പാതിവെന്ത ഒരു പരിഹാരവും കൊണ്ട് ഇത്തവണ കർഷകർ തിരികെ പോകില്ല എന്നാണ് ഹന്നാൻ മൊല്ല പറയുന്നത്
കട്ടിക്കണ്ണടയും ധരിച്ചുകൊണ്ട് കർഷക സമരത്തിന്റെ മുന്നണിയിൽ തന്നെ നിൽക്കുന്ന ഈ വയോധികന്റെ പേര് ഹന്നാൻ മൊല്ല എന്നാണ്. സിപിഐഎമ്മിന്റെ മുൻ പോളിറ്റ് ബ്യുറോ അംഗവും കൊൽക്കത്ത പ്രസിഡൻസി കോളേജിലെ പൂർവ വിദ്യാർത്ഥിയും ആയിരുന്ന ഹന്നാൻ മൊല്ല ആൾ ഇന്ത്യാ കിസാൻ സഭയുടെ നേതാവ് എന്ന നിലയിലാണ് കർഷകർക്കിടയിൽ നേതൃസ്വരത്തിന്റെ രൂപമാർജിക്കുന്നത്. കഴിഞ്ഞ ദിവസം, കേന്ദ്രസർക്കാരുമായി നടന്ന ചർച്ചയിൽ എന്ത് തീരുമാനമുണ്ടായി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ഹന്നാൻ മൊല്ല നേരിയ പരിഹാസത്തോടെയാണ് പ്രതികരിച്ചത്. "ഒന്നുമുണ്ടായില്ല. വൈകുവോളം ഇരുന്നിട്ടും, കോഴിയമ്മ മുട്ടമാത്രം ഇട്ടില്ല" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വൈകുവോളം ചർച്ച നടത്തിയിട്ടും തീരുമാനം ഒന്നുമുണ്ടായില്ലെന്ന് സരസമായി പറഞ്ഞു വെക്കുകയായിരുന്നു മൊല്ല.
പശ്ചിമ ബംഗാളിലെ അറിയപ്പെടുന്ന ഒരു കർഷക നേതാവാണ് ഹന്നാൻ മൊല്ല. 2009 മുതൽ രാഷ്ട്രീയ വനവാസത്തിലാണെങ്കിലും, മൊല്ല അതിനുമുമ്പ് ഒൻപതുവട്ടം ബംഗാളിലെ ഉലുബെറിയ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റംഗം ആയിട്ടുണ്ട്. ഇപ്പോൾ കേന്ദ്രത്തിന്റെ മൂന്നു വിവാദ കർഷക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ മുഖമായി പതുക്കെ മാറുന്നുണ്ട് ഹന്നാൻ മൊല്ല എന്ന ഈ പരിണിതപ്രജ്ഞനായ നേതാവ്. "രാജ്യമെമ്പാടുമുള്ള കർഷകർ തോളോടുതോൾ ചേർന്ന് നടത്തുന്ന ഒരു സമരമാണിത്. ഇങ്ങനെയൊരു ബൃഹദ് സമരത്തെ 'പഞ്ചാബ്-ഹരിയാന' എന്നിവിടങ്ങളിൽ നിന്നുമാത്രമുള്ള ഒരു പ്രശ്നമെന്ന നിലക്ക് ഒതുക്കാനും, കുറച്ചു കാണിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഈ കരിനിയമങ്ങൾ കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ അതിന്റെ കോളിളക്കങ്ങൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രകടമാകും. " അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഹൗഡാ ജില്ലയിലെ ഒരു ചണകർഷകന്റെ മകനായി ജനിച്ച ഹന്നാൻ മൊല്ല, 1960 -കളിൽ, തന്റെ പതിനാറാം വയസ്സിലാണ് സിപിഎമ്മിൽ പ്രാഥമികാംഗത്വമെടുക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ചെങ്കയിലിലെ ഒരു മദ്രസയിൽ നിന്നായിരുന്നു എങ്കിലും, പിന്നീട് മൊല്ല പ്രസിദ്ധമായ കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കുന്നു.1980 മുതൽ 2009 വരെ ഹന്നാൻ മൊല്ല തന്നെയായിരുന്നു ഉലുബെറിയയിൽ നിന്നുള്ള എംപി. 2009 ലെ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച ശേഷമാണ് മൊല്ല, കൂടുതലായി കർഷക പ്രസ്ഥാനങ്ങളുമായി അടുക്കുന്നത്. 2008 -ൽ ബംഗാളിലെ സിംഗുരിൽ̣, നടന്ന സ്ഥലമെടുപ്പ് വിവാദവത്തെയും വെടിവെപ്പിനെയും ഒക്കെത്തുടർന്ന് പാർട്ടി നേതൃത്വവുമായും മൊല്ല അസ്വാരസ്യത്തിൽ ആയിരുന്നു. ആ അഭിപ്രായ ഭിന്നതകൾ തുടർന്ന് പാർട്ടി വൃത്തങ്ങൾ മൊല്ലയെ പാടെ ഒഴിവാക്കുകയും അദ്ദേഹം പൂർണമായും കിസാൻ സഭാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയുമാണുണ്ടായത്.
"പാതിവെന്ത ഒരു പരിഹാരവും കൊണ്ട് ഇത്തവണ കർഷകർ തിരികെ പോകില്ല എന്നും, കരിനിയമങ്ങൾ പിൻവലിക്കുക എന്നതല്ലാതെ കേന്ദ്രത്തിന്റെ മുന്നിൽ വേറെ ഒരു നീക്കുപോക്കും ഈ വിഷയത്തിലില്ല "എന്നും ഹന്നാൻ മൊല്ല പറഞ്ഞു. സിപിഎമ്മുമായി മുൻകാലബന്ധമുണ്ടായിരുന്നിട്ടും കർഷകർക്കിടയിൽ ഹന്നാൻ മൊല്ലക്ക് വല്ലാത്തൊരു സ്വീകാര്യതയുണ്ട്. അതിനു കാരണം, ലാൻഡ് അക്വീസിഷൻ ബിൽ മുതൽ, മന്ദ്സൗർ സമരം തൊട്ട്, ഇപ്പോൾ ഏറ്റവും പുതിയ കർഷക സമരം വരെ എല്ലാ പ്രക്ഷോഭങ്ങളുടെയും മുൻനിരയിൽ തന്നെ ഹന്നാൻ മൊല്ലയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ്. കഴിഞ്ഞ നാൽപതു വർഷമായി കർഷക സമരങ്ങൾ നയിക്കുന്ന ഒരാളാണ് മൊല്ല.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 10, 2020, 11:36 AM IST
Post your Comments