Asianet News MalayalamAsianet News Malayalam

കൊറോണയുടെ പേരും പറഞ്ഞ് പല രാജ്യങ്ങളും തടവുകാരെ തുറന്നുവിടുന്നതെന്തിനാണ് ഇങ്ങനെ?

കോടതികൾ ജയിലിലേക്കയച്ച പ്രതികളെ ഇങ്ങനെ ഒരു അസുഖത്തിന്റെ പേരും പറഞ്ഞ് തിരികെ സ്വതന്ത്രരായി തുറന്നുവിട്ടാൽ അത് നാട്ടിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ? 

Why are states releasing prisoners in the name of COVID 19
Author
India, First Published Mar 31, 2020, 6:01 PM IST

കഴിഞ്ഞയാഴ്ച ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും സ്വന്തം തടവറകളിൽ നിന്ന് തടവുകാരെ പരോളിൽ വിട്ടുതുടങ്ങി. കൊറോണാ ബാധ വർധിച്ച സാഹചര്യത്തിലാണ് ജയിലുകളിലെ ആൾത്തിരക്ക് കുറച്ച് അവിടെ ഈ സവിശേഷ സാഹചര്യത്തിൽ നിർബന്ധമായും പിടിച്ചുവക്കേണ്ടതില്ലാത്ത പരമാവധി പേരെ കൊവിഡ് 19 നിയന്ത്രണാധീനമാകും വരെയെങ്കിലും തുറന്നുവിടാം എന്ന നയം പല രാജ്യങ്ങളും സ്വീകരിച്ചത്. 

ഇന്ത്യയിൽ ഏറ്റവുമധികം കൊറോണാബാധയുള്ള സംസ്ഥാനമായ മഹാരാഷ്ട്ര തുറന്നുവിടാൻ പോകുന്നത് 11,000 -ൽ പരം തടവുകാരെയാണ്. മറ്റുസംസ്ഥാനങ്ങളിലും സമാനമായ എണ്ണം തടവുകാരെ പരോളിൽ വിടാൻ തീരുമാനമായിട്ടുണ്ട്. താരതമ്യേന ഗൗരവം കുറഞ്ഞ കുറ്റങ്ങൾക്ക് കോടതികൾ ശിക്ഷിച്ചവരെ അടിയന്തര പരോളിലും, വിചാരണത്തടവുകാരെ താത്കാലിക ജാമ്യത്തിലും ആണ് വിടുന്നത്. 30 മുതൽ 60 ദിവസത്തേക്കാണ് ഇവരെ റിലീസ് ചെയ്യുന്നത്. ചീഫ് ജസ്റ്റിസ്, ഡിജിപി ജയിൽസ് എന്നിവരുമായി സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിമാർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. അപ്പോൾ ഉയരുന്ന സംശയമിതാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതുകൊണ്ട് സമൂഹമധ്യത്തിൽ കഴിയാൻ അർഹതയില്ല എന്ന് കണ്ടുകൊണ്ട് കോടതികൾ ജയിലിലേക്കയച്ച പ്രതികളെ ഇങ്ങനെ ഒരു അസുഖത്തിന്റെ പേരും പറഞ്ഞ് തിരികെ സ്വതന്ത്രരായി തുറന്നുവിട്ടാൽ അത് നാട്ടിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ? നാട്ടിലെ മറ്റുള്ള പൗരന്മാരുടെ സുരക്ഷിതത്വത്തിന് അടുത്തു ഭീഷണിയാകില്ലേ?

തടവുപുള്ളികൾ തിങ്ങിപ്പാർക്കുന്ന ജയിലുകൾ 

ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാര്യം, കൊറോണാ വൈറസിനെ തടുത്തുനിർത്താൻ ജയിൽ ചുവരുകൾക്ക് കഴിവില്ല എന്നതാണ്. ഇന്ത്യയിലെ പല ജയിലുകളും തടവുപുള്ളികളെ പാർപ്പിക്കാനുള്ള അവയുടെ പ്രഖ്യാപിത ശേഷിയിലും അധികം ആളുകളെ പാർപ്പിക്കുന്നവയാണ്. അതായത് കുറ്റം ചെയ്തവർ തിങ്ങിപ്പാർക്കുന്നിടങ്ങളാണ് ഇന്ത്യൻ ജയിലുകൾ എന്നർത്ഥം. ഉദാഹരണത്തിന് തിഹാർ ജയിലിന്റെ കാര്യമെടുത്താൽ, 100 പേർക്ക് കഴിഞ്ഞുകൂടാനുള്ള സൗകര്യത്തിൽ അവിടെ പാർപ്പിച്ചിട്ടുള്ളത് 150 പേരെയെങ്കിലുമാണ്. 2017 -ലെ കണക്കെടുത്താൽ അവിടെ ആകെ അംഗസംഖ്യ 15,161 പേരായിരുന്നു. 10,026 പേരെ പാർപ്പിക്കാനുള്ള സൗകര്യമേ അവിടെ ഉള്ളൂ എന്നതാണ് വസ്തുത.

ഇങ്ങനെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ പേരെ പാർപ്പിക്കണമെങ്കിൽ അതിനുതക്ക ജീവനക്കാരും വേണം. എന്നാൽ അവിടെ 3,176 തസ്തികകൾ പാസ്സാക്കപ്പെട്ടിട്ടും ആകെ നിയമിതരായിട്ടുള്ളത് 1,697 ജീവനക്കാർ മാത്രമായിരുന്നു. അതായത് പാതിയോളം തസ്തികകൾ ഒഴിഞ്ഞു കിടക്കയാണ് എന്നർത്ഥം. അങ്ങനെ വേണ്ടതിലുമധികം തടവുകാരെ പാർപ്പിച്ചിട്ടുള്ള ജയിലുകളിൽ വേണ്ടതിന്റെ പാതി സ്റ്റാഫ് മാത്രമാകുമ്പോൾ സ്വാഭാവികമായി അവിടെ ഒരു സംഘർഷാവസ്ഥ ഉടലെടുക്കും. ജയിലിനുള്ളിൽ കഴിയുന്ന തടവുപുള്ളികളുടെ മാനസികാവസ്ഥ ഇടയ്ക്കിടെ തകരാറിലാക്കാനും അവർക്കിടയിൽ സംഘട്ടനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വേറെ ഒരു പ്രശ്നവും ഇല്ലാതിരുന്നിട്ടും 2017 -ൽ തിഹാറിൽ നടന്നത് 17 സംഘട്ടനങ്ങളാണ്. അതിൽ പരിക്കേറ്റത് 75 തടവുകാർക്കും, ആറു ജയിലർമാർക്കുമാണ്. 

Why are states releasing prisoners in the name of COVID 19
 

ഈ പറഞ്ഞത് കൊറോണാ വൈറസ് ബാധപോലെ ഒരു മഹാമാരി നാട്ടിൽ പടർന്നുപിടിച്ചിട്ടില്ലാത്തപ്പോൾ ഉള്ള കാര്യമാണ്. കൊവിഡ് 19 -ന്റെ പേരിൽ രാജ്യത്ത് ലോക്ക് ഡൗൺ നടപ്പിലായപ്പോൾ ആദ്യം നിന്നത് തടവുപുള്ളികൾക്ക് അനുവദിക്കപ്പെട്ടിരുന്ന ബന്ധുജനങ്ങളുടെ സന്ദർശനങ്ങളാണ്. അവ മുടങ്ങിയതോടെ ജയിൽപ്പുള്ളികൾ അസ്വസ്ഥരായിത്തുടങ്ങിയിട്ടുണ്ട്. ഇറ്റലിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് 25 ജയിൽ സംഘട്ടനങ്ങളാണ്. നിരവധി പേരുടെ മരണത്തിനും അത് കാരണമായി. ബന്ധുക്കളെ വല്ലപ്പോഴും കാണാൻ സാധിക്കാത്ത വിഷമത്തിന് പുറമെ, സഹതടവുകാരിൽ നിന്ന് അസുഖം പകർന്നു കിട്ടുമോ എന്നുള്ള ഭയം കൂടി അവരെ ആവേശിച്ചാലോ? 

 

Why are states releasing prisoners in the name of COVID 19

 

ജയിലിൽ അസുഖം പടരാനുള്ള സാധ്യത അധികമോ?

അധികമെന്നു പറഞ്ഞാൽ പോരാ എത്രയോ ഇരട്ടി അധികമാണ്. ജയിലുകളുടെ അടഞ്ഞ സ്ഥിതിയിൽ, അവിടത്തെ ശേഷിയിലും അധികം ആളുകളെ, ഒരു സെല്ലിൽ തന്നെ പത്തിലധികം പേരെയൊക്കെ പാർപ്പിച്ചിട്ട് പിന്നെ സാമൂഹിക അകലം എന്നൊക്കെ പറഞ്ഞാൽ അത് പ്രഹസനം മാത്രമാകും. സാനിറ്റൈസർ പോലുള്ള സംവിധാനങ്ങൾ അവർക്ക് ഫലപ്രദമായി ലഭ്യമാക്കാൻ സാധിക്കില്ല. വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക ഏറെക്കുറെ അസാധ്യമാണ്. ഒരിക്കൽ അസുഖം ആർക്കെങ്കിലും കിട്ടിക്കഴിഞ്ഞാൽ പിന്നെ അത് കാട്ടുതീപോലെ ആ ജയിലിൽ ആകെ പടരും.

മാർച്ച് 15 -ന് ലോകാരോഗ്യ സംഘടന ജയിലുകൾക്കുള്ളിൽ കൊവിഡ് ബാധയുണ്ടാകാൻ സാധ്യതയുണ്ട് എന്നുകണ്ട്, അതിനെ പ്രതിരോധിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജയിലുകൾ പോലെ ഒരു പാടുപേരെ സെല്ലുകളിൽ അടച്ചിട്ടിരിക്കുന്ന ഇടങ്ങളിലാണ് കൊവിഡ്  ഏറ്റവും പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യത എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.  ജയിലിനുള്ളിലേക്ക് കൊറോണാവൈറസ് പ്രവേശിച്ചാൽ തടവുപുള്ളികൾ പങ്കിട്ട് ഉപയോഗിക്കുന്ന സൗകര്യങ്ങളിലൂടെ അത് വളരെ പെട്ടെന്ന് ജയിലിലെ സകല തടവുകാർക്കും പകർന്നു കിട്ടും. ജയിലുകളിൽ, സമൂഹത്തിൽ നടക്കുന്ന അതേ അളവിൽ, അല്ലെങ്കിൽ അതിലും എത്രയോ കൂടുതലായിത്തന്നെ പരിശോധനകൾ നടത്തേണ്ടതുണ്ട് എന്നാണ് WHO നിരീക്ഷിച്ചത്. 


 

Follow Us:
Download App:
  • android
  • ios