Asianet News MalayalamAsianet News Malayalam

വിചിത്രമായ ഒരു അഡിക്ഷന് ചികിത്സ തേടി മാർക്സിസ്റ്റ് വിരുദ്ധ ബുദ്ധിജീവി പീറ്റേഴ്‌സൺ റഷ്യൻ ആശുപത്രിയിൽ

"ഈ മാർക്സിസ്റ്റുകൾക്ക് സ്നേഹത്തിലാണോ വെറുപ്പിലാണോ വിശ്വാസം? മാർക്സിസ്റ്റുകൾ തെറ്റുപറ്റിയവർ മാത്രമല്ല, അവർ കൊലയാളികളാണ്, വംശഹത്യക്കാർ... " ഡോ.പീറ്റേഴ്‌സൺ ഒരിക്കൽ തന്റെ പ്രഭാഷണത്തിനിടെ പറഞ്ഞു. 

why did the right wing scholar and psychologist
Author
Toronto, First Published May 8, 2020, 12:07 PM IST

വലതു പക്ഷത്ത് നിലകൊള്ളുന്ന സെലിബ്രിറ്റി പ്രഭാഷകരിൽ ഒരാളാണ് അറിയപ്പെടുന്ന ഒരു മനഃശാസ്ത്ര ഗവേഷകൻ കൂടിയായ ഡോ. ജോർഡൻ പീറ്റേഴ്‌സൺ. അദ്ദേഹമിപ്പോൾ മരുന്നിനോടുള്ള ആസക്തിയിൽ നിന്ന് വിടുതൽ തേടി റഷ്യയിലെ ഒരു ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്. ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകളിൽ ഒന്നായ (anti -anxiety tablets) ബെൻസോഡയാസെപ്പീനോടുള്ള അമിതാസക്തിയിൽ നിന്ന് വിടുതൽ തേടി ഈയടുത്ത് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിട്ടുള്ളത് റഷ്യയിലെ ഒരു ഡീ-അഡിക്ഷൻ സെന്ററിലാണ്. ഭാര്യയുടെ കാൻസർ ഡയഗ്നോസിസിന്റെ സമയത്തുണ്ടായ വ്യാകുലതകളെ അതിജീവിക്കാനാണ് പീറ്റേഴ്‌സൺ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഈ മരുന്നിന്റെ സേവനം തേടിയത്. എന്നാൽ, പിന്നീട് അതിനോട് അമിതമായ ആസക്തി വളരുകയാണുണ്ടായത്. മകൾ മിഖായില പീറ്റേഴ്സണാണ് അച്ഛന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ വിവരം ലോകത്തോട് വെളിപ്പെടുത്തിയത്.

വിവാദപുരുഷനാണ് ജോർഡൻ പീറ്റേഴ്സൺ. യൂണിവേഴ്സിറ്റി ഓഫ് ടോറന്റോയിലെ മനഃശാസ്ത്രം അധ്യാപകനായ പീറ്റേഴ്‌സൺ, പല നിർണായക വിഷയങ്ങളിലെയും തന്റെ നിലപാടുകൊണ്ട് പലപ്പോഴും കോലാഹലങ്ങൾക്ക് കാരണമായിട്ടുണ്ട്. വലതുപക്ഷത്തിന്റെ ഡെയ്ൽ കാർനെഗി ആണ് ജോർഡൻ പീറ്റേഴ്സൺ എന്നുപറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. അദ്ദേഹം എഴുതിയ '12 വെയ്‌സ് ടു ലിവ്: ആൻ ആന്റിഡോട്ട് ടു കെയോസ്' എന്ന വ്യക്തിത്വവികസനകുറിപ്പടി 2018 -ൽ ആഴ്ചകളോളം തുടർച്ചയായി അമേരിക്കയിലെ ആമസോൺ ബെസ്റ്റ് സെല്ലർ ചാർട്ടിൽ ഉണ്ടായിരുന്ന പുസ്തകമാണ്. ആ പുസ്തകത്തിന്റെ ഇരുപതു ലക്ഷത്തോളം കോപ്പികളാണ് ഇന്നുവരെ വിറ്റഴിഞ്ഞിട്ടുള്ളത്. പാശ്ചാത്യലോകത്ത് സമീപകാലത്തുണ്ടായ ഏറ്റവും സ്വാധീനശക്തിയുള്ള 'സെൽഫ്-ഹെൽപ്പ്' ഗുരുവും മോട്ടിവേഷണൽ സ്പീക്കറും ഒക്കെ ജോർഡൻ പീറ്റേഴ്‌സൺ ആയിരുന്നു.

അറിയപ്പെടുന്ന ഒരു വലതുപക്ഷ ബുദ്ധിജീവി കൂടിയായിരുന്നു പീറ്റേഴ്‌സൺ. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. " ഫെമിനിസ്റ്റുകളിൽ അബോധപൂർവ്വമായാണെങ്കിലും പുരുഷന്മാരിൽ മേധാവിത്വം സ്ഥാപിച്ചെടുക്കാനുള്ള  ത്വര പ്രകടമാണ്" എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഏറെ വിവാദമായി. "ഏകപത്നീവ്രതം നിർബന്ധിച്ചും പ്രോത്സാഹിപ്പിക്കുന്നതിന് താൻ എതിരല്ല" എന്ന പീറ്റേഴ്സന്റെ പ്രസ്താവന യാഥാസ്ഥിതിക വിശ്വാസികളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ‘ഇൻട്രൊഡക്ഷൻ ടു ദ ഐഡിയ ഓഫ്  ഗോഡ്’ എന്ന തലക്കെട്ടിൽ, ബൈബിൾ  അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ ലെക്ചർ  40  ലക്ഷത്തിൽപ്പരം പേരാണ് ഇതുവരെ യൂട്യൂബിലൂടെ മാത്രം കണ്ടത്. പാശ്ചാത്യലോകം അടിയുറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്  വളർച്ച പ്രാപിച്ചതെന്ന് പീറ്റേഴ്‌സൺ തന്റെ പ്രഭാഷണങ്ങളിൽ ആവർത്തിക്കുന്നുണ്ട്.

 

why did the right wing scholar and psychologist

 

പീറ്റേഴ്‌സൺ പ്രശസ്തിയിലേക്കുയരുന്നത് ചാനൽ 4 -ൽ കാത്തി ഫ്രീമാനുമായി നടത്തിയ ഒരു അഭിമുഖത്തിൽ നടന്ന തർക്കങ്ങൾക്ക് ശേഷമാണ്. ആ പരിപാടിയിൽ അവർ തമ്മിൽ വളരെ നിശിതമായ വാക്തർക്കങ്ങൾ നടന്നു. അതിന്റെ വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായപ്പോൾ, കാത്തിയെ തേടിയെത്തിയത് പീറ്റേഴ്‌സൺ ഫാന്സില് നിന്നുള്ള വധഭീഷണിയും തെറിവിളികളും ഒക്കെയാണ്. വെട്ടുകിളിശല്യം വല്ലാതെ അധികരിച്ചപ്പോൾ കാത്തി ഫ്രീമാന് ഒടുവിൽ പോലീസിൽ പരാതിപ്പെടേണ്ടി വന്നു അന്ന്. ചെറുതല്ല പീറ്റേഴ്സന്റെ ഓൺലൈൻ ആരാധക വൃന്ദം. ട്വിറ്ററിൽ അഞ്ചരലക്ഷത്തിലധികം ഫോളോവേഴ്സ്, യൂട്യൂബിൽ ഇരുപത്താറു ലക്ഷത്തിലധികം സബ്സ്ക്രൈബേർസ്. ചുരുക്കത്തിൽ ഒരു പ്രസ്ഥാനം തന്നെയാണ് ജോർഡൻ പീറ്റേഴ്‌സൺ എന്നർത്ഥം.

അധികമാരും അറിയാതിരുന്ന ഒരു കനേഡിയൻ മനഃശാസ്ത്ര പ്രൊഫസർ ഇങ്ങനെ അന്താരാഷ്ട്ര തലത്തിൽ ഒരു തരംഗമായി മാറുന്നത് എങ്ങനെയാണ് ?

ഇന്നത്തെ യൂട്യൂബ് ഫേസ്‌ബുക്ക് ട്വിറ്റർ കാലത്തേക്ക് പറഞ്ഞുണ്ടാക്കിച്ച മട്ടിലുള്ള ജനപ്രിയ പ്രതികരണശൈലിയാണ് പീറ്റേഴ്സന്റെത്. വലതുപക്ഷത്തോട് ആഭിമുഖ്യമുള്ള ജനങ്ങൾക്ക് കേൾക്കാൻ ആഗ്രഹമുള്ളതെന്തോ, അതുതന്നെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. ദുർബലഹൃദയരായ സ്വതന്ത്ര ചിന്താഗതിക്കാരുടെ വാദങ്ങളെ തന്റെ വീഡിയോകളിലൂടെ തകർത്തു തരിപ്പണമാക്കുക അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. അക്കാര്യത്തിൽ പീറ്റേഴ്‌സൺ വളരെ പ്രഭാവശാലിയുമായിരുന്നു. സ്വത്വരാഷ്ട്രീയത്തിലും, പൊളിറ്റിക്കൽ കറക്റ്റ്നെസ്സിലും ഒക്കെ അദ്ദേഹം കൈക്കൊണ്ടിരുന്ന നിലപാടുകൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമായി. അദ്ദേഹത്തിന്റെ പുസ്തകം, ജീവിതത്തിനുള്ള 12 നിയമങ്ങൾ ലക്ഷ്യമിടുന്നത് എങ്ങുമെത്താതെ ഉഴലുന്ന യുവാക്കളെയാണ്. അവരുടെ എണ്ണം ഈ ലോകത്ത് ഏറെയുള്ളതിനാൽ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ വില്പനയും വളരെ അധികമായിരുന്നു. പുസ്തകത്തിന്റെ ബമ്പർ വില്പനയ്ക്ക് ശേഷം അദ്ദേഹം നടത്തിയ ടിക്കറ്റുവെച്ചുള്ള പ്രഭാഷണങ്ങളുടെ വേൾഡ് ടൂറും വൻ വിജയമായിരുന്നു. പണക്കാരനാകാനുള്ള സൂത്രം കണ്ടെത്തി അതിൽ വിജയിച്ചൊരു മനഃശാസ്ത്രം അധ്യാപകൻ മാത്രമായിരുന്നില്ല അദ്ദേഹം, യുവാക്കളായ വെള്ളക്കാരുടെ അസ്വസ്ഥതകളെ അഭിസംബോധന ചെയ്ത് അവരെ ഉത്തേജിപ്പിച്ച് തന്റെ പിന്നാലെ നടത്തിച്ച ഒരു അഭിനവ 'പൈഡ് പൈപ്പർ' തന്നെയായിരുന്നു പീറ്റേഴ്‌സൺ.

 

why did the right wing scholar and psychologist

 

ഡോ. ജോർഡൻ പീറ്റേഴ്‌സൺ ഒരു മനഃശാസ്ത്ര ഗവേഷകൻ എന്നതിലുപരി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയായിരുന്നു. എന്നുവെച്ചാൽ, അദ്ദേഹം മനഃശാസ്ത്ര ഗവേഷണങ്ങൾ നടത്തുന്നതിനിടെയും രോഗികൾക്ക് കൺസൾട്ടേഷൻ അനുവദിച്ചിരുന്നു. കാനഡയിൽ ഏറ്റവും മികച്ച മനഃശാസ്ത്രഗവേഷണ സൗകര്യങ്ങളുള്ള മക്ഗിൽ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം തന്റെ ഡോക്ടറൽ ബിരുദം നേടിയത്. അതിനു ശേഷം ഹാർവാർഡ് സർവകലാശാലയിൽ ജോലി കിട്ടിയ അദ്ദേഹം 1998 വരെ അവിടെ പഠിപ്പിച്ചു. ആ വർഷം ടൊറന്റോ സർവകലാശാലയിൽ പ്രൊഫസർ കം പ്രാക്ടീസിങ് ക്ലിനിഷ്യൻ ഉദ്യോഗം തേടിയെത്തിയപ്പോൾ അമേരിക്ക വിട്ട് അദ്ദേഹം കാനഡയിലേക്ക് കുടിയേറി. മനുഷ്യരുടെ വ്യക്തിപരമായ സവിശേഷതകളിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ താത്പര്യങ്ങൾ. വ്യക്തികളിൽ സർഗാത്മകത (creativity) ഏറിയും കുറഞ്ഞും ഇരിക്കുന്നതിനുപിന്നിലെ മനഃശാസ്ത്രകാരണങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ ഗവേഷണം ഏറെ ശ്രദ്ധേയമാണ്. പേഴ്സണാലിറ്റി അസസ്സ്മെന്റ് മേഖലയിൽ ഡോ. പീറ്റേഴ്‌സൺ നടത്തിയിട്ടുള്ള പഠനങ്ങളുടെ ഫലങ്ങൾ പല ഡോക്ടറൽ പ്രബന്ധങ്ങളിലും ശാസ്ത്ര ലേഖനങ്ങളിലും ഇടയ്ക്കിടെ ഉദ്ധരിക്കപ്പെടുന്നവയാണ്. ഈ മനഃശാസ്ത്ര ഗവേഷണത്തിൽ പഠനങ്ങളും ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ പദവിയും പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് അവ അർഹിക്കുന്നതിലും അധികം ആധികാരിക പരിവേഷം നൽകി.

ട്രാൻസ്‍ജെൻഡർ വിവാദം 

2016 ഒക്ടോബറിൽ, ഡോ. പീറ്റേഴ്‌സൺ ട്രാൻസ്‍ജെൻഡർ വിഷയത്തിൽ ആദ്യത്തെ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. അക്കൊല്ലമാണ് ലിംഗസ്വത്വത്തിന്റെ പേരിലും ലൈംഗികതാ പ്രകടനത്തിന്റെ പേരിലും വ്യക്തികൾക്കെതിരെ വിവേചനം കാണിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുകൊണ്ട് കനേഡിയൻ പാർലമെന്റിൽ C-16 എന്നപേരിൽ ഒരു ബിൽ കൊണ്ടുവരുന്നത്. ഈ ബില്ലിനെതിരെ നിരന്തരം യുട്യൂബ് വീഡിയോകൾ പുറത്തിറക്കിയ ഡോ. പീറ്റേഴ്‌സൺ പ്രസ്തുത ബിൽ കനേഡിയൻ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു. ട്രാൻസ്‍ജെൻഡറുകളെ അവർക്കിഷ്ടമുള്ള സർവ്വനാമങ്ങൾ ഉപയോഗിച്ച് വിളിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെ ചെയ്യുന്നത് C -16 നിയമത്തിന്റെ ലംഘനമാകും എന്നും അറസ്റ്റു ചെയ്യപ്പെടും എന്നും ചൂണ്ടിക്കാണിച്ചപ്പോൾ ഡോ. പീറ്റേഴ്‌സൺ പറഞ്ഞത്, "ഇതിന്റെ പേരിൽ അവർ പിഴ ചുമത്തിയാൽ ഞാനടക്കില്ല, ജയിലിലിട്ടാൽ അവിടെ ഞാൻ നിരാഹാരം കിടക്കും. എന്നാലും ഞാൻ ഇത് അനുസരിക്കില്ല" എന്നായിരുന്നു.

 

why did the right wing scholar and psychologist

 

ഡോ. പീറ്റേഴ്‌സൺ നിയമത്തെ ദുർവ്യാഖ്യാനം ചെയ്തതാണെന്നും, അവൻ/അവൾ/അവർ തുടങ്ങിയ വിളിവ്യത്യാസങ്ങളുടെ പേരിൽ ഈ നിയമം ആരെയും വേട്ടയാടുകയോ ജയിലിലടക്കുകയോ ഒന്നുമില്ല എന്നുമൊക്കെ ബന്ധപ്പെട്ട നിയമജ്ഞരിൽ നിന്ന് വിശദീകരണം ഉണ്ടായി എങ്കിലും, അപ്പോഴേക്കും ഈ നിയമത്തിനെതിരായ ഡോ. പീറ്റേഴ്സന്റെ വീഡിയോകൾ അദ്ദേഹത്തെ ഒരു താരമാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഡോ. പീറ്റേഴ്‌സൺ അനുകൂലിച്ചും പ്രതികൂലിച്ചും അന്ന് ടൊറന്റോയിലെ തെരുവുകളിൽ റാലികൾ നടന്നു. പിന്നെ നടന്നത് വളരെ കൃത്യമായി നടപ്പിലാക്കപ്പെട്ട ചില പ്രൊപ്പഗാണ്ടാ വീഡിയോകളുടെ പ്രക്ഷേപണമായിരുന്നു. 'തർക്കിക്കാൻ വന്ന ഇടതു വിദ്യാർത്ഥികളുടെ വായടച്ച് ശാന്തനായ പ്രൊഫസർ', 'ഇടതു ചായ്വുള്ള അവതാരകൻ ഡോ. പീറ്റേഴ്സനോട് ക്ഷോഭിച്ചു, തേച്ചൊട്ടിച്ച് പ്രൊഫസർ ' എന്നിങ്ങനെയുള്ള വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഡോ. പീറ്റേഴ്സന്റെ പ്രസിദ്ധി മാനം മുട്ടി.

മാർക്സിസത്തോടുള്ള വിമർശനങ്ങൾ 

മാർക്സിസത്തിന്റെ നിത്യ വിമർശകനായിരുന്നു ഡോ. പീറ്റേഴ്‌സൺ. മൃഗങ്ങളുടെ കൂട്ടത്തിൽ എന്നപോലെ മനുഷ്യസമൂഹത്തിലും ജൈവികമായ ഏറ്റക്കുറച്ചിലുകൾ ബുദ്ധിയിലും, സർഗ്ഗാത്മകതയിലും, ശാരീരിക ശേഷിയിലും ഒക്കെ ഉണ്ടെന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. സമൂഹത്തിൽ ചിലർ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരായിരിക്കും.  ജീവിതത്തിൽ ചിലർക്ക് പ്രയാസങ്ങൾ അനുഭവിക്കാനുള്ള വിധിയുണ്ട് എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതിനെ സ്വാഭാവികനീതിയുടെ ഭാഗമായി ഡോ. പീറ്റേഴ്സൺ കണ്ടു. മുതലാളിത്തത്തിൽ ഊന്നി നിലനിൽക്കുന്ന ഇന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിൽ, വിജയം കൈവരിക്കുന്നവർക്കെതിരെ വെറുപ്പ് ഇളക്കിവിട്ടുകൊണ്ട് നിലനിൽക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് മാർക്സിസം എന്നാണ് അദ്ദേഹം കണ്ടിരുന്നത്. അത് നടപ്പിലാക്കാൻ ശ്രമിച്ചാൽ അക്രമം ഉറപ്പാണ് എന്നദ്ദേഹം കരുതി.

"ഈ മാർക്സിസ്റ്റുകൾക്ക് സ്നേഹത്തിലാണോ വെറുപ്പിലാണോ വിശ്വാസം? പത്തുകോടി ജനങ്ങളെ ജഡങ്ങളാക്കി മാറ്റുന്ന ഒന്നിനെ നിങ്ങൾ സ്നേഹമെന്നോ വെറുപ്പെന്നോ വിളിക്കുക ? മാർക്സിസ്റ്റുകൾ തെറ്റുപറ്റിയവർ മാത്രമല്ല, അവർ കൊലയാളികളാണ്, വംശഹത്യക്കാർ... "ഡോ.പീറ്റേഴ്‌സൺ ഒരിക്കൽ തന്റെ പ്രഭാഷണത്തിനിടെ പറഞ്ഞു. സോവിയറ്റ് യൂണിയനിലെ കമ്യൂണിസത്തിന്റെ പതനം പടിഞ്ഞാറുള്ള കമ്യൂണിസംപ്രേമികളെ ഒന്ന് നിരാശരാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം കരുതി. എന്നാലും, ആ പഴയ പ്രത്യയശാസ്ത്ര പാർട്ടിക്ലാസുകളുടെ ഹാങ്ങോവർ വിടാത്തവരാണ് അവരിൽ പലരും ഇന്നും എന്ന് പരിഹസിക്കാനും ഡോ. പീറ്റേഴ്‌സൺ മടിച്ചില്ല. സമൂഹത്തിന്റെ നിലനിൽപ്പിനു തുരങ്കം വെക്കുന്ന അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് മാർക്സിസം എന്ന് അദ്ദേഹം വെട്ടിത്തുറന്നു തന്നെ പറയുമായിരുന്നു.

ലിംഗസമത്വത്തെപ്പറ്റി നടത്തിയ  വിവാദാസ്പദമായ പരാമർശങ്ങൾ  

സ്ത്രീയും പുരുഷനും തുല്യരല്ല എന്നതായിരുന്നു ഡോ. പീറ്റേഴ്സന്റെ വാദം. എന്നാൽ അത് ഇരുവർക്കും ഒരേ അളവിൽ നീതി കിട്ടുന്നതിന് തടസ്സമാകരുതെന്നും താൻ കരുതുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. കാത്തി ഫ്രീമാനുമായുള്ള അഭിമുഖത്തിനിടെ ഉയർന്ന ഒരു ചോദ്യം, യുകെയിൽ ഏറ്റവും ലാഭമുണ്ടാക്കുന്ന നൂറുകമ്പനികളിൽ ഏഴെണ്ണത്തിൽ മാത്രമാണ് സ്ത്രീ സിഇഒമാർ ഉള്ളത്. അത് സ്ത്രീകൾക്ക് ബിസിനസ് ജോലികളിൽ തുല്യ അവസരങ്ങൾ ഇല്ലത്തിന്റെ ലക്ഷണമല്ല എന്നതായിരുന്നു. അതിനോട് ഡോ. പീറ്റേഴ്‌സൺ പ്രതികരിച്ചതിങ്ങനെ, " ഈ സ്ഥാനങ്ങളിൽ എത്തുന്നത് ഏറ്റവും ബുദ്ധിയുള്ള, ഏറ്റവും അധികം അധ്വാനിക്കുന്ന, ഏറ്റവും കൂടുതൽ ഊർജത്തോടെ പ്രവർത്തിക്കുന്ന പുരുഷന്മാരാണ്. ഈ കമ്പനികളുടെ ടോപ് എക്സിക്യൂട്ടീവ് സ്ഥാനം നേടാൻ വളരെയധികം മത്സരിക്കേണ്ടി വരും. അങ്ങനെയുള്ള മത്സരങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി ആരും മാറിക്കൊടുക്കില്ല. അത് അവർക്ക് മത്സരിച്ചു ജയിക്കാൻ തടസ്സങ്ങൾ ഉള്ളതുകൊണ്ടാണ്. സ്കാൻഡിനേവിയ നിങ്ങൾ പറയുന്ന സ്ത്രീ പുരുഷ സമത്വം നടപ്പിലാക്കിയ രാജ്യമാണ്. അവിടെപ്പോലും കണക്കുകൾ പരിശോധിച്ചാൽ തുല്യമായ അനുപാതമല്ല കാണാൻ സാധിക്കുക. ഉദാ. നഴ്‌സുമാരിൽ ഭൂരിഭാഗം സ്ത്രീകളാണവിടെ, എഞ്ചിനീയറിങ് മേഖലയിൽ ഭൂരിഭാഗവും പുരുഷന്മാരും. നിങ്ങൾ നിയമം മൂലം അടിച്ചേൽപ്പിച്ചാൽ സ്ത്രീപുരുഷ അനുപാതം തുല്യമാക്കാൻ സാധിച്ചേക്കും. എന്നാൽ, അവരുടെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കാൻ മാത്രം വികസിച്ചിട്ടുള്ള സ്കാൻഡിനേവിയ പോലുള്ള രാജ്യങ്ങളിൽ പോലും അങ്ങനെ ഒരു തുല്യാനുപാതം നിങ്ങൾക്ക് കാണാനാവില്ല. അങ്ങനെ ഒരാശയം തന്നെ സത്യത്തിൽ പ്രകൃതിവിരുദ്ധമാണ്."

'സെൽഫ് ഹെൽപ്പ്' പുസ്തകം നൽകിയ പ്രസിദ്ധി 

അങ്ങനെ വിവാദങ്ങളുടെ നടുവിൽ നിൽക്കുമ്പോഴാണ് 2018 ജനുവരി 23 -ന് റാൻഡം ഹൗസ് കാനഡ '12 Rules of Life' എന്ന ഡോ. പീറ്റേഴ്സന്റെ വിഖ്യാതമായ വ്യക്തിത്വവികസന കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിനകം തന്നെ ഒരു സെലിബ്രിറ്റി ആയിരുന്നു അദ്ദേഹം എന്നതിനാൽ പുസ്തകവും നന്നായി വിറ്റുപോയി. 'തോൾ വിരിച്ച് നിവർന്നു നിൽക്കുക' എന്ന ആദ്യ അധ്യായം മുതൽ 'തെരുവിൽ കാണുന്ന പൂച്ചയെ എടുത്തു വളർത്തുക' എന്ന പന്ത്രണ്ടാമത്തെ അധ്യായം വരെ ജീവിതത്തിൽ പാലിക്കണം എന്ന് ഡോ. പീറ്റേഴ്‌സൺ യുവാക്കളോട് ഉദ്‌ഘോഷിച്ച നിയമങ്ങളായിരുന്നു. വേറിട്ട ഒരു ആഖ്യാന ശൈലിയിൽ പുറത്തുവന്ന ഈ പുസ്തകം റാൻഡം ഹൗസിന്റെ ബമ്പർ ഹിറ്റുകളിൽ ഒന്നായി മാറി. അതിനുശേഷം പ്രഭാഷണങ്ങളുടെ പരമ്പരയുമായി അദ്ദേഹം ലോകം ചുറ്റുകയുമുണ്ടായി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരു സെലിബ്രിറ്റി മോട്ടിവേഷണൽ ഗുരു ആയി ഡോ. പീറ്റേഴ്‌സൺ മാറി.

ഒടുവിൽ മരുന്നിനോടുണ്ടായ അമിതാസക്തി ജീവിതം താളം തെറ്റിച്ചപ്പോൾ 

അങ്ങനെ, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ്, കഴിഞ്ഞ ഏതാനും മാസങ്ങളിലെ സംശയകരമായ മൗനത്തിനും അസാന്നിധ്യത്തിനും ശേഷം ഡോ. പീറ്റേഴ്സന്റെ മകൾ മിഖായിലയിൽ നിന്നും അച്ഛന്റെ ആരോഗ്യത്തെപ്പറ്റി ഇങ്ങനെ ഒരു അറിയിപ്പുണ്ടായിരിക്കുന്നത്. 2019 സെപ്റ്റംബറിൽ തന്നെ ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവന്നിരുന്നു എങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. അച്ഛൻ ഏറെ നാളായി കടുത്ത വിഷാദത്തിലായിരുന്നു എന്ന് മിഖായില പറയുന്നു. ഭാര്യ ടാമി പീറ്റേഴ്സണ് കാൻസർ രോഗം സ്ഥിരീകരിച്ചതാണ് ഡോ. പീറ്റേഴ്‌സൺ പെട്ടെന്ന് വിഷാദഗ്രസ്തനാകാനുള്ള കാരണം. അവർ കാൻസറിനെ അതിജീവിച്ചെങ്കിലും, അക്കാലത്തു കഴിക്കേണ്ടി വന്ന ബെൻസോഡയാസെപ്പീൻ എന്ന മരുന്നുകാരണം ഡോ. പീറ്റേഴ്സണിൽ പാരഡോക്സിക്കൽ റിയാക്ഷൻ ഉണ്ടാവുകയായിരുന്നു എന്ന് മകൾ പറഞ്ഞു. അച്ഛനെ ചികിത്സയ്ക്കായി റഷ്യയിലേക്കുതന്നെ കൊണ്ടുപോകാനുള്ള തീരുമാനം ഏറെ ആലോചനകൾക്കുശേഷമാണ് എടുത്തതെന്നും, ഈ രോഗത്തിനുള്ള ലോകത്തിലെ തന്നെ ഏറ്റവും നല്ല ചികിത്സ റഷ്യയിലാണ് എന്ന ഡോക്ടർമാരുടെ ഉപദേശം മാനിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത് എന്നും മിഖായില അറിയിച്ചു. അധികം താമസിയാതെ തന്നെ ഡോ. ജോർഡൻ പീറ്റേഴ്‌സൺ രോഗത്തെ അതിജീവിച്ച് തന്റെ എഴുത്ത്-പ്രഭാഷണ ജീവിതങ്ങളിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും വായനക്കാരും എല്ലാം. 
 

Follow Us:
Download App:
  • android
  • ios