര്യ യുദ്ധ കമ്പനികളുടെ പടയാളികളായി ഇവർ റിക്രൂട്ട് ചെയ്യപ്പെട്ടു തുടങ്ങി. 

വികസിത രാജ്യങ്ങളിലെ ജനങ്ങൾ വിദ്യാഭ്യാസവും, സമ്പത്തും കൈവരിച്ചതിനാലും, ജനസംഖ്യ കുറഞ്ഞതിനാലും  അവർ തമ്മിൽ തമ്മിൽ ഉള്ള യുദ്ധത്തിനും സാധ്യത മങ്ങി. എന്നാൽ, അവരുടെ സമ്പത്ത് നിലനിർത്താൻ മറ്റിടങ്ങളിൽ നിന്ന് പ്രകൃതി വിഭവങ്ങളും മനുഷ്യാദ്ധ്വാനവും കൊള്ളയടിക്കണം. മൂന്നാം ലോക രാജ്യങ്ങളിൽ അസ്വാരസ്യം നിലനിർത്തേണ്ടത് അവർക്ക് അനിവാര്യമായി. മാത്രമല്ല അവരുടെ പലരുടെയും പ്രധാന ഉത്പന്നങ്ങളായ ആയുധങ്ങൾക്ക് വിപണി കണ്ടെത്താനും മറ്റിടങ്ങളിൽ സംഘർഷം നിലനിർത്തേണ്ട് അവശ്യം. മതിപ്പുവിലയുള്ള ആയുധങ്ങളുടെ വിൽപ്പനയും വാങ്ങലും എല്ലാ ഭരണാധികാരികൾക്കും നല്ല വരുമാന മാർ​ഗമാണ്. അവരുടെ തന്നെ നാട്ടിലും വിദേശത്തുമുള്ള ഷെൽ കമ്പനികളിലൂടെയും അല്ലാതെയും, പലപ്പോഴും പ്രതിപക്ഷ നേതാക്കളെ പോലും പങ്കാളികളാക്കി അവർ ശതകോടികൾ സമ്പാദിച്ചു. മൂന്നാം ലോക രാജ്യങ്ങളിൽ അവർ കൃത്രിമ സംഘർഷം ഉണ്ടാക്കി. പലപ്പോഴും പോരടിക്കുന്ന ഇരുസംഘങ്ങളെയും ആയുധമണിയിക്കുന്നത് ഒരേ ആൾക്കാർ തന്നെയാവും. 

മധ്യേഷ്യയിലും, ദക്ഷിണേഷ്യയിലും, ആഫ്രിക്കയിലും, ഗൾഫിലും, ലാറ്റിൻ അമേരിക്കയിലും ഒക്കെ നാം കാണുന്നത് ഇത് തന്നെ. അമേരിക്കയിലും നാറ്റോ രാജ്യങ്ങളുമാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ സമീപ കാല ദൃഷ്ടാന്തം അഫ്ഗാനിസ്ഥാനും, ഇപ്പോഴിതാ യുക്രൈനിലുമാണ്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും ഇപ്പോൾ റഷ്യയും മോശക്കാരല്ല. 1998 മുതൽ എറിത്രീയയും എത്യോപ്യയുമായുള്ള യുദ്ധത്തിൽ രണ്ട് പക്ഷത്തും ചരട് വലിച്ചത് റഷ്യ തന്നെയാണെന്നാണ് പിന്നീട് വെളിവായ കാര്യം. ശീതയുദ്ധം നിലച്ചതോടെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ പല യുദ്ധവീരൻമാർക്കും പണിയില്ലാതായി. ഇവരിൽ പലരും ആഫ്രിക്കയിലും മറ്റും ഏകാധിപതികളുടെ കൂലി പടയാളകളായി. 2011 -ലെ ലിബിയൻ ആദ്യന്തര യുദ്ധത്തിൽ ഗദ്ദാഫിയുടെ സ്വകാര്യ കൂലിപ്പടയിൽ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ കൂലിപ്പടയാളികൾക്കൊപ്പം റുമമേനിയ, പോളണ്ട്, ബെലാറൂസ് അങ്ങനെ പല കിഴക്കൻ ചേരിക്കാരും  ഒപ്പം കൂടി. 

സാമ്പ്രദായികമല്ലാത്ത യുദ്ധം വന്നതോടെ രാജ്യങ്ങൾക്ക് അവരുടെ സ്ഥിരം സേനയെ വിടുന്നത് വെല്ലുവിളിയായി.  ആദ്യമൊക്കെ അവിടത്തെ പ്രാദേശിക സംഘങ്ങളെ തന്നെ മറ്റ് രാജ്യങ്ങൾ ഉപയോഗിക്കുകയായിരുന്നു പതിവ്. തീവ്രവാദ ഗ്രൂപ്പുകളും സായുധ കലാപകാരികളും പ്രവർത്തിക്കുന്നത് ഈ വിധത്തിലാണ്. അതിലേക്ക് ക്രമേണ സാമ്യമുള്ള വിദേശികളെയും കയറ്റി തുടങ്ങി. എന്നാൽ, പലപ്പോഴും ഇത് നയിക്കുന്നവർക്ക് യുദ്ധ സംഘ‌ർഷ മാനേജ്മെന്റ്റിൽ വൈദഗ്ദ്ധ്യമില്ലാത്തത് പ്രശ്നമായി. അങ്ങനെയാണ് സംഘടിത സ്വകാര്യ യുദ്ധ കോൺട്രാക്റ്റിങ്ങ് കമ്പനികൾ ആവി‌ർഭവിക്കുന്നത്.  ഇന്ന് ലോകത്ത് ഏത് ഭാഗത്തും അനുസ‍ൃതമായ പടയാളികളും യുദ്ധമുറകളും  ഒരുക്കാൻ ഇവർക്ക് പ്രാപ്തിയുണ്ട്. അമേരിക്കയും, റഷ്യയും അടക്കമുള്ള രാജ്യങ്ങൾ ഇന്ന് ഇത്തരം കമ്പനികളെ ആശ്രയിച്ചാണ് സംഘർഷവും യുദ്ധവും  നയിക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർക്ക് പരിരക്ഷ നൽകുന്നതാണ് ജനീവാ കൺവെൻഷൻ വ്യവസ്ഥകൾ. എന്നാൽ, 1977 -ൽ കൊണ്ടുവന്ന ഭേദഗതി കൂലിപ്പടയാളികൾക്ക്, അവർ രാജ്യത്തിന്റെ സൈന്യത്തിനു വേണ്ടിയാണ് പോരാടുന്നതെങ്കിൽ പോലും പരിരക്ഷ കിട്ടാതായി. ഇത് പല രാജ്യങ്ങളിലും പ്രത്യക്ഷത്തിലെങ്കിലും കൂലിപ്പടയാളികളെ വിലക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. 

എന്നാൽ, സ്വകാര്യ യുദ്ധ കമ്പനികൾ പഴുതുകൾ കണ്ടെത്തി. സ്വകാര്യ സൈനിക കമ്പനിയായ ഡി.സി.ഐക്ക് ഫ്രഞ്ച് സർക്കാറിന്റെ 50 ശതമാനം ഓഹരി പങ്കാളിത്തം വരെയുണ്ട്. ഇവർ 2019 -ൽ 22 കോടി യൂറോ ലാഭവുമുണ്ടാക്കി. വിദേശത്ത് സായുധ പരിശീലനം നൽകുകയാണ് ഇവരുടെ പ്രത്യക്ഷ പ്രവർത്തന രീതി. അമേരിക്കയിലെ നിയമങ്ങൾ  സ്വകാര്യ കൂലി പടയാളി കമ്പനികൾക്ക് പ്രവർത്തിക്കാൻ പല പഴുതുകളും നിലനിർത്തിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് വ്യാപക വിമർശനമുണ്ട്. 1893 -ൽ തന്നെ ആന്റി പിങ്കർടെൻ ആക്ട് നിയമം പാസാക്കി കൂലിപ്പടയെ നിയന്ത്രിച്ച രാജ്യമാണ് അമേരിക്ക. പക്ഷേ, ഇറാഖിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ യഥേഷ്ടം യുദ്ധകോൺട്രാക്റ്റർമാരെ അമേരിക്ക ഉപയോഗിച്ചു. പ്രത്യക്ഷത്തിലുള്ള ആക്രമണം ഒഴിച്ചാൽ ഇവർ മറ്റെല്ലാ കാര്യത്തിലും സജീവമായിരുന്നു. കാബ‍ൂളിലും ബാഗ്ദാദിലുമുള്ള അമേരിക്കൻ സൈനിക കമാൻഡ‍ർമാർക്ക് വരെ അവരുടെ പ്രൈവറ്റ് വാർ കമ്പനികൾ തലവേദനയായി. പ്രസിഡന്റായിരുന്ന ഒബാമ പോലും ഈ അഭിപ്രയാം പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒഴിവാക്കാനാവാത്ത ഒരു ഘടകമായി കഴിഞ്ഞു, യുദ്ധ കോൺട്രാക്ടർമാർ. അഫ്ഗാൻ  പ്രസിഡന്റായിരുന്ന ഹമീദ് കർസായിയുടെ  സുരക്ഷ വരെ നിർവഹിച്ചിരുന്നത് അമേരിക്കൻ സ്വകാര്യ സൈനിക കോൺട്രാക്റ്റിങ്ങ് കമ്പനിയായ ഡിൻകോർപ് ഇന്റർനാഷണലായിരുന്നു എന്നത് ഇവരുടെ അധീശത്വം വ്യക്തമാക്കുന്നു. ഇന്ന് ലോകമൊട്ടാകെ ഏറ്റവും ഒടുവിലത്തെ റഷ്യയുടെ യുക്രൈൻ അധിവനിവേശത്തിൽ വരെ കൂലിപ്പട സജീവമാണ്. 

ഇന്ത്യൻ സേനയിലും വിദേശ പടയാളികളുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ കാലം മുതലുള്ള നേപ്പാളി വംശജരെ ഉൾക്കൊള്ളിച്ചുള്ള ഗൂർഖാ റെജിമെന്റാണ് ഇത്. കരുത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി കണക്കാക്കുന്ന ഇവർ പക്ഷേ  ഇന്ത്യൻ ഭരണഘടനയിൽ കൂറു പ്രഖ്യാപിച്ചാണ് പോരാടുന്നതെന്നതിനാൽ ഇവർക്ക് സമ്പൂ‍ർണ്ണ സൈനിക പരിരക്ഷയുണ്ട്. പെൻഷനടക്കം എല്ലാ ആനുകൂല്യവുമുണ്ട്. യു.കെ -യും, ഫ്രാൻസുമൊക്കെ ഗൂർഖാ സൈനികരുടെ സേവനം സൈനിക പരിരക്ഷയോടെ തന്നെ ഉപയോഗിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് അതിനെ അടച്ചമർത്താൻ ബ്രീട്ടീഷുകാർ താഴെ തട്ടിൽ ഉപയോഗിച്ചത് നമ്മുടെ നാട്ടുകാരായ സൈനികരെ തന്നെയാണ്. പക്ഷേ, ഇന്ത്യക്കാരോട് വിവേചനവും, വിശ്വാസക്കുറവും പുലർത്തിയിരുന്ന ബ്രിട്ടീഷുകാർ അവരെ കൂലിപ്പടയാളികളായി തന്നെയാണ് കണ്ടിരുന്നത്. തൊലി കറുത്ത ദക്ഷിണേന്ത്യൻ സൈനികരോട് വിവേചനം കൂടുതലായി. ഇന്നിപ്പോൾ യുക്രൈൻ സൈന്യവും തെക്കേ ഇന്ത്യൻ വിദ്യാർത്ഥികളോട് കൂടുതൽ വിവേചനം കാട്ടിയതായി അവിടുന്ന് മടങ്ങിയ വിദ്യാർത്ഥികൾ തന്നെ പറയുന്നു.     

വിവേചനവും അവഗണനയും നേരിട്ടപ്പോഴും  ലോക മഹായുദ്ധത്തിലടക്കം ലോകമൊട്ടാകെ ഇന്ത്യൻ സൈനികർ കൂറ് പുലർത്തി ബ്രിട്ടീഷുകാർക്കായി  പോരാടി ജീവൻ വരെ വെടിഞ്ഞു. നമ്മുടെ കടുത്ത ദാരിദ്യം തന്നെയായിരുന്നു കാരണം. ഇത് തന്നെയാണ് ഇന്ന് ലോകത്ത് പലയിടത്തും സംഭവിക്കുന്നത്. എന്നാൽ, ഇന്ത്യൻ മഹാരാജാക്കൻമാർക്കും, ഭരണാധികാരികൾക്കും വേണ്ടിയും യൂറോപ്യൻമാരടക്കം വിദേശികളും കൂലി പടയാളികളായിട്ടുണ്ട്. പഞ്ചാബിലെ മഹാരാജ് രജ്ഞിത്ത് സിങ്ങിന്റെ സൈന്യത്തിൽ പരിശീലകരായും പടയാളികളുമായൊക്കെ യൂറോപ്യൻ അമേരിക്കൻ സൈനികരുണ്ടായിരുന്നു. മുഗൾ സൈന്യത്തിൽ പേർഷ്യയിൽ നിന്നടക്കം ധാരാളം പോരാളികളും പടത്തലവൻമാരുമുണ്ടായിരുന്നു.

തിരുവിതാംകൂറിൽ 1741 -ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ച് സൈന്യം പരാജയപ്പെട്ടപ്പോൾ അവരുടെ പടത്തലവൻ ഡിലോനോയെ മാർത്താണ്ഡവർമ്മ മഹാരാജാവ് തന്റെ സൈന്യത്തെ നവീകരിക്കാനുള്ള ചുമതല നൽകി വലിയ പടത്തലവനാക്കി. അന്ന് നായർ പടയാളികൾക്ക് യുദ്ധം ജയിക്കാനായത് ഡച്ചുകാരെ കടലിൽ നേരിട്ട മുക്കുവരുടെ കരുത്ത് കൂടി കൊണ്ടായിരുന്നു. സാമൂതിരിയുടെ നാവികപ്പട നയിച്ചിരുന്നത് കുഞ്ഞാലി മരയ്ക്കാ‌ർ അടക്കമുള്ള മമ്മാലികളായിരുന്നു. മുക്കുവരും മമ്മാലികളുമൊക്കെ ശ്രീലങ്കയിലും മാലികടലിലുമൊക്കെ പോർച്ചുഗീസുകാരെയും സിംഹളപടയെയുമൊക്കെയും നേരിട്ടു. ഇതിൽ മറ്റ് രാജാക്കൻമാർക്കായുള്ള കൂലി പട ദൗത്യങ്ങളുമുണ്ടായിരുന്നു. 

ഏത് മാനസികാവസ്ഥയിലാണ് മലപ്പുറത്തുകാരൻ നജീബ് ഐസിസ് ഖൊറാനു വേണ്ടി ചാവേറായതെന്ന് നമുക്കറിയില്ല.    കോയമ്പത്തൂ‍കാരൻ സായിനികേഷിന്റെ ഇപ്പോഴത്തെ അവസ്ഥയും നമുക്ക് അജ്ഞാതമാണ്. ഒരു യുദ്ധങ്ങളും ആരും വിജയിക്കുന്നില്ല. പടനിലങ്ങളിൽ അപരാജിതനായിരുന്ന മൗര്യ ചക്രവർത്തി അശോകന് പക്ഷേ കലിംഗയുദ്ധം സമ്മാനിച്ചത് ധർമ്മ സങ്കടം മാത്രമായിരുന്നു. യുദ്ധം വിജയിച്ചപ്പോഴും അതിന്റെ  കെടുതികളിൽ തക‍ർന്നടിഞ്ഞ   അദ്ദേഹം ധർമ്മ മാർഗം അവലംബിച്ച ബുദ്ധന്റെ വഴിയെ നടന്നു. പക്ഷേ, ചരിത്രം നമ്മെയൊന്നും പഠിപ്പിക്കുന്നില്ലെന്ന് ബോബ് മാർലിയുടെ വിശ്വ പ്രസിദ്ധമായ ബഫല്ലോ സോൾജിയറിലെ വരികൾ ഓർമിപ്പിക്കുന്നു.

I’m just a Buffalo soldier 
In the heart of America
Stolen from Africa, brought to America
Said he was a fighting on arrival 
Fighting for survival
Said he was a Buffalo soldier
Win the war for America  
Said he, woe yoy yoy,woe yoy yoy yoy…  

Follow Us:
Download App:
  • android
  • ios