സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ചെമ്പകരാമൻ പിള്ളയുടെ ജീവിതം.
1914 സെപ്തംബർ 22... ഒന്നാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ദിവസങ്ങൾ. ഇന്ത്യയുടെ തെക്ക് മദിരാശി തുറമുഖത്ത് ആരും പ്രതീക്ഷിക്കാത്ത ശക്തമായ ആക്രമണം. അതിൽ, തുറമുഖം താറുമാറായി. എസ്എംഎസ് എംഡൻ എന്ന ജർമൻ കപ്പലായിരുന്നു ആക്രമണത്തിന് പിന്നിൽ. മലയാളത്തിലും തമിഴിലും 'യെമണ്ടൻ' എന്ന വാക്കുണ്ടായത് ഇവന്റെ പേരിൽ നിന്ന് തന്നെയാണ്. കാൾ വോൺ മുള്ളറായിരുന്നു കപ്പലിന്റെ ക്യാപ്റ്റൻ. പക്ഷേ, മദിരാശിയിലെ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് കപ്പലിൽ ഉണ്ടായിരുന്ന ഒരു തിരുവനന്തപുരത്തുകാരനാണ് എന്നാണ് ചില ചരിത്രകാരൻമാര്‍ പറയുന്നത്. അദ്ദേഹമാണ്, ഡോ. ചെമ്പകരാമൻ പിള്ള (Chempakaraman Pillai).
ചെമ്പകരാമൻ പിള്ള ജർമൻ പടക്കപ്പലിൽ നിന്ന് മദിരാശി ആക്രമിച്ചുവെന്ന് പലരും പറയാൻ കാരണമെന്ത്? സ്വാതന്ത്ര്യം നേടാൻ ഇന്ത്യാക്കാർ നോക്കിയ പല വഴികളിൽ ഒന്നായിരുന്നു അതും. ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുക എന്ന തന്ത്രം. ചെമ്പകരാമൻ പിള്ളയെപ്പോലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വിദേശ മണ്ണിൽ പ്രവർത്തിച്ച ഒരുപാട് പേരുണ്ട്. ഇവരിൽ ഒരു പ്രമുഖ വിഭാഗം ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ ശത്രുരാജ്യമായിരുന്ന ജർമ്മനി കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്.
സരോജിനി നായിഡുവിന്റെ മൂത്ത സഹോദരൻ വീരേന്ദ്രനാഥ് ചതോപാധ്യായ, സ്വാമി വിവേകാനന്ദന്റെ സഹോദരൻ ഭുപേന്ദ്രനാഥ് ദത്ത, രാജ മഹേന്ദ്ര പ്രതാപ്, മറ്റൊരു തിരുവനന്തപുരത്തുകാരനായ എ. രാമൻ പിള്ള എന്നിവരൊക്കെ ഇതിൽ ഉൾപ്പെട്ടു. ഈ പ്രവാസികളുടെ കൂട്ടായ്മയിൽ അഫ്‌ഗാനിസ്ഥാനിലെ കാബൂൾ കേന്ദ്രമാക്കി രൂപീകരിച്ച ഇന്ത്യൻ രഹസ്യ ഗവൺമെന്റിൽ വിദേശമന്ത്രിയായിരുന്നു ചെമ്പകരാമൻ പിള്ള.
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതോടെ പിള്ളയും മറ്റു പ്രവാസി ദേശീയവാദികളും പൂർണമായും നേതാജിക്കൊപ്പം ചേർന്നു. 'ജയ് ഹിന്ദ്' എന്ന ഇന്ത്യൻ ദേശീയസേനയുടെ മുദ്രാവാക്യം ആദ്യമായി മുന്നോട്ടുവച്ചത് ചെമ്പകരാമൻ പിള്ളയാണ്.
1891 -ൽ തിരുവനന്തപുരത്താണ് ചെമ്പകരാമൻ പിള്ള ജനിച്ചത്. കന്യാകുമാരി ജില്ലക്കാരായ ചിന്നസ്വാമിപിള്ളയും നാഗമ്മാളുമായിരുന്നു മാതാപിതാക്കൾ. ചെറുപ്പത്തിൽ തന്നെ യൂറോപ്പിലെത്തിയ അദ്ദേഹം സ്വിറ്റ്സർലാൻഡിലെ സൂറിച്ചിലെ പ്രശസ്തമായ ഇ ടി എച്ചിൽ നിന്നാണ് എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയത്.
ഹിറ്റ്ലർ അധികാരത്തിലെത്തിയതോടെ ചെമ്പകരാമൻ പിള്ള ജർമനിയിൽ അനഭിമതനായി. 1934 -ൽ ദുരൂഹസാഹചര്യത്തിലാണ് ചെമ്പകരാമൻ പിള്ള മരിച്ചത്. ഈ മരണത്തിന് കാരണം നാസികൾ ഭക്ഷണത്തിൽ വിഷം കലർത്തിയതാണെന്ന് കരുതുന്നുണ്ട്. പിള്ളയുടെ മണിപ്പൂർ സ്വദേശി ഭാര്യ ലക്ഷ്മിഭായി അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ചിതാഭസ്മം കന്യാകുമാരിയിലെത്തിച്ച് നിമജ്ജനം ചെയ്തു.
