പേര് ധവൽ ത്രിവേദി. വയസ്സ് 50. തൊഴിൽ പാരലൽ കോളേജിൽ ട്യൂഷൻ എടുക്കൽ. ചെയ്തിരിക്കുന്ന കുറ്റം : പഠിപ്പിക്കുന്ന ട്യൂട്ടോറിയൽ കോളേജിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ച് അവരുടെ കൂടെ ഒളിച്ചോടുക. അങ്ങനെ ദൂരെ ഏതെങ്കിലും നാട്ടിലേക്ക് ചെന്ന് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, അവരെ മടുക്കുമ്പോൾ എവിടെയാണോ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നു കളയുക. മറ്റൊരിടത്തു ചെന്ന് ഇതുതന്നെ ആവർത്തിക്കുക. ഇങ്ങനെ ധവൽ ത്രിവേദി തുടർച്ചയായി ഒളിച്ചോടിയിട്ടുള്ളത്, ടീനേജ് വിദ്യാർത്ഥിനികൾ അടക്കം ഒൻപതു പെൺകുട്ടികളോടൊപ്പമാണ്. ഇയാളുടെ സീരിയൽ ഒളിച്ചോട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, അധ്യാപകനാണ് ഇയാളെന്ന എന്ന വസ്തുതയുമൊക്കെ പുറത്തുവന്നതോടെ വടക്കേ ഇന്ത്യൻ മാധ്യമങ്ങൾ അയാൾക്കൊരു പേര് ചാർത്തി നൽകി, 'ലവ് ഗുരു'. 

 

 

ഏറ്റവും ഒടുവിൽ, 2018 ഓഗസ്റ്റിൽ ഇതുപോലെ അയാൾ ഒളിച്ചോടിയ പെൺകുട്ടി അയാൾക്കൊപ്പം ഉള്ളപ്പോൾ സ്വന്തം അച്ഛന് ഫോൺ ചെയ്തതോടെയാണ് ത്രിവേദി വലയിൽ ആകുന്നത്. ഈ കോളിനെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങിയ ഗുജറാത്ത് പോലീസും സിബിഐയും, കാൾ ലൊക്കേഷൻ ട്രേസ് ചെയ്തു. വിളി വന്നത് ഉത്തർ പ്രദേശിൽ നിന്നാണ് എന്ന് മനസ്സിലായതോടെ അന്വേഷണ സംഘം നേരെ അങ്ങോട്ട് വച്ചുപിടിച്ചു. എന്നാൽ, കോൾ വന്ന ലോഡ്ജിലേക്ക് അവർ എത്തിയപ്പോഴേക്കും ത്രിവേദി സ്ഥലം വിട്ടിരുന്നു. അതോടെ സിബിഐ രാജ്യത്തെ സകല ട്യൂഷൻ സ്ഥാപനങ്ങൾക്കും ത്രിവേദിയുടെ ചിത്രം സഹിതം ലുക്ക് ഔട്ട് നോട്ടീസ് കൈമാറി. അതിനിടെ പെൺകുട്ടിയും ത്രിവേദിയും കൂടി തെറ്റി. അവർ, ബിഹാറിൽ വെച്ച് പരിചയപ്പെട്ട ഒരാളുടെ സഹായത്തോടെ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങി. 

അതിനു ശേഷം നിർത്താതുള്ള ഓട്ടത്തിൽ ആയിരുന്നു ത്രിവേദി. പൊലീസിനെ ഭയന്നുള്ള ഈ ഓട്ടത്തിനിടെ അയാൾ ഒരു സിഖുകാരനായി നടിച്ച്. ഗുരുദ്വാരകളിലും മറ്റും കടന്നുകൂടി, കുറച്ചു ദിവസം താമസിച്ചു. റെയിൽവേ സ്റ്റേഷന്റെ വെയിറ്റിങ് റൂമിലും കുറച്ചു ദിവസം താമസിച്ചു. ഓരോ തവണ പൊലീസ് എത്തുമ്പോഴും ത്രിവേദി കൃത്യമായി അവിടെ നിന്ന് കടന്നു. അതിനിടെ സിബിഐ ത്രിവേദിയെപ്പറ്റി വിവരം തരുന്നവർക്ക് അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. സിബിഐ, ദില്ലി ക്രൈംബ്രാഞ്ച്, ഗുജറാത്ത് പൊലീസ് എന്നിങ്ങനെ നിരവധി സംഘങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ്ഹിമാചൽ പ്രദേശിലെ സോളൻ എന്ന സ്ഥലത്ത് ഒരു സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന ധവൽ ത്രിവേദിയെ പിടികൂടാനായത്. ഗുജറാത്ത് സിഐഡിക്ക് ഇയാളെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടികൂടാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ഗുജറാത്ത് ഹൈക്കോടതിയാണ് സിബിഐക്ക് കൈമാറിയത്.

രാജ്കോട്ടിൽ രണ്ടു പെൺകുട്ടികളെ ഒരേസമയത്ത്  കൂടെക്കൂട്ടി ഒളിച്ചോടിയ ത്രിവേദിക്കെതിരെ അന്ന് ചാർജ് ചെയ്യപ്പെട്ട പോക്സോ കേസിൽ അയാൾ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍,  2018 -ൽ പരോളിൽ ഇറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. അങ്ങനെ പരോൾ ലംഘിച്ചു മുങ്ങിയ സമയത്താണ് തന്റെ ഏറ്റവും ഒടുവിലെ ഇരയെ ചോട്ടിലാ എന്ന സ്ഥലത്തുവെച്ച് ത്രിവേദി പ്രണയം നടിച്ച് കൂടെ കൂട്ടുന്നത്.

 

 

1970 -ൽ മഹാരാഷ്ട്രയിലെ താനെയിലാണ് ധവൽ ത്രിവേദി ജനിച്ചത്. ഗുജറാത്തിലെ വഡോദരയിലെ ഒരുകോളേജിലെ ഫിലോസഫി പ്രൊഫസർ ആയിരുന്ന അച്ഛൻ മകനെ എംഎ വരെ പഠിപ്പിച്ചു. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നല്ല മാർക്കോടെ എംഎ ഇംഗ്ലീഷ് പാസായ ത്രിവേദി 1996 -ൽ വിവാഹിതനാകുന്നു. പക്ഷേ, ഭാര്യ മാസങ്ങൾക്കുള്ളിൽ തന്നെ മരിക്കുന്നു. വീണ്ടും ത്രിവേദി വിവാഹം കഴിക്കുന്നു. അതിൽ 1999 -ൽ ഒരു പെൺകുഞ്ഞുണ്ടാകുന്നു. 2000 ഭാര്യയുമായി തെറ്റി വിവാഹമോചനം നടക്കുന്നു. അന്നുതൊട്ടിങ്ങോട്ട് പെൺകുട്ടികളെ സ്നേഹം നടിച്ച് കൂടെക്കൂട്ടി വഞ്ചിക്കുന്നതിൽ ഇയാൾ വ്യാപൃതനാവുകയായിരുന്നു.

അസാമാന്യമായ ഭാഷാ പാടവം ഉണ്ടായിരുന്ന ത്രിവേദിക്ക് എട്ടു ഭാഷകൾ അറിയാമായിരുന്നു എന്നാണ് കേസ് ആദ്യമന്വേഷിച്ച ഗുജറാത്ത് സിഐഡി അവരുടെ കുറ്റപത്രത്തിൽ ഇയാളെപ്പറ്റി എഴുതി വച്ചിട്ടുളളത്. ഒരു സ്‌കൂളിന്റെ പ്രിൻസിപ്പൽ പദവിയിൽ ഇരുന്നിട്ടുള്ള ത്രിവേദി ഇടയ്ക്കിടെ പെരുമാറുകയും, വ്യാജ ഐഡികാർഡുകളുടെ സഹായത്തോടെ വിവിധ ട്യൂഷൻ സെന്ററുകളുടെ ഭാഗമാവുകയും ചെയ്തുകൊണ്ടാണ് അവിടെ പഠിക്കാൻ വന്നിരുന്ന പെൺകുട്ടികളിൽ നിന്ന് തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. 

 

 

ഇയാൾ ഒളിച്ചോടുന്നതും പെൺകുട്ടികളുമായി ബന്ധപ്പെടുന്നതും ഒക്കെ അവരുടെ സമ്മതത്തോടെ തന്നെ ആണെങ്കിലും, അവർക്ക് പ്രായപൂർത്തി ആകാത്തതുകൊണ്ട് അത് ബലാത്സംഗത്തിന്റെ പരിധിയിൽ തന്നെ പെടും, പോക്സോ  ചുമത്തേണ്ട കേസാണ്. അതിനു ശേഷം അവരെ ഉപേക്ഷിച്ച് അടുത്ത ഇരയെത്തേടി പോകുന്നതിനാൽ ഐപിസിയിലെയും സിആർപിസിയിലെയും വേറെയും നിരവധി വകുപ്പുകൾ ഇയാൾക്കുമേൽ ചുമത്തപ്പെടും. ഏറ്റവും ഒടുവിൽ പിടിക്കപ്പെടുന്ന സമയത്ത് തന്റെ ജീവിതത്തിൽ താൻ വശത്താക്കിയിട്ടുള്ള പെൺകുട്ടികളെപ്പറ്റി 'ദ ടെൻ പെർഫെക്ട് വിമൺ ഇൻ മൈ ലൈഫ്' എന്ന പേരിൽ ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ധവൽ ത്രിവേദി.