വരവരറാവു എന്ന എൺപത്തൊന്നു വയസ്സുകാരൻ ഒരു കവിയാണ്. ആക്ടിവിസ്റ്റാണ്. എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ടുകൊണ്ട്, അക്രമത്തിന് പ്രകോപനം സൃഷ്ടിച്ചു എന്നാരോപിക്കപ്പെട്ടുകൊണ്ട്, 2018 -ൽ  അറസ്റ്റിലായതാണ് അദ്ദേഹം. വിചാരണത്തടവ് രണ്ടു വർഷമായി നീണ്ടുനീണ്ടു പോവുന്നു. ഇതാ ഇപ്പോൾ ഈ വയോധികന് ജയിലിനുള്ളിൽ വെച്ച് കൊവിഡ് ബാധയും ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന് ജയിലിൽ ചികിത്സയും യഥാസമയമുള്ള പരിചരണവും ഒക്കെ നിഷേധിക്കപ്പെടുന്നുണ്ട് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൊവിഡ് ലക്ഷണങ്ങൾ ഇപ്പോഴില്ല എന്ന് ജയിൽ ഡോക്ടർമാർ പറയുമ്പോഴും കടുത്ത ക്ഷീണത്താൽ എഴുന്നേറ്റ് നില്ക്കാൻ പോലും ആവുന്നില്ല റാവുവിന്. ജൂലൈ പതിനൊന്നിന് തങ്ങൾ ഫോണിൽ സംസാരിച്ചപ്പോൾ വേണ്ടത്ര ബോധമില്ലാതെ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് റാവു പറഞ്ഞത് എന്നും കുടുംബം അറിയിച്ചു. കട്ടിലിൽ നിന്ന് നിലത്ത് വീണു പരിക്കേറ്റ വരവരറാവു സ്വന്തമായി ഒന്നും തന്നെ ചെയ്യാനാവാത്ത അവസ്ഥയിലാണ് എന്നാണ് ജയിലിലെ അദ്ദേഹത്തിന്റെ സഹതടവുകാർ പറയുന്നത്. 

 

 

തലോജ സെൻട്രൽ ജയിലിൽ നിന്ന് രണ്ടു ദിവസം മുമ്പേ മുംബൈ ജെജെ ഹോസ്പിറ്റലിലേക്ക് മാറ്റിയ റാവു ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമികമായ നിഗമനം. ആരാണ്  വരവര റാവു? എന്തിനാണ് കേന്ദ്രവും മഹാരാഷ്ട്ര സർക്കാരും ഒക്കെ ഈ തെലുഗു കവിയുടെ പിന്നാലെ കൂടിയിരിക്കുന്നത്? യുഎപിഎ ചുമത്തി കഴിഞ്ഞ രണ്ടുവർഷമായി ജാമ്യം പോലും നിഷേധിച്ചുകൊണ്ട് തടവിലിടാൻ മാത്രം എന്താണ്  വരവരറാവു എന്ന ഈ വൃദ്ധകവി ചെയ്തിരിക്കുന്ന കുറ്റം?

വരവര റാവു എന്ന കവി

തെലുഗുവിലെ അറിയപ്പെടുന്ന കവിയാണ് വരവര റാവു. പതിനഞ്ചോളം കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി അച്ചടിക്കപ്പെട്ടിട്ടുണ്ട്. 1940 -ൽ വാറങ്കലിലെ ഒരു മധ്യവർഗ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച റാവു തന്റെ പതിനേഴാം വയസ്സുമുതൽ തന്നെ കവിതകൾ എഴുതി പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയിരുന്നു. ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് തെലുഗു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം റാവു, ഹൈദരാബാദിലേക്ക് ചേക്കേറി. അവിടെ ഒരു സ്വകാര്യ കോളേജിൽ അധ്യാപകനായിട്ടായിരുന്നു തുടക്കം. പിന്നീട് ദില്ലിയിൽ വാർത്താവിതരണമന്ത്രാലയത്തിന്റെ കീഴിൽ ഗുമസ്തനായി കുറേക്കാലം ജോലിചെയ്തു റാവു. അതിനു ശേഷം സിദ്ധിപ്പെട്ട്, ജാഡ്ചെർള, വാറങ്കൽ തുടങ്ങി പലയിടത്തുമായി വീണ്ടും കുറേനാൾ അധ്യാപകനായി ജോലിചെയ്തു. 

 

 

വരവര റാവുവിന്റെ കവിതയിൽ തെളിഞ്ഞു നിൽക്കുന്ന മാർക്സിയൻ സ്വാധീനമുണ്ട്. റാവുവും സ്നേഹിതരും ചേർന്നാണ് 'സാഹിത്രീ മിത്രാലു'(സാഹിത്യസൗഹൃദസംഘം) എന്ന സംഘടനയും, 'ശ്രുജന' എന്നൊരു മാസികയും തുടങ്ങിയത്. കവി എന്നതിന് പുറമെ തെലുഗു സാഹിത്യം കണ്ട മികച്ചൊരു സാഹിത്യ വിമർശകൻ കൂടിയാണ്. 

റാവു 1983 ൽ പ്രസിദ്ധപ്പെടുത്തിയ " തെലങ്കാന സ്വാതന്ത്ര്യ സമരവും, തെലുഗു നോവലും- സമൂഹവും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊരു പഠനം'  എന്ന തിസീസ്, തെലുഗുവിലെ ഏറ്റവും മികച്ച മാർക്സിയൻ പഠനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇതിനു മുമ്പ് തൊണ്ണൂറുകളിൽ തടവിലായ കാലത്ത് അദ്ദേഹം എഴുതിയ 'സഹചാരുലു' എന്ന പ്രിസൺ ഡയറി പിന്നീട് 'Captive Imagination' എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകൃതമായിരുന്നു. ആ തടവുകാലത്തു തന്നെയാണ് അദ്ദേഹം കെനിയൻ എഴുത്തുകാരൻ എൻഗുഗി വാ തിയോങ്കോയുടെ 'ഡീറ്റെയിൻഡ്' എന്ന ജയിൽ കുറിപ്പുകളും, 'ഡെവിൾ ഓൺ ദ ക്രോസ്സ്' എന്ന നോവലും തെലുഗുവിലേക്ക് മൊഴിമാറ്റിയത്. 

വരവരറാവുവിന്റെ രാഷ്ട്രീയം 

പല സായുധ രാഷ്ട്രീയ സമരങ്ങളോടും അനുഭവം തുറന്നുതന്നെ പ്രകടിപ്പിച്ച വ്യക്തിയാണ് വരവര റാവു. കൃഷിചെയ്യുന്ന ഭൂമിക്കുമേൽ അവകാശമുന്നയിച്ചുകൊണ്ട് ആന്ധ്രയിലെ കർഷകർ 1967 -ൽ നടത്തിയ 'ശ്രീകാകുളം സായുധ കർഷകസമരം' ( Srikakulam Armed Peasants’ Struggle (1967-70), പിന്നീട് 1969 -ൽ ആരംഭിച്ച തെലങ്കാന സമരം എന്നിവയോട് വരവരറാവു യോജിച്ചിരുന്നു. ഇക്കാലത്ത് വാറങ്കലിൽ, വരവര റാവുവും സഖാക്കളും ചേർന്ന് തിരുഗുബാട്ടു കാവുലു എന്ന വിപ്ലവ കവികളുടെ സംഘടനയ്ക്ക് രൂപം നൽകി. 1970 -ൽ, പിൽക്കാലത്ത് ആന്ധ്രാ സർക്കാർ നിരോധിച്ച, വിപ്ലവ രചയിതാല സംഘം അഥവാ റെവല്യൂഷനറി റൈറ്റേഴ്‌സ് അസോസിയേഷനിൽ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു റാവു. വി.ര.സം. എന്നായിരുന്നു ആ ജനപ്രിയ സംഘം ആന്ധ്രയിൽ അന്ന് അറിയപ്പെട്ടിരുന്നത്.

 

 

അവർ ശ്രീകാകുളം പോരാട്ടത്തെ സഹായിക്കുന്ന തരത്തിൽ വളരെ പ്രകോപനപരമായ പല ലഘുലേഖകളും പുറത്തിറക്കി അന്ന്. ശ്രുജനയുടെ ബാനറിൽ റാവു മാവോയിസം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നൊരു ആക്ഷേപവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ട്. തുടക്കം മുതൽ തന്നെ ബൂർഷ്വാ ഗവണ്മെന്റുകളോട് എതിർപ്പുണ്ടായിരുന്ന റാവു രാജ്യമൊട്ടുക്കും സഞ്ചരിച്ച് കർഷകരെ സർക്കാരുകൾക്കെതിരായ പോരാട്ടമുഖങ്ങളിൽ ഒന്നിപ്പിക്കാൻ ശ്രമിച്ചു. 

വരവരറാവുവിന്റെ നിയമ പോരാട്ടങ്ങൾ 

റാവു ആദ്യമായി അറസ്റ്റിൽ ആകുന്നത് 1973 -ലാണ്. അക്കൊല്ലം ആന്ധ്രാ സർക്കാർ റാവുവിനെ അറസ്റ്റു ചെയ്തത് കുപ്രസിദ്ധമായ മിസ എന്ന കരിനിയമം ചുമത്തിയാണ്. മാവോയിസ്റ്റ് സാഹിത്യം അച്ചടിച്ച് പ്രചരിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുളള ചാർജ്. ആന്ധ്ര പൊലീസിലെ കോൺസ്റ്റബിൾ സാംബയ്യയെയും, ഇൻസ്‌പെക്ടർ യാദാഗിരി റെഡ്ഢിയെയും കൊല്ലാൻ വേണ്ടി മാവോയിസ്റ്റുകൾ നടത്തിയ ഗൂഢാലോചനാ മീറ്റിങ്ങിൽ റാവുവും പങ്കെടുത്തിരുന്നു എന്ന് പൊലീസ് അന്ന് ആക്ഷേപിച്ചു. 2005 -ൽ ആന്ധ്രയിലെ നക്സലൈറ്റ് സംഘടനയായ പീപ്പിൾസ് വാർ ഗ്രൂപ്പും ആഭ്യന്തര വകുപ്പും തമ്മിൽ സമാധാനചർച്ചകൾ ഉണ്ടായപ്പോൾ PWG യെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തത് വരവര റാവു ആയിരുന്നു. 2014 -ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം നാലു തവണയെങ്കിലും റാവു അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. 

 

 

എന്താണ് എൽഗാർ പരിഷദ് കേസ് ?

ഭീമാ കോരേഗാവ് അക്രമങ്ങളിൽ റാവുവിനും പങ്കുണ്ട് എന്നാക്ഷേപിച്ചു കൊണ്ട് റാവുവിനെ 2018 -ൽ   ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2017 ഡിസംബർ 31 -ന് നടന്ന ഒരു പരിപാടിയിൽ റാവു നടത്തിയ പ്രസംഗം ഭീമ കോരേഗാവ് അക്രമത്തിനു പ്രകോപനമായി എന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായി കഴിഞ്ഞ 22 മാസത്തിനിടെ ആരോഗ്യപ്രശ്നങ്ങൾ കാണിച്ചു കൊണ്ട് പലകുറി റാവുവിന്റെ പേരിൽ ജാമ്യ ഹർജികൾ കോടതികളിൽ എത്തിയിരുന്നു എങ്കിലും അതെല്ലാം നിരസിക്കപ്പെടുകയാണ് ഉണ്ടായത്. ഈ കേസിൽ തന്നെ വരവര റാവുവിനൊപ്പം ആനന്ദ് തെൽതുംബേ, വെർണൻ ഗോൺസാൽവസ്, സുരേന്ദ്ര ഗാഡ്ലിംഗ്, ഗൗതം നവലഖ തുടങ്ങി മറ്റു പല ആക്ടിവിസ്റ്റുകളും ഇതേ കാലയളവിൽ റാവുവിനൊപ്പം യുഎപിഎ ചുമത്തപ്പെട്ട ജയിലിലാണ്. 

 

 

അഭിഭാഷകന്റെ അഭ്യർത്ഥന 

ഇപ്പോൾ ഏറെ മോശം ആരോഗ്യാവസ്ഥയിലാണ് തന്റെ കക്ഷി എന്നും ഏതുനിമിഷവും മരണം സംഭവിക്കാം എന്നതിനാൽ അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധുക്കളെ അല്പദൂരത്തു നിന്നെങ്കിലും അദ്ദേഹത്തെ ഒന്നു കാണാൻ അനുവദിക്കണം എന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. വരവര റാവുവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി ബോധിപ്പിക്കാൻ ബോംബെ ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്. 


വരവര റാവുവിന്റെ കവിത 'വേതാള ശവം '

'വേതാളശവം'

ലോക്കപ്പില്‍ നിന്നും ശവം
തൂക്കിയെടുത്ത്
തോളത്തിട്ട്, ഞാന്‍
നടന്നു വരികയായിരുന്നു..

പെട്ടന്ന്,
തോളത്തു നിന്നൊരു ഒച്ച..

ഞാനെന്റെ മരണത്തെക്കുറിച്ച്
വിവരിച്ചാല്‍ സുഹൃത്തെ,
നിങ്ങള്‍ പറയാമോ
അത് സ്വാഭാവികമോ
കൊലപാതകമോ എന്ന്..?

ഒന്നാമത് നീയൊരു ശവം,
അതിനും പുറമേ
ലോക്കപ്പിലിരുന്നും
വാതുറക്കുന്നു..
അപ്പോള്‍ ഉറപ്പാണ്,
നിന്നെയവര്‍ കൊന്നതു തന്നെ..!

സത്യം
വിളിച്ചുപറഞ്ഞതു കേട്ട്
ശവം തെല്ലിടയൊന്ന്
ആഹ്ലാദിച്ചുവെങ്കിലും,
ഉയിരോടിരിക്കെ വാതുറക്കുന്നത്‌
കുറ്റകരമായാലോ എന്നു ഭയന്ന്
അവിടെ നിന്നും മുങ്ങി,
അടുത്ത നാള്‍
മറ്റൊരു ലോക്കപ്പില്‍ പൊങ്ങി..