കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ ഒരു ഗൂഢ ഹിറ്റ് സ്‌ക്വാഡ്, ടെഹ്റാനിൽ നുഴഞ്ഞു കയറിച്ചെന്ന്, അവിടെ സുരക്ഷിതനായി കഴിഞ്ഞു കൂടുകയായിരുന്ന അൽ ക്വയ്ദയുടെ നമ്പർ 2 ഭീകരവാദി ആയിരുന്ന, മുഹമ്മദ് അൽ മസ്രിയെ വധിച്ചതായി, അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പത്രം, സൈന്യത്തിലെ രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിൽ വെളിപ്പെടുത്തി. ഇറാൻ ഗവൺമെന്റ് ഈ അവകാശവാദത്തെ തല്ക്കാലം തള്ളിപ്പറഞ്ഞിരിക്കുകയാണ്.

ആരായിരുന്നു  മുഹമ്മദ് അൽ മസ്രി?

അബ്ദുള്ള അഹമ്മദ് അബ്ദുള്ള എന്നും അറിയപ്പെട്ടിരുന്ന മുഹമ്മദ് അൽ മസ്രി, ഈജിപ്തിൽ നിന്നുള്ള അൽ ക്വയ്‌ദയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. അയ്മൻ അൽ സവാഹിരി കഴിഞ്ഞാൽ ഈ ആഗോള ഭീകര സംഘടനയിലെ ഏറ്റവും ശക്തൻ എന്ന് സകല ഏജൻസികളും വിധിയെഴുതിയിട്ടുള്ള ഭീകരവാദിയാണ് അൽ മസ്രി. ഓഗസ്റ്റ് മാസത്തിൽ അമേരിക്കക്കുവേണ്ടി ഈ വധം നടപ്പിലാക്കിയത് ഇസ്രായേലി ഏജൻസികൾ ആണ് എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ ലേഖനം സ്ഥിരീകരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമക്ക് ചേരുന്ന പശ്ചാത്തലം ഒരുക്കുന്ന തരത്തിലുള്ള ഈ അമേരിക്കൻ ഇസ്രായേലി അവകാശവാദങ്ങളിൽ യാതൊരു കഴമ്പും ഇല്ലെന്ന് ഇതിനകം തന്നെ ഇറാന്റെ ഭാഗത്തു നിന്ന് ഒരു നിഷേധപ്രസ്താവനയും മാധ്യമങ്ങൾക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. 

അൽ മസ്രി മൊസ്സാദിന്റെയും സിഐഎയുടെയും ഒക്കെ ഹിറ്റ് ലിസ്റ്റിൽ കയറിക്കൂടിയിട്ട് നാളുകുറെ ആയിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ, അവിടത്തെ ഇസ്ലാമിക് റെവലൂഷനറി ഗാർഡ്‌സ് കോർപ്സിന്റെ തീവ്ര സുരക്ഷാ വലയത്തിനുള്ളിൽ വളരെ സുരക്ഷിതത്വ ബോധത്തോടെ കഴിഞ്ഞു പോവുകയായിരുന്നു ഇയാൾ. എന്നാൽ ഇറാനിൽ, തടവിൽ ആണെന്ന് പറയപ്പെട്ടിരുന്നപ്പോഴും, അൽ മസ്രി സർവ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചുകൊണ്ടാണ് കഴിഞ്ഞു പോന്നിരുന്നത്. ഇങ്ങനെ കഴിഞ്ഞിരുന്നപ്പോഴും അൽ മസ്രി ഇടക്ക് അഫ്‌ഗാനിസ്ഥാനിലും മറ്റും പോയി വന്നിരുന്നു. ഒടുവിൽ യമനിൽ ഭീകരർ തട്ടിക്കൊണ്ടു പോയ ഒരു ഇറാനിയൻ ഡിപ്ലോമാറ്റിന് പകരം ഇയാളെയും മോചിപ്പിച്ചു എന്നാണ് ഇറാനിയൻ ഗവൺമെന്റ് പറഞ്ഞത്. 

 

 

അബു സൗഫാൻ എന്ന മുൻ എഫ്ബിഐ ഏജന്റ് തയ്യാറാക്കിയ ആധികാരികമായ പ്രൊഫൈൽ, എൺപതുകളുടെ മധ്യത്തിൽ ഒസാമ ബിൻ ലാദൻ റിക്രൂട്ട് ചെയ്ത് അഫ്ഗാനിസ്ഥാനിലേക്ക് പറഞ്ഞയച്ച വിശ്വസ്തരിൽ ഒരാളാണ് അൽ മസ്രി. അന്ന് സോവിയറ്റ് യൂണിയനോട് പോരാടാനാണ് അറേബ്യയിൽ നിന്ന് യുവാക്കളുടെ പോരാളി സംഘം രാജ്യം വിട്ട് അഫ്ഗാന്റെ മണ്ണിൽ എത്തുന്നത്. അന്ന് അറുപതുകളുടെ യൗവ്വനമായിരുന്നു അൽ മസ്രിക്ക്. 1988-89 കാലത്ത് സോവിയറ്റ് പിന്മടക്കം ഉണ്ടായതോടെ അവർക്ക് സ്വന്തം രാജ്യത്തേക്ക് തന്നെ തിരിച്ചു പോകാം എന്ന സാഹചര്യം ഉടലെടുത്തു. എന്നാൽ, അഫ്ഗാനിസ്ഥാനിലേക്ക് ജിഹാദിനെന്നും പറഞ്ഞു പുറപ്പെട്ടു പോയ തങ്ങളുടെ പൗരന്മാരുടെ തിരിച്ചു വരവ് അന്നത്തെ ഈജിപ്ഷ്യൻ ഭരണകൂടം തടഞ്ഞതോടെ അത് മുടങ്ങി. അങ്ങനെ അൽ മസ്രി, ബിൻ ലാദനോടൊപ്പം സുഡാനിലേക്ക് പോകുന്നു. അവിടെ അയാൾ സോമാലിയൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത് പോരാടുന്നു. 

പിന്നീടങ്ങോട്ട് ബിൻ ലാദന്റെ വലത്തേ കയ്യായിരുന്നു അൽ മസ്രി എന്നും.അമേരിക്കക്കെതിരായ സുപ്രധാന ആക്രമണങ്ങൾ ഒക്കെയും ബിൻ ലാദൻ വിശ്വസിച്ച് ഏല്പിച്ചിരുന്നത് അൽ മസ്രിയെ ആയിരുന്നു. 1998 -ൽ കെനിയയിലെയും ടാൻസാനിയയിലെയും അമേരിക്കൻ എംബസികളിൽ നടന്ന ബോംബാക്രമണങ്ങൾക്ക് പിന്നിൽ അൽ മസ്രി ആയിരുന്നു. ഏതാണ്ട് ഒരേ സമയത്ത് നടന്ന ഈ ആക്രമണങ്ങളിൽ ഇരുന്നൂറിൽ പരം പേർ കൊല്ലപ്പെടുകയുണ്ടായി. 

2000 ആയപ്പോഴേക്കും ഇയാൾ അൽ ക്വയ്ദയുടെ, ലാദൻ അടക്കം അംഗങ്ങൾ ആയിട്ടുള്ള പത്തംഗ ശുറാ കൗൺസിലിൽ അംഗമാകുന്നുണ്ട്. ഈ സമിതിയുടെ സൈനിക കമ്മിറ്റിയിൽ പ്രാമുഖ്യം എന്നും അൽ മസ്രിക്ക് തന്നെയായിരുന്നു. അതായത്, ഇതേ  2000 ഒക്ടോബറിൽ നടന്ന യുഎസ്എസ് കോൾ ബോംബിങ്ങും പിന്നീട 2001 -ൽ നടന്ന 9/11 വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അടക്കമുള്ള എല്ലാ അൽ ക്വയ്ദ ഓപ്പറേഷനുകളുടെയും കൺസൽട്ടൻറ് അൽ മസ്രി തന്നെയായിരുന്നു. ഇടക്കാലത്ത് അൽ ക്വയ്ദയുടെ പരിശീലന ക്യാമ്പുകളുടെ ചുമതലയും അൽ മസ്രിക്കു തന്നെയായിരുന്നു. ഭീകരവാദത്തിലേക്ക് യുവാക്കളെ ആകർഷിച്ചു വരുത്തുക, അങ്ങനെ വന്നെത്തുന്നവരിൽ മിടുക്കരായവരെ തെരഞ്ഞെടുത്ത് സ്‌ഫോടക വസ്തുക്കളിലും, ചാവേറാക്രമണങ്ങളിലും പ്രത്യേക പരിശീലനങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങളിൽ അൽ മസ്രി ദീർഘകാലം വ്യാപരിച്ചിരുന്നു. 

അൽ മസ്രിക്ക്  ഇറാനിൽ എന്തായിരുന്നു കാര്യം?

അൽ ക്വയ്ദ ഭീകരവാദികൾ സുന്നി തീവ്രവിശ്വാസക്കാരാണ്. ഇറാനിൽ അധികാര സ്ഥാനങ്ങൾ കയ്യാളുന്നവർ ഷിയാക്കളും. ഈ രണ്ടു വിഭാഗക്കാർക്കും നിരയിൽ നിലനിൽക്കുന്ന വൈരം കണക്കിലെടുത്താൽ അൽ മസ്രിക്ക് ഇറാനിൽ അഭയം കിട്ടാൻ പാടില്ലാത്തതാണ്. എന്നാൽ, 1990 -കളുടെ മധ്യത്തോടെ തന്നെ ഇറാൻ, അമേരിക്കയുമായുള്ള പൊതുവൈരം എന്ന കാരണത്താൽ അൽ ക്വയ്ദ നേതൃത്വവുമായി ബന്ധപ്പെട്ടു തുടങ്ങിയിരുന്നു. 9 /11  ആക്രമണത്തിന് ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനിൽ സൈനിക നടപടികൾ കടുപ്പിച്ചപ്പോൾ പലരും രാജ്യം വിട്ടു. ബഹുഭൂരിപക്ഷം ഭീകരവാദികളും അഭയം തേടിയത് പാകിസ്ഥാനിൽ ആയിരുന്നു. ചിലർ സാഹേദാൻ അതിർത്തി വഴി ഇറാനിലേക്കും കടന്നു. അവരിൽ അൽ മസ്രി അടക്കാനുള്ള പലരും പിന്നീട് ഇറാനിയൻ അധികാരികളുടെ കസ്റ്റഡിയിലാണ്. അതിനിടെയാണ് 2013 -ൽ യെമനിൽ ഒരു ഇറാനിയൻ ഡിപ്ലോമാറ്റ് തട്ടിക്കൊണ്ടു പോകപ്പെടുന്നതും. അതിനു പകരമായി അൽ മസ്രി അടക്കമുള്ള അഞ്ചു തീവ്രവാദികളെ മോചിപ്പിക്കാൻ ഇറാനിയൻ ഗവൺമെന്റ് നിര്ബന്ധിതമാകുന്നതും. ഇപ്പോൾ ഇറാനിലെ അൽ ക്വയ്ദ നേതൃത്വം വഹിച്ചിരുന്ന അൽ മസ്രി കൊല്ലപ്പെട്ട സാഹചര്യത്തിൽ, സൈദ് അൽ അദ്ൽ ആണ് അടുത്തതായി അൽ മസ്രിയുടെ സ്ഥാനത്തേക്ക് വരാൻ പോകുന്നത് എന്നാണ് അഭ്യൂഹം. ഈജിപ്ഷ്യൻ സൈന്യത്തിലെ കേണൽ ആയിരുന്ന അൽ അദ്ൽ, ഗവണ്മെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ തുറുങ്കിൽ അടയ്ക്കപ്പെട്ടതിനു പിന്നാലെയാണ് അൽക്വയ്ദയുടെ ഭാഗമാകുന്നത്.