Asianet News MalayalamAsianet News Malayalam

മട്ടൂണിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ ഭ്രാന്തനായ വിഷവാതക നിർമ്മാതാവ്, അത് ആരായിരുന്നു?

എഫ്ബിഐക്ക് പോലും മട്ടൂണിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഒടുവിൽ സെപ്‌റ്റംബർ 12 -ന്, നഗരത്തിലെ പൊലീസ് മേധാവി ഒരു പ്രസ്താവന പുറത്തിറക്കി..

who is Mad Gasser
Author
First Published Sep 10, 2022, 2:19 PM IST

1944 സെപ്തംബർ 1 -ന് സെൻട്രൽ ഇല്ലിനോയിസ് പട്ടണമായ മട്ടൂണിൽ ഒരു അമ്മയ്ക്കും അവളുടെ മൂന്ന് വയസ്സുള്ള മകൾക്കും പെട്ടെന്ന് അസുഖം വന്നതോടെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ആ നിഗൂഢത ആരംഭിച്ചത്. അലിൻ കെർണി മകൾ ഡൊറോത്തിക്കൊപ്പം കിടക്കയിൽ കിടക്കുകയായിരുന്നു. പെട്ടെന്ന് മുറിയിൽ ആകെ എന്തോ ഒരു സുഗന്ധം പരന്നു. വളരെ സുഖകരമായ ഒന്നാണ് എന്നാണ് പിന്നീട് അലിൻ കെർണി അതിനെ വിശേഷിപ്പിച്ചത്. ആ ഗന്ധം ശ്വസിച്ചു കഴിഞ്ഞതോടെ അവളുടെ ശരീരം തളരാൻ തുടങ്ങി. അരയ്ക്കു താഴോട്ട് നിശ്ചലമായി. ഭയന്ന് നിലവിളിച്ച കെർണിയുടെ ശബ്ദം കേട്ട് സഹോദരി ഓടിയെത്തി. 

മുറിയിലെത്തിയ സഹോദരി കാണുന്നത് അനങ്ങാനാവാതെ കിടക്കുന്ന കെർണിയേയും അവളുടെ മകളെയുമാണ്. ഈ സമയം കെർണിയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ സഹോദരി വീട് മുഴുവൻ പരതി. വീട്ടു ജോലിക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. പക്ഷേ വീട്ടിൽ ആരും അതിക്രമിച്ചു കയറിയതിന്റെ യാതൊരു ലക്ഷണവും കണ്ടെത്താനായില്ല. എന്നാൽ അന്ന് രാത്രി വീട്ടിലെത്തിയ കെർണിയുടെ ഭർത്താവ് ഇരുണ്ട വസ്ത്രവും "ഇറുകിയ തൊപ്പിയും" ധരിച്ച, ഒരു രൂപം അവരുടെ ജനാലയ്ക്കരികിൽ നിൽക്കുന്നത്  കണ്ടതായി അന്നത്തെ വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.

അധികം വൈകാതെ അമ്മയും മകളും പെട്ടെന്ന് സുഖം പ്രാപിച്ചു. എന്നാൽ അടുത്ത ദിവസം പ്രാദേശിക മാധ്യമങ്ങൾ അവരെ ഒരു അജ്ഞാത ആക്രമണകാരിയുടെ "ആദ്യ ഇരകൾ" എന്ന് വിശേഷിപ്പിച്ചു. ആ വാർത്ത പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം ഷീറ്റ് മെറ്റൽ തൊഴിലാളിയായ അർബൻ റേഫ് എന്ന ഒരു പ്രദേശവാസി, തലേദിവസം രാത്രിയിൽ, കിടപ്പുമുറിയിലെ ജനലിലൂടെ എന്തോ പുക പകർന്നതിനെത്തുടർന്ന് താനും ഭാര്യയും സുഖമില്ലാതായി എന്ന് അവകാശപ്പെട്ടു.

ദിവസങ്ങൾക്കുള്ളിൽ സമാനമായ കേസുകളുടെ ഒരു നിര തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു. നഗരത്തിലെ അന്നത്തെ 16,000 ജനസംഖ്യയിൽ നിന്ന് 35 -ഓളം ആളുകൾ വിചിത്രമായ സുഗന്ധം അനുഭവിച്ചതിനെ തുടർന്ന് അസുഖം ബാധിച്ചതായി അവകാശപ്പെട്ടു. ബാധിതരായ ആളുകളിൽ വിഷവാതകവുമായി സമ്പർക്കം പുലർത്തുന്നതിന്റെ ലക്ഷണങ്ങൾ - ഓക്കാനം, ഛർദ്ദി, ബലഹീനത, പക്ഷാഘാതം, നേരിയ തലകറക്കം, രക്തം തുപ്പൽ എന്നിവ റിപ്പോർട്ട് ചെയ്തു, രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഇരകളെല്ലാം ‘മധുരമായ പെർഫ്യൂം ഗന്ധം’ അവരുടെ വീടുകളിൽ വ്യാപിക്കുന്നതായി അനുഭവപ്പെട്ടുവെന്ന് വെളിപ്പെടുത്തി.

അതോടെ നാടെങ്ങും ഭീതിയിലായി. "ഷോട്ട്ഗണുകളും പിസ്റ്റളുകളുമായി സായുധരായ നഗരവാസികൾ രാത്രിയിൽ അജ്ഞാത രൂപത്തെ അന്വേഷിച്ചിറങ്ങി. പെട്ടെന്ന് തന്നെ മാധ്യമങ്ങളിൽ  അജ്ഞാത രൂപിയ്ക്ക് ഒരു പേരും വന്നു "മാഡ് ഗാസർ."

അതോടെ സ്ത്രീകൾ വീടുവിട്ടിറങ്ങാതായി. ഒറ്റയ്ക്ക് താമസിച്ചിരുന്നവരെല്ലാം കൂട്ടമായി താമസിക്കാൻ തുടങ്ങി. ഏത് നിമിഷവും 'മാഡ് ഗാസർ' വന്നേക്കും എന്നുള്ള ഭീതിയിൽ അവർ ദിനരാത്രങ്ങൾ തള്ളിവിട്ടു. എന്നാൽ പലവിധത്തിലുള്ള അന്വേഷണം നടത്തിയിട്ടും പൊലീസിന് എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താനായില്ല. മാഡ് ഗാസർ ആരാണ്, എവിടെയാണ് എന്നറിയാതെ പൊലീസ് കുഴഞ്ഞു.

എഫ്ബിഐക്ക് പോലും മട്ടൂണിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഒടുവിൽ സെപ്‌റ്റംബർ 12 -ന്, നഗരത്തിലെ പൊലീസ് മേധാവി ഒരു പ്രസ്താവന പുറത്തിറക്കി, ഒരു പ്രാദേശിക ഡീസൽ എഞ്ചിൻ ഫാക്ടറിയിൽ നിന്ന് അബദ്ധവശാൽ പുറന്തള്ളപ്പെട്ട വാതകം കാറ്റത്ത് വീടുകളിലേക്ക് ഒഴുകിയതാണ് ഗന്ധത്തിന് കാരണമെന്നായിരുന്നു അത്.

പക്ഷേ, അത് വിശ്വസിക്കാൻ ആളുകൾ ആദ്യം മടിച്ചു. പിന്നീട് ഒരിക്കൽ പോലും അത്തരത്തിൽ ഒരു ആക്രമണം നടക്കാതിരുന്നത് കൊണ്ടാകാം പിന്നീട് ആളുകൾ പതിയെ പതിയെ മാഡ് ഗാസറിനെ മറന്നു. അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

പിൽക്കാലത്ത് ഈ സംഭവത്തെ മനഃശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത് 'മാസ് ഹിസ്റ്റീരിയ' എന്നാണ്. കൂടാതെ ഭാവനാശാലിയായ ഏതോ മാധ്യമപ്രവർത്തകനാണ് ഹിസ്റ്റീരിയയ്ക്ക് ആക്കം കൂട്ടിയതെന്നും ഈ സംഭവത്തെക്കുറിച്ച് പഠിച്ച ഗവേഷകർ പറയുന്നു. 1944 -ൽ മട്ടൂണിൽ നടന്ന സംഭവങ്ങൾ ഇന്ന് കോളേജ് സൈക്കോളജി ക്ലാസുകളിൽ മാസ് ഹിസ്റ്റീരിയയുടെ ഉത്തമ ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് ആക്രമണങ്ങൾ നടന്നതായി കരുതപ്പെടുന്ന സാഹചര്യത്തിൽ, നിരവധി പുരുഷന്മാർ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയും ധാരാളം സ്ത്രീകൾ തനിച്ചായിരിക്കുകയും ചെയ്തപ്പോൾ അവരുടെ വ്യാകുലത, പരിഭ്രാന്തി, ഭ്രമം എന്നിവയുടെ ഫലമായി ഉണ്ടായ സംഭവമായിരിക്കാം ഇതൊന്നും അവർ അഭിപ്രായപ്പെടുന്നു. എന്നാൽ ആ വിശദീകരണം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടില്ല.

2003 -ൽ പ്രസിദ്ധീകരിച്ച ഒരു പുസ്‌തകത്തിൽ, പ്രാദേശിക ഹൈസ്‌കൂൾ സയൻസ് ടീച്ചർ സ്‌കോട്ട് മറുന മാസ് ഹിസ്റ്റീരിയ സിദ്ധാന്തത്തെ ചോദ്യം ചെയ്യുകയും ആക്രമണങ്ങളുടെ വിവരണങ്ങളുമായി മുന്നോട്ട് വന്ന പലർക്കും വിശ്വാസ്യത നൽകുന്ന തെളിവുകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തുവെന്ന്  ഇല്ലിനോയിസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആരോപണവിധേയനായ മാഡ് ഗാസർ "ടൗൺ ജീനിയസ്" ആയ ഫാർലി ലെവെല്ലിൻ ആയിരിക്കാമെന്ന് അഭിപ്രായപ്പെട്ടു, അദ്ദേഹത്തിന് ഒരു രഹസ്യ ലബോറട്ടറി ഉണ്ടായിരുന്നുവെന്നും അവിടെ വിവിധ രാസവസ്തുക്കളുടെ വലിയ ശേഖരം ഉണ്ടായിരുന്നുവെന്നും പറയുന്നു. 

അൽപ്പം മാനസിക അസ്ഥിരതയും തന്നെ അംഗീകരിക്കാത്ത പട്ടണത്തിനോടുള്ള രോഷവും ആണ് വിവിധ ലായകങ്ങൾ കൂട്ടിച്ചേർത്ത് ഒരു വിഷവാതകം നിർമ്മിച്ച് നഗരത്തെ പരിഭ്രാന്തിയിൽ ആക്കാനുള്ള ഫാർലിയുടെ തീരുമാനത്തിന് പിന്നിൽ എന്ന് മറുന പറയുന്നു.

പക്ഷേ, അക്കാലത്തെ മാധ്യമങ്ങളിൽ വന്ന വാർത്തകളും പൊലീസ് രേഖകളും പരിശോധിച്ച നിരവധി സാമൂഹ്യശാസ്ത്രജ്ഞരും  അന്വേഷണ ഉദ്യോഗസ്ഥരും ഇപ്പോഴും സംശയാലുക്കളാണ്. പുതിയ കാരണങ്ങൾ പുറത്തുവരാൻ സാധ്യതയില്ലാത്തതിനാൽ, മാഡ് ഗാസർ നിഗൂഢതയ്ക്ക് ഒരിക്കലും നിർണായകമായ ഉത്തരം ഉണ്ടായേക്കില്ല.

Follow Us:
Download App:
  • android
  • ios