കാവി നിറത്തിലുള്ള സാരിയുടുത്ത് നിറയെ സ്വര്‍ണ്ണാഭരണങ്ങളും രുദ്രാക്ഷവും ശിരോവസ്ത്രവും അണിഞ്ഞ് ഏതോ പുരാണ ഹിന്ദി സീരിയലില്‍ നിന്നും ഇറങ്ങിവന്ന പ്രതീതിയിലായിരുന്നു അവര്‍ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ പങ്കെടുത്തത്. 


സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഇന്ത്യയില്‍ നിരവധി ബലാത്സംഗ കേസുകളിലടക്കം പ്രതിയുമായ നിത്യാനന്ദ സ്ഥാപിച്ച 'കൈലാസ' എന്ന സാങ്കല്‍പിക ഹിന്ദു രാജ്യത്തിന്‍റെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്ത മാ വിജയപ്രിയ നിത്യാനന്ദയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തി. ഹിന്ദുമതത്തിന്‍റെ 'മഹാഗുരു'വാണ് നിത്യാനന്ദയെന്ന് അവര്‍ യുഎന്നില്‍ അവകാശവാദമുന്നയിച്ചു. കൂടാതെ നിത്യാനന്ദയുടെ മാതൃരാജ്യമായ ഇന്ത്യ തങ്ങളുടെ മഹാഗുരുവിനെ വേട്ടയാകുകയാണെന്നും അവര്‍ ആരോപിച്ചു. ഇതിന് പിന്നാലെ ആരാണ് 'മാ വിജയപ്രിയ നിത്യാനന്ദ' എന്ന അന്വേഷണത്തിലായിരുന്നു സാമൂഹിക മാധ്യമങ്ങള്‍. 

ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 19 -മത് സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച സമിതിയുടെ (CESCR)യോഗത്തിന്‍റെ 73 -മത്തെ സെഷനില്‍ പങ്കെടുത്ത് കൊണ്ടാണ് അവര്‍ തന്‍റെ 'മഹാഗുരു' നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് വാചാലയായത്. കാവി നിറത്തിലുള്ള സാരിയുടുത്ത് നിറയെ സ്വര്‍ണ്ണാഭരണങ്ങളും രുദ്രാക്ഷവും ശിരോവസ്ത്രവും അണിഞ്ഞ് ഏതോ പുരാണ ഹിന്ദി സീരിയലില്‍ നിന്നും ഇറങ്ങിവന്ന പ്രതീതിയിലായിരുന്നു അവര്‍ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ പങ്കെടുത്തത്. പരിപാടിക്കിടെ അവര്‍ സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസിന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍‌ തേടുന്ന പിടികിട്ടാപ്പിള്ളിയുമായ നിത്യാനന്ദയുടെ രാജ്യമായ കൈലാസത്തില്‍ നിന്നുള്ള യുഎന്നിലെ സ്ഥിരം നയതന്ത്രപ്രതിനിധിയാണെന്ന് അവര്‍ അവകാശപ്പെട്ടു. 'മാ വിജയപ്രിയ നിത്യാനന്ദ' എന്ന് അവര്‍ ട്വിറ്റര്‍ അക്കൌണ്ടുകളില്‍ വിശേഷിപ്പിക്കപ്പെട്ടു. 

ആരാണ് 'മാ വിജയപ്രിയ നിത്യാനന്ദ'? 

ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, 2014 -ല്‍ കാനഡയിലെ മാനിറ്റോബ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മൈക്രോ ബയോളജിയിൽ ബാച്ചിലർ ഓഫ് സയൻസ് പൂര്‍ത്തിയാക്കിയ ആളാണ് അവര്‍. ഒപ്പം ഇംഗ്ലീഷ്, ഫ്രഞ്ച്, ക്രിയോൾ, പിജിൻസ് എന്നീ ഭാഷകളില്‍ പ്രാവീണ്യവുമുണ്ട്. പഠന കാലത്ത് മികച്ച അക്കാദമിക് പ്രകടനത്തിന് സര്‍വകലാശാലാ ഡീനിന്‍റെ ബഹുമതി നേടിയിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. 2013 ലും 2014 ലും അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥി സ്കോളർഷിപ്പും നേടിയിട്ടുണ്ടെന്ന് ലിങ്ക്ഡ്ഇന്‍ അക്കൌണ്ടില്‍ പറയുന്നു. നിലവില്‍ അവര്‍ കൈലാസത്തിന്‍റെ നയതന്ത്രജ്ഞയാണെന്ന അവകാശം ഉന്നയിച്ചു. 

അമേരിക്കയിലെ വാഷിംഗ്ടൺ ഡിസി സിറ്റിയിലെ താമസക്കാരിയാണെന്നാണ് വിജയപ്രിയ നിത്യാനന്ദ സ്വയം വിശേഷിപ്പിക്കുന്നത്. 'കൈലാസ'യുടെ വെബ്‌സൈറ്റ് അനുസരിച്ച്, വിജയപ്രിയ കൈലാസത്തിന് വേണ്ടി അന്താരാഷ്ട്രാ സംഘടനകളുമായി കരാറുകൾക്ക് നേതൃത്വം നല്‍കുന്നു. ഐക്യരാഷ്ട്ര സഭായോഗത്തിനിടെ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളെ കാണുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഒരു വീഡിയോയിൽ വിജയപ്രിയ നിത്യാനന്ദ ചില അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചില കരാറുകളിൽ ഒപ്പുവെക്കുന്നതും കാണാമായിരുന്നു. 150 ഓളം രാജ്യങ്ങളില്‍ കൈലാസത്തിന് സ്വന്തമായി എംബസിയും എന്‍ജിയോകളുമുണ്ടെന്ന് വിജയപ്രിയ അവകാശപ്പെട്ടു. നിത്യാനന്ദയെ "തന്‍റെ ജീവിതത്തിന്‍റെ ഉറവിടം" എന്നാണ് വിജയപ്രിയ വിശേഷിപ്പിച്ചത്. കൂടാതെ താന്‍ ഒരിക്കലും കൈലാസത്തെയോ നിത്യാനന്ദയേയോ ഉപേക്ഷിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ വായനയ്ക്ക്:  'അമ്പമ്പോ എന്തൊരു നാവ്'! ; നീണ്ട് നീണ്ട് പോകുന്നൊരു നാവ്, വൈറലായി ഒരു വീഡിയോ 

തന്‍റെയും ഹിന്ദു സമൂഹത്തിന്‍റെയും പരമോന്നത മഹാഗുരുവും ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം സ്ഥാപിച്ച നിത്യാനന്ദ പരമശിവത്തെ അദ്ദേഹത്തിന്‍റെ മാതൃരാജ്യത്ത് നിന്നും നാടുകടത്തിയെന്നും കൂടാതെ അദ്ദേഹത്തനെ വേട്ടയാടുകയാണെന്നും വിജയപ്രിയ ആരോപിച്ചു. നിത്യാനന്ദയ്ക്കും കൈലാസത്തിലെ ഇരുപത് ലക്ഷം വരുന്ന് ഹിന്ദുക്കള്‍ക്കും നേരെയുമുള്ള പീഡനം തടയാന്‍ അന്തര്‍ദേശീയ തലത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അവര്‍ യുഎന്നില്‍ ചോദ്യമുന്നയിച്ചു. ലോകത്തിലെ 150 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ രാജ്യത്തിന് എംബസികളും എന്‍ജിയോകളും ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍, 'സ്വയം പ്രഖ്യാപിത' വ്യക്തിയുടെ സംഘടന നൽകുന്ന വിവരങ്ങള്‍ പരിഗണിക്കപ്പെടില്ലെന്നാണ് ഐക്യരാഷ്ട്ര സഭ, വിജയപ്രിയയ്ക്ക് നല്‍കിയ മറുപടി. 

ഐക്യരാഷ്ട്രസഭയുടെ പരിപാടിയില്‍ വിജയപ്രിയയെ കൂടാതെ സാങ്കല്‍പിക കൈലാസത്തില്‍ നിന്നുള്ള മറ്റ് അഞ്ച് സ്ത്രീകള്‍ കൂടി പങ്കെടുത്തിരുന്നു. കൈലാസ മേധാവി മുക്തികാ ആനന്ദ്, കൈലാസ സന്യാസി ലൂയിസ് ചീഫ് സോന കാമത്ത്, കൈലാസ യുകെ മേധാവി നിത്യ ആത്മദായകി, കൈലാസ ഫ്രാൻസ് മേധാവി നിത്യ വെങ്കിടേശാനന്ദ, കൈലാസ സ്ലോവേനിയൻ പ്രതിനിധി മാ പ്രിയമ്പര നിത്യാനന്ദ എന്നിവരാണ് കൈലാസയെ പ്രതിനിധീകരിച്ച് യുഎന്‍ യോഗത്തില്‍ പങ്കെടുത്ത മറ്റ് സ്ത്രീകള്‍. 

കൂടുതല്‍ വായനയ്ക്ക്: ഇംഗ്ലണ്ടില്‍ നിന്നും ഇരുമ്പുയുഗത്തില്‍ മനുഷ്യന്‍റെ തലയോട്ടിയില്‍ നിര്‍മ്മിച്ച ചീപ്പ് കണ്ടെത്തി! 

ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളിലെ മുഖ്യപ്രതിയാണ് നിത്യാനന്ദ പരമശിവം എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം. 4,00,000 ഡോളറിന്‍റെ തട്ടിപ്പിന് ഫ്രഞ്ച് പൊലീസും ഇയാളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ കേസുകള്‍ കൂടിയപ്പോള്‍ 2019 -ലാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയത്. തുടര്‍ന്ന് കൈലാസ എന്ന രാജ്യം സ്ഥാപിച്ചതായും അവിടെ സ്വന്തമായ റിസര്‍ ബാങ്കും 'കൈലേഷ്യ ഡോളര്‍' എന്ന കറന്‍സി ഇറക്കിയതായും അയാള്‍ അവകാശപ്പെട്ടിരുന്നു. 

കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയില്‍ കണ്ടെത്തിയ മനോഹരവും അപൂർവവുമായ ഈ മൃഗമേതെന്ന് അറിയുമോ?