അറുപതു ലക്ഷം ജൂതന്മാരെ ഗാസ് ചേംബറിലിട്ട് കൊന്നു. എൺപത്തേഴു ലക്ഷം റഷ്യക്കാരെ വധിച്ചു. അറുപതു ലക്ഷം പോളണ്ടുകാരെ ലേബർ ക്യാമ്പുകളിലിട്ട് പീഡിപ്പിച്ചു കൊന്നു. സ്വവർഗ്ഗരതിക്കാർ, ഗുരുതരമായ രോഗം ബാധിച്ചവർ - ഒരാളെയും വെറുതെ വിട്ടിട്ടില്ല. 

അഡോൾഫ് ഹിറ്റ്ലറും ഹിറ്റ്ലറുടെ നാസി ഭരണകൂടവും ചേർന്ന് ഇരുപതാം നൂറ്റാണ്ടിൽ 'വംശഹത്യ' എന്ന വാക്കിനെത്തന്നെ പൊളിച്ചെഴുതി. പക്ഷേ, ലോകത്തിന്റെ മറ്റെല്ലാ കോണിലും വെറുക്കപ്പെടുന്ന ഹിറ്റ്ലർ എന്ന ഏകാധിപതി, ഇന്ത്യയിൽ മാത്രം ഒരു ബെസ്റ്റ് സെല്ലറാണ്. അറിയാമോ..? 

അതേ.. 1925  ജൂലൈ 18 -ന് പ്രസിദ്ധീകൃതമായ ഹിറ്റ്ലറുടെ ആത്മകഥയായ 'മേൻ കാംഫ്' അഥവാ 'എന്റെ പോരാട്ടങ്ങൾ' ഇന്ത്യയിലെ തെരുവുകളിലും, ട്രാഫിക് സിഗ്നലുകളിലും, രാജ്യത്തെമ്പാടുമുള്ള എല്ലാ പുസ്തകക്കടകളിലും വ്യാപകമായി വിൽക്കപ്പെടുന്ന ഒന്നാണ്. ചോദ്യമിതാണ്.. നമ്മളിൽ ചിലർക്ക് ഹിറ്റ്ലർ ഇത്രയ്ക്കും പ്രിയങ്കരനാവുന്നത് എന്തുകൊണ്ടാവും..?

 

കാരണം ലളിതമാണ്. വംശഹത്യയ്ക്ക് സാക്ഷ്യം വഹിക്കേണ്ട ഗതികേട് നമുക്കുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഹിറ്റ്ലറുടെ തിന്മകളെ അവഗണിച്ച്, ജർമ്മൻ ദേശീയതയുടെ മസ്തകം ഉയർത്തിപ്പിടിച്ച ഹിറ്റ്ലർ എന്ന കർക്കശക്കാരനായ നേതാവിനെ ആരാധിക്കാൻ നമുക്ക് സാധിക്കുന്നു. 

ഹിറ്റ്ലറുടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാൻ, ശിവസേനയുടെ നേതാവായിരുന്ന ബാലാ സാഹേബ് ഠാക്കറേ ആയിരുന്നു. 1967 -ൽ ഠാക്കറേ പറഞ്ഞത്, ഇന്ത്യ ആ ഘട്ടത്തിൽ ഏറ്റവും മിസ് ചെയ്യുന്നത് ഹിറ്റ്ലറെപ്പോലെ ഒരു നേതാവിനെയാണെന്നാണ്. 

1993 - ൽ ടൈം മാഗസിന് കൊടുത്ത ഒരു അഭിമുഖത്തിൽ  ഠാക്കറേ പറഞ്ഞ ഞെട്ടിക്കുന്ന ഒരു കാര്യമുണ്ട് , "മേൻ കാംഫിൽ 'ജൂതൻ' എന്ന വാക്കിനു പകരം , 'മുസ്‌ലിം' എന്ന വാക്കു പ്രതിഷ്ഠിച്ചാൽ, ഞാൻ വിശ്വസിക്കുന്ന തത്വശാസ്ത്രമായി."  മരുമകൻ രാജ് താക്കറെയും മോശമല്ലായിരുന്നു. 2009 -ൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു : "ഓർഗനൈസേഷണൽ സ്‌കിൽസ് നോക്കിയാൽ ഹിറ്റ്‌ലറെ വെല്ലാൻ ലോകത്ത് അധികമാരുമില്ല.. ലോകത്തെ ഏതൊരു നേതാവും അസൂയപ്പെടുന്ന പല ഗുണഗണങ്ങളും ഹിറ്റലർക്കുണ്ട്." 

ഹിറ്റ്ലർ പ്രേമത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്..? 

ടൈംസ് ഓഫ് ഇന്ത്യ 2002-ൽ നടത്തിയ ഒരു പഠനത്തിൽ വെളിപ്പെട്ടത്, ഇന്ത്യയിലെ 17  ശതമാനത്തിലധികം വിദ്യാർത്ഥികൾ, നേതാജിയെക്കാളും, മണ്ടേലയെക്കാളും, അബ്രഹാം ലിങ്കനെക്കാളും ഒക്കെ അധികം ഹിറ്റ്ലറെ ആരാധിക്കുന്നവരാണ് എന്നായിരുന്നു. 

1941 -നും 1945-നും ഇടയ്ക്ക് ഹിറ്റ്ലറുടെ ആജ്ഞ പ്രകാരം കൊന്നൊടുക്കപ്പെട്ടത് ലോകത്തെ ജൂതജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗമാണ്. ഓഷ് വിറ്റ്സിലും പരിസരങ്ങളിലും കെട്ടിപ്പൊക്കിയ കോൺസൻട്രേഷൻ  ക്യാമ്പുകളിലായി ഏഴായിരത്തിൽ പരം തടവുകാർക്കുമേൽ വളരെ ക്രൂരമായ മെഡിക്കൽ പരീക്ഷണങ്ങൾ നടത്തി ഹിറ്റ്ലർ. ആ പരീക്ഷണങ്ങൾ അവരിൽ മിക്കവരുടെയും മരണത്തിൽ കലാശിച്ചു. 

ഹിറ്റ്ലറുടെ ശാസ്ത്രജ്ഞരിൽ ഏറ്റവും ക്രൂരൻ ജോസഫ് മെൻഗാലെയായിരുന്നു. അദ്ദേഹത്തിന് ജനിതക ശാസ്ത്രത്തിലായിരുന്നു കമ്പം. പ്രത്യേകിച്ചും ഇരട്ടകളുടെ ജൈവ പ്രകൃതിയുടെ ഗവേഷണത്തിൽ. ക്യാമ്പിലേക്ക് പുതുതായി വരുന്ന കുട്ടികളെ അയാൾ ഒരു റാംപിലൂടെ നടത്തും. എന്നിട്ട് "ഇരട്ടകൾ മുന്നോട്ട് നിൽക്കൂ.." എന്ന് ഉറക്കെ വിളിച്ചു പറയുമായിരുന്നു. 

അതുകേൾക്കുന്ന ഇരട്ടക്കുട്ടികൾ ആവേശത്തോടെ മുന്നോട്ട് കേറി നിൽക്കും. അദ്ദേഹം അവരെ വിളിച്ചുകൊണ്ടുപോയി അവരുടെ ശാരീരിക അളവുകൾ ഒക്കെ എടുക്കുകയാണ് ചെയ്യുക. അവർക്ക് അനസ്തേഷ്യ കൊടുത്തു മയക്കി ഡിസെക്ടു ചെയ്ത് ആന്തരികാവയവങ്ങളിലെ സാമ്യങ്ങളെപ്പറ്റി താരതമ്യപഠനങ്ങൾ നടത്തണം, ഇതായിരുന്നു ലക്ഷ്യം.  

പിന്നീട് ഈ കുട്ടികളെ പ്രെഷറൈസ് ചെയ്ത ചേമ്പറുകളിൽ സൂക്ഷിക്കുക, മരുന്നുകൾ കുത്തിവെക്കുക, ഫ്രിഡ്ജിൽ ഇട്ട് മരവിപ്പിക്കുക, കുട്ടികളുടെ കണ്ണുകളിൽ രാസവസ്തുക്കൾ കുത്തിവെക്കുമ്പോൾ കണ്ണിലെ വെള്ളയിൽ ഉണ്ടാവുന്ന നിറവ്യതിയാനങ്ങൾ നിരീക്ഷിക്കുക, കൈകാലുകൾ മുറിച്ചു മാറ്റിയ ശേഷം ഉണ്ടാവുന്ന മാറ്റങ്ങൾ നിരീക്ഷിക്കുക എന്നിങ്ങനെ പല വിചിത്രമായ പഠനങ്ങളും മെൻഗാലെ നടത്തിപ്പോന്നിരുന്നു. 

അങ്ങനെ ഹിറ്റ്ലറുടെ ആത്മഹത്യയുടെ ആ ഇരുണ്ട യുഗം അവസാനിക്കും വരെ പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങളാൽ കൊല്ലപ്പെട്ടത് ആകെ ഏഴരക്കോടിയോളം പേരാണ്. അത്രയും പേരുടെ മരണത്തിന് ഉത്തരവാദിയായ ഒരാളെ  ആരാധിക്കാൻ തോന്നുന്നത് എന്ത് വികാരത്തിന്റെ പുറത്താണ് ? 

ഇന്ത്യൻ സംഘപരിവാരത്തിന്റെ ശക്തികേന്ദ്രമായ നാഗ്‌പൂരിൽ 'ഹിറ്റ്ലെർഴ്സ് ഡെൻ 'എന്നൊരു കെട്ടിടമുണ്ട്. അത് ഒരു പൂൾ പാർലർ ആണ്. അതിന്റെ ചുവരുകളിൽ നാസി ചിഹ്നങ്ങളും സാഹിത്യവുമാണ്. അതിന്റെ പോർച്ചിൽ തന്നെ വളരെ വലിയൊരു സ്വസ്തിക ചിഹ്നമുണ്ട്. 

സ്വസ്തിക ചിഹ്നത്തിന് ഇന്ത്യൻ പാരമ്പര്യ ' ശുഭ് ലാഭ് ' ചിഹ്നവുമായി കാര്യമായ സാമ്യമുണ്ട്.  ചെറിയൊരു വളവുമാത്രമേ ഹിറ്റ്ലറുടെ സ്വസ്തിക ചിഹ്നത്തിനുള്ളു. കറുത്ത പശ്ചാത്തലത്തിൽ വെളുത്ത നിറത്തിലാണ് പതിവ് ആവിഷ്കാരം. അഹമ്മദാബാദിൽ 'ഹിറ്റ്ലർ' എന്ന് പേരായ ഒരു തുണിക്കടയുണ്ട്. അവർക്ക് ഇന്ത്യയിൽ മറ്റു പലയിടങ്ങളിലും ബ്രാഞ്ചുകളുമുണ്ട്. 

ഇന്ത്യയിലെ പല ബിസിനസ് സ്‌കൂളുകളിലും മാനേജ്‌മെന്റ് സ്ട്രാറ്റജിയിൽ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമായി അനൗദ്യോഗികമായെങ്കിലും 'മേൻ കാംഫ്' മാറിയിട്ടുണ്ട്. ജയിലിൽ അടയ്ക്കപ്പെട്ട,  വിഷാദരോഗം പിടിപെട്ട ഒരു കുറിയ മനുഷ്യന് എങ്ങനെ ലോകം കീഴടക്കാനുള്ള മനോബലമുണ്ടായി, ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് അയാൾ സ്വീകരിച്ച സ്ട്രാറ്റജി എന്താണ്  എന്നതൊക്കെയാണ് അവർ കാണുന്ന താത്പര്യം. 

ജയ്‌കോ, പ്രിന്റ് ലൈൻ, മേപ്പിൾ പ്രസ്സ്, ലെക്സിക്കൻ, പ്രകാശ് അങ്ങനെ പല പ്രസിദ്ധീകരണശാലകളും ഇംഗ്ലീഷിൽ മേൻ കാംഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
ബാലാ സാഹേബ് ഠാക്കറേ ആവട്ടെ, സ്‌കൂൾ/കോളേജ് വിദ്യാർത്ഥികളാവട്ടെ, ബീഭത്സനായ ഒരു ഏകാധിപധിയെ ആരാധിക്കുന്നത്, അയാൾ ചെയ്തുകൂട്ടിയ യുദ്ധകാല കുറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് അത്ര നല്ല സൂചനയല്ല നല്‍കുന്നത്.. 

അതുകൊണ്ട് ഹിറ്റ്ലറുടെ ഗാംഭീര്യമുള്ള മുഖം പുറം ചട്ടയിൽ കണ്ട്,  മേൻ കാംഫിന്റെ ഒരു കോപ്പി വാങ്ങാൻ പ്രലോഭിപ്പിക്കപ്പെടുന്നതിനു മുമ്പ് ഹിറ്റ്ലർ ചെയ്തുകൂട്ടിയ ക്രൂരതകളുടെ വിവരങ്ങൾ ഗൂഗിളിലെങ്കിലും ഒന്ന് സെർച്ച് ചെയ്യൂ.