സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുന്ന 19 -ാമത്തെ വനിതയും ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർ​ഗസ്. അതുപോലെ നൊബേൽ സമ്മാനത്തിന്റെ 122 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഇത് അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് ഈ പുരസ്കാരം കിട്ടുന്നത്. 

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നർഗസ് മുഹമ്മദിയ്ക്കാണ്. ഇറാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ നിരന്തരം പോരാടുന്ന നർ​ഗസ് ഇപ്പോഴും ഉള്ളത് ജയിലിലാണ്. 'സ്വാതന്ത്ര്യ സമര സേനാനി' എന്നാണ് നൊബേൽ കമ്മിറ്റി ആ ധീരവനിതയെ വിശേഷിപ്പിച്ചത്. വളരെ കാലങ്ങളായി സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പം തന്നെ രാജ്യത്ത് നിലനിൽക്കുന്ന വധശിക്ഷയ്ക്കെതിരെയും നർ​ഗസ് പ്രതികരിക്കുകയും പോരാടുകയും ചെയ്യുന്നുണ്ട്. നര്‍ഗീസ് മുഹമ്മദിയെ കുറിച്ച് ചിലത്...

2010 മുതൽ തുടർച്ചയായി തെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് നർ​ഗസ്. തടവറയ്ക്ക് അകത്ത് നിന്നുപോലും അതിക്രമങ്ങളെ കുറിച്ച് അവർ ശബ്ദമുയർത്തുകയും അത് പുറം ലോകത്തെത്തിക്കുകയും ചെയ്തു. 51 -കാരിയായ നർ​ഗസിനെ 13 തവണയാണ് അറസ്റ്റ് ചെയ്തത്. അതിൽ അഞ്ച് തവണ ശിക്ഷിക്കപ്പെട്ടു. 31 വർഷത്തെ തടവും നർ​ഗസിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെ 154 തവണ ചാട്ടവാറടിയേൽക്കേണ്ടി വന്നു അവർക്ക്. 

നർ​ഗസിന്റെ ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ ടാഗി റഹ്മാനി അവരുടെ രണ്ട് കുട്ടികളുമായി പാരീസിൽ കഴിയുകയാണ്. വർഷങ്ങളായി അവർ പരസ്പരം കണ്ടിട്ടില്ല. ടാ​ഗി റഹ്മാനിയും ഇറാനിൽ രാഷ്ട്രീയപ്രവർ‌ത്തനത്തെ തുടർന്ന് ജയിലിൽ കഴിഞ്ഞ ആളാണ്.

സ്സൻജസിലെ മിഡിൽക്ലാസ് കുടുംബത്തിലാണ് നർ​ഗസ് ജനിച്ച് വളർന്നത്. അമ്മയുടെ വീട്ടിൽ രാഷ്ട്രീയക്കാരായിരുന്നു ഏറെയും. 1979 -ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അമ്മയുടെ സഹോദരനടക്കം ആ കുടുംബത്തിലെ പലരും അറസ്റ്റിലായി. ഒരുദിവസം ടെലിവിഷനിൽ അവളുടെ കസിന്റെ പേര് കൊല്ലപ്പെട്ട തടവുകാരുടെ പേരിനൊപ്പം തെളിഞ്ഞുവന്നു. അവളുടെ അമ്മ ആ വാർത്ത കണ്ട് അലറിക്കരഞ്ഞു. അന്നുതൊട്ടിങ്ങോട്ട് നർ​ഗസ് വധശിക്ഷയ്ക്കെതിരെ പോരാടിയിട്ടുണ്ട്. 

ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ നർ​ഗസ് എഞ്ചിനീയറായിട്ടാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പഠനസമയത്ത് വിദ്യാർത്ഥികളുടെ പത്രത്തിന് വേണ്ടി എഴുതിക്കൊണ്ട് തന്നെ സമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടി അവർ തന്റെ ശബ്ദമുയർത്തി. വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയുടെ യോ​ഗത്തിൽ പങ്ക് ചേർന്നതിന് രണ്ട് തവണ അറസ്റ്റിലായി. 2009 -ൽ ജയിൽ ശിക്ഷ കൂടി അനുഭവിക്കേണ്ടി വന്നതോടെ നർ​ഗസിന് എഞ്ചിനീയർ തസ്തിക തന്നെ നഷ്ടപ്പെട്ടു. 

വിവിധ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി നർ​ഗസ് ജേണലിസ്റ്റായി പ്രവർത്തിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും, വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടിയും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയും അവർ എഴുതി. 

അവർ ഇറാന്റെ സാമൂഹിക പരിഷ്കാരത്തിന് വേണ്ടി നിരവധി ലേഖനങ്ങൾ എഴുതി. 'ദ റിഫോംസ്, ദ സ്ട്രാറ്റജി, ആൻഡ് ദ ടാക്റ്റിക്സ്' എന്ന ഉപന്യാസങ്ങളുടെ ശേഖരം അവർ പ്രസിദ്ധീകരിച്ചു. നർ​ഗസിന്റെ 'വൈറ്റ് ടോർച്ചർ: ഇന്റർവ്യൂസ് വിത്ത് ഇറാനിയൻ വിമൻ പ്രിസണേഴ്‌സ്' എന്ന പുസ്തകം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് ഫോറത്തിൽ റിപ്പോർട്ടിംഗിനുള്ള അവാർഡും നേടി.

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുന്ന 19 -ാമത്തെ വനിതയും ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർ​ഗസ്. അതുപോലെ നൊബേൽ സമ്മാനത്തിന്റെ 122 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഇത് അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് ഈ പുരസ്കാരം കിട്ടുന്നത്. 

2003 -ൽ ഇബാദിയുടെ നേതൃത്വത്തിലുള്ള 'ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററി'ൽ നർ​ഗസ് ചേർന്നു. പിന്നീട്, സംഘടനയുടെ വൈസ് പ്രസിഡന്റായി. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ അംഗമാണ് ഈ ​ഗ്രൂപ്പ്. ഫ്രഞ്ച് നാഷണൽ കമ്മീഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെ 2003 -ലെ ഹ്യുമൻറൈറ്റ്സ് അവാർഡ് ഇതിന് ലഭിച്ചു.

വിവിധ അവാർഡുകളും നർ​ഗസിനെ തേടി എത്തിയിട്ടുണ്ട്. 2009 -ൽ അലക്സാണ്ടർ ലാം​ഗർ അവാർഡ്. യുനെസ്‌കോ/ഗില്ലെര്‍മോ കാനോ വേള്‍ഡ് പ്രസ് ഫ്രീഡം അവാര്‍ഡ് എന്നിവയെല്ലാം ഇതിൽ പെടുന്നു. 

അതേസമയം, നൊബേൽ പുരസ്കാരം നൽകിയതിനൊപ്പം തന്നെ നർ​ഗസിനെ മോചിപ്പിക്കണം എന്നും നൊബേൽ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇറാനിലെ മാധ്യമങ്ങൾ പരിഹാസത്തോടെയാണ് നർ​ഗസിനെ തേടി നൊബേൽ പുരസ്കാരം എത്തിയതിനെ അവതരിപ്പിച്ചത്. 'ഇറാനെതിരെ ദേശദ്രോഹ പ്രവർത്തനം നടത്തുന്ന വനിതയ്ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിഫലം' എന്നായിരുന്നു ഇറാന്റെ ദേശീയ വാർത്താ ഏജൻസി വാർത്ത റിപ്പോർട്ട് ചെയ്തത്.